Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രവാസി ചിട്ടി നിലംതൊടാതെ പൊളിഞ്ഞതോടെ ഖജനാവ് നിറയ്ക്കാൻ മധുരം പുരട്ടിയ മറ്റൊരു പ്രഖ്യാപനവുമായി പ്രവാസികളെ തേടി മന്ത്രി തോമസ് ഐസക്ക്; അഞ്ച് ലക്ഷം നിക്ഷേപിക്കുന്ന പ്രവാസികൾക്ക് മൂന്ന് കൊല്ലത്തിന് ശേഷം ആജീവനാന്തം 5500 രൂപ പെൻഷൻ; മരണം സംഭവിച്ചാൽ ജീവിത പങ്കാളിക്കും നോമിനിക്കും പെൻഷൻ ലഭിക്കും: നയപ്രഖ്യാപനത്തിൽ പറഞ്ഞ പ്രവാസി പെൻഷൻ പദ്ധതിയുടെ വിശദാംശങ്ങൾ ഇങ്ങനെ

പ്രവാസി ചിട്ടി നിലംതൊടാതെ പൊളിഞ്ഞതോടെ ഖജനാവ് നിറയ്ക്കാൻ മധുരം പുരട്ടിയ മറ്റൊരു പ്രഖ്യാപനവുമായി പ്രവാസികളെ തേടി മന്ത്രി തോമസ് ഐസക്ക്; അഞ്ച് ലക്ഷം നിക്ഷേപിക്കുന്ന പ്രവാസികൾക്ക് മൂന്ന് കൊല്ലത്തിന് ശേഷം ആജീവനാന്തം 5500 രൂപ പെൻഷൻ; മരണം സംഭവിച്ചാൽ ജീവിത പങ്കാളിക്കും നോമിനിക്കും പെൻഷൻ ലഭിക്കും: നയപ്രഖ്യാപനത്തിൽ പറഞ്ഞ പ്രവാസി പെൻഷൻ പദ്ധതിയുടെ വിശദാംശങ്ങൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രവാസി ചിട്ടിയുടെ പേരിൽ സർക്കാർ ഖജനാന് നിറയ്ക്കാനുള്ള തോമസ് ഐസക്കിന്റെ ശ്രമം അടുത്തിടെ വേണ്ട വിധത്തിൽ വിജയിച്ചിരുന്നില്ല. ഇതിന് ശേഷം സർക്കാർ ഖജനാന് നിറയ്ക്കാൻ വേണ്ടി മറ്റു വഴികളും തേടുകയാണ് സർക്കാർ. ഇതിന്റെ ഭാഗമായി പ്രവാസികൾക്ക് മുമ്പിൽ തേൻപുരട്ടിയ വാഗ്ദാനങ്ങളുമായി ധനമന്ത്രി രംഗത്തെത്തി. പ്രവാസി പെൻഷൻ പദ്ധതി നടപ്പിലാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ ആജീവനാന്തം പ്രതിമാസം 5,500 രൂപ വരെ കിട്ടുന്ന പ്രവാസി ലാഭവിഹിത പദ്ധതിയാണ് നടപ്പിലാക്കുന്നത്.

അടിസ്ഥാന സൗകര്യ വികസനത്തിനായി കിഫ്ബിയിലേക്കായിരിക്കും പണം നിക്ഷേപിക്കുക. ഇതിലൂടെ ഒരു വർഷത്തിനുള്ളിൽ 1,000 കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. പ്രവാസി ക്ഷേമ ബോർഡ് ഇതു സംബന്ധിച്ച് വിശദമായ ശുപാർശ സർക്കാരിനു സമർപ്പിച്ചു. ഗവർണറുടെ നയപ്രഖ്യാപനപ്രസംഗത്തിൽ പരാമർശിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പദ്ധതിക്ക് അംഗീകാരം നൽകാനുള്ള സാധ്യതയാണ് കാണുന്നത്. സർക്കാർ ഖജനാവിൽ പണം എത്തിക്കുക എന്നത് തന്നെയാണ് ഇതിലൂടെ ലക്ഷ്യമിടുന്ന്. പ്രവാസികളെ സംബന്ധിച്ചിടത്തോളം ആകർഷകമായ പദ്ധതിയായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.

3 ലക്ഷം രൂപ മുതലുള്ള നിക്ഷേപമാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്. നിക്ഷേപിക്കുന്ന തുകയ്ക്ക് ആനുപാതികമായി പ്രതിമാസ വിഹിതത്തിൽ മാറ്റം വരും. പ്രതിവർഷം 10% പലിശ നൽകാനാണ് ശുപാർശ നൽകിയിരിക്കുന്നത്. 3 വർഷത്തെ ഒരുമിച്ചുള്ള പലിശവളർച്ച നിരക്ക് കണക്കിലെടുത്താണ് ബാങ്ക് നിരക്കിനെക്കാൾ ഉയർന്ന ലാഭവിഹിതം ഉറപ്പാക്കുന്നത്. നിശ്ചിത തുക നിക്ഷേപിച്ചാൽ 3 വർഷത്തിനുശേഷം ഓരോ മാസവും ലാഭവിഹിതം ലഭിക്കും.

പ്രവാസികൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കുകയും സർക്കാരിന്റെ വികസനപദ്ധതികളിൽ ഭാഗമാകാൻ അവസരം ലഭിക്കുമെന്നതുമാണ് പദ്ധതിയുടെ മേന്മയായി പ്രവാസി ക്ഷേമ ബോർഡ് ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തിനു പുറത്തുള്ളവർക്കു പുറമേ തിരിച്ചെത്തിയവർക്കും മറ്റ് സംസ്ഥാനങ്ങളിൽ താമസിക്കുന്നവർക്കും ഇത് ലഭ്യമാകും. 3 ലക്ഷം രൂപ നിക്ഷേപിച്ചാൽ 3,400 രൂപ വരെ ലഭിക്കും. നിക്ഷേപകന്റെ മരണ ശേഷം ജീവിത പങ്കാളിക്ക് വിഹിതം തുടർന്നു ലഭിക്കും. അതുകഴിഞ്ഞാൽ നോമിനിക്കും ലഭിക്കും. 3 തലമുറ വരെ വിഹിതം ലഭിക്കുന്ന തരത്തിലാണ് പദ്ധതി. പദ്ധതി നടപ്പാക്കുന്നതിനുള്ള സർക്കാർ വിഹിതം ബജറ്റിൽ നോർക്ക വകുപ്പിന്റെ പ്രവാസി ക്ഷേമത്തിനായുള്ള പദ്ധതിയായി ഉൾപ്പെടുത്തുമെന്നാണ് സൂചന.

നേരത്തൈ കൊട്ടിഘോഷിച്ച് തുടങ്ങിയ കേരള സർക്കാരിന്റെ പ്രവാസി ചിട്ടി ഖജനാവിന് വലിയ ബാധ്യതയായിരുന്നു. അതിന്റെ ഗതി പുതിയ പദ്ധതിക്ക് വരുമോ എന്നതാണ് ഇനി അറിയേണ്ടത്. പ്രവാസി ചിട്ടി പിരിവിലൂടെ തുടക്കത്തിൽ കെ.എസ്.എഫ്.ഇയ്ക്ക് പിരിഞ്ഞുകിട്ടിയത് 3.30 കോടി രൂപ മാത്രമായിരുന്നു. അതേസമയം പ്രവാസി ചിട്ടിയുടെ പരസ്യത്തിനായി 5,01,06,534 രൂപ ചെലവായതായി ധനകാര്യമന്ത്രി ഡോ. ടി.എം തോമസ് ഐസക് നിയമസഭയിൽ പറഞ്ഞിരുന്നു

പ്രവാസി ചിട്ടിയുടെ പ്രചരണത്തിനായി കെ.എസ്.എഫ്.ഇയും കിഫ്ബിയും ചേർന്നാണ് പരസ്യത്തിനായി അഞ്ച് കോടിയിലധികം രൂപ ചെലവഴിച്ചത്. എന്നാൽ അതിനനുസരിച്ചുള്ള വരുമാനം കൈവരിക്കാൻ പ്രവാസി ചിട്ടിക്ക് സാധിച്ചില്ലെന്നാണ് ധനമന്ത്രിയുടെ മറുപടിയിലൂടെ വ്യക്തമാകുന്നത്. അതേസമയം പ്രവാസി ചിട്ടിയ്‌ക്കെതിരെ മുൻ ധനമന്ത്രി കെ.എം മാണി ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു. കേന്ദ്ര ചിട്ട് ഫണ്ട് ആക്ടിന്റെയും ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന്റെയും(FEMA- ഫെമ) ലംഘനമാണ് പ്രവാസി ചിട്ടിയെന്നായിരുന്നു മാണിയുടെ ആരോപണം. കേന്ദ്രനിയമങ്ങൾ ബാധകമല്ലാത്ത സ്വതന്ത്ര സംസ്ഥാനമാണ് കേരളം എന്നാണ് ഐസക് കരുതുന്നതെന്നും മാണി പറഞ്ഞിരുന്നു.

ചിട്ടിയിലൂടെ ഇടുന്ന പണം കിഫ്ബിയിലേക്ക് വകമാറ്റുന്നത് റിസർവ് ബാങ്കിന്റെ ചട്ടങ്ങൾക്ക് എതിരാണെന്നും മുൻ ധനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ആർബിഐയുടെ അംഗീകാരമുള്ള ബാങ്കുകൾക്ക് മാത്രമെ ചിട്ടിയിൽ നിക്ഷേപിക്കുന്ന പണം കൈകാര്യം ചെയ്യാനാകു. എന്നാൽ കിഫ്ബി അത്തരമൊരു ബാങ്ക് അല്ല. ഇതുപോലെയുള്ള നിക്ഷേപ ധനം സ്വീകരിക്കാൻ കിഫ്ബിക്ക് സാധിക്കില്ല. ഫെമ നിർദ്ദേശങ്ങൾ ലംഘിക്കുന്നതിലൂടെ കിഫ്ബിക്ക് പിഴ ഒടുക്കേണ്ടിവരും. കെഎസ്എഫ്ഇയുടെ വെബ്‌സൈറ്റിലൂടെ ഉപഭോക്താക്കളെ സർക്കാർ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മാണി ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ വർഷം ജൂൺ 18-നാണ് കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയുടെ രജിസ്ട്രേഷൻ ആരംഭിച്ചത്. നിയമസഭാ സമുച്ചയത്തിൽ എംഎൽഎമാർ, എംപിമാർ, പ്രവാസി സംഘടനാ പ്രതിനിധികൾ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ചിട്ടി ഉദ്ഘാടനം ചെയ്തത്. ഗൾഫ് ഉൾപ്പെടെ വിദേശരാജ്യങ്ങളിലെ പ്രവാസികളെ ചേർത്തുകൊണ്ടാണ് പദ്ധതി ആരംഭിച്ചത്. പ്രവാസി ചിട്ടിയിലൂടെയുള്ള വരുമാനം കിഫ്ബി വഴി കേരളത്തിന്റെ വികസനപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കിയിരുന്നു. ചിട്ടിയിൽ ചേരുന്ന ആരെങ്കിലും മരിച്ചാൽ ബാക്കി തവണകൾ എൽഐസി അടച്ചുതീർക്കുകയും ആനുകൂല്യങ്ങൾ ബന്ധുക്കൾക്കു ലഭ്യമാക്കുകയും ചെയ്യുുമെന്നതായിരുന്നു ചിട്ടിയിലെ ആകർഷകമായ കാര്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP