Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യുകെയിൽ ഇപ്പോൾ ഐ ടി മേഖലയിൽ ഉള്ളവർക്കും അവസരം; ഏജന്റുമാരുടെ കെണിയിൽ വീഴാതെ നേരിട്ട് അപേക്ഷിച്ചാൽ വർക്ക് പെർമിറ്റ് ഉറപ്പ്; രാമനാട്ടുകരക്കാരി ഒറ്റക്ക് തൊഴിൽ കണ്ടെത്തിയതിന്റെ രഹസ്യം ടെക്കികൾക്ക് പ്രചോദനം ആകുമ്പോൾ

യുകെയിൽ ഇപ്പോൾ ഐ ടി മേഖലയിൽ ഉള്ളവർക്കും അവസരം; ഏജന്റുമാരുടെ കെണിയിൽ വീഴാതെ നേരിട്ട് അപേക്ഷിച്ചാൽ വർക്ക് പെർമിറ്റ് ഉറപ്പ്; രാമനാട്ടുകരക്കാരി ഒറ്റക്ക് തൊഴിൽ കണ്ടെത്തിയതിന്റെ രഹസ്യം ടെക്കികൾക്ക് പ്രചോദനം ആകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

യു കെയിലെ തൊഴിലവസരങ്ങളെ കുറിച്ച് ചിന്തിക്കുമ്പോൾ ഒരു ശരാശരി മലയാളി തൊഴിലന്വേഷകന്റെ മനസ്സിൽ വരിക ആരോഗ്യരംഗവുമായി ബന്ധപ്പെട്ട തൊഴിൽ അവസരങ്ങൾ മാത്രമായിരിക്കും. വലിയൊരു പരിധിവരെ ഈ ധാരണ ശരിയാണ് താനും. കാരണം മറ്റെല്ലാ മേഖലകളേക്കാൾ നിലവിൽ തൊഴിലവസരങ്ങൾ കൂടുതലുള്ളത് ആരോഗ്യ മേഖലയിൽ തന്നെയാണ്. എന്നാൽ, അതിനോടൊപ്പം ഐ ടി, ഹോട്ടൽ വ്യവസായം തുടങ്ങി മറ്റനേകം മേഖലകളിലും ഇപ്പോൾ തൊഴിലവസരങ്ങൾ ഉണ്ട് എന്നതാണ് വാസ്തവം.

യാതൊരു പരിചയമോ റഫറൻസോ ഇല്ലാതെ യുകെയിൽ ഐ ടി എഞ്ചിനീയർ തസ്തികയിൽ ജോലി കരസ്ഥമാക്കിയ രാമനാട്ടുകരക്കാരി ഫാത്തിമ ഫർസാത തന്നെ ഇതിനു മികച്ച ഉദാഹരണം. ലിങ്ക്ഡ്ഇൻ എന്ന സാമൂഹമാധ്യമം വഴി ആയിരുന്നു ഫാത്തിമ ഒഴിവിനെ കുറിച്ച് അറിഞ്ഞതും അപേക്ഷിച്ചതും. പിന്നീട് ഇന്ത്യയിൽ ഇരുന്നുകൊണ്ടു തന്നെ ഓൺലൈൻ വഴി ഇന്റർവ്യുവിലും പങ്കെടുത്തു. ഇന്റർവ്യുവിൽ ജയിച്ചു കയറിയതോടെ കമ്പനി തന്നെ ഫാത്തിമയെ സ്പോൺസർ ചെയ്യുകയായിരുന്നു. 5 വർഷത്തെ സ്‌കിൽഡ് വർക്കർ വിസയിലാണ് ഇപ്പോൾ ഫാത്തിമ യു കെയിൽ എത്തിയിരിക്കുന്നത്.

ഇന്റർനെറ്റിന്റെ ആവിർഭാവത്തോടെ ലോകം മുഴുവൻ ഒരു കൈക്കുമ്പിളിൽ ഒതുക്കാവുന്ന സാഹചര്യമാണിപ്പോൾ ഉള്ളത്. ഇന്റർനെറ്റ് നല്ല രീതിയിൽ വിവേകപൂർവ്വം ഉപയോഗിച്ചാൽ ഇത്തരത്തിലുള്ള നിരവധി അവസരങ്ങൾ കണ്ടെത്താനാകുമെന്നാണ് ഫാത്തിമ പറയുന്നത്. ഇന്റർനെറ്റിൽ ആഴത്തിൽ പരതിയാൽ തന്നെ ഇന്നത്തെ സാഹചര്യത്തിൽ സ്പോൺസർഷിപ്പ് വിസ നൽകുന്ന കമ്പനികൾ ഏതൊക്കെയെന്ന് കണ്ടെത്താനാകുമെന്ന് ഫാത്തിമ പറയുന്നു. ഉദാഹരണത്തിന് യു കെ ടയർസ്പോൺസേഴ്സ് എന്ന വെബ്സൈറ്റിൽ നിന്നും നിങ്ങൾക്ക് വിവരങ്ങൾ ലഭിക്കും. ഇതുപോലെ മറ്റു പല സൈറ്റുകളും ലഭ്യമാണ്. സെർച്ച് എഞ്ചിന്റെ സഹായത്തോടെ നിങ്ങൾക്ക് അവയിൽ എത്തിച്ചേരാനാകും.

അതുപോലെ കമ്പനിയെ കണ്ടെത്തിയ ശേഷം അതിലെ തൊഴിൽ അവസരങ്ങൾ ലിങ്ക്ഡ്ഇന്നിൽ തിരയുകയായിരുന്നു. വെബ്സൈറ്റിൽ നിന്നും ലഭിച്ച കമ്പനികളിലെല്ലാം തൊഴിലവസരങ്ങളെ പറ്റി താൻ ഈ സമൂഹമാധ്യമം വഴി തിരഞ്ഞു എന്ന് അവർ പറയുന്നു. സത്യത്തിൽ, ഇന്ത്യയിലുള്ള ഒട്ടുമിക്ക തൊഴിൽ അന്വേഷകർക്കും അറിയാത്ത കാര്യം യു കെയിലെ ഐ ടി കമ്പനികൾ നേരിട്ടാണ് ഇന്ത്യയിൽ നിന്നും ആളുകളെ ജോലിക്കെടുക്കുന്നത് എന്ന വസ്തുതയാണെന്നും അവർ പറയുന്നു. മികച്ച നൈപുണ്യവും തൊഴിലിൽ അനുഭവ പരിചയവുമുണ്ടെങ്കിൽ, ഏജന്റിന് പണം നൽകാതെയും, പരിചയക്കാരുടെ സഹായത്തിനായി കാത്തു നിൽക്കാതെയും യു കെയിൽ ജോലി സമ്പാദിക്കാമെന്നും ഇവർ പറയുന്നു.

ബ്രെക്സിറ്റിനു ശേഷം യു കെയിലെ ഐ ടി മേഖലയിൽ തൊഴിലവസരങ്ങൾ വർദ്ധിച്ചിരിക്കുകയാണ്. ലിങ്ക്ഡ്ഇൻ, റീഡ്. ഡോട്ട് കോ ഡോട്ട് യുകെ, ഇൻഡീഡ്, മോൺസ്റ്റർ തുടങ്ങിയ വെബ്സൈറ്റുകളുടെ സഹായത്താൽ ഇത് നിങ്ങൾക്ക് തിരഞ്ഞു കണ്ടുപിടിക്കാവുന്നതും അപേക്ഷിക്കാവുന്നതുമാണ്. കേരളത്തിൽ പഠിച്ച എഞ്ചിനീയറിങ് വിദ്യാർത്ഥികൾക്കും ജോലി ലഭിക്കാൻ സാധ്യതയുണ്ടെന്ന് പെരിന്തൽമണ്ണ എം ഇ എസ് കോളേജിൽ നിന്നും ബി ടെക് പാസ്സായ ഫാത്തിമ പറയുന്നു.

ഇന്ത്യയിലേതിൽ നിന്നും തികച്ചും വിഭിന്നമാണ് യു കെയിൽ ഇന്റർവ്യുവിനോടുള്ള സമീപനം എന്ന് അവർ പറയുന്നു. ഒരു പ്രശ്നത്തെ നിങ്ങൾ എങ്ങനെ സമീപിക്കുന്നു, അതിനോട് എങ്ങനെ പ്രതികരിക്കുന്നു, പ്രത്യേക സാഹചര്യങ്ങളിൽ നിങ്ങൾ അതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു തുടങ്ങിയ കഴിവുകൾ വിശകലനം ചെയ്യുകയാണ് അഭിമുഖത്തിൽ ചെയ്യുക. ഇതെന്താണ് അതെന്താണ് തുടങ്ങിയ ചോദ്യങ്ങളിലൂടെ നിങ്ങളുടെ സൈദ്ധാന്തിക അറിവ് എന്തെന്നറിയാൻ അവർ ശ്രമിക്കാറില്ല.

നിങ്ങൾ ഇവിടെ പഠനത്തിനെത്തിയാൽ, അത് യു കെയിൽ സ്ഥിര ജോലി ലഭിക്കാനുള്ള ദൈർഘ്യമേറിയ പാതയാകും. പഠിക്കണം, പഠനത്തിനുള്ള ചെലവ് കണ്ടെത്താൻ ഭാഗിക സമയ തൊഴിൽ കണ്ടെത്തണം, അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്. എന്നാൽ, താൻ ഒരു പൂർണ്ണസമയ ജോലിയുമായാണ് യു കെയിൽ എത്തിയതെന്ന് ഫാത്തിമ പറയുന്നു. മാത്രമല്ല, അവർ നൽകിയ ജോയിനിങ് ബോണസ്സു കൊണ്ട് തന്റെ വിസ ചെലവുകൾ നടത്താനും സാധിച്ചു.

യു കെയിൽ ജോലി ലഭിക്കുന്നതിനായി നിങ്ങളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം പരമാവാധി മെച്ചപ്പെടുത്താൻ ശ്രമിക്കണം. നിങ്ങളുടെ ഇംഗ്ലീഷ് പദസമ്പത്ത് വിപുലീകരിക്കുകയും, ബ്രിട്ടീഷ് ഉച്ചാരണ രീതി പരിശീലിക്കുകയും വേണം. അങ്ങനെ വന്നാൽ, ഇന്റർവ്യുവിൽ യഥാർത്ഥത്തിൽ എന്താണ് അവർ ചോദിക്കുന്നതെന്ന് വ്യക്തമായി മനസ്സിലാക്കാൻ കഴിയും. യു കെയിൽ ജോലി നേടാൻ, ഇന്റർനെറ്റിലുള്ള നിങ്ങളുടെ പ്രാവീണ്യം ഉപയോഗിക്കുക, അതിനായി അല്പം സമയം മാറ്റി വയ്ക്കുക എന്നീ കാര്യങ്ങൾ ചെയ്താൽ മതി. ഏജന്റുമാർക്ക് പണം നൽകേണ്ടതില്ല, അത്തരത്തിലുള്ള വിസ തട്ടിപ്പുകേസുകളിൽ ഇരയാകേണ്ടതുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP