Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീടിന്റെ ഒരുഭാഗം അയൽവാസിയുടെ തെങ്ങിലെ തേങ്ങ വീണ് പൊളിഞ്ഞു; പഴയ കക്കൂസ് മരത്തിന്റെ വേരിറങ്ങി തകരാറിലായത് പ്രതിസന്ധിയായി; രാജവെമ്പാലയെ പിടിക്കുന്ന നിധീഷ് ചാലോടിന് ശൗചാലയം പണിയാൻ പഞ്ചായത്ത് അനുമതിയില്ല; കണ്ണൂരുകാരുടെ 'വാവ സുരേഷ്' ദുരിതം പറയുമ്പോൾ

വീടിന്റെ ഒരുഭാഗം അയൽവാസിയുടെ തെങ്ങിലെ തേങ്ങ വീണ് പൊളിഞ്ഞു; പഴയ കക്കൂസ് മരത്തിന്റെ വേരിറങ്ങി തകരാറിലായത് പ്രതിസന്ധിയായി; രാജവെമ്പാലയെ പിടിക്കുന്ന നിധീഷ് ചാലോടിന് ശൗചാലയം പണിയാൻ പഞ്ചായത്ത് അനുമതിയില്ല; കണ്ണൂരുകാരുടെ 'വാവ സുരേഷ്' ദുരിതം പറയുമ്പോൾ

അനീഷ് കുമാർ

കണ്ണൂർ: രാജവെമ്പാലയെക്കാൾ വിഷമുണ്ട് ഇവർക്കൊക്കെ.. അധികാരം കിട്ടുമ്പോൾ പിന്നെ കണ്ണ് കാണാതാവുന്നു. പരിഷ്‌കൃത സമൂഹത്തിൽ ശൗചാലയമില്ലാതെ ഏഴംഗ കുടുംബം ഇത്രയും നാൾ കഴിഞ്ഞത തന്നെ അപമാനകരമാണ്. അതും ഗർഭിണിയും വയോധികരെയായ രണ്ടു പേരും ഒരു സ്ത്രീയുമടങ്ങുന്ന കുടുംബം.

ചുറ്റുവട്ടത്തുമൊക്കെ നിറയെ വീടുകളാണ് മാനുഷിക പ്രശ്‌നമായി കണ്ട് വിഷയം എങ്ങനെയെങ്കിലും പരിഹരിക്കാൻ നോക്കുകയല്ലാതെ നിധീഷ് ചാലോടെന്ന ഫോറസ്റ്റ് റെസ്‌ക്യൂവറെയും കുടുംബത്തെയും അപമാനിക്കുകയും പാർട്ടി പത്രത്തിൽ കുടുംബ വഴക്കാണെന്ന മട്ടിൽ വാർത്ത കൊടുക്കുകയും മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ കേസ് കൊടുക്കുകയും ചെയ്തിരിക്കുകയാണ് സിപിഎം ഭരിക്കുന്ന കൂടാളി പഞ്ചായത്ത്.

ആരും ഞെട്ടി പോകുന്ന ദൃശ്യങ്ങളാണ് സംഭവത്തിന്റെ സത്യാവസ്ഥ തേടി ചാലോടുള്ള നിധീഷിന്റെ വീട്ടിലേക്ക് പോയപ്പോൾ കാണാനും കേൾക്കാനും കഴിഞ്ഞത്. അതാകട്ടെ ഞെട്ടിപ്പിക്കുന്നതും അങ്ങേയറ്റം ക്രൂരവുമായിരുന്നു

പാമ്പുകളുടെ തോഴൻ പക്ഷെ പട്ടിണി

കണ്ണൂർ ജില്ലയിലെ പ്രധാനപ്പെട്ട ഫോറസ്റ്റ് റെസ്‌ക്യൂവറാണ് നിധീഷ് ചാലോട്. രാജവെമ്പാലയെയും മൂർഖനെയും പിടികൂടുന്നതിൽ ഒരു പ്രത്യേക കഴിവ് തന്നെ നിധീഷിനുണ്ട്. കണ്ണൂരിന്റെ വാവാ സുരേഷായ നിധീഷ് ചാലോട് അത്യന്തം സാഹസികമായി ഏതിടത്തും പോയി രാജവെമ്പാലയെ പിടികൂടി ഉയർത്തുന്ന ചിത്രങ്ങൾ പത്രങ്ങളിലും സോഷ്യൽ മീഡിയയിലും സജീവമായിരുന്നു. എന്നാൽ ജീവൻ പണയം വെച്ചുള്ള ഈ കളിക്ക് ഫോറസ്റ്റ് റസ്‌ക്യൂവറെന്ന പേരല്ലാതെ കാര്യമായ ശമ്പളമൊന്നും കിട്ടുന്നില്ലെന്ന് നിധീഷ് പറയുന്നു.

പാമ്പുകളോടുള്ള സ്‌നേഹം കൊണ്ടാണ് താൻ ഈ രംഗത്തു നിൽക്കുന്നത് വെറും ആറായിരത്തിൽ താഴെ രൂപമാത്രമാണ് ഫോറസ്റ്റ് റസ്‌ക്യൂവന്ന നിലയിൽ ലഭിക്കുന്നത്. അതുകൊണ്ട് ഇപ്പോഴത്തെ കാലത്ത് ചായ കുടിക്കാൻ പോലും കഴിയില്ലെന്ന് എല്ലാവർക്കുമറിയാം. ഏഴംഗ കുടുംബമാണ് തന്റെ ത് അമ്മ കൂലിപ്പണിക്ക് പോകും. പിന്നെ വീട്ടിൽ പ്രായമായ അച്ഛാച്ചനും അമ്മമ്മയുമുണ്ട്. ഇരുവർക്കും അസുഖങ്ങൾ ഏറെയുണ്ട്. ഗർഭിണിയായ ഭാര്യയും അനുജനുമുണ്ട്. വീടിന്റെ ഒരുഭാഗം മുഴുവൻ അയൽവാസിയുടെ പറമ്പിലെ ചാഞ്ഞ തെങ്ങിൽ നിന്നും തേങ്ങവീണ് പൊളിഞ്ഞു കഴിഞ്ഞു. ഇപ്പോൾ ഒരു ഷീറ്റ് കെട്ടിയാണ് ഭക്ഷണമുണ്ടാക്കുന്നത്.

ഇത്തരം സാഹചര്യങ്ങളിൽ ജീവിക്കുമ്പോഴാണ് പഴയ കക്കൂസ് മരത്തിന്റെ വേരിറങ്ങി തകരാറിലായത്. വീടിന് കുറച്ചകലെയാണ് അതുള്ളത്. പ്രായമുള്ളവരെ എടുത്തുകൊണ്ട് വേണം അവിടേക്ക് പോകാൻ. മഴക്കാലത്തൊക്കെ എത്ര ബുദ്ധിമുട്ടാണെന്ന് ഈ നാട്ടിലെ ആളുകൾക്ക് മുഴുവൻ അറിയാം. ഞാനും ഗർഭിണിയായ ഭാര്യയും ചാലോടുള്ള പെട്രോൾ പമ്പിലും ഹോട്ടലുകളിലും പോയാണ കാര്യം സാധിക്കുന്നത്. അച്ഛാച്ചനെയും അമ്മയെയും വീട്ടിനുള്ളിൽ നിന്നു അടുകളയുടെ ഒരു ഭാഗത്ത് കുട്ടികളെ പോലെ ഒരുപാത്രം കൊണ്ട് കക്കൂസ് പോലെയാക്കിയാണ് പ്രാഥമിക കൃത്യങ്ങൾ നടത്തുന്നത് അതൊക്കെ ചെയ്താണ് അമ്മ രാവിലെ ജോലിക്ക് പോകുന്നത്.

ഇതൊക്കെ ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ മാത്രമേ കേട്ടിട്ടുട്ടുണ്ടാവൂ... ഇത് ശുചിത്വകേരളം പദ്ധതിയുടെ ഭാഗമായി പുരസ്‌കാരം ലഭിച്ച കൂടാളി പഞ്ചായത്തിലാണ് നടക്കുന്നത്. ഞങ്ങളുടെ നാട്ടിൽ സിപിഎം മാത്രമേയുള്ളു. പാർട്ടി ഭരിക്കുന്ന പഞ്ചായത്താണിത്. എന്റെ ഭാര്യയും പാർട്ടിയുടെ പ്രവർത്തകയാണ് ഞാനും കുടുംബവുമൊക്കെ അങ്ങനെ തന്നെ. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ പാർട്ടിക്കാർ തന്നെയാണ് എന്നിട്ടും പാർട്ടി ഭരിക്കുന്ന പഞ്ചായത്തിൽ നിന്നും ഞങ്ങൾക് ലഭിച്ചത് അതിക്രൂരമായ അനുഭവമാണ്.

ഒരു കക്കൂസ് നിർമ്മാണവും കുറെ വിവാദങ്ങളും

താൻ കക്കൂസ് നിർമ്മാണം തുടങ്ങുന്നതിനായി ടാങ്ക് നിർമ്മിച്ചത് പഞ്ചായത്തിന്റെ അനുമതിയോടെയാണെന്ന് നിധീഷ് പറയുന്നു. ഹെൽത്ത് ഇൻസ്‌പെക്ടർ സ്ഥലം വന്നു പരിശോധിക്കുകയും തൊട്ടടുത്ത വീട്ടിലെ നാരായണന്റെ വീട്ടിലെ കിണറുമായി പത്തു മീറ്ററിലധികം ദൂരമുണ്ടെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ അളന്ന് തിട്ടപ്പെടുത്തുകയും ചെയ്തു. പാറയുള്ളതിനാൽ ഹിറ്റാച്ചി ഉപയോഗിച്ചാണ് ടാങ്ക് കുഴിച്ചത്. അപ്പോൾ തന്നെ കല്ല് കെട്ടി പോയന്റ് ചെയ്തു മുകളിൽ കോൺക്രീറ്റ് സ്‌ളാബുകൾ വാർക്കുകയും ചെയ്തു. കക്കൂസിന്റെ ചുമരും പണിതു കഴിഞ്ഞപ്പോഴാണ് ആ മേതി നാരായണൻ എന്ന അയൽവാസി തങ്ങളുടെ കുടിവെള്ളം മലിനമാകാൻ സാധ്യതയുണ്ടെന്ന പരാതി പഞ്ചായത്തിൽ നൽകുന്നത്.

ഇതിനിടെയിൽ കക്കുസ് നിർമ്മാണത്തിന് നാൽപ്പതിനായിരം രൂപ വരെ തന്റെ കൈയിൽ നിന്നും ചെലവായെന്ന് നിധീഷ് പറഞ്ഞു. എന്നാൽ പഞ്ചായത്തിൽ നിന്നും അടിയന്തിര പ്രാധാന്യമുള്ള ഈ വിഷയത്തിന് പരിഹാരമാകാതെ നീട്ടി നീട്ടി കൊണ്ടുപോവുകയായിരുന്നു. ഒടുവിൽ നിർമ്മിച്ച കക്കൂസ് പൊളിച്ചു കളഞ്ഞ് സെപ്റ്റി ടാങ്ക് നിർമ്മിക്കണമെന്നും പകരം പതിനായിരം രൂപ പരാതിക്കാരൻ നൽകുമെന്നും പറഞ്ഞു. എന്നാൽ അതൊക്കെ പൊളിച്ചു കളയുകയെന്നത് പ്രയാസമുള്ള കാര്യമാണെന്നും ഈ തുക കൊണ്ട് സെപ്റ്റി ടാങ്ക് പണിയാൻ കഴിയില്ലെന്നും താൻ പറഞ്ഞതോടെ പഞ്ചായത്ത് അധികൃതർ കൈയൊഴിയുകയായിരുന്നു.

ലോക്ഡൗൺ ദിനത്തിൽ സംഭവിച്ചത്

പലവട്ടം ഫോൺ വിളിച്ചിട്ടും പ്രസിഡന്റും വാർഡ് മെമ്പറും ഒഴിഞ്ഞ് മാറിയതിനെ തുടർന്നാണ് ലോക് ഡൗൺ ദിവസം രാവിലെ കൂടാളി പഞ്ചായത്ത് ഓഫിസിൽ അവരെ നേരിട്ട് കാണാൻ പോയത്. എന്നാൽ പ്രസിഡന്റ് ഒരു മീറ്റിങ്ങിലായതിനാൽ ഒരു മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വന്നു. പിന്നീട് അവരോട് തങ്ങളുടെ അവസ്ഥ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചുവെങ്കിലും വിഷയത്തിൽ ഇടപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയും മറ്റു ജീവനക്കാരും പ്രസിഡന്റിനൊപം ചേർന്ന് ഞങ്ങളു കുനേരെ തട്ടിക്കയറാൻ ശ്രമിക്കുകയായിരുന്നു. ഗർഭിണിയായ തന്റെ ഭാര്യയെ കൈയേറ്റം ചെയ്യാൻ സെക്രട്ടറി ശ്രമിച്ചു.

അവരെ ജാതി പേര് വിളിച്ച് ആക്ഷേപിക്കാനും ശ്രമിച്ചു. ഇതൊക്കെ ഞാനിട്ട ഫേസ്‌ബുക്ക് ലൈവിൽ വളരെ വ്യക്തമാണ്. ഇതിനു ശേഷം ഞാനും ഭാര്യയും പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാരോപിച്ച് മട്ടന്നൂർ പൊലീസിൽ പരാതി നൽകി. എന്റെ ഭാര്യയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നും അസഭ്യം പറഞ്ഞ് ആക്ഷേപിച്ചുവെന്നും പറഞ്ഞ് ഞങ്ങളും പരാതി നൽകി. ഒടുവിൽ മട്ടന്നൂർ പൊലീസ് ഇരു വിഭാഗത്തെയും വിളിച്ചു വരുത്തി. കേസ്പിൻവലിക്കുകയാണെങ്കിൽ പഞ്ചായത്തും കേസ് പിൻവലിക്കാൻ തയ്യാറാണെന്നും അല്ലെങ്കിൽ നിങ്ങളെ നാട്ടിൽ നിന്നു തന്നെ ഓടിക്കാൻ തങ്ങൾക്കു കഴിയുമെന്നാണ് പഞ്ചായത്ത് അധികൃതർ പറഞ്ഞതെന്ന് എസ്‌ഐ പറഞ്ഞു.

കേസ് പിൻവലിക്കാൻ താൽപര്യമില്ലെന്നും ശൗചാലയം എന്നത് ഒരു പൗരന്റെ അവകാശമാണെന്നു നമ്മുടെ നാട്ടിലെ പ്രധാനമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും അതൊന്നും ആർക്കും തടയാൻ കഴിയില്ലെന്നും ഞാൻ പറഞ്ഞതോടെയാണ് പൊലീസ് കേസുമായി മുൻപോട്ടു പോയത്. എന്നാൽ കക്കൂസ് നിർമ്മാണമൊക്കെ പഞ്ചായത്തിന്റെ അധികാര പരിധിയിൽ ഉൾപ്പെടുന്ന സംഗതികളാണെന്നും അതിൽ പൊലിസിന് ഒന്നും ചെയ്യാൻ കഴിയില്ലെന്നും മട്ടന്നൂർ എസ്‌ഐ അറിയിച്ചിരുന്നു. ഇപ്പോൾ കലക്ടർക്കും തഹസിദൽദാർക്കും ശൗചാലയം നിഷേധിക്കുന്ന പഞ്ചായത്തിനെതിരെ പരാതി നൽകിയിട്ടുണ്ട്. എന്നിട്ടും നീതി ലഭിച്ചില്ലെങ്കിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുവെന്നും നിധീഷ് പറഞ്ഞു.

കൂടാളി പഞ്ചായത്തിനെ അപകീർത്തിപ്പെടുത്താൻ ശ്രമമെന്ന്

ശുചിത്വ പദവിയുള്ള കൂടാളി പഞ്ചായത്തിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നിധീഷ് ചാലോട് ചെയ്യുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഷൈമ പറഞ്ഞു. പഞ്ചായത്തിനെതിരെ നിധീഷ് ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ് കുടുംബ പ്രശ്‌നത്തിൽ പഞ്ചായത്തിനെ വലിച്ചിഴയ്ക്കുകയാണ് ഉണ്ടായതെന്നും ഷൈമ പറഞ്ഞു. കക്കൂസ് മാലിന്യം കിണറിൽ കലരുമെന്ന് നിധീഷിന്റെ ബന്ധുവായ അമേരി നാരായാണൻ എന്ന അയൽവാസിയാണ് പരാതി നൽകിയതെന്നും ഇതുപ്രകാരം സെപ്റ്റിടാങ്കാണ് അവിടെ ഉചിതമെന്ന് പഞ്ചായത്ത് കണ്ടെത്തിയിരുന്നുവെന്നും പ്രസിഡന്റ് പറഞ്ഞു.

എന്നാൽ നിധീഷ് ഇതംഗീകരിക്കാൻ തയ്യാറായില്ല. സെപ്റ്റിക് ടാങ്ക് പണിയാൻ പതിനായിരം രൂപ നൽകാൻ പരാതിക്കാരൻ തയ്യാറായിട്ടും നിധീഷ് സമ്മതിക്കാത്തതാണ് പ്രശ്‌നമെന്നും പഞ്ചായത്ത് ഓഫിസിൽ അതിക്രമിച്ച് കയറി സെക്രട്ടറിയെയും മറ്റു ജീവനക്കാരെയും തന്നെയും ഭീഷണിപ്പെടുത്തിയതായും പ്രസിഡന്റ് ഷൈമ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP