Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തളർന്നു വീണിട്ടും പിന്മാറാതെ; ഡാഡി പറഞ്ഞു കേട്ട് ചെറുപ്പം മുതലേ രാജ്ഞിയെ സ്നേഹിച്ചു തുടങ്ങിയ തോമസ് കാട്ടിക്കാരൻ വെസ്റ്റ് മിനിസ്റ്റർ അബിയിൽ മൃതദേഹത്തിന് മുന്നിൽ കുഴഞ്ഞു വീണു; ചാനലുകൾ തത്സമയ സംപ്രേഷണവും നിർത്തി; കോവിഡ് ബാധിതനായി ആരോഗ്യം നഷ്ടമായിട്ടും രാജ്ഞിയെ കാണാൻ നടത്തിയത് സമാനതകളില്ലാത്ത ത്യാഗം

തളർന്നു വീണിട്ടും പിന്മാറാതെ; ഡാഡി പറഞ്ഞു കേട്ട് ചെറുപ്പം മുതലേ രാജ്ഞിയെ സ്നേഹിച്ചു തുടങ്ങിയ തോമസ് കാട്ടിക്കാരൻ വെസ്റ്റ് മിനിസ്റ്റർ അബിയിൽ മൃതദേഹത്തിന് മുന്നിൽ കുഴഞ്ഞു വീണു; ചാനലുകൾ തത്സമയ സംപ്രേഷണവും നിർത്തി; കോവിഡ് ബാധിതനായി ആരോഗ്യം നഷ്ടമായിട്ടും രാജ്ഞിയെ കാണാൻ നടത്തിയത് സമാനതകളില്ലാത്ത ത്യാഗം

പ്രത്യേക ലേഖകൻ

ലണ്ടൻ: യുകെയിലെ മുഴുവൻ മലയാളികൾക്കും വേണ്ടി മഹത്തായൊരു ത്യാഗം ഏറ്റെടുക്കുക ആയിരുന്നു സ്റ്റോക് ഓൺ ട്രെന്റിന് അടുത്ത ക്രൂവിലെ തോമസ് കാട്ടിക്കാരൻ. ചെറുപ്പത്തിൽ ഡാഡി നേരിട്ട് കണ്ടിട്ടുള്ള രാജ്ഞിയുടെ വിശേഷം കേട്ടറിഞ്ഞു വളർന്ന തോമസ് കാട്ടിക്കാരന് കഴിഞ്ഞ ഇരുപതു വർഷമായിട്ടും രാജ്ഞിയെ നേരിൽ കാണാനുള്ള ഭാഗ്യം ലഭിക്കാത്ത സാഹചര്യത്തിലാണ് മരണ വിവരം അറിഞ്ഞത് മുതൽ എങ്ങനെയെങ്കിലും അവസാനമായി ഒന്ന് നേരിട്ട് കാണണം എന്ന ആഗ്രഹത്തോടെ അദ്ദേഹം ലണ്ടനിലെത്തിയത്.

റോയൽ മെയിൽ ജീവനക്കാരനായ തോമസ് രാത്രി ഡ്യൂട്ടി കഴിഞ്ഞു ലണ്ടനിൽ എത്തി ഒരു പകൽ മുഴുവൻ ക്യൂ നിന്ന് വെസ്റ്റ് മിനിസ്റ്റർ അബിയിൽ എത്തിയപ്പോഴേക്കും മൃതദേഹ പേടകത്തിന് സമീപമായി കുഴഞ്ഞു വീഴുക ആയിരുന്നു. ലോകമെങ്ങും ലൈവായി കണ്ടുകൊണ്ടിരുന്ന കാഴ്ചകൾ ഉടൻ ചാനലുകൾ താൽക്കാലികമായി നിർത്തി പകരം വെസ്റ്റ് മിനിസ്റ്റർ അബിയിലെ മറ്റു കാഴ്ചകളിലേക്കു ക്യാമറ തിരിക്കുക ആയിരുന്നു.

രാജ്ഞിയെ അറിഞ്ഞു തുടങ്ങുന്നത് ചെറുപ്പത്തിലേ

പിതാവിന്റെ ജോലി കേരളത്തിന് പുറത്തായിരുന്നതിനാൽ തോമസ് കാട്ടിക്കാരന്റെ ജനനവും കുട്ടിക്കാലവും ഒക്കെ കേരളത്തിന് വെളിയിൽ തന്നെ ആയിരുന്നു. തോമസിന്റെ കൂമ്പൻ തൃശ്ശിനാപ്പള്ളിയിൽ കഴിയുന്ന എൺപതുകളിലാണ് രാജ്ഞി അവസാനമായി ഇന്ത്യയിൽ എത്തുന്നത്. അന്ന് തോമസിന്റെ പിതാവ് മുംബൈയിൽ ടിവിഎസിൽ ജനറൽ മാനേജരായി ജോലി ചെയ്യുന്ന കാലവും. അന്ന് മുംബൈയിൽ എത്തിയ എലിസബത്ത് രാജ്ഞിയെ ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് വരവേറ്റത്. അക്കൂട്ടത്തിൽ തോമസിന്റെ പിതാവും ഉണ്ടായിരുന്നു.

പിന്നീട് അദ്ദേഹം വീട്ടിൽ വരുമ്പോൾ ഒക്കെ രാജ്ഞിയെ കുറിച്ച് വാ തോരാതെ സംസാരിക്കുമായിരുന്നു. അങ്ങനെയാണ് തോമസും വീട്ടിൽ ഉള്ളവരും രാജ്ഞിയെ കുറിച്ച് അറിഞ്ഞു തുടങ്ങുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ പിതാവ് മരിക്കും വരെ തോമസിനോട് രാജ്ഞിയെ കാണാൻ അവസരം ലഭിച്ചാൽ പാഴാക്കരുതെന്നു പറയുമായിരുന്നു. ബ്രിട്ടനിൽ ജീവിക്കുന്നതിനാൽ അതിന് അവസരം ലഭിക്കും എന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. തോമസിന്റെ വീട്ടിൽ എത്തിയ വേളയിൽ ആവേശത്തോടെയാണ് പിതാവ് ബക്കിങ്ഹാം പാലസ് സന്ദർശിച്ചതെന്നും അദ്ദേഹം ഓർമ്മിക്കുന്നു.

ഇതൊരവസാന അവസരം

എന്തിനാണ് ഇത്രയും റിസ്‌ക് എടുത്തു രാജ്ഞിയെ കാണാൻ പോയത്? തോമസിന് വളരെ കൃത്യമായ ഉത്തരം ഉണ്ടായിരുന്നു. ''ജീവിച്ചിരുന്നപ്പോൾ കാണാനായില്ല. അപ്പോൾ ഇതൊരു അവസാന അവസരമാണ്. അത് നഷ്ടപ്പെടുത്തിയാൽ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായി മാറുമത്. ഇപ്പോൾ എന്റെ ഡാഡി സന്തോഷിക്കുന്നുണ്ടാകും എന്നാണ് ഞാൻ കരുതുന്നത്. കാരണം ഞങ്ങൾ രാജ്ഞിയെ കാണുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.

ഇപ്പോൾ ഇങ്ങനെയെങ്കിലും കാണാനായല്ലോ. അതാണ് എന്നെ ആശ്വസിപ്പിക്കുന്നത് '', തോമസ് പറഞ്ഞു നിർത്തി. സുഹൃത്തുക്കളായ പലരോടും പറഞ്ഞിട്ടും ആരെയും കൂട്ടു കിട്ടാതെയാണ് ഒടുവിൽ ഒറ്റയ്ക്ക് പോകാൻ തീരുമാനിച്ചത് ഒരു പകൽ മുഴുവൻ ക്യൂ നിൽക്കേണ്ടി വരുമെന്ന് കേട്ടതോടെ മിക്കവരും പിന്മാറി. എന്നാൽ മുന്നോട്ടു വച്ച കാൽ പിന്നോട്ടില്ല എന്ന നിലപാടിലായിരുന്നു തോമസ്.

ഒടുവിൽ വെള്ളിയാഴ്ച രാവിലെ ഡ്യൂട്ടി കഴിഞ്ഞു ആറുമണിയോടെ അദ്ദേഹം ലണ്ടൻ യാത്രക്ക് തയ്യാറായി. ശനിയാഴ്ച രാവിലെ ഒൻപതരയോടെ യൂസ്റ്റണിൽ ട്രെയിൻ ഇറങ്ങുകയും ചെയ്തു. പിന്നെയാണ് പ്രശ്നം. എങ്ങോട്ടു പോകുമെന്ന് അറിയില്ല. സ്റ്റേഷനിൽ നിന്നും പുറത്തു കടന്നപ്പോൾ ഒഴുകുന്ന ജനക്കൂട്ടം. അവർക്കൊപ്പം ചേർന്നപ്പോൾ ആരോ പറഞ്ഞു നാല് മൈൽ നടന്നാൽ വെസ്റ്റ് മിനിസ്റ്ററിൽ എത്തുമെന്ന്. അങ്ങനെ നടന്നെത്തിയപ്പോൾ രാജ്ഞിയെ കാണാനുള്ള ക്യൂ കണ്ടെത്തി. കുറെ നീളം നിന്നപ്പോളാണ് എല്ലാവരുടെയും കയ്യിലെ പച്ച റിസ്റ്റ് റിബൺ കാണുന്നത്. അതെന്തിനാണെന്നു തിരക്കിയപ്പോൾ, അതുണ്ടെങ്കിലേ വെസ്റ്റ് മിനിസ്റ്ററിൽ കേറാനാകൂ എന്ന് മനസിലായി.

വീണ്ടും എട്ടു മൈൽ പുറകിലേക്ക്

ക്യൂ നിൽക്കാൻ പോലും യോഗ്യതയില്ലെന്ന് കണ്ട തോമസ് വീണ്ടും എട്ടു മൈൽ പുറകിലേക്ക് നടന്നു. ഒരു വിധത്തിൽ റിസ്റ്റ് ബാൻഡ് സംഘടിപ്പിച്ചു വീണ്ടും വെസ്റ്റ് മിനിസ്റ്റർ പരിസരത്തെത്തി. അപ്പോൾ ക്യൂവിൽ ഇടം പിടിച്ചാൽ പിറ്റേന്ന് വൈകുന്നേരം പോലും രാജ്ഞിയെ കാണാനാകില്ല എന്നുറപ്പായി. ഇതിനിടയിൽ ദേവദൂത പോലെ ഒരു മാധ്യമ പ്രവർത്തക തോമസിനെ കൂട്ടി അഭിമുഖം നടത്തി. ഇത്ര ദൂരത്തു നിന്നും വന്ന കഥയൊക്കെ ചോദിച്ചു മനസിലാക്കി.

ഇന്റർവ്യൂ കഴിഞ്ഞപ്പോ ഇരുവരും വെസ്റ്റ് മിനിസ്റ്റർ അബിയുടെ മുൻഭാഗത്തായി. തോമസിന്റെ തൊട്ടു മുന്നിലായി ക്യൂവിലേക്കുള്ള വഴി ഒഴിഞ്ഞ മട്ടിൽ കിടക്കുന്നു. കാര്യമായി ഒന്നും ശങ്കിക്കാതെ വീണ്ടും വരിയിലേക്ക്. അൽപ സമയം കഴിഞ്ഞപ്പോഴേക്കും വെസ്റ്റ് മിനിസ്റ്ററിന് അകത്തു കടക്കാനായി. അപ്പോഴേക്കും സമയം അഞ്ചരയോട് അടുത്തിരുന്നു. ഭൗതിക പേടകത്തിന് അടുത്തേക്ക് ചെല്ലവേ തോമസ് കുഴഞ്ഞു വീഴുക ആയിരുന്നു. തലേന്നത്തെ രാത്രി ഷിഫ്റ്റും നീണ്ട കാത്തുനിൽപ്പുമാണ് തോമസിനെ തളർത്തിയത്.

ചാനലുകൾ കണ്ണടച്ചു, തോമസ് ആംബുലൻസിലേക്ക്

അസ്വാഭാവിക സാഹചര്യം ഉണ്ടായതോടെ ഏതാനും മിനിറ്റുകൾ ലൈവ് സംപ്രേഷണം നടന്ന ചാനലുകൾ പുറത്തെ കാഴ്ചകൾ ജനങ്ങൾക്ക് എത്തിച്ചു. വീണു കിടന്ന തോമസ് തിയറ്റർ സൗകര്യമുള്ള ആംബുലൻസിലേക്ക്. ഫോണിൽ നിന്നും എമർജനസി നമ്പർ നോക്കിയപ്പോൾ ഭാര്യ ബ്രീനയുടെ നമ്പർ കിട്ടി. തുടർന്ന് രണ്ടു വട്ടം കോവിഡ് ബാധിച്ചു 14 മാസത്തോളം ചികിത്സ വേണ്ടിവന്ന, ഹൃദ്രോഗബാധിതൻ കൂടിയായ തോമസിന് അടിയന്തിര ചികിത്സ നൽകി. ആംബുലൻസ് ക്രൂ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാൻ ഒരുങ്ങവെ ബോധം തെളിഞ്ഞ തോമസ് ഡിസ്ചാർജ് ആവശ്യപ്പെടുക ആയിരുന്നു.

കാര്യങ്ങൾ ആംബുലൻസ് ജീവനക്കാർ ബോധ്യപ്പെടുത്തുമ്പോൾ ഒരു ടാക്സി വിളിച്ചു തന്നാൽ സുഹൃത്തിന്റെ വീട്ടിൽ പൊയ്ക്കൊള്ളാം എന്ന നിലപാടിലേക്ക് തോമസ് എത്തി. എന്നാൽ ലണ്ടനിൽ ടാക്സി ഒന്നും ഓടുന്നില്ലെന്നും വീട്ടിലേക്ക് ആംബുലൻസിൽ ട്രാൻസ്ഫർ ചെയ്യാനാകില്ല എന്നും അദ്ദേഹം അറിയുന്നത് അപ്പോളാണ്. ഇതോടെ ഇത്ര ദൂരം വന്നിട്ട് പ്രിയപ്പെട്ട രാജ്ഞിയെ കാണാനാകാതെ പോയ സങ്കടം അദ്ദേഹം ജീവനക്കാരെ അറിയിച്ചു. ഓഫിസർ ഓൺ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർ തോമസിന്റെ വിവരം അറിഞ്ഞു രണ്ടു റോയൽ ഗാർഡുകളെ ഏർപ്പെടുത്തി അദ്ദേഹത്തിന് വീണ്ടും രാജ്ഞിയെ കാണാൻ അവസരം നൽകുക ആയിരുന്നു.

തോമസിന്റെ ഭാര്യ ബ്രീന തോമസ് ക്രൂ ഹോസ്പിറ്റൽ തിയറ്റർ നഴ്സാണ്. മൂത്തമകൻ ഫ്രാങ്ക്ളിന്റോസ് കട്ടികാരൻ എയ്റോനോട്ടിക്സ് കമ്പനിയിൽ അപ്രെന്റിസായി ജോലി ചെയ്യുകയാണ്. മകൾ റോസ്ബ്രീ കട്ടിക്കാരൻ എ ലെവൽ അവസാന വർഷ വിദ്യാർത്ഥിയും. രാജ്യം ദുഃഖാചരണത്തിലൂടെ കടന്നു പോകുമ്പോൾ വേദനയും വിഷമവും ഒക്കെ പരസ്യമായി പ്രകടിപ്പിക്കണോ എന്നൊക്കെ ആശങ്കപ്പെട്ട മലയാളി സമൂഹത്തിലെ വിരലിൽ എണ്ണാവുന്നവർക്കുള്ള മറുപടി കൂടിയാണ് സ്വന്തം ജീവൻ പോലും നോക്കാതെ രാജ്ഞിയെ അവസാനമായി കാണാൻ വേണ്ടിവന്നാൽ രണ്ടു ദിവസം ക്യൂ നിൽക്കാൻ ലണ്ടനിൽ എത്തിയ തോമസ്.

എല്ലാവരും വീടിന്റെ സുരക്ഷിതത്വത്തിൽ ടിവി സ്‌ക്രീനിൽ കാഴ്ചകൾ കണ്ടു ആദരവും ദുഃഖവും പ്രകടിപ്പിച്ചപ്പോൾ തനിക്കു വ്യത്യസ്തനായേ പറ്റൂ എന്ന ദൃഢ നിശ്ചയവുമായാണ് ക്രൂ മലയാളിയായ തോമസ് ലണ്ടനിലെത്തിയതും പോരാളിയെ പോലെ തോറ്റു പിന്മാറാതെ, തളർന്നു വീണിട്ടും രാജ്ഞിക്കു മുന്നിൽ മുട്ട് കുത്തി തന്റെ ആദരവ് അർപ്പിക്കാൻ എത്തിയതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP