Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജയരാജനെ പാർലമെന്റിലെത്തിക്കാൻ പയ്യോളിക്കാർ ദോഹയിൽനിന്നും പറന്നെത്തും; സൗകര്യങ്ങളൊരുക്കി പ്രവാസി സംഘടനകൾ; ഗൾഫ് രാജ്യങ്ങളിൽ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ തുടങ്ങി; പരമാവധി വോട്ടർമാരെ നാട്ടിലെത്തിക്കാൻ ഏർപ്പാടുകൾ തുടങ്ങി വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും; പ്രത്യേക വിമാനം ചാർട്ടുചെയ്യാനും ആലോചന; നാട്ടിലെ ബന്ധുക്കളോട് വോട്ടുചെയ്യാൻ പ്രത്യേകം പറയണമെന്ന് അഭ്യർത്ഥനയുമായും രാഷ്ട്രീയ കക്ഷികൾ

ജയരാജനെ പാർലമെന്റിലെത്തിക്കാൻ പയ്യോളിക്കാർ ദോഹയിൽനിന്നും പറന്നെത്തും; സൗകര്യങ്ങളൊരുക്കി പ്രവാസി സംഘടനകൾ; ഗൾഫ് രാജ്യങ്ങളിൽ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ തുടങ്ങി; പരമാവധി വോട്ടർമാരെ നാട്ടിലെത്തിക്കാൻ ഏർപ്പാടുകൾ തുടങ്ങി വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും; പ്രത്യേക വിമാനം ചാർട്ടുചെയ്യാനും ആലോചന; നാട്ടിലെ ബന്ധുക്കളോട് വോട്ടുചെയ്യാൻ പ്രത്യേകം പറയണമെന്ന് അഭ്യർത്ഥനയുമായും രാഷ്ട്രീയ കക്ഷികൾ

ജംഷാദ് മലപ്പുറം

മലപ്പുറം: ഇക്കുറിയും പ്രവാസികൾക്ക് വിദേശത്തുനിന്ന് വോട്ടുചെയ്യാൻ സൗകര്യം വരാത്ത പശ്ചാത്തലത്തിൽ ലോകസഭാ തെരഞ്ഞെടുപ്പിന് പരമാവധി വോട്ടർമാരെ നാട്ടിലെത്തിക്കാനും പ്രചരണ പരിപാടികളിൽ സജീവമാകാനും തീരുമാനിച്ച് പ്രവാസി സംഘടനകൾ. ഇത്തവണ അവധി ആഘോഷിക്കാൻ ബന്ധുക്കളെ ഗൾഫിലേക്ക് കൊണ്ടുവരുന്നത് ഒഴിവാക്കാനും പ്രവാസി സംഘടനകൾ നിർദ്ദേശിച്ചിരിക്കുകയാണ്.

യു.എ.ഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചരണ കൺവെൻഷനുകളും തുടങ്ങി. മുൻവർഷങ്ങളിൽ ചെയ്തപോലെതന്നെ ഇത്തവണയും വോട്ടിനായി പരമാവധി പ്രവാസികളെ നാട്ടിലെത്തിക്കാൻ ശ്രമിക്കുമെന്നും, ഇതിനാവശ്യമായ യാത്രസൗകര്യം ഒരുക്കുമെന്നും ദുബായി കെ.എം.സി.സി പ്രസിഡന്റ് പി.കെ: അൻവർനഹ 'മറുനാടൻ മലയാളിയോട്' പറഞ്ഞു. ദുബായിയിൽ യു.ഡി.എഫ് സംവിധാനത്തിലാണ് തെരഞ്ഞെടുപ്പ് പ്രചരണം ക്യാമ്പയ്നുകൾ തുടങ്ങിയിട്ടുള്ളത്. ഒ.ഐ.സി.സി, കെ.എം.സി.സി ഭാരവാഹികൾ ഇതുസംബന്ധിച്ചു യോഗം ചേരുകയും ആവശ്യമായ പ്രചരണ പരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്തു.

അവധി ആഘോഷിക്കാൻ ബന്ധുക്കളെ കൊണ്ടുവരേണ്ടെന്ന് സംഘടനകൾ

ഇത്തവത്തെ തെരഞ്ഞെടുപ്പ് നാട്ടിലെ അവധി സമയത്തായതിനാൽതന്നെ പ്രവാസി കടുംബങ്ങൾ കൂടുതലായി അവധി ആഘോഷിക്കാൻ ഗൾഫിലെത്തുന്ന സമയമാണിത്. ഇതിനാൽ തന്നെ ഇത്തവണ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിൽ സജീവമാകാനും ബന്ധുക്കളെ കൊണ്ടുവരുന്നത് ഒഴിവാക്കാനും സംഘടനാഭാരവാഹികൾ പ്രവർത്തകർക്ക് നിർദ്ദേശം നൽകി. 2017ൽ നടന്ന മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പിൽ വോട്ട്ചെയ്യാനായി മാത്രം ദുബായിൽനിന്നും 160 പ്രവാസികളാണ് കെ.എം.സി.സിയുടെ നേതൃത്വത്തിൽ നാട്ടിലെത്തിയിരുന്നത്.

ഇത്തവണ സംസ്ഥാനത്തെ വിവിധ മേഖലകളിലുള്ള പരമാവധി പേരെ നാട്ടിലെത്തിക്കാനാണ് മുഴുവൻ പ്രവാസി സംഘടനകളും കണക്ക് കൂട്ടുന്നത്. നാട്ടിലേക്ക് വോട്ട്ചെയ്യാനും, പ്രചരണത്തിന് നേതൃത്വം നൽകാനും താൽപര്യമുള്ള സംഘടനാ ഭാരവാഹികളുടെ പ്രത്യേകം വിളിച്ചുചേർക്കാനും യു.ഡി.എഫ് സംവിധാനത്തിൽ യു.എ.ഇയിൽ തീരുമാനിച്ചു. സമാന രീതിയിൽ തന്നെ സിപിഎമ്മിന്റെ കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിലും പ്രചരണ പരിപാടികൾ കൊഴുപ്പിക്കാനുള്ള നീക്കം യുഎഇയിൽ തുടങ്ങിക്കഴിഞ്ഞു.

തൊഴിലാളി ക്യാംപുകളിലും മാർക്കറ്റുകളിലും പ്രചരണം

ഗൾഫ്നാടുകളിലെ തൊഴിലാളി ക്യാംപുകളിലും മാർക്കറ്റുകളിലും പ്രവാസി സംഘടനാ നേതാക്കൾ തെരഞ്ഞെടുപ്പ് പ്രചരണം നടത്തും. കഴിഞ്ഞ ദിവസം യു.എ.ഇ.യിലെ ഉമ്മുൽ ഖുവൈനിൽ നടന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ കെ.എം.സി.സി ദുബായി പ്രസിഡന്റ് പി.കെ അൻവർ നഹ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രമുഖ വാഗ്മി ഷാഫി ചാലിയം മുഖ്യ പ്രഭാഷണം നിർവഹിച്ചു. അബു ചിറക്കൽ സ്വാഗതം പറഞ്ഞു. സാജു പിള്ള അധ്യക്ഷത വഹിച്ചു. 100ഓളം പേർ പങ്കെടുത്ത കൺവെൻഷൻ വിവിധ കക്ഷി നേതാക്കൾ പങ്കെടുത്തു.
അതോടൊപ്പം നാട്ടിൽ സ്വാധീനിക്കാൻ കഴിയുന്ന വോട്ടർമാരെ ഫോണിൽ ബന്ധപ്പെടാൻ പ്രവർത്തകരോട് നേതാക്കൾ ആവശ്യപ്പെട്ടു.

അടുത്ത ബന്ധുക്കളുടെ വോട്ട് തങ്ങളുടെ സ്ഥാനാർത്ഥിക്ക് തന്നെ ചെയ്യണമെന്ന് ഗൾഫിൽ നിന്നു വിളിച്ചു പറയണമെന്നാണ് നിർദ്ദേശം. വോട്ട് ചെയ്യാൻ കൂടുതൽ പ്രവാസികൾ തയ്യാറാകുകയാണെങ്കിൽ ഇവർക്കായി പ്രത്യേക വിമാനം ചാർട്ട്ചെയ്യുന്നതുവരെ ആലോചിക്കുന്നു. പ്രവാസി തൊഴിലാളികളുടെ താമസ സ്ഥലത്തും തൊഴിലിടങ്ങളിലും തിരഞ്ഞെടുപ്പ് ആവേശം കത്തിക്കയറുകയാണ്. പരസ്പര വാഗ്വാദങ്ങളാണ് മിക്ക താമസസ്ഥലത്തും. സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണവും കൊഴുക്കുന്നുണ്ട്.

ജോലി കഴിഞ്ഞെത്തിയാൽ ചർച്ച 'തിരഞ്ഞെടുപ്പ്'

നാട്ടിൽ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചതോടെ ജോലി കഴിഞ്ഞു വരുന്ന സാധാരണക്കാരായ പ്രവാസികളുടെ ഇപ്പോഴത്തെ മുഖ്യചർച്ചാ വിഷയവും തെരഞ്ഞെടുപ്പ് തന്നെയാണ്. ഖത്തറിലെ ദോഹയിൽ സനായ ഏരിയയിലെ റൂമുകളിലെ അവസ്ഥ ഇതുതന്നെയാണ്. വടകര ലോകസഭ മണ്ഡലം തിരിച്ചു പിടിക്കാനുറച്ചു ചർച്ചയിൽ സജീവമാവുകയാണ് വടകര മണ്ഡലത്തിലുള്ളവർ ഇവിടെ. കടകളിൽ ജോലി ചെയ്യുന്നവരായതുകൊണ്ട് കടകളിൽ ചർച്ചക്ക് സമയം കിട്ടില്ല.

അതുകൊണ്ട് തന്നെ രാത്രി 10.30.ന് കട പൂട്ടി വന്ന് ഒമ്പതംഗ സംഘം ചർച്ചയ്ക്കിരിക്കും. ആ ചർച്ച ചില സമയം മൂന്ന് മണി വരെ നീളും. സോഷ്യൽമീഡിയകളിലൂടെ നിയമത്തെ മറികടക്കാത്ത വിധത്തിലുള്ള പ്രചാരണങ്ങളാണ് ഇവിടെ നിന്നുയരുന്നത്. താമസകേന്ദ്രങ്ങളിൽ നാലാളുകൾ കൂടുന്ന ഭാഗങ്ങളിലും തെരഞ്ഞെടുപ്പ് മിതമായ രീതിയിൽ ചർച്ചയാവുന്നു. മറ്റു പ്രദേശക്കാരും തെരഞ്ഞെടുപ്പ് ചർച്ചയിൽ സജീവമാണ്.

ദോഹയിലെ വിശേഷങ്ങൾ ഇങ്ങിനെ

കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും വിജയിച്ച മുല്ലപ്പള്ളി രാമചന്ദ്രൻ എംപി എന്ന നിലയിൽ ഒന്നും ചെയ്തിട്ടില്ലെന്നാണ് ദോഹയിലെ പ്രവാസിയും വടകര ലോകസഭ മണ്ഡലക്കാരനുമായ തേങ്കാലിൽ റഹൂഫിന്റെ അഭിപ്രായം. ഇത് റൂമിലെത്തി സഹപ്രവർത്തകരോട് പങ്കുവെച്ചതോടെ പിന്നാലെ മറ്റുള്ളവരുടെ അഭിപ്രായങ്ങളുമെത്തി. വടകരയിൽ ഇടത് സ്ഥാനാർത്ഥി ജയരാജൻ തന്നെ ജയിക്കുമെന്ന് ഉറച്ചു പറയുകയാണ് റഹൂഫ്.
എം പി വീരേന്ദ്രകുമാറിന്റെ നേതൃത്തിലുള്ള ലോക് താന്ത്രിക് ജനതാദൾ ഇടതിനൊപ്പമെത്തിയത് ഇടതിന് നേട്ടമാകുമെന്നാണ് സുവാസും സിതേഷും പറയുന്നത്.

കോൺഗ്രസുകാരനായ അതുലും ലീഗുകാരായ നവാഫും യെഹ്യയും ഒരു പാർട്ടിയോടും താല്പര്യമില്ലാത്ത റസാഖും അർഷാദും പറയുന്നത് യു ഡി എഫ് സ്ഥാനാർത്ഥി വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ്. വടകര മണ്ഡലത്തിൽ ബിജെപി ക്ക് കാര്യമായി ഒന്നുമില്ലെങ്കിലും കഴിഞ്ഞ തവണത്തേക്കാൾ വോട്ട് നേടാനാവുമെന്ന് രാജേഷും പറയുന്നു. രണ്ടര കോടിയിലധികം ഇന്ത്യക്കാർ വിദേശങ്ങളിൽ ഉണ്ടെങ്കിലും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്ന വേളയിൽ ആരെയും കാണാറില്ലെന്നാണ് നവാഫിന് പറയാനുള്ളത്. 

ജയരാജനെ ജയിപ്പിക്കാൻ പയ്യോളിക്കാർ പറന്നെത്തും

ദുബായിൽ നിന്നും മിക്ക തെരഞ്ഞെടുപ്പ് സമയത്തും കെഎംസിസി പ്രവർത്തകർ ചാർട്ടേഡ് വിമാനത്തിൽ വോട്ട് ചെയ്യുവാനായി നാട്ടിലെത്താറുണ്ടെങ്കിലും ഇക്കുറി അങ്ങനെ ഇല്ലെങ്കിൽ പോലും പി. ജയരാജനെ പാർലിമെന്റിൽ എത്തിക്കാൻ ഒരു കൂട്ടം പയ്യോളിക്കാർ ഇലക്ഷന് മുന്നോടിയായി നാട്ടിലേക്ക് പറന്നെത്തും. ദോഹയിൽിന്നുള്ള റഹൂഫിന്റെ നേതൃത്വത്തിലുള്ള പയ്യോളി സംഘമാണ് നാട്ടിലെത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP