Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏഴ് കോടിയുടെ റോൾസ് റോയ്‌സ് ഗോസ്റ്റ് വിജയുടെ ആഡംബര കാർ ശേഖരത്തിലെ ഏട്ടാമൻ; മലയാളത്തിൽ കാർ കമ്പത്തിൽ മുമ്പൻ മമ്മുക്ക, കൈവശമുള്ളത് 20 കോടിയോളം വരുന്ന കാർശേഖരം; ദുൽഖറിനുള്ളത് പോഷെയും ഫെരാരിയും; പൃഥ്വിരാജിന്റെ കൈവശം ലംബോർഗിനിയും

ഏഴ് കോടിയുടെ റോൾസ് റോയ്‌സ് ഗോസ്റ്റ് വിജയുടെ ആഡംബര കാർ ശേഖരത്തിലെ ഏട്ടാമൻ; മലയാളത്തിൽ കാർ കമ്പത്തിൽ മുമ്പൻ മമ്മുക്ക, കൈവശമുള്ളത് 20 കോടിയോളം വരുന്ന കാർശേഖരം; ദുൽഖറിനുള്ളത് പോഷെയും ഫെരാരിയും; പൃഥ്വിരാജിന്റെ കൈവശം ലംബോർഗിനിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇളയദളപതി വിജയ് ഇറക്കുമതി ചെയ്ത പുതിയ കാറിന്റെ നികുതി ഇളവിനായി കോടതിയെ സമീപിച്ചതും കോടതി വിജയുടെ ചെവിക്ക് പിടിച്ചതുമൊക്കെയാണല്ലോ ഇപ്പോൾ തമിഴകത്തെ പ്രധാന വാർത്തകൾ. കാർ പ്രേമത്തിന്റെ കാര്യത്തിൽ ആർക്കും പിന്നിലല്ലാത്ത ഇളയദളപതി വിജയ് വർഷങ്ങൾക്ക് മുമ്പ് ഇറക്കുമതി ചെയ്ത ആറ് കോടി രൂപയോളം വിലയുള്ള റോൾസ് റോയ്‌സ് ഗോസ്റ്റ് എന്ന മോഡലിന് വേണ്ടിയാണ് നികുതി ഇളവിനായി വിജയ് കോടതിയെ സമീപിച്ചത്. ഈ കാറിന് പുറമെ 1.30 കോടി വിലയുള്ള ഓഡി എ 8, 75 ലക്ഷം വിലയുള്ള ബിഎംഡബ്ല്യു സീരീസ് 5, 90 ലക്ഷം വിലയുള്ള ബിഎംഡബ്ല്യു എക്‌സ് 6, 35 ലക്ഷം വിലയുള്ള മിനി കൂപ്പർ തുടങ്ങിയവ താരത്തിന് സ്വന്തമായുണ്ട്. ഇവയ്ക്ക് പുറമെ നിസാൻ, ടയോട്ട, ബെൻസ് എന്നീ ബ്രാൻഡുകളുടെ ലേറ്റസ്റ്റ് മോഡലുകളും വിജയ്ക്ക് സ്വന്തമായുണ്ട്.

കാറുകളുടെ സ്വന്തം മമ്മൂസ്

മലയാളത്തിൽ ബ്രാൻഡുകളുടെ സ്വന്തം നടനാണ് മമ്മൂട്ടി. കൂളിങ് ഗ്ലാസ് മുതൽ കാർ വരെ ഏത് പുതിയ മോഡലിറങ്ങിയാലും മമ്മുക്ക ഒരു കൈ നോക്കും. ഇഷ്ടപ്പെട്ടാൽ മുൻപിൻ നോക്കാതെ സ്വന്തമാക്കും. അത്തരത്തിൽ ആഡംബര വാഹനങ്ങളുടെ വലിയൊരു ശേഖരം മമ്മൂട്ടിക്കുണ്ട്. മമ്മുട്ടിക്ക് എത്ര കോടി രൂപയുടെ കാറുകൾ ഉണ്ട്. അത് ഒരു പക്ഷേ അദ്ദേഹത്തിന് തന്നെ അറിയുന്നുണ്ടാവില്ല. ഏതായാലും 200 മില്യൺ രൂപയിലധികം വരും മമ്മുക്ക കാറിനായി മാത്രം ചെലവാക്കിയത്. ശേഖരത്തിൽ ഏറ്റവും തലയെടുപ്പ് ഉള്ളത് ലാന്റ് ടയോട്ടയുടെ അത്യുന്നത ഇനവും റോഡ് കിങ്ങും ആയ ലാന്റ് ക്രൂയിസർ തന്നെ. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കാറുകളോടുള്ള പ്രേമം പ്രസിദ്ധമാണ്. കാറുകളുടെ വലിയ ശേഖരം തന്നെ താരത്തിനുണ്ട്. കൂടാതെ ഒരു നമ്പറിനോടും താരത്തിന് പ്രത്യേക സ്‌നേഹമുണ്ട്. 369 ആണ് മമ്മൂട്ടിയുടെ ആ ഫേവറേറ്റ് നമ്പർ. തന്റെ പുതിയ കാരവാന് വേണ്ടിയും താരം തെരഞ്ഞെടുത്തിരിക്കുന്നത് 369 ആണ്. കെഎൽ 07 സി യു 369 നമ്പറിലാണ് വണ്ടി രജിസ്റ്റർ ചെയ്യുക. ബെൻസ് കമ്പനിയുടെ കാരവാനാണ് താരം വാങ്ങിയിരിക്കുന്നത്. 

ഔഡി കാർ വാങ്ങിയ ആദ്യ സൗത്ത് ഇന്ത്യൻ താരം അദ്ദേഹമാണ്. കാറുകൾ സൂക്ഷിക്കാൻ മാത്രമായി പ്രത്യേക ഗാരേജ് വീട്ടിൽ ഒരുക്കിയിട്ടുണ്ട്. അതിൽ കൂടുതലും പോർഷെയുടെ വിവിധ മോഡലുകളാണ്. പോർഷ പനാമേര, കയെൻ എസ് എസ്യുവികളും സ്വന്തമായുള്ള മമ്മൂട്ടി തികഞ്ഞ ഒരു പോർഷാപ്രേമിയാണ്. മേഴ്‌സിഡസിന്റെ വിവിധ മോഡലുകൾ, ജാഗ്വാർ, മിനികൂപ്പർ, പോർഷെ, ഫെരാരി, ബി.എം.ഡബ്ല്യു, ലാൻഡ് ക്രൂയിസർ, വോക്‌സ്വാഗൺ തുടങ്ങി മിക്കവാറും ആഡംബര കാറുകളെല്ലാം മമ്മൂട്ടിക്കുണ്ട്. വാഹനം സ്വന്തമായി ഓടിക്കണമെന്ന് കൂടി താരത്തിന് നിർബന്ധമാണ്. മോദിഫൈ ചെയ്ത എയ്ഷറിന്റെ കാരവനും മമ്മൂട്ടിയുടെ ശേഖരത്തിലുണ്ട്.

ഏട്ടന്റെ കാറുകൾ

ജർമൻ ആഡംബര വാഹന നിർമ്മാതാക്കളായ മെഴ്സിഡസ് ബെൻസ് ആണ് മോഹൻലാലിന്റെ ഇഷ്ട വാഹന ബ്രാൻഡ്. കഴിഞ്ഞ തലമുറയിൽപെട്ട എസ്-ക്ലാസ് സെഡാൻ ആണ് ലാലേട്ടന്റെ ഇഷ്ട വാഹനം. കുറച്ചു വർഷങ്ങൾക്ക് മുൻപ് മെർക്കിന്റെ തന്നെ ജിഎൽഎസ് എസ്യുവിയും മോഹൻലാൽ സ്വന്തമാക്കി. 2015-ൽ ലാൽ സ്വന്തമാക്കിയ ടൊയോട്ട ലാൻഡ് ക്രൂയിസറിന് KL-07-CJ-2255 എന്ന ഫാൻസി നമ്പർ ആണ്. മോഹൻലാലിന്റെ ഹിറ്റ് ഡയലോഗ് ആണ് 'മൈ ഫോൺ നമ്പർ ഈസ് 2255' എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ടൊയോട്ട ഇന്നോവ, മിത്സുബിഷി പജേരോ സ്‌പോർട്ട് എന്നിവയാണ് മോഹൻലാലിന്റെ വാഹന ശേഖരത്തിലെ മറ്റുള്ള കാറുകൾ. ഈയിടെയാണ് മോഹൻലാൽ ടയോട്ടയുടെ ഇന്നോവയുടെ വെൽഫെയർ മോഡൽ ഒരു കോടി രൂപ കൊടുത്ത് വാങ്ങി ചിത്രങ്ങൾ വൈറലായത്. മോഹൻ ലാലിനും ലാന്റ് ക്രൂയിസർ അടക്കം കാറുകളുടെ വൻ ശേഖരം ഉണ്ട്.

കാറുകൾക്കായി കോട്ടാരമൊരുക്കിയ കുഞ്ഞിക്ക

മലയാള സിനിമയിൽ ആഡംബര വാഹനങ്ങളുടെ പര്യായമായി മാറിയിരിക്കുന്നത് ദുൽഖർ സൽമാനാണ്. ഒരു വണ്ടി പ്രാന്തനായ ഡിക്യു ഏത് പുതിയ മോഡലിറങ്ങിയാലും ടെസ്റ്റ് ഡ്രൈവിന് സമയം കണ്ടെത്തി എത്തുമെന്നാണ് സിനിമാ രംഗത്തെ സംസാരം. ഇഷ്ടപ്പെട്ട മോഡലുകൾ എന്തുവില കൊടുത്തും സ്വന്തം ഗാരേജിലെത്തിക്കാനും അദ്ദേഹത്തിന് മടിയില്ല. അത്തരത്തിൽ ആഡംബര വാഹനങ്ങളുടെ ഒരു വിശാലമായ ശേഖരം തന്നെ ഡിക്യുവിന്റെ ഗാരേജിലുണ്ട്.

ബിഎംഡബ്ല്യൂ ഐ 8 മോഡൽ ഇന്ത്യയിലിറങ്ങും മുമ്പ് ഇറക്കുമതി ചെയ്ത് തന്റെ വാഹനപ്രേമം പരസ്യമാക്കിയയാളാണ് ദുൽഖർ. ഒന്നര കോടി രൂപ മുടക്കിയാണ് ദുൽഖർ തലയെടുപ്പുള്ള അടിപൊളി കാർ സ്വന്തമാക്കിയത്. അദ്ദേഹം പോർഷേ വാങ്ങിയതും വലിയ വാർത്തയായിരുന്നു.

മമ്മൂട്ടിയുടേയും ദുൽഖർ സൽമാന്റെയും പ്രശസ്തമായ 369 ഗാരേജ് യാഥാർത്ഥത്തിൽ ഒരു പ്രീമിയം വാഹന ഡീലർഷിപ്പിന് സമാനമാണ്. ഏറെക്കുറെ എല്ലാ പുത്തൻ വാഹനങ്ങളും ഈ ഗാരേജിൽ കണ്ടാൽ അത്ഭുതപ്പെടാനില്ല. 369 ഗാരേജിലെ ഡിക്യൂവിന്റെ കാറുകളിൽ നീല നിറമുള്ള പോർഷെ പാനമേറ, പച്ച നിറമുള്ള പുത്തൻ മിനി കൂപ്പർ, മെഴ്സിഡസ് ബെൻസ് ഇ ക്ലാസ്, കറുപ്പിൽ പൊതിഞ്ഞ മിത്സുബിഷി പജേരോ സ്‌പോർട്ട് എന്നിവയെല്ലാമുണ്ട്. കഴിഞ്ഞില്ല മെഴ്സിഡസ്-ബെൻസ് എസ്എൽഎസ് എഎംജി, 997 പോർഷ 911 കരേര എസ്, ടൊയോട്ട സുപ്ര, ഇ46 ബിഎംഡബ്‌ള്യു എം3 പോളോ ജിടി, ട്രയംഫ് ബോണവിൽ, ബിഎംഡബ്ല്യു ആർ1200 ജിഎസ് അഡ്വഞ്ചർ ടൂറർ, ഫോക്‌സ് വാഗൺ പോളോ, ബെൻസ് എസ്എൽഎസ് എഎംജി, പനമേര ടർബോ എന്നിങ്ങനെ നീളുന്ന വമ്പൻ താരനിരകളാണ് ദുൽഖറിന്റെ ഗാരേജിലുള്ളത്.

വാഹനക്കമ്പത്തിൽ മലയാള സിനിമയിൽ മറ്റാർക്കും അവകാശപ്പെടാനില്ലാത്ത വ്യത്യസ്തമായ അഭിരുചിക്കുടമയാണ് ദുൽഖർ സൽമാൻ. ദുൽഖർ വാങ്ങിക്കൂട്ടിയ ക്ലാസിക് കാറുകൾ ഇത് ശരിവയ്ക്കും. ഏറ്റവും പുതുതായി ദുൽഖറിന്റെ ക്ലാസിക് കാർ കളക്ഷനിൽ എത്തിയ താരം ആണ് ഡാറ്റ്സൺ 1200. ദുൽഖർ പ്രത്യേകം താത്പര്യം എടുത്ത് മുംബൈയിൽ നിന്നാണ് ഈ ക്ലാസിക് ഡാറ്റ്സൺ 1200 വാങ്ങിയത്. ബിഎംഡബ്‌ള്യുവിന്റെ എക്കാലത്തെയും വലിയ ക്‌ളാസിക്കുകളിൽ ഒന്നായ 740 ഐഎൽ ഏതാനും മാസങ്ങൾക്ക് മുൻപ് ദുൽഖർ സ്വന്തമാക്കിയിരുന്നു. 7 സീരീസിന്റെ മൂന്നാം തലമുറയിൽപ്പെട്ട ഇ38 മോഡലാണ് ദുൽഖറിന്റേത്. താരം ഏറെ ആഗ്രഹത്തോടെ സ്വന്തമാക്കുകയും ഏറ്റവും നന്നായി റീസ്റ്റോർ ചെയ്യുകയും ചെയ്ത ഡബ്ല്യു123 മെഴ്സിഡസ് ബെൻസ് ടിഎംഇ 250യുടെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇത് കൂടാതെ പഴയകാല മിനി 1275 ജിടി കൂപ്പർ, ജെ80 ടൊയോട്ട ലാൻഡ് ക്രൂയ്‌സർ, വോൾവോ 240ഡിഎൽ സ്റ്റേഷൻ വാഗൺ എന്നിവയും ഡിക്യൂവിന്റെ കാർ ശേഖരത്തിലുണ്ട്.

ഏറ്റവുമൊടുവിൽ 1.74 കോടിക്ക് ഫെരാരി 458ഉം ദുൽഖർ സ്വന്തമാക്കിയിട്ടുണ്ട്.

പോർഷായി രാജു

പൃഥ്വിരാജിന്റെ ലംബോർഗിനി വാർത്തയിൽ ഇടം നേടിയ കാറാണ്. ലംബോർഗിനി സ്വന്തമാക്കുന്നതിന് മുമ്പ് തന്നെ നിരവധി ആഡംബര വാഹനങ്ങൾ പൃഥ്വിയുടെ ശേഖരത്തിലുണ്ട്. കരിയറിന്റെ ആദ്യകാലത്ത് തന്നെ ബിഎംഡബ്‌ള്യുവിന്റെ റോഡ്സ്റ്റർ മോഡൽ സീ4 സ്വന്തമാക്കി തന്നിലെ പെട്രോൾഹെഡിനെ വെളിപ്പെടുത്തിയിട്ടുണ്ട് പൃഥ്വിരാജ്. തുടർന്ന് പോർഷെ 911 കാബ്രിയോ, പോർഷെയുടെ തന്നെ കയാൻ എസ്യുവി എന്നിവ സ്വന്തമാക്കിയിട്ടുള്ള പ്രിഥ്വിരാജനെ സ്വദേശമായ തിരുവനന്തപുരത്ത് പലപ്പോഴും ഓഡി ക്യൂ7 എസ്യുവി ഡ്രൈവ് ചെയ്താണ് കാണാറുള്ളത്. ഇപ്പോൾ പക്ഷെ മൂന്ന് വാഹനങ്ങളാണ് പൃഥ്വിരാജ് സുകുമാരന്റെ ഫേവറിറ്റുകൾ. 2018 മാർച്ചിലാണ് 3.25 കോടിയോളം മുടക്കി വാങ്ങിയ കറുപ്പ് നിറത്തിലുള്ള ഹുറാകാൻ സ്പോർട്സ് കാർ ആണ് പ്രധാനി. 41 ലക്ഷത്തോളം രൂപ കാക്കനാട് ആർടിഓയിൽ റെജിസ്‌ട്രേഷനായി ചിലവഴിച്ചാണ് പ്രിഥ്വിരാജ് ഹുറാക്കാന് ഫാൻസി നമ്പർ കെഎൽ-07, സിഎൻ 1 സ്വന്തമാക്കിയത്.

കഴിഞ്ഞ വർഷം ജൂണിലാണ് 'വലിയ അതിഥി' റേഞ്ച് റോവർ വോഗിനെ പൃഥ്വിരാജ് വാങ്ങിയത്. ഭാര്യ സുപ്രിയക്കൊപ്പം കൊച്ചിയിലെ ലാൻഡ് റോവർ ഷോറൂമിലെത്തിയാണ് പൃഥ്വി പുതിയ റേഞ്ച് റോവർ എസ്യുവി ഏറ്റുവാങ്ങിയത്. മൂന്ന് കോടി രൂപയോളം വില വരുന്ന റേഞ്ച് റോവർ വോഗിന്റെ സിൽവർ നിറത്തിലുള്ള സ്പോർട്ടി വകഭേദമാണ് യുവ നടൻ വാങ്ങിയത്. കഴിഞ്ഞ വർഷം തന്നെ ഒക്ടോബറിൽ ബിഎംഡബ്ള്യുവിന്റെ അത്യാഢംബര സെഡാൻ ആയ 7 സീരീസും പൃഥ്വിരാജിന്റെ വീട്ടുമുറ്റത്തെത്തി. നീല നിറത്തിലുള്ള ബിഎംഡബ്‌ള്യു 7 സീരീസ് എം 760 എൽഐ മോഡൽ വാങ്ങിയത്. എം ഡിവിഷന്റെ പെർഫോമൻസ് പാർട്സുകൾ ചേർന്ന ഈ മോഡലിന് 2.4 കോടിയിലേറെയാണ് എക്സ്-ഷോറൂം വില.

രശ്മിക എന്ന കാർ പ്രാന്തി

ഗാരേജിൽ ഏറ്റവും പുതിയതും ആഡംബരവുമായ കാറുകളുള്ള നടിമാരിൽ ഒരാളാണ് 'ഗീത ഗോവിന്ദം' നായിക. റേഞ്ച് റോവർ എസ്യുവി മുതൽ ഔഡി ക്യു3 വരെ രശ്മിക മന്ദാനയുടെ ഗാരേജിൽ ഇടംപിടിച്ചിട്ടുണ്ട്.

1. റേഞ്ച് റോവർ എസ്യുവി
ഈ വർഷം ആദ്യമാണ്, രശ്മിക മന്ദാന ഒരു പുതിയ റേഞ്ച് റോവർ എസ്യുവി വീട്ടിൽ എത്തിച്ചത്. താരം സമൂഹമാധ്യമങ്ങളിൽ തന്റെ ബ്ലാക്ക് ബീസ്റ്റുമായി ഫോട്ടോകൾ പങ്കിടുകയും ചെയ്തു. കാറിന് ഏകദേശം ഒരു കോടി രൂപയാണ് വില.

2. ഔഡി ക്യു3
2017 -ലാണ്, രശ്മിക ഔഡി ക്യു3 സ്വന്തമാക്കിയത്, ഇതൊരു അഭിനേത്രിയായ ശേഷം രശ്മികയുടെ ആദ്യത്തെ വിലയേറിയ പർച്ചേസായിരുന്നു. ഔഡി ക്യു3 -യുടെ വില 34.97 ലക്ഷം രൂപയിൽ ആരംഭിച്ച് 43.61 ലക്ഷം രൂപ വരെ ഉയരുന്നു.

3. മെർസിഡീസ് ബെൻസ് സിക്ലാസ്
ഒരു മെർസിഡീസ് ബെൻസ് സിക്ലാസും രശ്മികയ്ക്ക് സ്വന്തമാണെന്നാണ് റിപ്പോർട്ട്. കാറിന് 50 ലക്ഷം രൂപയാണ് വില. എല്ലാ ആഡംബര റൈഡുകൾക്കും പുറമെ ഇന്ത്യയിൽ ഏകദേശം 17 ലക്ഷം രൂപ വില വരുന്ന ടൊയോട്ട ഇന്നോവയും ഹ്യുണ്ടായി ക്രെറ്റയും രശ്മികയ്ക്ക് സ്വന്തമാണ്.

വാഹനക്കമ്പത്തിലും പൃഥ്വിരാജിന്റെ ചേട്ടൻ

പൃഥ്വിരാജിന് ഇത്രയേറെ വാഹനക്കമ്പമുണ്ടെങ്കിൽ എന്താണ് സഹോദരൻ ഇന്ദ്രജിത്തിന്റെ അവസ്ഥ. ഇക്കാര്യത്തിലും പൃഥ്വിരാജിന്റെ ചേട്ടനാണ് ഇന്ദ്രജിത്ത് എന്നാണ് കേട്ടുകേൾവി. 2007ൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച ബിഎംഡബ്‌ള്യു 2012-ൽ തങ്ങളുടെ എം ഡിവിഷൻ വാഹനങ്ങളെ പരിചപ്പെടുത്താൻ എം ഡ്രൈവ് എന്ന പേരിൽ ഒരു ഡ്രൈവ് ഡൽഹിക്കടുത്ത് നോയിഡയിലെ ബുദ്ധ് ഇന്റർനാഷണൽ റേസിങ് സർക്യൂട്ടിൽ സംഘടിപ്പിച്ചിരുന്നു. ബിഎംഡബ്‌ള്യു നിരയിലെ പെർഫോമെൻസ് വാഹനങ്ങളുടെ വിശ്വരൂപം കാണിക്കാൻ സംഘടിപ്പിച്ച പരിപാടിയിൽ ഇന്ദ്രജിത്തും ക്ഷണിതാവായിരുന്നു. ബിഎംഡബ്‌ള്യു 640ബി കൺവെർട്ടിബിളിൽ ചാരി നിൽക്കുന്ന തന്റെ ഫോട്ടോ ഇന്ദ്രജിത്ത് തന്നെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്

1. വോൾവോ എക്‌സ് സി 90 ആർ ഡിസൈൻ

സാധാരണഗതിയിൽ സിനിമാക്കാരുടെ ഇഷ്ടവാഹനങ്ങൾ മെഴ്സിഡസ്-ബെൻസ്, ഓഡി, റേഞ്ച് റോവർ ഒക്കെയാവും. പക്ഷെ വ്യത്യസ്തനാണ് ഇന്ദ്രജിത്ത് സുകുമാരൻ. സ്വീഡിഷ് വാഹന നിർമ്മാതാക്കളായ വോൾവോയുടെ എക്‌സ് സി 90 പ്രീമിയം എസ്യുവി ആണ് ഇന്ദ്രജിത്ത് തിരഞ്ഞെടുത്തത്. എക്‌സ് സി 90 പ്രീമിയം എസ്യുവിയുടെ സ്പോർട്ടി വകഭേദം, ആർ ഡിസൈൻ വേരിയന്റ് 2017-ലാണ് ഇന്ദ്രജിത്ത് വാങ്ങിയത്. 225 ബിഎച്ച്പി പവറും 470 എൻഎം ടോർക്കും നിർമ്മിക്കുന്ന 2.0 ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന എക്‌സ് സി 90 ആർ ഡിസൈൻ വേരിയന്റിന് ഏകദേശം 90 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുണ്ട്.

2. ബിഎംഡബ്‌ള്യു 5 സീരീസ്

'Ultimate Driving Machine' ഇല്ലാതെ ഒരു വണ്ടിക്കമ്പക്കാരന്റെ ഗാരേജ് പൂർണമാവില്ലലോ! ഇന്ദ്രജിത്തിനുമുണ്ട് ഒരു ബീമർ. 5 സീരീസ് സെഡാന്റെ 520 ഡി ആണ് ഇന്ദ്രജിത്ത് വാങ്ങിയത്. കഴിഞ്ഞ തലമുറയിൽ പെട്ട ഇന്ദ്രജിത്തിന്റെ വെള്ള നിറത്തിലുള്ള ബിഎംഡബ്‌ള്യു 5 സിരീസിന് 184 എച്ച്പി പവറും 400 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0-ലിറ്റർ ഡീസൽ എൻജിൻ ആണ്.

ഇതുകൂടാതെ ഹാർലി ഡേവിഡ്‌സൺ ഫാറ്റ്‌ബോബും ഇന്ദ്രജിത്തിന് സ്വന്തമാണ്.

ഹൈബ്രിഡ് സെഡാനുമായി ജയസൂര്യ

സിനിമാനടൻ, നിർമ്മാതാവ്, പിന്നണിഗായകൻ, ഡിസ്ട്രിബ്യുട്ടർ എന്നീ നിലകളിൽ കഴിവ് തെളിയിച്ച നടൻ ജയസൂര്യയുടെ വാഹന ശേഖരത്തിലെ ഏറ്റവും പുതിയ താരം ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ലെക്‌സസിന്റെ ഇഎസ് 300 എച്ച് എന്ന ഹൈബ്രിഡ് സെഡാൻ ആണ്. 60 ലക്ഷത്തോളം രൂപ വില വരുന്ന ലെക്സസ് ഇഎസ് 300 എച്ചിന്റെ കറുപ്പ് നിറത്തിലുള്ള മോഡൽ ആണ് ജയസൂര്യ സ്വന്തമാക്കിയത്. ഇത് കൂടാതെ 2018-ൽ മെഴ്സിഡസ് ബെൻസിന്റെ ആഡംബര എസ്യുവി ജിഎൽസിയും ജയസൂര്യയുടെ വീട്ടുമുറ്റത്തെത്തി. ആട് 2 വൻ വിജയമായ സമയത്തായിരുന്നു ചുവപ്പു നിറത്തിലുള്ള മെഴ്സിഡസ്-ബെൻസ് ജിഎൽസി ജയസൂര്യ വാങ്ങിയത്.

മുൻ വർഷങ്ങളിൽ ജാഗ്വർ എക്സ്എഫ്, മെഴ്സിഡസ്-ബെൻസ് ബി-ക്ലാസ്, ബിഎംഡബ്‌ള്യു 5 സീരീസ് എന്നീ വാഹനങ്ങളുടെയും ഉടമയായിരുന്നു ജയസൂര്യ. കരിയറിന്റെ തുടക്കത്തിൽ സ്വന്തമാക്കിയ ഫോക്സ്വാഗൺ ജെറ്റ ഇപ്പോഴും ജയസൂര്യക്കൊപ്പമുണ്ട്.

സൗബിൻ ഷാഹിറിന്റെ ലക്സസ്

ജയസൂര്യയ്ക്ക് പിന്നാലെയാണ് സൗബിൻ ഷാഹിർ ഹെബ്രിഡ് കാറായ ലക്സസ് സ്വന്തമാക്കിയത്. ലക്‌സസിന്റെ ഹൈബ്രിഡ് സെഡാൻ ഇഎസ്300 എച്ചാണ് സൗബിൻ വാങ്ങിയത്. കൊച്ചിയിലെ ലക്‌സസ് ഷോറൂമിൽ നിന്നാണ് അദ്ദേഹം ഈ വാഹനം സ്വന്തമാക്കിയത്. ടൊയോട്ടയുടെ ആഡംബര കാർ വിഭാഗമാണ് ലക്‌സസ്. ലക്സസ് നിരയിൽ ഏറ്റവും മികച്ച കാറുകളിലൊന്നാണ് ഇഎസ്300എച്ച്. 2.5 ലീറ്റർ പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടറും ഉപയോഗിക്കുന്ന കാറിന് 214.56 ബിഎച്ച്പി കരുത്തുണ്ട്. പരമാവധി 180 കിലോമീറ്റർ വേഗമുള്ള കാറിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 8.9 സെക്കന്റുകൾ മാത്രം മതി. 59.95 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. കരുത്തും ആഡംബരവും ഒരുപോലെ ഒത്തിണങ്ങിയ ലക്സസ് കാറുകൾക്ക് ആരാധകരേറെയാണ്.

നിവിന്റെ കാറുകൾ

യുവ നടൻ നിവിൻ പോളി പ്രധാന വാഹനം ഓഡി എ6 ആണ്. അരക്കോടിയിലധികം വില വരുന്ന കറുപ്പ് നിറത്തിലുള്ള ഔഡിയുടെ ആഡംബര വാഹനം, ഭാര്യ റിന്നയുടെ ജന്മദിനവുമായി സംബന്ധിച്ചാണ് നിവിൻ പോളി സ്വന്തമാക്കിയത്. 2017-ൽ നിവിൻ പോളിക്കും റിന്നയ്ക്കും രണ്ടാമത് കുട്ടി പിറന്നപ്പോൾ നടൻ ആഘോഷിച്ചത് ബ്രിട്ടീഷ് ലൈഫ്‌സ്‌റ്റൈൽ കാർ നിർമ്മാതാക്കളായ മിനി കൂപ്പർ എസ് മോഡൽ വാങ്ങിയാണ്. ഈ രണ്ടു വണ്ടികൾ കൂടാതെ ഫോക്സ്വാഗൺ പോളോ ജിടിയും നിവിൻ പോളിയുടെ വാഹന ശേഖരത്തിലുണ്ട്.

ലക്ഷ്വറി വാഹനങ്ങളുമായി ജനപ്രിയ നായകൻ

ജനപ്രീയ നായകൻ ദിലീപിന്റെ വാഹന ശേഖരത്തിലെ ഏറ്റവും പുതിയ താരം 1.24 കോടിയോളം രൂപ വില വരുന്ന ബിഎംഡബ്‌ള്യു 7 സീരീസ് ആണ്. തൂവെള്ള നിറമുള്ള 7 സീരിസ് ഈ വർഷത്തിന്റെ തുടക്കത്തിലാണ് ദിലീപ് സ്വന്തമാക്കിയത്. 3-ലിറ്റർ ഡീസൽ എൻജിൻ ഉള്ള മോഡലാണ് ദിലീപ് സ്വന്തമാക്കിയത്. ജാക്ക് ഡാനിയൽസ് നായകന്റെ ഇഷ്ട ബ്രാൻഡ് ഒരു പക്ഷെ പോർഷെ ആയിരിക്കും. വെള്ള നിറത്തിലുള്ള പോർഷെ പാനമേറ സ്പോർട്സ് സെഡാൻ, മഹാഗണി മെറ്റാലിക് നിറമുള്ള കായേൻ ലക്ഷുറി എസ്യുവി എന്നിവയാണ് ദിലീപിന്റെ ഗാരേജിലുള്ള വിലപിടിപ്പുള്ള താരങ്ങൾ. ജർമ്മൻ സ്പോർട്സ് കാർ നിർമ്മാതാക്കളായ പോർഷെ കയീന്റെ പ്ലാറ്റിനം എഡിഷനാണ് ദിലീപ് വാങ്ങിയത്. ഈ വാഹനങ്ങൾ കൂടാതെ ബിഎംഡബ്‌ള്യു എക്സ്6, ടൊയോട്ട ലാൻഡ് ക്രൂയ്‌സർ എന്നീ വാഹനങ്ങൾ ദിലീപിന് സ്വന്തമായുണ്ട്.

നാച്വറൽ നടന്റെ ഫാസ്റ്റ് ടേസ്റ്റ് കാറുകൾ

നാച്ചുറൽ ആക്ടിങ് കൊണ്ട് സിനിമ പ്രേമികളുടെ പ്രിയതാരമായ നടനാണ് ഫഹദ് ഫാസിൽ. പക്ഷേ വാഹനങ്ങളുടെ കാര്യത്തിൽ അല്പം ഫാസ്റ്റ് ടെയ്സ്റ്റിനുടമയാണ് 'ഫാഫാ'. മെഴ്സിഡീസിന്റെ പെർഫോമൻസ് ഡിവിഷനായ എഎംജി യുടെ സന്തതി ഇ 63 എഎംജിയാണ് ഫഹദിന്റെ വാഹന ശേഖരത്തിലെ പ്രധാന താരം. 585 എച്പി പവറും 800 എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന V8 എഞ്ചിനുള്ള ഭീകരനാണ് ഇ 63 എഎംജി.

ഈ വർഷം സെപ്റ്റംബറിൽ എത്തിയ ബ്രിട്ടീഷ് യൂട്ടിലിറ്റി വാഹന നിർമ്മാതാക്കളായ ലാൻഡ് റോവറിന്റെ ഏറ്റവും മികച്ച എസ്യുവിയായ റേഞ്ച് റോവർ വോഗാണ് ഫഹദ് വാങ്ങിയ ഏറ്റവും പുതിയ വാഹനം. ഏകദേശം 2 കോടി രൂപ മുതലാണ് വില റേഞ്ച് റോവർ വോഗിന്റെ വില ആരംഭിക്കുന്നത്. ബിഎംഡബ്യു എക്സ്6, ഓഡി എ6, ഫിയറ്റ് പുന്റോ എന്നിവയാണ് ഫഹദ് ഫാസിൽ മുൻപ് സ്വന്തമാക്കിയിട്ടുള്ള കാറുകൾ.

ടോവിനോയുടെ മാസ് വാഹനങ്ങൾ

ജർമൻ ആഡംബര വാഹന നിർമ്മാതാക്കളായ ബിഎംഡബ്യുവിന്റെ ആഡംബര കാറും ബൈക്കും ഒരേദിവസം സ്വന്തമാക്കിയാണ് ടോവിനോ ഈ വർഷം ആരംഭിച്ചത്. ബിമ്മറിന്റെ ഏറ്റവും വിലകൂടുതലുള്ള സെഡാൻ 7 സീരീസ് സ്വന്തമാക്കിയപ്പോൾ പക്ഷെ ബിഎംഡബ്ല്യൂ മോട്ടറാഡ് ഡിവിഷന്റെ ഏറ്റവും വിലക്കുറവുള്ള മോഡലുകളിലൊന്നായ ജി 310 ജിഎസ് ആണ് ടോവിനോ വാങ്ങിയത്. ഒന്നര കോടിയോളം രൂപ കാറിനു വിലയുള്ളപ്പോൾ ബൈക്കിന്റെ വില 3 ലക്ഷം മാത്രം. 2017-ൽ വാങ്ങിയ ഔഡിയുടെ ലക്ഷുറി എസ്യുവി ക്യൂ7-നും ടോവിനോയുടെ ശേഖരത്തിലുണ്ട്. KL 45 Q 7 എന്ന ഫാൻസി നമ്പറും സ്വന്തമാക്കിയ ടോവിനോ ക്യൂ7-നായി ഏകദേശം 80 ലക്ഷം രൂപയോളം ചിലവഴിച്ചിട്ടുണ്ട്.

ആസിഫ് അലിയുടെ കാറിഷ്ടങ്ങൾ

ഈ വർഷം ഒക്ടോബറിൽ മെഴ്സിഡസ്-ബെൻസിന്റെ ഏറ്റവും വിലക്കൂടുതലുള്ള വാഹനങ്ങളിലൊന്നായ ജി-ക്ലാസ് ആസിഫ് അലി സ്വന്തമാക്കി. അതും വെറും ജി-ക്ലാസ് അല്ല. പെർഫോമൻസ് വേരിയന്റായ എഎംജി വകഭേദം. പ്രീമിയം സെക്കന്റ് ഹാൻഡ് കാർ വില്പന രംഗത്തെ പ്രശസ്തരായ ബിഗ്ബോയ് ടോയിസിൽ നിന്നാണ് 2014-ൽ രജിസ്റ്റർ ചെയ്ത കറുപ്പ് നിറമുള്ള മെഴ്സിഡിസ് ജി 55 എഎംജി ആസിഫ് വാങ്ങിയത്. 507 പിഎസ് പവറും 700 എൻഎം ടോർക്കും നിർമ്മിക്കുന്ന 5.5 ലിറ്റർ വി8 പെട്രോൾ എൻജിനാണ് ആസിഫ് അലിയുടെ ജി 55 എഎംജിക്ക്.

ബ്രിട്ടീഷ് പതാക (യുണിയൻ ജാക്ക്) റാപ്പ് ചെയ്ത മിനിയുടെ കൂപ്പർ എസ്സും ആസിഫ് അലിയുടെ വാഹന ശേഖരത്തിലുണ്ട്. ഓഡി ക്യൂ7, ബിഎംഡബ്‌ള്യു എക്സ്3 എന്നിവയാണ് ആസിഫ് അലിയുടെ പക്കലുള്ള മറ്റുള്ള ആഡംബര വാഹനങ്ങൾ. ഹോണ്ട സിബിആർ ഫയർബ്ലേഡ് (999 സിസി), സുസുക്കി ഹയാബുസ എന്നീ ഹൈ-എൻഡ് ബൈക്കുകളുടെയും ഉടമയാണ് ആസിഫ് അലി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP