Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മയക്കു മരുന്നു വേട്ടയ്ക്കിറങ്ങിയ ബ്രിട്ടീഷ് പൊലീസ് എത്തിച്ചേർന്നത് മലയാളി കുടുംബത്തിൽ; വൻസംഘത്തെ കുടുക്കിയ പൊലീസ് മലയാളി യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ലഭിക്കാവുന്നത് വർഷങ്ങൾ നീളുന്ന ജയിൽവാസം; ഉയരുന്നത് യുകെ മലയാളി ജീവിതം ഒരു ദുരന്ത മുഖത്തേക്ക് നീങ്ങുകയാണോ എന്ന ചോദ്യം

മയക്കു മരുന്നു വേട്ടയ്ക്കിറങ്ങിയ ബ്രിട്ടീഷ് പൊലീസ് എത്തിച്ചേർന്നത് മലയാളി കുടുംബത്തിൽ; വൻസംഘത്തെ കുടുക്കിയ പൊലീസ് മലയാളി യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ലഭിക്കാവുന്നത് വർഷങ്ങൾ നീളുന്ന ജയിൽവാസം; ഉയരുന്നത് യുകെ മലയാളി ജീവിതം ഒരു ദുരന്ത മുഖത്തേക്ക് നീങ്ങുകയാണോ എന്ന ചോദ്യം

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: മയക്കു മരുന്ന് വേട്ടയ്ക്കിറങ്ങിയ ബ്രിട്ടണിലെ ഇപ്‌സ്വിച്ച് പൊലീസിന്റെ കൈകളിൽ എത്തിച്ചേർന്ന ഏഴു യുവാക്കളിൽ മലയാളിയും. ഏറെക്കാലമായി ഈ സംഘത്തിന്റെ പ്രവർത്തനം നിരീക്ഷിച്ച ശേഷം എട്ടു വാറന്റുകളുമായാണ് പൊലീസ് അറസ്റ്റിന് എത്തിയത്. ക്ലാസ് എ വിഭാഗത്തിൽ പെടുന്ന ഗൗരവ സ്വഭാവമുള്ള മയക്കുമരുന്നുകൾ കൈകാര്യം ചെയ്തതിനും മറ്റുള്ളവർക്ക് എത്തിച്ചതിനും അടക്കമുള്ള വകുപ്പുകളിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇതോടെ വിചാരണ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് പ്രതികൾക്ക് പരമാവധി ഏഴു വർഷം വരെ തടവും പിഴയും ലഭിക്കാനാണ് സാധ്യത തെളിയുന്നത്. അതിനിടെ മകന്റെ വഴിവിട്ട ബന്ധങ്ങൾക്ക് ഒടുവിൽ അറസ്റ്റും ജനുവരി ആദ്യ ആഴ്ച വരെ റീമാൻഡും ആയതോടെ തകർന്ന അവസ്ഥയിൽ ഉള്ള മാതാപിതാക്കളെ കൂടുതൽ വിഷമിപ്പിക്കരുത് എന്ന പ്രാദേശിക മലയാളികളുടെ അഭ്യർത്ഥന മാനിച്ച് അറസ്റ്റിലായ 21കാരനായ യുവാവിന്റെ പേര് മറച്ചു വയ്ക്കുവാനാണ് തീരുമാനം.

അറസ്റ്റിനെത്തിയ പൊലീസിന് നേരിയ തോതിൽ ബലപ്രയോഗം വേണ്ടി വന്നു എന്നാണ് ലഭ്യമാകുന്ന വിവരം. രണ്ടാഴ്ച മുൻപ് നടന്ന സംഭവം ഒരാഴ്ച മുൻപ് ഇപ്‌സ്വിച്ച് പൊലീസ് പുറത്തു വിട്ടതോടെ പ്രാദേശിക മാധ്യമങ്ങൾ വാർത്തയാക്കിയത് വഴിയാണ് മലയാളി യുവാവും സംഭവത്തിൽ ഉൾപ്പെട്ടെന്നു വ്യക്തമായത്. കഴിഞ്ഞ ദിവസങ്ങളിൽ ഈ സംഭവം യുകെ മലയാളികളുടെ വാട്സാപ്പ് ഗ്രൂപുകളിൽ പൊതു ചർച്ചയ്ക്കായി എത്തുകയും ചെയ്തു.

ഇപ്പോൾ അറസ്റ്റിലായ ഏഴുപേരും മുൻപേ തന്നെ പൊലീസ് നിരീക്ഷണത്തിൽ ആയിരുന്ന സംഘത്തിന്റെ ഭാഗമാണ്. ഇവർ ടീനേജ് പ്രായം മുതൽ തന്നെ പലവിധത്തിൽ അറിയുന്നവർ ആണെന്നതും ഞെട്ടലോടെയാണ് സമൂഹം തിരിച്ചറിയുന്നത്. മലയാളി യുവാവിന്റെ പെരുമാറ്റ വൈകല്യം കുടുംബം തിരിച്ചറിയാൻ വൈകുക ആയിരുന്നു എന്നും സൂചനയുണ്ട്. ഇയാൾ യൂണിവേഴ്‌സിറ്റി പഠനം നടത്താൻ എത്തിയപ്പോഴേക്കും മയക്കുമരുന്നു സംഘത്തിനു പൂർണമായും കീഴ്പ്പെടുക ആയിരുന്നുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.

പ്രദേശത്തെ മയക്കു മരുന്ന് വ്യാപാരത്തിൽ ഈ സംഘത്തിന് നിർണായക റോൾ ഉണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്ന് ഇവർ ഏറെനാളായി പൊലീസ് നിരീക്ഷണത്തിൽ ആയിരുന്നു . തുടർന്ന് ഇവർക്കെതിരായ തെളിവുകൾ ശേഖരിച്ച ശേഷമാണു പൊലീസ് അറെസ്റ്റിലേക്കു നീങ്ങിയത് . ഇക്കാര്യത്തിന് പ്രത്യേക ചുമതലയുള്ള സ്‌കോര്പിയോൺ ടീമും കൗണ്ടി സീരിയസ് ക്രൈം ഡിസ്‌റേപ്ക്ഷൻ യൂണിറ്റും സംയുക്തമായി നടത്തിയ ഓപ്പറേഷനാണ് അറെസ്റ്റിലേക്കു എത്തിച്ചത് . നാല് വർഷമായി പ്രദേശം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ടീമിന്റെ നിർണായക നീക്കമാണ് ഏഴു പേരെയും ഒന്നിച്ചു കുടുക്കിയത് .

ഇപ്‌സ്വിച്ച് സംഘത്തെ കുറിച്ച് ലണ്ടനിൽ നിന്നാണ് രഹസ്യ പൊലീസിന് വിവരം ലഭിച്ചതെന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ലണ്ടനിലെ കുപ്രസിദ്ധ സംഘത്തെ പിടിയിൽ ആയപ്പോൾ ലഭിച്ച വിവരങ്ങളാണ് മലയാളി യുവാവ് ഉൾപ്പെടുന്ന ഇപ്‌സ്വിച്ച് സംഘത്തിലേക്ക് പൊലീസിനെ എത്തിച്ചത്. തുടർന്ന് തുടർച്ചയായ നിരീക്ഷണത്തിൽ സംഘത്തിലെ ഏഴുപേരുടെയും വീട് അടക്കമുള്ള താവളങ്ങൾ സ്‌കെച്ച് ചെയ്ത പൊലീസ് രാത്രി മുഴുവൻ കാവലിരുന്നു സന്ദേശങ്ങൾ പരസ്പരം കൈമാറി വിവിധ സംഘങ്ങളായി തിരിഞ്ഞു ഏഴുപേരുടെയും താവളങ്ങളിലേക്കു പുലർച്ചെ അഞ്ചു മണിയോടെ ഇരച്ചു കയറുകയായിരുന്നു.

സംഘത്തിലെ ഒരാൾ പോലും നഷ്ടമാകരുത് എന്ന ഉറപ്പോടെയാണ് പൊലീസ് ഈ നീക്കം നടത്തിയത്. പൊലീസ് എത്തിയെന്നറിഞ്ഞാൽ സാധാരണ മയക്കു മരുന്നു സംഘങ്ങൾ കയ്യിൽ ഉള്ള ശേഖരം പൊടുന്നനെ നശിപ്പിക്കുന്ന പതിവുള്ളതിനാലാണ് പൊലീസ് ഇത്തരം ആക്രമണ രീതി അവലംഭിക്കുന്നത്. മലയാളിയുടെ വീടിന്റെയും മുൻവാതിൽ തകർത്താണ് പൊലീസ് നൊടിയിടയിൽ യുവാവിനെ കീഴടക്കിയത്. സ്വാഭാവികമായും എന്താണ് സംഭവിക്കുന്നത് എന്നറിയാതെ തടയാൻ എത്തിയ ഗൃഹനാഥൻ ഉൾപ്പെടെയുള്ളവരെ തടഞ്ഞാണ് പൊലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയതും.

ഒറ്റപ്പെട്ട സംഭവമല്ല, പല കുടുംബങ്ങളും ആശങ്കയുടെ നെരിപ്പോടിൽ

എന്നാൽ ഇത് ഒറ്റപ്പെട്ട സംഭവം അല്ലെന്നും മയക്കുമരുന്ന് ഉപയോഗത്തിന്റെയും ഇടപാടിന്റെയും പേരിൽ അരഡസൻ യുകെ മലയാളി കുടുംബങ്ങൾ എങ്കിലും പ്രയാസം നേരിടുന്ന കാര്യം മറുനാടൻ മലയാളിക്ക് അടുത്തിടെ ലഭിച്ച റിപോർട്ടുകൾ വ്യക്തമാക്കുന്നു. ഇതേക്കുറിച്ചു വിശദമായ പരമ്പര തയ്യാറാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ വാർത്ത വിഭാഗം സ്വീകരിക്കുന്നതിനിടയിലാണ് ഇപ്‌സ്വിച്ചിലെ പൊലീസ് നടപടി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

ഇതോടെ സമീപ ഭാവിയിൽ തന്നെ യുകെ മലയാളികളായ അനേകം കുടുംബങ്ങളെ ഒരു ദുരന്ത മുഖത്ത് എത്തിക്കാൻ പാകത്തിൽ മയക്കുമരുന്നു ഉപയോഗം മലയാളി യുവതീയുവാക്കളിൽ വേരുപിടിക്കുകയാണ് എന്ന ദുഃഖ സത്യമാണ് മുന്നിൽ എത്തുന്നത്. സമാന സാഹചര്യത്തിൽ ഒരു വർഷം മുൻപ് വടക്കൻ ഇംഗ്ലണ്ടിലെ മലയാളി കൗമാരക്കാരിയുടെ മരണം പോലും കാണേണ്ടി വന്ന യുകെ മലയാളികളുടെ നെഞ്ചു പിടയ്ക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ പല സ്ഥലങ്ങളിൽ നിന്നും എത്തുന്നത്.

അതിനാൽ ഇപ്‌സ്വിച്ചിലെ മലയാളി കുടുംബം നേരിടുന്ന ദുഃഖം അവരുടേത് മാത്രമല്ല നാളെ ഏതു കുടുംബത്തെയും തേടി എത്താവുന്ന ഒന്നാണ് എന്നും തെളിയുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ പുതുതായി യുകെയിൽ എത്തികൊണ്ടിരിക്കുന്ന ചെറുപ്പക്കാരിലും യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളിലും മയക്കുമരുന്ന് ഉപയോഗം വ്യാപകം ആണെന്ന് സൂചനകൾ പുറത്തു വന്നിരുന്നു. ഇതേ തുടർന്ന് വിവിധ ആശുപത്രികളിലും നഴ്‌സിങ് ഹോമുകളിലും മയക്കുമരുന്ന് ഉപയോഗിച്ച് ജോലിക്കെത്തിയതിനാൽ പിരിച്ചു വിടപ്പെട്ട സംഭവവും പലയിടത്തും സൂചനകളുടെ രൂപത്തിൽ പുറത്തു വന്നിരുന്നതാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP