Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പറയിപെറ്റ പന്തിരുകുലത്തിന്റെ 67 വർഷങ്ങൾ

പറയിപെറ്റ പന്തിരുകുലത്തിന്റെ 67 വർഷങ്ങൾ

ജോയ് ഡാനിയേൽ

അപ്പനെയും അമ്മയെയും കുറിച്ച് സീരിയസ്സായി ഇതുവരെ ഞാൻ എഴുതിയിട്ടില്ല. എന്നാൽ അവരുടെ വിവാഹത്തിന്റെ അറുപത്തേഴാം വർഷം ആഘോഷിക്കുമ്പോൾ, മനസ്സിൽനിന്ന് തുളുമ്പിവീഴുന്ന വരികൾ എഴുതാനായില്ലെങ്കിൽ ജീവിതാന്ത്യംവരെയും എന്നെ അത് വേട്ടയാടും. അവർക്കുവേണ്ടി ഇതെഴുതിയില്ലെങ്കിൽ പിന്നെ എനിക്കെന്തിനാണ് ഈ തൂലിക? മനസ്സേ, ഉണരൂ... ചേതന നിറയ്ക്കൂ. പതിറ്റാണ്ടുപിന്നിലേക്ക് ഊളിയിട്ടുപോകൂ...

ഞാൻ പ്ലാവിൽ നിന്നും വലിഞ്ഞ് താഴെയിറങ്ങി. അപകടമില്ലാത്ത ഞാൻ താഴെയിറങ്ങുന്നത് കണ്ട അമ്മ താഴെ പറിച്ചിട്ട രണ്ടു ചക്കകളും പാകമെത്തിയതാണോ എന്ന് ഒരിക്കൽക്കൂടി ഉറപ്പുവരുത്തിയിട്ട് പറഞ്ഞു.

'വാ പോകാം'

രണ്ട് ചക്കകൾ. ഒന്ന് വളരെ വലുത്. ഒന്ന് ചെറുത്. വലിയ ചക്ക ഞാൻ ചുമക്കാമെന്നേറ്റു. അമ്മയേക്കാൾ എനിക്കാണ് ആരോഗ്യം എന്നാണ് എന്റെ ചിന്ത. കഷ്ടപ്പെട്ട് രണ്ടുപേരുംകൂടി പൊക്കി, പച്ചിലകൾ കൊണ്ട് ഉണ്ടാക്കിയ ചുമ്മാടിനുമേൽ എന്റെ തലയിലേക്ക് ആ ചക്ക ഉയർത്തിക്കേറ്റി വച്ചു. ഒരുനിമിഷം! അമിത ഭാരംകൊണ്ട് ഞാൻ താഴേക്ക് വേച്ച്, വേച്ച് വീഴാൻപോയി.

അതെ, എനിക്കെടുക്കാൻ പറ്റുന്നതിലും എത്രയോ വലിയ ഭാരമായിരുന്നു അത്. നല്ല വരിക്കചക്കയാണ്. പഴുത്താൽ വീടുമുഴവന് സുഗന്ധം പരത്തുന്ന കനി. അത് മുറിച്ച് അരക്കുകളഞ്ഞ് വീതം വയ്ക്കുമ്പോൾ വീട്ടിൽ ചെറിയ ഉത്സവമേളം ആയിരിക്കും. ഒന്നോ രണ്ടോ നേരത്തെ ഞങ്ങളുടെ വിശപ്പ് ആ കനിയുടെ കനിവിൽ കഴിഞ്ഞുപോകും.

'എടാ, അതിന് ഭാരക്കൂടുതലാ. നിനക്ക് പറ്റില്ല. ഇങ്ങോട്ടുവച്ചോ' 

ചക്ക താഴെയിടാതെ അത് തന്റെ തലയിലേക്ക് മാറ്റിവയ്ക്കാൻ അമ്മ പറഞ്ഞു. ഇത്തിരി പണിപ്പെട്ട് ഞങ്ങൾ അത് അമ്മയുടെ തലയിലേക്ക് മാറ്റി. ഞാൻ അത്ഭുതപ്പെട്ടുപോയി. കാരണം കൃശഗാത്രയായ, എന്നേക്കാൾ ഉയരം കുറഞ്ഞ ഈ അമ്മ എനിക്കെടുക്കാൻ പറ്റാത്ത ഈ ഭാരം എങ്ങനെ ചുമ്മി വീട്ടിൽ എത്തിക്കും? 

ഞങ്ങൾ നടന്നു. റബർമരങ്ങൾക്കിടയിലൂടെ, ഈടിക്കെട്ടുകൾ ചാടിക്കടന്ന്, ചെറുതോടുകളും, മുള്ളുവേലിമതിലുകളും ഊർന്നിറങ്ങി, ഒരു കിലോമീറ്ററിൽ കൂടുതൽ നടന്ന് വീട്ടിലെത്തി. എന്റെ തലയിലിരുന്ന ചെറിയ ചക്ക മുറ്റത്തേക്ക് തള്ളിയിട്ടപ്പോൾ തലയിൽ ഒരു പെരുപ്പ്. അന്തരീക്ഷത്തിലേക്ക് ഉയർന്ന് പോകുന്ന പോലെ. ചെവിയിൽ ഒരു മൂളൽ. ക്ഷീണിതനായി ഞാൻ പടിയിലിരുന്നപ്പോൾ എന്റെ പിന്നാലെ എടുത്താൽ പൊങ്ങാത്ത ആ വലിയ ചക്കയും ചുമ്മി അമ്മയും വന്നു. ചക്ക മുറ്റത്തേക്കിട്ട് അമ്മ അമാന്തിക്കാതെ തൊഴുത്തിലേക്ക് പശുവിന് തീറ്റയിട്ടുകൊടുക്കാൻ നടന്നു. 

എനിക്ക് പറ്റാത്തത്ര ഭാരം അമ്മയെങ്ങനെ ഇത്രദൂരം ചുമ്മിക്കൊണ്ട് വന്നുവെന്ന് അന്നെനിക്ക് മനസ്സിലായില്ല. എന്നാൽ കാലങ്ങൾ പിന്നിടുമ്പോൾ ഇന്ന് എനിക്കറിയാം എന്തുശക്തിയാണ് അമ്മയെ അമാനുഷയാക്കിയതെന്ന്. പത്തുമക്കളുള്ള ഒരമ്മയ്ക്ക് തന്റെ വീട്ടിൽ ഒരുനേരം മക്കളുടെ വയർ നിറയ്ക്കാൻ വേറെ വഴിഇല്ലാത്ത അവസ്ഥയിൽ ഈ ഭാരം ഒന്നുമേയല്ലായിരുന്നു! ചക്ക ഞങ്ങൾക്ക് ആഹാരമാകും. ചകിണിയും മടലും തൊഴുത്തിലെ പശുവിന് ആഹാരമാകും. കുരു സൂക്ഷിച്ച് വച്ചാൽ കൂട്ടാൻ വയ്ക്കാം. തെങ്ങുമാത്രമല്ല പ്രകൃതിയിൽ നിന്ന് കിട്ടുന്നതെന്തും ഞങ്ങൾക്ക് കൽപവൃക്ഷം പോലെയാണ്. 

അറുപത്തേഴ് വർഷം മുമ്പ് ഇല്ലായ്മയിൽനിന്നും, വട്ടപൂജ്യത്തിൽ ഓലമേഞ്ഞ ഞങ്ങളുടെ പഴയവീട്ടിൽ തുടങ്ങിയ ജീവിതമാണ് അമ്മയുടേത്. തന്റെ അഞ്ചാം വയസ്സിൽ അനാഥനായി തീർന്നവനാണ് അപ്പൻ. സഹോദരിമാരുടെ വീടുകളിൽ മാറി, മാറി നിന്ന് വളർന്ന, വീട്ടിലെ ആകെയുള്ള ആൺതരി. ഒരുകാലത്ത് വീടിനുചുറ്റും കണ്ണെത്താദൂരത്ത് പരന്നുകിടന്ന ഭൂമിക്ക് അവകാശിയായിരുന്നെങ്കിലും വിവാഹസമയം രണ്ട് ഏക്കറും, ഒരു ഓലമേഞ്ഞകുടിലും, രണ്ട് ചിരട്ടത്തവിയും, ഉപ്പ് കലക്കി വയ്ക്കാനുള്ള ഒരു കരിങ്കൽ പാത്രവും മാത്രമായിരുന്നു അപ്പന് സ്വന്തം. 

ഒരു പശുവിനെ സ്ത്രീധനമായിട്ടാണ് അമ്മ വീട്ടിൽ വന്നുകയറിയത്. ആ ധനം അമ്മയെ ഒരിക്കലും ചതിച്ചില്ല. കഞ്ഞികുടിക്കാൻ വകയില്ലാത്ത അയൽപക്കക്കാർ കുടുംബസമേതം ആ കുടിലിൽ താമസിച്ച് അന്തിയുറങ്ങി. സുഖദുഃഖങ്ങൾ എങ്ങനെ പങ്കിടണം എന്ന് എന്റെ മൂത്തവർ ആദ്യപാഠം അവിടെനിന്നും പഠിച്ചു. സ്ഥിരമായി ഒരു ജോലിയില്ലാതിരുന്ന അപ്പൻ പലപണികൾ ചെയ്ത് അവസാനം കൂപ്പിലെ പണിക്ക് പോയി. രാത്രികാലങ്ങളിൽ അപ്പനെ കൊണ്ടുവിടാൻ ലോറിവരുമ്പോൾ ആ ശബ്ദം കേട്ട് ഞങ്ങൾ ഉറക്കത്തിൽ നിന്നും ഞെട്ടിയുണരും. അപ്പൻ ന്യൂസ് പേപ്പറിൽ പൊതിഞ്ഞ് ചണനൂലുകൊണ്ട് കെട്ടി വീട്ടിൽ കൊണ്ടുവരുന്ന പരിപ്പുവട, ഉണ്ടൻപൊരി, പഴം തുടങ്ങി പലഹാരങ്ങളോടുള്ള കൊതിയായിരുന്നു ഞങ്ങളെ ഉണർത്തിയിരുന്നത്. ആരോഗ്യദൃഢഗാത്രനായിരുന്ന അപ്പനെ അസൂയയോടെ അന്നൊക്കെ ഞങ്ങൾ നോക്കിയിട്ടുണ്ട്. 

പട്ടിണിയകറ്റാൻ ഞങ്ങൾ ചെയ്യാത്ത പണികളില്ല. തൊഴുത്തിൽ പശുക്കളുടെ എണ്ണം കൂടി. ആടുകൾ, കോഴികൾ എല്ലാം ഞങ്ങൾക്ക് അന്നം തരാൻ ഒപ്പം നിന്നു. അകിടിലിടിച്ച് ചുരത്തിച്ച ശേഷം കിടാവിനെ വലിച്ച് മാറ്റിക്കെട്ടി ഞങ്ങൾ പശുവിന്റെ പാലെല്ലാം കറന്നെടുത്തു. അവസാന തുള്ളിയും പിഴിഞ്ഞശേഷം കിടാവിനെ സ്വാതന്ത്രമാകുമ്പോൾ പാലില്ലാത്ത മുലകൾ ചപ്പി കിടാവ് നിർവൃതിയടയുന്നത് കണ്ട് ഞാൻ വിഷമിച്ചിട്ടുണ്ട്. ആ മോഷണമുതൽ വിറ്റുവേണം ഞങ്ങൾ മക്കൾക്ക് അരിയും, മുളക്കും ഉപ്പും വാങ്ങാൻ. അതേപോലെ അടയിരിക്കുന്ന കോഴിയെ വെള്ളത്തിൽ മുക്കി ഓടിക്കുമ്പോൾ ഞങ്ങൾക്കന്നറിയില്ലായിരുന്നു കോഴി ഒരുമുട്ട കൂടി കൂടുതൽ ഇട്ടാൽ അത് വിറ്റ് ഞങ്ങൾക്ക് അന്നം വാങ്ങാനാണെന്ന്. 

ചക്കക്കുരു ഒന്നുപോലും ഞങ്ങൾ കളയില്ല. ഏത്തക്കായയുടെ തൊലിപോലും ഞങ്ങൾ കൂട്ടാൻ വയ്ക്കും. ആഞ്ഞിലിക്കുരു പെറുക്കി ഉണക്കി ചീനച്ചട്ടിയിൽ മണലൊക്കെ ഇട്ട് വറുത്ത് സ്വാദോടെ കഴിക്കും. തണുപ്പ് മാസങ്ങളിൽ തലേദിവസം കൂട്ടിവച്ച കരിയില കൂട്ടിയിട്ട് തീ കായുമ്പോൾ കപ്പയും, ചേമ്പും കാച്ചിലും ഒക്കെ ചൂടോടെ ചുട്ടുതിന്നും. വല്ലപ്പോഴും ഒന്നോ രണ്ടോ മുട്ടയിൽ ഒരു തേങ്ങാ മുഴുവനും ചുരണ്ടിയിട്ട് മുട്ടപൊരിച്ച് പത്ത് പന്ത്രണ്ടായി മുറിച്ച് തിന്നുമ്പോൾ ഞങ്ങൾ പരസ്പരം ചിരിക്കും. തേങ്ങാ കൂടുതൽ ഇടുന്നത് സ്വാദ് കൂട്ടുവാനല്ല, പിന്നെയോ അളവ് കൂട്ടാനാണ്. 

പട്ടിണി മാറ്റാൻ മറ്റ് പോംവഴികൾ ഇല്ലാതെ അപ്പൻ ഒന്നുരണ്ട് വട്ടം കുറെ വസ്തു വിൽക്കാൻ ശ്രമിച്ചപ്പോൾ 'എന്റെ ശവത്തിൽ കയറിനിന്നേ വസ്തു വിൽക്കാൻ ഞാൻ സമ്മതിക്കൂ' എന്ന് അമ്മ കരഞ്ഞുവിളിച്ച് പറഞ്ഞു. ഞങ്ങൾ ഏഴ് ആണുങ്ങൾക്ക് എന്നെങ്കിലും കേറികിടക്കാൻ ഇത്തിരി മണ്ണെങ്കിലും വേണം എന്ന തീവ്ര ചിന്തയാണ് അമ്മയെ ആ കഠിന തീരുമാനത്തിന് പ്രേരിപ്പിച്ചതെന്ന് അമ്മ പറയാറുണ്ട്. 

പിന്നെയുള്ള പോംവഴി വസ്തു പാട്ടത്തിന് കൊടുക്കുന്നതാണ്. നിറഞ്ഞു നിൽക്കുന്ന തെങ്ങുകളിൽനിന്നും, കവുങ്ങുകളിൽ നിന്നും എല്ലാം വെട്ടികൊണ്ട് പോകുമ്പോൾ ഒരു തേങ്ങാപൂളോ കരിക്കോ കുടിക്കാൻ തൊണ്ട ഇരന്നുപോയിട്ടുണ്ട്. പൊഴിഞ്ഞുവീഴുന്ന പെട്ടുതേങ്ങകൾ വെട്ടികീറി ഞങ്ങൾ ആ കൊതി ശമിപ്പിക്കും. 

ഒരു ആപ്പിളോ, ഒരു കവർ ബിസ്‌ക്കറ്റോ ഒരാൾക്ക് അന്യമോ അമിത ആർഭാടമോ ആയിരുന്നകാലം. എല്ലാം പങ്കിട്ടുമാത്രമേ ജീവിക്കാൻ അമ്മ അനുവദിച്ചിട്ടുള്ളൂ. പങ്കുവയ്പിന്റെ ബാലപാഠങ്ങൾ ഞങ്ങൾ പഠിച്ചത് ഞങ്ങളുടെ ചെറുവീടെന്ന ആലയത്തിൽ നിന്നുമായിരുന്നു. 

ഞങ്ങൾ പത്തു മക്കളും വളർന്നു. മൂത്തവർ, മൂത്തവർ പത്താംതരം ഒക്കെ കഴിഞ്ഞ് മദ്രാസിലും, ബോംബെയിലും, പിന്നെ എഴുപതുകളുടെ അവസാനത്തിൽ ഗൾഫിലും ചേക്കേറി. കാലവും വീടിന്റെ കോലവും മാറുകയായിരുന്നു. ഫോറിൻ പണവും മണവും വീട്ടിലേക്ക് കയറിവന്നു. പട്ടിണിയകറ്റാൻ തൊഴുത്തിനേയും കോഴിക്കൂടിനെയും മാത്രം ആശ്രയിക്കേണ്ട ഗതിയിൽനിന്നും വീട് മാറി. അപ്പോഴും കൃഷി ഞങ്ങൾക്ക് എല്ലാമെല്ലാമായിരുന്നു. കപ്പ, കാച്ചിൽ, ചേന, ചേമ്പ്, ചീര എന്നുവേണ്ട കൂവ, കൂർക്ക വരെ കൃഷിചെയ്തു. ചാക്കിലും തട്ടിൻപുറത്തും പലതും ഉണക്കി സൂക്ഷിച്ചു. 

അന്നൊന്നും പഠിത്തം ഞങ്ങൾക്ക് പ്രാധാന്യം ആയിരുന്നില്ല. വീട്ടിലെ പട്ടിണി മാറ്റാൻ അധ്വാനിക്കുക. അതിനുശേഷം മാത്രം പഠനം. വീട്ടിലേക്ക് വേണ്ട വെള്ളം മുഴുവൻ കിണറ്റിൽ നിന്ന് കോരിവയ്ക്കാതെ എനിക്ക് സ്‌കൂളിൽ പോകാനാകില്ല. അങ്ങനെ ഓരോരുത്തർക്കും ഓരോ ജോലി. 

മൂത്ത ജേഷ്ഠന്മാർ ഗൾഫിൽ കിടന്ന് അവരുടെ ജീവിതം ഹോമിച്ചാണ് എന്നെ പഠിപ്പിച്ചത്. ഞാൻ ഹയർ സെക്കണ്ടറിക്ക് തോറ്റപ്പോൾ മൂത്ത ചേട്ടൻ എനിക്ക് ഒരു കത്തയച്ചു. ഫോറിൻ മണം പേറിവന്ന ആ എയർമെയിലിനുള്ളിലെ വടിവൊത്ത അക്ഷരങ്ങൾ എന്റെ കണ്ണ് നനയ്ക്കുക മാത്രമല്ല തുറക്കുകയും ചെയ്തു കളഞ്ഞു. 'വന്ന വഴി മറന്നുപോകാതെ നീ പഠിക്കണം, ഞങ്ങൾക്ക് എത്തിപ്പിടിക്കാനാകാത്ത സർട്ടിഫിക്കറ്റുകൾ നീ നേടണം. ഇനി പഠിച്ചാലേ നിങ്ങൾക്കൊക്കെ രക്ഷപെടാനാകൂ'. ആ വരികൾ എന്നെ മാറ്റിമറിച്ചു. പഠിക്കണം. എനിക്ക് പഠിക്കണം - അന്ന് ഞാൻ ദൃഢപ്രതിജ്ഞ ചെയ്തു. ബിരുദവും, ബിരുദാനന്തര ബിരുദങ്ങളും ഒന്നൊന്നായി ചവിട്ടി കയറുമ്പോൾ ഞാൻ ഓർത്തു. എന്റെ അമ്മയുടെ വിയർപ്പാണിത്. എന്റെ ചേട്ടന്മാർക്ക് സ്വപ്നം മാത്രം ആയിരുന്ന പേപ്പർ തുണ്ടുകളാണിവ. അവരുടെ ഒക്കെ ജീവിത വിജയത്തിന്റെ കൂടി സാക്ഷ്യപെടുത്തലുകൾ കൂടിയാണ് എന്റെ ഓരോ ബിരുദങ്ങളും. 

ഞാൻ കോളേജിൽ പഠിക്കുമ്പോൾ മൂത്ത ചേട്ടൻ അവധിക്ക് വന്ന ഒരു ദിവസം ഞാൻ കണ്ടു എല്ലാവരും ചേർന്ന് ഞങ്ങളുടെ രണ്ട് ഏക്കർ അളന്നു തിരിക്കുന്നു. എല്ലാ മക്കൾക്കും ഒരുപോലെ വസ്തുവും വഴിയും വീതിച്ച് നൽകി അപ്പൻ അന്ന് ഞങ്ങളെനോക്കി ചിരിച്ചു. എന്റെ കല്യാണം ഒക്കെ കഴിഞ്ഞ് ഒരുദിവസം എന്നെ അടുക്കൽ വിളിച്ച് അപ്പൻ പറഞ്ഞു 'ഇത് നിന്റെ വസ്തുവിന്റെ ആധാരം. ഇനി ഇത് നീ സൂക്ഷിക്കണം'. അനിയന് അവന്റെ കല്യാണം വരെ കാത്തിരിക്കേണ്ടി വന്നു അവന്റെ വീതത്തിന്റെ സ്റ്റാമ്പ് പേപ്പർ കരസ്ഥമാക്കാൻ. 

ചേട്ടന്മാർ രണ്ടുപേർ അധികം ദൂരെയല്ലാതെ വസ്തുവും വീടും വാങ്ങി കൂട്ടുകുടുംബത്തിൽ നിന്നും പിരിഞ്ഞു. എന്നാൽ അവർ വൈകാതെ എല്ലാം വിറ്റിട്ട് തിരികെവന്ന് അവരവരുടെ വീതത്തിൽ തന്നെ വീടുവച്ച് താമസം ആരംഭിച്ചു. കാലക്രമേണ മൂന്നുപെങ്ങന്മാരിൽ ഒരാളും അടുത്തുതന്നെ കൂടി. 

ഇന്ന് എട്ടുവീടുകൾ ഉണ്ട് ആ ചുറ്റുവട്ടത്ത്. മൊത്തത്തിൽ മതിൽകെട്ടി ഒരു ഗേറ്റിട്ട്, റോഡ് വെട്ടി അത് കോൺക്രീറ്റ് ഇട്ട് പണ്ട് ചെറ്റക്കുടിൽ നിന്നിരുന്ന സ്ഥലത്തിനുചുറ്റും എട്ടു വീടുകൾ. 

പത്തുമക്കളെയും കൊച്ചുമക്കളെയും പോറ്റിവളർത്തി ഓടിനടന്ന അമ്മ 2004 -ൽ തളർന്നു വീണു. മാസങ്ങൾക്കകം അമ്മ എണീറ്റു. എന്നാൽ വർഷങ്ങൾക്ക് ശേഷം അടുത്ത ഒരു വീഴ്ചയിൽ എണീക്കാനാകാതെ അമ്മ കിടന്നുപോയി. ഇന്ന് പതിനഞ്ച് വർഷത്തോളമാകുന്നു അമ്മ വീണിട്ട്. അമ്മയുടെ വീഴ്‌ച്ച അപ്പനെ മാറ്റി. പുറം ലോകവുമായുള്ള ബന്ധം അപ്പൻ വിച്ഛേദിച്ച് അമ്മയുടെ മുറിയിൽ കൂടി. അമ്മയുടെ കരം പിടിച്ച് അപ്പൻ നടക്കുമ്പോൾ അപ്പൻ പറയാതെ പറയുകയായിരുന്നു എന്താണ് ജീവിത പങ്കാളി, എന്താണ് തുണ. ഞങ്ങളെയും അമ്മയെയും പണ്ട് വഴക്കുപറഞ്ഞിരുന്ന അപ്പനായിരുന്നില്ല അത്. സ്വന്തം ഭാര്യയെ തന്നോട് ചേർത്ത്, താങ്ങിനടത്തി വലിയൊരു മാതൃകയായിരുന്നു അത്. 

ഇന്ന്, അമ്മ തന്റെ കിടക്കയിൽ പാതി മയക്കത്തിൽ ദിവസം കഴിക്കുന്നു. അടുത്തയിടെ ഞാൻ ആദ്യം വർണ്ണിച്ച ചക്കയുടെ കഥ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ ആ കണ്ണുകൾ സജലങ്ങളാകുന്നതും ചുടുകണ്ണീർ താഴേക്ക് ഉറവപൊട്ടി ഒഴുകുന്നതും ഞാൻ കണ്ടു. അത് ഒരു കാലഘട്ടം ഘനീഭവിച്ച കണ്ണുനീരാണ്. വേദനയാണ്. സന്തോഷവും നിർവൃതിയുമാണ്. ആ കിടക്കയിൽ ഓർമ്മകൾ മങ്ങിയും, മയങ്ങിയും അമ്മ കിടക്കുമ്പോൾ ഞങ്ങൾ മക്കളുടെ ശബ്ദം കേൾക്കുമ്പോൾ അമ്മ ചോദിക്കും 'ആരാ.. ജോയി അന്നോടാ ... ബേബി അന്നോടാ ' അമ്മയുടെ ചാരെയിരിക്കുമ്പോൾ ഞങ്ങളെ തഴുകി, പോറ്റിപുലർത്തി രണ്ടുവട്ടം ഒടിഞ്ഞ് ഇന്ന് നിർജീവമായിക്കിടക്കുന്ന ആ കൈകൾ തുടിക്കുന്നത് ഞങ്ങൾക്ക് കാണാനാകും. 

അറുപത്തേഴു വർഷം മുമ്പ് തനിക്ക് സ്ത്രീധനമായി കിട്ടിയ പശുക്കിടാവിനെയും കൊണ്ട് വീട്ടിലേക്ക് വന്ന അമ്മയും, ഇന്ന് പല്ലില്ലാത്ത മോണകാട്ടി സ്വതസിദ്ധമായ 'ഈസി ഗോ' ചിരിചിരിക്കുന്ന അപ്പനും അവരുടെ വിവാഹ വാർഷികം ആദ്യമായി മക്കളും കൊച്ചുമക്കളും, ബന്ധുക്കളും എല്ലാം ചേർന്ന് ആഘോഷിക്കുമ്പോൾ ഏറെ സന്തോഷിക്കുന്നുണ്ടാകും. ഒന്നായി നിന്ന് തങ്ങളെ സ്‌നേഹിക്കുന്ന ഒരു ജനതയെത്തന്നെ വാർത്തെടുക്കാൻ കഴിഞ്ഞ സന്തോഷം, ആത്മസംതൃപ്തി. 

തലമുറകൾ തമ്മിലുള്ള അകലം ഏറിവരുന്ന ഈ കാലത്ത്, ആശംസാവചനങ്ങളിൽ മാത്രം ആഘോഷം ഒതുങ്ങുന്ന ലോകത്ത് ഞങ്ങൾ വേറിട്ട് ചിന്തിക്കുന്നു. ഇന്നും, ഇപ്പോഴും. 

ഞങ്ങൾ പത്തു മക്കൾ. ഞങ്ങളുടെ ഗ്രാമത്തിലെ ഒരുപക്ഷേ ജില്ലയിൽ പോലുമോ ഇല്ലാത്തൊരു പറയിപെറ്റ പന്തിരുകുലം. നാനാത്വത്തിൽ ഏകത്വം മാത്രം കൈമുതലുള്ള പത്തുമക്കൾ. 87 വയസ്സുള്ള ദാനിയേലെന്ന അപ്പൻ മുതൽ രണ്ടാഴ്‌ച്ച പ്രായമുള്ള അബീഗയിൽ എന്ന കൊച്ചുമകന്റെ രണ്ടാമത്തെ മകൾ വരെ ഒന്നിച്ചുകൂടുന്ന മുഹൂർത്തം. 

അപ്പാ, അമ്മേ ... ഇത് മക്കളുടെ ആത്മനിർവൃതിയുടെ നിമിഷം. ഈ ബന്ധങ്ങൾ അറ്റുപോകാതെ തുടരട്ടെ. നിരന്തരം, അനസ്യൂതം.. അനവരതം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP