Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദേശരാജ്യങ്ങളിൽ എവിടെയും ജോലിയെടുക്കുന്നവർ ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന പണത്തിന് നികുതി നൽകേണ്ടതില്ലെന്ന ബജറ്റ് പ്രസംഗം അട്ടിമറിക്കപ്പെടുമോ? ധനകാര്യ ബിൽ ചർച്ചയിൽ പുതിയ ഭേദഗതി കൊണ്ടു വന്ന് ഇരട്ട നികുതി നടപ്പാക്കാൻ നീക്കമെന്ന് ശശി തരൂർ; ആരോപണത്തിൽ വ്യക്തത വരുത്താതെ കേന്ദ്രവും; ഇരട്ട നികുതിയിൽ വീണ്ടും പ്രവാസികളിൽ ആശങ്ക

വിദേശരാജ്യങ്ങളിൽ എവിടെയും ജോലിയെടുക്കുന്നവർ ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന പണത്തിന് നികുതി നൽകേണ്ടതില്ലെന്ന ബജറ്റ് പ്രസംഗം അട്ടിമറിക്കപ്പെടുമോ? ധനകാര്യ ബിൽ ചർച്ചയിൽ പുതിയ ഭേദഗതി കൊണ്ടു വന്ന് ഇരട്ട നികുതി നടപ്പാക്കാൻ നീക്കമെന്ന് ശശി തരൂർ; ആരോപണത്തിൽ വ്യക്തത വരുത്താതെ കേന്ദ്രവും; ഇരട്ട നികുതിയിൽ വീണ്ടും പ്രവാസികളിൽ ആശങ്ക

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നികുതിയില്ലാത്ത രാജ്യങ്ങളിലുൾപ്പെടെ ജോലിയെടുക്കുന്ന പ്രവാസികൾ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി നൽകേണ്ടി വരുമോ? ആരുമറിയാതെ പാർലമെന്റ് സമ്മേളനത്തിന്റെ അവസാന നാളുകളിൽ ധനകാര്യബിൽ ചർച്ചയിൽ ഭേദഗതി കൊണ്ടുവരാൻ ശ്രമമുണ്ടെന്ന് ആരോപിക്കുന്നത് ശശി തരൂർ എംപിയാണ്. ഇതോടെ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരട്ട നികുതിയും ചർച്ചയാക്കുകയാണ് തരൂർ.

ഇനി മുതൽ നികുതി നൽകണമെന്ന കേന്ദ്ര ധനമന്ത്രാലയത്തിന്റെ തീരുമാനം വിദേശ മലയാളികളോട് കാട്ടുന്ന കൊടുംചതിയാണെന്ന് ശശി തരൂർ പറയുന്നു. വിദേശരാജ്യങ്ങളിൽ എവിടെയും ജോലിയെടുക്കുന്നവർ ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന പണത്തിന് നികുതി നൽകേണ്ടതില്ലെന്നാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് വിരുദ്ധമായത് സംഭവിക്കുമെന്നാണ് തരൂരിന്റെ ആരോപണം. അങ്ങനെ വന്നാൽ അത് പ്രവാസികൾക്ക് തിരിച്ചടിയാകും.

ഗൾഫിലെ സമ്പാദ്യത്തിനും ഇന്ത്യയിലെ നികുതി നൽകണമെന്ന പുതിയ നിർദ്ദേശം വിദേശ മലയാളികളോടു കേന്ദ്രം കാട്ടിയ അനീതിയാണെന്ന് തരൂർ പറയുന്നു. കേന്ദ്ര സർക്കാർ പിൻവാതിൽ വഴി എടുത്ത തീരുമാനം പിൻവലിക്കണം. ഇക്കാര്യത്തിൽ വ്യക്തത ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്ക് കത്ത് നൽകിയെങ്കിലും ഒരു മറുപടിയും ഇതുവരെയും ലഭിച്ചില്ലെന്നും തരൂർ പറഞ്ഞു.

പ്രവാസി ഇന്ത്യക്കാർക്ക് ഇരട്ടനികുതി ഒഴിവാക്കുമെന്ന കേന്ദ്ര ബജറ്റ് പ്രഖ്യാപനം പ്രവാസികൾക്ക് ആശ്വസമായിരുന്നു. പ്രവാസികളെ, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിലുള്ളവരെ ദോഷകരമായി ബാധിക്കുന്ന 1961-ലെ ആദായ നികുതി നിയമത്തിലെ 6-ാം വകുപ്പ് ഭേദഗതി ചെയ്യാനുള്ള നിർദ്ദേശം ഒഴിവാക്കുകയാണ് സർക്കാർ എന്നും പ്രഖ്യാപിച്ചു. നേരത്തെ ഇതിന് കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ബജറ്റിലെ മാറ്റം വന്നത്. എന്നാൽ ഇതിൽ നിന്ന് കേന്ദ്രം പിന്മാറുന്നുവെന്നാണ് ശശി തരൂരിന്റെ ആരോപണം.

വെളിപ്പെടുത്താത്ത വരുമാനത്തിനും അനധികൃതമായി പണം കടത്തുന്നതിനും ആദായനികുതി വെട്ടിക്കുന്നതിനും കർശനമായ നടപടി ആവശ്യമാണെന്ന് അംഗീകരിക്കുമ്പോൾ തന്നെ സാധാരണക്കാരും പരിമിതവരുമാനക്കാരുമായ പ്രവാസികളെ ഈ നിയമഭേദഗതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കാനാവശ്യമായ നടപടി കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും കേരളം ആവശ്യപ്പെടിരുന്നു. പ്രവാസികൾക്ക് ആദായനികുതി ചുമത്തുന്ന വ്യവസ്ഥയിൽ മാറ്റം വരുത്തി 2020-21 ലേക്കുള്ള കേന്ദ്രബഡ്ജറ്റിന്റെ ഭാഗമായി ലോക്സഭയുടെ മേശപ്പുറത്തുവച്ച ധനകാര്യ ബില്ലിൽ 1961 - ലെ ആദായനികുതി നിയമത്തിന്റെ 6-ാം വകുപ്പിൽ 01.04.2021 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ മാറ്റം നിർദ്ദേശിച്ചിരിക്കുന്നു. നിലവിൽ ഒരു ഇന്ത്യൻ പൗരനോ ഇന്ത്യൻ വംശജനോ ഒരു സാമ്പത്തിക വർഷത്തിൽ 182 ദിവസമോ അതിൽ കൂടുതലോ ഇന്ത്യയിൽ താമസിക്കുന്ന ഘട്ടത്തിലാണ് ആദായനികുതിയുടെ കാര്യത്തിൽ റസിഡന്റ് ആയി കണക്കാക്കപ്പെടുന്നത്. 2021 ഏപ്രിൽ 1 മുതൽ ഈ കാലാവധി 120 ദിവസമോ അതിൽ കൂടുതലോ ആയികുറയ്ക്കാനായിരുന്നു ഭേദഗതി നിർദ്ദേശം.

ടാക്സ് വെട്ടിപ്പ് തടയാനാണെന്ന നിലയിൽ കൊണ്ടുവന്ന ഈ നിർദ്ദേശം കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിൽ തൊഴിലെടുക്കാൻ പോകുന്ന വലിയൊരു വിഭാഗം പ്രവാസികൾക്ക് അവരുടെ കുടുംബത്തോടൊപ്പം വന്നു തങ്ങാൻ കഴിയാത്ത അവസ്ഥ സൃഷ്ടിക്കുമായിരുന്നു. വരുമാന നികുതി വെട്ടിക്കാനല്ല, മറിച്ച്, കുടുംബപരമായ ആവശ്യങ്ങൾക്കാണ് അവർ ഇപ്രകാരം രാജ്യത്ത് വന്ന് തങ്ങുന്നതെന്നായിരുന്നു കേരളത്തിന്റെ നിലപാട്. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ജോലിയെടുക്കുന്ന ചെറുകിട ബിസിനസ് സംരംഭകരുടെ വരുമാനം ഗണ്യമായി കുറയ്ക്കുന്നതിന് ഇത് ഇടവരുത്തുമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇരട്ട നികുതി പിൻവലിക്കാനുള്ള തീരുമാനം എത്തിയത്. ഇത് പിൻവലിച്ചാൽ വീണ്ടും പ്രവാസി സമൂഹം പ്രതിഷേധത്തിലാകും.

2020ലെ ബജറ്റ് ഭേദഗതി അനുസരിച്ച് രാജ്യത്തിന് പുറത്ത് നിന്ന് ഉണ്ടാക്കുന്ന സമ്പാദ്യത്തിനും അവിടെ നികുതി നൽകുന്നില്ലെങ്കിൽ ഇന്ത്യയിൽ നികുതി നൽകണം എന്നാണ് ധാരണ വന്നത്. ആഗോള നികുതി സംവിധാനത്തിലെ മാറ്റങ്ങളെ ഉൾക്കൊള്ളാനാണ് ഇതെന്നാണ് കേന്ദ്ര സർക്കാർ വിശദീകരിച്ചത്. ഈ സാഹചര്യത്തിൽ നികുതി നൽകാതെ തട്ടിപ്പ് നടത്തുന്ന ചിലരെ പിടിക്കാനാണിതെന്നും പറയുന്നു. ഇത് കഠിനാദ്ധ്വാനത്തിലൂടെ സമ്പാദിക്കുന്ന പണം ജന്മനാട്ടിലേയ്ക്ക് കൊണ്ടുവരുന്ന സാധാരണക്കാരായ പ്രവാസികളെ കടന്നാക്രമിക്കരുതെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച് കത്തിൽ ആവശ്യപ്പെട്ടിരുന്നു.

ഗൾഫ് രാജ്യങ്ങളിലെ പ്രവാസി മലയാളികൾ അയക്കുന്ന പണമാണ് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വലിയ കൈത്താങ്ങ്. ഈ ഭേദഗതി അതുകൊണ്ട് തന്നെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നത് നിസ്സംശയമാണ്. നികുതി വെട്ടിപ്പ് പരിശോധിക്കാനെന്ന പേരിൽ നടപ്പിലാക്കുന്ന ഈ ഭേദഗതി വിദേശത്ത് കഷ്ടപ്പെട്ട് രാജ്യത്തിനായി വിദേശനാണ്യം സമ്പാദിക്കുന്ന സാധാരണക്കാരന്റെ വയറ്റത്തടിക്കുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP