Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഏറ്റുമാനൂരിൽ നിന്നും ജോലി തേടി മെൽബണിൽ എത്തിയ ദിവ്യക്ക് ഇനി ഓടിനടന്ന് വീടു പണിയുകയോ ഓഫീസ് കെട്ടിടങ്ങൾ നിർമ്മിക്കുകയോ റോഡ് കോൺട്രാക്ട് എടുക്കുകയോ ഒക്കെ ചെയ്യാം; കെഎസ്ടിപി റോഡ് നിർമ്മാണം അടക്കമുള്ള മേഖലകളിൽ കഴിവു തെളിയിച്ച ശേഷം വിദേശത്തേക്ക് പറന്ന മലയാളി യുവതിക്ക് ഇത് അംഗീകാരത്തിന്റെ സുവർണ നിമിഷം; ഓസ്‌ട്രേലിയയിലെ എൻജിനീയറിങ് ജോലിക്കുള്ള അംഗീകാരമായി വിക്ടോറിയൻ ബിൽഡേഴ്‌സ് ലൈസൻസ് നേടിയ ദിവ്യ വിവേകിന്റെ കഥ

ഏറ്റുമാനൂരിൽ നിന്നും ജോലി തേടി മെൽബണിൽ എത്തിയ ദിവ്യക്ക് ഇനി ഓടിനടന്ന് വീടു പണിയുകയോ ഓഫീസ് കെട്ടിടങ്ങൾ നിർമ്മിക്കുകയോ റോഡ് കോൺട്രാക്ട് എടുക്കുകയോ ഒക്കെ ചെയ്യാം; കെഎസ്ടിപി റോഡ് നിർമ്മാണം അടക്കമുള്ള മേഖലകളിൽ കഴിവു തെളിയിച്ച ശേഷം വിദേശത്തേക്ക് പറന്ന മലയാളി യുവതിക്ക് ഇത് അംഗീകാരത്തിന്റെ സുവർണ നിമിഷം; ഓസ്‌ട്രേലിയയിലെ എൻജിനീയറിങ് ജോലിക്കുള്ള അംഗീകാരമായി വിക്ടോറിയൻ ബിൽഡേഴ്‌സ് ലൈസൻസ് നേടിയ ദിവ്യ വിവേകിന്റെ കഥ

മറുനാടൻ ഡെസ്‌ക്‌

മെൽബൺ: നിർമ്മാണ രംഗത്ത് സമഗ്ര ഇടപെടൽ നടത്തുകയും കൈവെക്കുകയും ചെയ്ത മലയാളി വനിതകൾ കുറവാണ്. ഇ ശ്രീധരനെ പോലൊരാൾ ആഗോള തലത്തിൽ അറിയപ്പെടുന്ന മിടുക്കനായി മാറിയപ്പോൾ ഒരു മലയാളി യുവതിയുടെയും പേരു കേട്ടിരുന്നില്ല. എന്നാൽ, ആ ചരിത്രം ഇപ്പോൾ തിരുത്തി കുറിക്കുകയാണ് ഒരു മലയാളി യുവതി. ഓസ്‌ട്രേലിയയിലെ നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന ദിവ്യ വിവേക് എന്ന യുവതിയാണ് അധികമാർക്കും ലഭിക്കാത്ത സുവർണ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

ഏറെ കഠിനാധ്വാനത്തിലൂടെ മാത്രം ലഭിക്കുന്ന വിക്ടോറിയൻ ബിൽഡേഴ്സ് ലൈസൻസ് നേടിയെടുത്തിരിക്കുകയാണ് ദിവ്യ വിവേക് ഇപ്പോൾ. കഴിഞ്ഞ രണ്ടര വർഷത്തോളം ദിവ്യ നടത്തിയ പഠനങ്ങളുടെയും പരിശ്രമങ്ങളുടെയും ഫലമാണ് ഈ നേട്ടം. ഇതോടെ ഓസ്‌ട്രേലിയയിലും നിർമ്മാണ മേഖലയിൽ കൈവെക്കാനുള്ള അവസരമാണ് ഈ മിടുക്കിക്ക് ലഭിച്ചിരിക്കുന്നത്. നാട്ടിൽ പ്രൊജക്ട് എഞ്ചിനീയറായും സിവിൽ എഞ്ചിനീയറായും ജോലി ചെയ്ത ദിവ്യ മെൽബൺ മലയാളിയായ വിവേകിനെ വിവാഹം ചെയ്ത് 2008ലാണ് ഓസ്‌ട്രേലിയായിൽ എത്തുന്നത്. ഇവിടെ എത്തിയ ശേഷം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്‌സ് ഓസ്‌ട്രേലിയയിൽ നിന്നും ടെസ്റ്റുകൾ പാസായി ദിവ്യ സിവിൽ എഞ്ചിനീയറിങ് യോഗ്യത തെളിയിച്ചിരുന്നു.

അതിനു ശേഷം കഴിഞ്ഞ പത്തു വർഷത്തോളമായി ഒരു ബിൽഡറുടെ കീഴിൽ പ്രൊജക്ട് എഞ്ചിനീയറായി പ്രവർത്തിച്ചു വരവേയാണ് വിബിഎ ബിൽഡേഴ്‌സിന്റെ ലൈസൻസ് ലഭിക്കുന്നതിനു രണ്ടര വർഷം മുമ്പ് അപേക്ഷ സമർപ്പിക്കുന്നത്. ഒരു വർഷം ഏകദേശം പന്ത്രണ്ടു പ്രൊജക്ടുകളെങ്കിലും ഏറ്റെടുക്കുന്ന കമ്പനിയിലായിരുന്നു ദിവ്യ ജോലി ചെയ്തിരുന്നത്. അതിനാൽ തന്നെ, ഇവിടെ നിന്നും കഴിഞ്ഞ പത്തു വർഷം കൊണ്ട് ഏതാണ്ട് 50ഓളം പ്രൊജക്ടുകൾ സ്വയം ഏറ്റെടുത്ത് പൂർത്തിയാക്കുവാൻ ദിവ്യയ്ക്കു കഴിഞ്ഞു.

ഈ അനുഭവ പാഠവവും ദിവ്യ ചെയ്തു പൂർത്തിയാക്കിയ നാലു പ്രോജക്ടുകളും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്‌സ് ഓസ്‌ട്രേലിയയിൽ നിന്നും നേടിയ അംഗീകാരവും എല്ലാം കാണിച്ചു കൊണ്ടാണ് വിക്ടോറിയൻ ബിൽഡേഴ്സിൽ ലൈസൻസ് നേടുന്നതിനായി അപേക്ഷ സമർപ്പിച്ചത്. പിന്നീട് അങ്ങോട്ട് നിരവധി കടമ്പകളായിരുന്നു ദിവ്യയ്ക്ക് പൂർത്തിയാക്കാനുണ്ടായിരുന്നത്. ദിവ്യ സമർപ്പിച്ച പ്രൊജക്ടുകളുടെ വിശദമായ പരിശോധനയായിരുന്നു അതിൽ ആദ്യത്തേത്. മൂന്നു ഘട്ടങ്ങളിലായാണ് വിബിഎയുടെ റഫറൻസ് പരിശോധനകൾ നടന്നത്. വിബിഎയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ബിൽഡേഴ്‌സ് വഴിയാണ് ഈ പരിശോധനകൾ നടക്കുക. ഈ പരിശോധനകൾ റിപ്പോർട്ടുകളായി സമർപ്പിക്കും. തുടർന്ന് വിബിഎ നടത്തുന്ന പരിശോധനയിൽ എന്തെങ്കിലും തെറ്റുകൾ കണ്ടുപിടിച്ചാൽ റഫറൻസ് ചെക്കിങ് നടത്തുന്നവരുടെ ലൈസൻസും റദ്ദാക്കുന്നതിനാൽ തന്നെ, വളരെ സൂക്ഷ്മതയോടെയാണ് പരിശോധന നടക്കുക.

ഈ പരിശോധന വിജയകരമായി പൂർത്തിയാക്കിയ ദിവ്യയെ അടുത്തതായി കാത്തിരുന്നത് കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റാണ്. രണ്ടു മണിക്കൂർ വീതം ദൈർഘ്യമുള്ള രണ്ടു കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റും മൂന്നര മണിക്കൂർ ദൈർഘ്യമുള്ള ഇന്റർവ്യൂവും വിജയകരമായി പൂർത്തിയാക്കിയപ്പോഴാണ് വിബിഎ ലൈസൻസ് ദിവ്യയ്ക്ക് ലഭിച്ചത്. ഈ കാലയളവിനിടയിൽ രണ്ടാമത്തെ കുഞ്ഞിനും ദിവ്യ ജന്മം നൽകിയിരുന്നു. കുഞ്ഞിനെ നോക്കുന്നതിനിടയിലും ഗർഭാവസ്ഥയിലും ആയിരുന്നു ദിവ്യ ജോലിയും പഠനവും എല്ലാം മുന്നോട്ടു കൊണ്ടു പോയത്. ഇതു കൂടാതെ, മാസ്റ്റേഴ്സ് ബിൽഡേഴ്സ് അസോസിയേഷൻ വിക്ടോറിയയിൽ അംഗത്വവും എടുത്തിട്ടുണ്ട്.

വിബിഎ ലൈസൻസ് ലഭിച്ചെങ്കിലും നേരത്തെ ജോലി ചെയ്തു കൊണ്ടിരുന്ന ബിൽഡർക്കു കീഴിൽ തന്നെ ദിവ്യ ഇപ്പോഴും ജോലി തുടരുകയാണ്. മെൽബണിലെ കരോംഡൗൺസിൽ ശിവ ഹോംസ് എന്ന പേരിൽ നിർമ്മാണ കമ്പനി ആരംഭിച്ചു കഴിഞ്ഞുവെങ്കിലും അടുത്ത ഒരു മാസത്തിനുള്ളിൽ മാത്രമെ പ്രവർത്തനം ആരംഭിക്കുകയുള്ളൂ. ഉപഭോക്താവിന്റെ ഇഷ്ടങ്ങൾക്ക് അനുസൃതമായി രൂപകൽപ്പന ചെയ്യുന്ന കസ്റ്റം ഔർസ് ആണ് ശിവ ഹോംസിന്റെ പ്രത്യേകത. കൂടാതെ നാട്ടിൽ നിന്നും ഉള്ള വാസ്തു ശാസ്ത്ര വിദഗ്ദൻ കാണിപ്പയ്യൂരിന്റെ വാസ്തു റിപ്പോർട്ടും ആവശ്യക്കാർക്ക് ലഭ്യമാക്കുന്നതാണ്.

തന്റെ കഴിവിൽ പൂർണമായും വിശ്വാസം അർപ്പിച്ചുകൊണ്ടും ഭർത്താവ് വിവേക് നൽകിയ പിന്തുണയുടെയും ഫലമാണ് ഈ നേട്ടമെന്ന് ദിവ്യ വിശ്വസിക്കുന്നു. മലയാളികൾക്കടക്കം അമ്പതിൽ പരം വീടുകൾ നിർമ്മിച്ചു നൽകിയ പ്രവർത്തി പരിചയവും നിർമ്മാണ മേഖലയിലെ ബന്ധങ്ങളും തന്റെ മുന്നോട്ടുള്ള ബിസിനസ് സംരംഭത്തിന് തുണയാകും എന്നാണ് ദിവ്യയുടെ പ്രതീക്ഷ.

കോട്ടയം പാമ്പാടി ഗവൺമെന്റ് എഞ്ചിനീയറിങ്ങ് കോളജിൽ നിന്നും സിവിൽ എഞ്ചിനീയറിങ്ങിൽ ബി ടെക് ദിവ്യ മെൽബണിൽ സ്ഥിര താമസമാക്കിയ കോട്ടയം ഏറ്റുമാനൂർ പല്ലാട്ട് വിവേക് ശിവരാമന്റെ ഭാര്യയും പാഴൂർ അംബാരപള്ളിൽ പത്മസുന്ദർ നായരുടെയും വിജയകുമാരിയുടെയും മകളാണ്.

കെഎസ്ടിപിയുടെ പാലാ പൂഞ്ഞാർ ഹൈവേ കോൺട്രാക്ട്‌സ് ഏറ്റെടുത്തു സൈറ്റ് എഞ്ചിനീയറായി ജോലി ചെയ്തുകൊണ്ടാണ് ദിവ്യ കരിയർ ആരംഭിക്കുന്നത്. രണ്ടര വർഷത്തോളമാണ് കെഎസ്ടിപിയിൽ ജോലി ചെയ്തത്. അതിനു ശേഷം രണ്ടു വർഷത്തോളം എറണാകുളത്തെ കുന്നേൽ കൺസ്ട്രക്ഷൻസ് എന്ന അപ്പാർട്ട്‌മെന്റും ഫ്‌ളാറ്റുകളും മറ്റും നിർമ്മിക്കുന്ന കമ്പനിയിലാണ് പ്രൊജക്ട് എഞ്ചിനീയറായി ജോലി ചെയ്തു. തുടർന്ന് 2007ലാണ് വിവേകിനെ വിവാഹം ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP