Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുകെയിൽ ഇപ്പോൾ സീനിയർ കെയറർമാരെ റിക്രൂട്ട് ചെയ്യുന്നുണ്ടോ? ഏജന്റുമാർക്ക് കാശു കൊടുത്താൽ ഐഇഎൽടിഎസ് ഇല്ലാതെ നഴ്സുമാർക്ക് യുകെയിലെത്തി ജോലി ചെയ്യാമോ? കോവിഡ് കാലത്തെ നഴ്സിങ് ക്ഷാമം പരിഹരിക്കാൻ ബ്രിട്ടൻ മലയാളി നഴ്സുമാർക്ക് അവസരം എന്ന സോഷ്യൽ മീഡിയ പ്രചരണം ശരിയോ? വിദേശത്ത് നഴ്‌സിങ് ജോലികൾ തേടുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

യുകെയിൽ ഇപ്പോൾ സീനിയർ കെയറർമാരെ റിക്രൂട്ട് ചെയ്യുന്നുണ്ടോ? ഏജന്റുമാർക്ക് കാശു കൊടുത്താൽ ഐഇഎൽടിഎസ് ഇല്ലാതെ നഴ്സുമാർക്ക് യുകെയിലെത്തി ജോലി ചെയ്യാമോ? കോവിഡ് കാലത്തെ നഴ്സിങ് ക്ഷാമം പരിഹരിക്കാൻ ബ്രിട്ടൻ മലയാളി നഴ്സുമാർക്ക് അവസരം എന്ന സോഷ്യൽ മീഡിയ പ്രചരണം ശരിയോ? വിദേശത്ത് നഴ്‌സിങ് ജോലികൾ തേടുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: യുകെ റിക്രൂട്ട്മെന്റിന്റെ പേരിൽ ഒരിടവേളയ്ക്കു ശേഷം വീണ്ടും വമ്പൻ തട്ടിപ്പ്. എൻഎച്ച്എസ് ജീവനക്കാർക്ക് ചികിത്സയ്ക്കായി സർച്ചാർജ്ജ് ഈടാക്കുന്നത് ഉചിതം അല്ലെന്ന ജനാഭിപ്രായം ഉയർന്നപ്പോൾ സർച്ചാർജ്ജ് ഒഴിവാക്കാൻ വേണ്ടി ഹെൽത്ത് കെയർ വിസ എന്ന പേരിൽ ആരോഗ്യ മേഖലയിലെ ജോലികളെ ലിസ്റ്റ് ചെയ്തതിന്റെ രേഖകൾ ഉപയോഗിച്ചാണ് ഹെൽത്ത് ആൻഡ് കെയർ വിസ എന്ന പേരിൽ കേരളത്തിലും വിദേശ രാജ്യങ്ങളിലും മലയാളി നഴ്സുമാർക്കിടയിൽ വൻ തോതിൽ പണപ്പിരിവ് നടക്കുന്നത്.

ഒരാളിൽ നിന്നും ഒന്നോ രണ്ടോ ലക്ഷം രൂപ വരെ വാങ്ങിയാണ് ഈ തട്ടിപ്പ് അരങ്ങേറുന്നത്. സൗദിയിൽ നിന്നടക്കം നൂറ്റമ്പതോളം പേരിൽ നിന്നും ഇത്തരത്തിൽ പണപ്പിരിവ് നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്. പക്ഷെ, നിലവിൽ ഇതുവരെയ്ക്കും കെയറർമാർക്ക് വിസ കൊടുക്കുന്ന ഒരു പുതിയ സ്‌കീമും ഹോം ഓഫീസ് പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, ഹെൽത്ത് ആൻഡ് കെയർ വിസ എന്നതിന്റെ പേരിൽ വൻ തട്ടിപ്പാണ് കേരളത്തിലടക്കം വിവിധ സ്ഥലങ്ങളിൽ നടക്കുന്നത്.

എന്താണ് ഹെൽത്ത് ആൻഡ് കെയർ വിസ?

ഹെൽത്ത് ആൻഡ് കെയർ വിസ എന്നത് യുകെ സർക്കാർ മെയ് മാസത്തിൽ പ്രഖ്യാപിച്ചതും ഓഗസ്റ്റ് നാലു മുതൽ തുടങ്ങുകയും ചെയ്ത ഒരു വിസയാണ്. ഈ വിസയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്, പ്രധാനമായും ഹെൽത്ത് കെയർ മേഖലയിൽ ജോലി ചെയ്യുന്ന, അതായത് ഡോക്ടർമാർ, നഴ്സുമാർ, ഫിസിയോ തെറാപ്പിസ്റ്റുകൾ, റേഡിയോ ഗ്രാഫേഴ്സ്, സോഷ്യൽ വർക്കർമാർ തുടങ്ങിയ പ്രൊഫഷണലുകൾക്കു വേണ്ടിയുള്ള എൻഎച്ച്എസ് സർച്ചാർജ്ജുമായി ബന്ധപ്പെട്ടുള്ളതാണ്. ഈ വിഭാഗത്തിൽപ്പെട്ട കുടിയേറ്റ ജോലിക്കാർ യുകെയിൽ വന്നു ജോലി ചെയ്യുമ്പോൾ അവർക്ക് എൻഎച്ച്എസ് ട്രീറ്റ്മെന്റ് ആവശ്യമുണ്ടെങ്കിൽ അതിനു വേണ്ടി ഒരു വർഷത്തിൽ 400 പൗണ്ട് എന്ന ഫീസ് കൊടുക്കണമായിരുന്നു.

അതിനെതിരെ വലിയ കാമ്പയിൻ നടന്നപ്പോൾ ഹെൽത്ത് കെയർ സെക്ടറിൽ ജോലി ചെയ്യുന്നവർ അവരുടെ ഹെൽത്തിനു വേണ്ടി പണം നൽകുക എന്നത് ഒരു ശരിയായ നടപടി അല്ലായെന്ന സർക്കാറിന്റെ നിരീക്ഷണത്തെ തുടർന്ന് ആ ചാർജ്ജുകൾ പിൻവലിച്ചു. ഏതൊക്കെ പ്രൊഫഷണലുകൾക്കാണ് ആ ചാർജ്ജുകൾ പിൻവലിച്ചതെന്ന് തരംതിരിക്കുവാൻ വേണ്ടി സർക്കാർ പ്രഖ്യാപിച്ച ഒരു പുതിയ കാറ്റഗറിയാണ് ഹെൽത്ത് ആൻഡ് കെയർ വിസ. ആ കാറ്റഗറികളിൽ യോഗ്യത നേടിയ ആളുകൾ ഹെൽത്ത് ആൻഡ് കെയർ വിസയിൽ യുകെയിലേക്ക് കുടിയേറുവാൻ അപേക്ഷിച്ചാൽ അവർക്ക് എൻഎച്ച്എസ് സർച്ചാർജ്ജ് അടക്കേണ്ടതില്ല.

അതായത് യുകെയിലേക്ക് വരുന്നതിനുള്ള യോഗ്യത നേടിയിട്ടുള്ള ആളുകൾ മൂന്നു വർഷത്തേക്കുള്ള വിസയ്ക്കാണ് അപേക്ഷിക്കുന്നതെങ്കിൽ ഒരു വർഷത്തേക്ക് 400 പൗണ്ട് എന്ന കണക്കിൽ മൂന്നു വർഷത്തേക്ക് 1200 പൗണ്ട് എന്ന സർച്ചാർജ്ജ് അടയ്ക്കേണ്ടതില്ല. പിന്നെ, അവരുടെ വിസാ ഫീസ് നേരത്തെ 462 പൗണ്ടായിരുന്നു. ഇത് 232 പൗണ്ടായും കുറച്ചിട്ടുണ്ട്. ഇതു കൂടാതെ, തട്ടിപ്പുകാർ പറയുന്ന മറ്റൊന്ന് ഫാസ്റ്റ് ട്രാക്ക് ചെയ്യുമെന്നതാണ്. നേരത്തെയും ആപ്ലിക്കേഷൻ കൃത്യമായി നടക്കുന്ന മുറയ്ക്ക് 10 മുതൽ 15 ദിവസത്തിനുള്ളിൽ വിസ വരുന്നതാണ്.

ചുരുക്കത്തിൽ പറഞ്ഞാൽ, പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയെന്നു മാത്രമേയുള്ളൂ. യുകെയിൽ ഒരു പുതിയ തൊഴിലവസരങ്ങളും തുറന്നിട്ടില്ല. കെയറർമാർക്ക് ഇപ്പോഴത്തെ രീതിയിൽ യുകെയിൽ പുതിയ തൊഴിലവസരങ്ങൾക്കൊന്നും സാധ്യതയുമില്ല. സീനിയർ കെയററായി ജോലി ചെയ്യാനുള്ള അവസരം അടുത്ത ജനുവരിയിൽ പോയന്റ് ബേസ്ഡ് സിസ്റ്റത്തിൽ എന്തെങ്കിലും ഒരു മാറ്റം വന്നാൽ മാത്രമേ ഉള്ളൂ. അതും സീനിയർ കെയറർ എന്നത് ഷോർട്ടേജ് ഒക്യുപേഷണൽ ലിസ്റ്റിലേക്ക് മാറ്റിയാൽ മാത്രമേ അത്തരക്കാർക്കു യുകെയിലേക്ക് വരാനുള്ള സാധ്യത തെളിയുന്നുള്ളൂ.

ഐഇഎൽടിഎസോ ഒഇടിയോ പാസായാൽ മാത്രം യുകെയിലേക്ക് പ്രവേശനം

യുകെയിൽ നഴ്‌സായി ജോലി ചെയ്യാൻ ഇംഗ്ലീഷ് യോഗ്യതാ പരീക്ഷകളായ ഐഇഎൽടിഎസോ ഒഇടിയോ പാസാകാത്ത ഒരു നഴ്സിനും നഴ്സിങ് ആൻഡ് മിഡൈ്വഫറി കൗൺസിലിന്റെ രജിസ്ട്രേഷനെടുത്ത് ബ്രിട്ടനിലെത്താനും നഴ്സായി ജോലി ചെയ്യാനും സാധിക്കില്ല. ഐഇഎൽടിഎസോ, ഒഇടിയോ ഇല്ലെങ്കിലും കുഴപ്പമില്ല, കെയറർ വിസയിൽ യുകെയിൽ എത്തിക്കാം ആറുമാസം കഴിഞ്ഞ് ഇംഗ്ലീഷ് യോഗ്യതാ പരീക്ഷ പാസായാൽ മതി എന്ന് ആരെങ്കിലും വാഗ്ദാനം നൽകിയാൽ അതിനു പിന്നിൽ തട്ടിപ്പുണ്ടെന്ന് നിസംശയം പറയാം.

ഐഇഎൽടിഎസ് പരീക്ഷയിൽ ലിസണിങ്, സ്പീക്കിങ്, റീഡിങ് എന്നിവയ്ക്ക് ഏഴും റൈറ്റിംഗിന് 6.5 ഉം നേടിയാൽ യുകെയിലേക്ക് എത്താൻ സാധിക്കും. ഒഇടി പരീക്ഷയിൽ സ്പീക്കിങ്, ലിസണിങ്, റീഡിങ് എന്നീ മൂന്ന് മൊഡ്യൂളുകൾക്കു ബി ഗ്രേഡും റൈറ്റിങ് മൊഡ്യൂളിന് സിപ്ലസ് ഗ്രേഡും നേടിയാൽ യുകെയിലേക്കുള്ള പ്രവേശന യോഗ്യത നേടും. നിരവധി തവണ ഒഇടി ടെസ്റ്റ് എഴുതിയിട്ടും റൈറ്റിങ് മൊഡ്യൂൾ എന്ന കടമ്പ കടക്കാനാവാതെ വന്ന നിരവധി പേർക്ക് ആശ്വാസമായാണ് 2020 ജനുവരി 28 മുതൽ ഒഇടി പരീക്ഷയിലെ റൈറ്റിങ് മൊഡ്യൂളിനുള്ള ഇളവ് പ്രാബല്യത്തിൽ വന്നത്.

ഈ പരീക്ഷകൾ പാസ്സായതു കൊണ്ട് മാത്രം യുകെയിൽ ജോലി കിട്ടുമോ?

ഐഇഎൽടിഎസ് അല്ലെങ്കിൽ ഒഇടി പാസ്സായി എന്നതുകൊണ്ട് മാത്രം നഴ്‌സായി യുകെയിൽ ജോലി കിട്ടുമെന്നു ആരും കരുതരുത്. അതിനു രണ്ടു കടമ്പകൾ കൂടി ഉണ്ട്. നാട്ടിൽ നിന്നും ഓൺലൈനായി ഒരു പരീക്ഷയിൽ പങ്കെടുക്കുകയും യുകെയിൽ എത്തിയ ശേഷം ഒരു പരീക്ഷ എഴുതുകയും വേണം. എന്നാൽ ഇതു രണ്ടും ഒഇടി പാസാകുന്നതിനേക്കാൾ വളരെ എളുപ്പമാണ്. ഒഇടി പാസ്സാകുന്നവരിൽ 99 ശതമാനം പേരും ഈ പരീക്ഷകൾ പാസ്സാകും. എന്നു മാത്രമല്ല ഇവർക്ക് പരീക്ഷ എഴുതാൻ പല അവസരങ്ങൾ ലഭിക്കുകയും ചെയ്യും.

നഴ്സിങ് പാസ്സാവുക എന്നതാണ് ആദ്യത്തേത്. പിന്നാലെ ഒഇടി എഴുതി മുകളിൽ പറഞ്ഞതു പോലെ യോഗ്യത നേടുക. അതിനു ശേഷം ഡിസിഷൻ ലെറ്ററിന് വേണ്ടി അപേക്ഷിക്കാം. ഡിസിഷൻ ലെറ്റർ ലഭിച്ചു കഴിഞ്ഞാൽ ഓൺലൈൻ വഴി ഒരു കമ്പ്യൂട്ടർ ബേയ്സ്ഡ് ടെസ്റ്റായ സിബിറ്റി പാസ്സാകണം. അതു പാസ്സായി കഴിഞ്ഞാൽ യുകെയിൽ എത്തി പരിശീലനം തുടങ്ങുകയും അവിടെ വച്ചു പ്രാക്ടിക്കൽ ടെസ്റ്റ് എഴുതുകയും വേണം. അതിന്റെ വിശദാംശങ്ങൾ ചുവടെ കൊടുക്കുന്നു.

ആ രണ്ട് പരീക്ഷകൾ എങ്ങനെ ജയിക്കും?

എൻഎംസി വെബ്‌സൈറ്റ് വഴി ഓൺലൈൻ കോംപിറ്റൻസി ടെസ്റ്റിൽ പങ്കെടുക്കുകയാണ് ആദ്യത്തേത്. അപേക്ഷകർ അതാത് രാജ്യത്തെ ടെസ്റ്റ് സെന്ററുകളിൽ എത്തി വേണം ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയിൽ പങ്കെടുക്കേണ്ടത്. ഇന്ത്യയിൽ എവിടെയൊക്കെയാണ് ടെസ്റ്റ് സെന്റർ എന്ന് എൻഎംസി വെബ്‌സൈറ്റിൽ ഉണ്ട്. യുകെയിൽ നഴ്‌സായി ജോലി ചെയ്യാൻ ആവശ്യമായ അക്കാഡമിക് കാര്യങ്ങൾ ഉൾക്കൊള്ളുന്നതായിരിക്കും ആർഎൻ മാതൃകയിലുള്ള ഈ ടെസ്റ്റ്. ഈ ടെസ്റ്റ് പാസ്സായാൽ യുകെയിലേക്ക് താത്ക്കാലിക വിസയ്ക്ക് അപേക്ഷിക്കാം.

യുകെയിൽ എത്തി എൻഎംസി നേരിട്ട് നടത്തുന്ന പ്രാക്ടിക്കൽ ടെസ്റ്റിൽ പങ്കെടുത്ത് അത് പാസ്സായി പിൻനമ്പർ നേടുകയാണ് അടുത്ത ഘട്ടം. പ്രാക്ടിക്കൽ ടെസ്റ്റ് നടത്താൻ ആദ്യം ഒരു യൂണിവേഴ്‌സിറ്റിക്ക് മാത്രമാണ് എൻഎംസി ആദ്യം അനുമതി നൽകിയിരുന്നത്. പിന്നീട് യുകെയിലെ ഒട്ടേറെ യൂണിവേഴ്‌സിറ്റികൾ ടെസ്റ്റ് സെന്ററുകൾ മാറ്റി. രണ്ട് ടെസ്റ്റുകളും പാസ്സാകുന്നവരെ എൻഎംസി ഓഫീസിൽ അഭിമുഖത്തിനായി വിളിക്കും. അവിടെ വച്ച് തന്നെ പിൻനമ്പർ നൽകുകയാണ് ചെയ്യുക. ഇങ്ങനെ പിൻനമ്പർ ലഭിക്കുന്നവർക്ക് യുകെയിലെ നഴ്‌സിങ്ങ് ഹോമുകളിലോ എൻഎച്ച്എസ് ആശുപത്രിയിലോ ബാൻഡ് 5 നഴ്‌സായി ജോലിയിൽ പ്രവേശിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP