Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിണറായി വിജയന്റെ മകളുടെ പേരിലുള്ള കമ്പനിയിൽ സംശയം ഉന്നയിച്ച് വാർത്താസമ്മേളനം നടത്തുകയും വലിയ വിവാദമാകുകയും ചെയ്തതോടെ ശത്രുതയായി; കോടിയേരിയുടെ കുടുംബം സിങ്കപ്പൂർ യാത്ര നടത്തിയതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്ന് തുറന്നടിച്ചതും വിരോധമായി; ഇതോടെ അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച് വിജിലൻസ് അന്വേഷണം അടക്കമുള്ള വേട്ടയാടലുകൾ; എങ്ങനെയും നാണം കെടുത്തണം എന്ന തിരക്കഥയുടെ ഭാഗമാണ് ഒടുവിലത്തെ സംഭവങ്ങൾ; വസ്തുദല്ലാളായി പോയി ഓടി രക്ഷപ്പെട്ടെന്ന ആരോപണത്തിന് പിന്നിൽ: പി.ടി. തോമസ് മറുനാടനോട്

പിണറായി വിജയന്റെ മകളുടെ പേരിലുള്ള കമ്പനിയിൽ സംശയം ഉന്നയിച്ച് വാർത്താസമ്മേളനം നടത്തുകയും വലിയ വിവാദമാകുകയും ചെയ്തതോടെ ശത്രുതയായി; കോടിയേരിയുടെ കുടുംബം സിങ്കപ്പൂർ യാത്ര നടത്തിയതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്ന് തുറന്നടിച്ചതും വിരോധമായി; ഇതോടെ അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച് വിജിലൻസ് അന്വേഷണം അടക്കമുള്ള വേട്ടയാടലുകൾ; എങ്ങനെയും നാണം കെടുത്തണം എന്ന തിരക്കഥയുടെ ഭാഗമാണ് ഒടുവിലത്തെ സംഭവങ്ങൾ; വസ്തുദല്ലാളായി പോയി ഓടി രക്ഷപ്പെട്ടെന്ന ആരോപണത്തിന് പിന്നിൽ: പി.ടി. തോമസ് മറുനാടനോട്

ആർ പീയൂഷ്

കൊച്ചി: പിണറായി വിജയനും സിപിഎമ്മിനും തന്നോടുള്ള വ്യക്തി വൈരാഗ്യത്തിന്റെ പകയാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണങ്ങൾക്ക് പിന്നിലെന്ന് തൃക്കാക്കര എംഎ‍ൽഎ പി.ടി തോമസ്. പിണറായി വിജയന്റെ മകളുടെ പേരിലുള്ള കമ്പനിയെപറ്റിയുള്ള സംശയങ്ങൾ ഉന്നയിച്ചു കൊണ്ട് പത്രസമ്മേളനം നടത്തുകയും അത് വലിയ വിവാദമാകുകയും ചെയ്തതോടെയാണ് പിണറായി വിജയന് ശത്രുത തോന്നാൻ ഇടയായത് എന്ന് പി.ടി തോമസ് മറുനാടനോട് പറഞ്ഞു. കൂടാതെ തൊടുപുഴ എംഎ‍ൽഎ ആയിരിക്കുമ്പോൾ കോടിയേരി ബാലകൃഷ്ണന്റെ കുടുംബം സിങ്കപ്പൂരിൽ യാത്ര നടത്തിയതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്ന് പത്രസമ്മേളനം നടത്തി പറഞ്ഞിരുന്നു. അതിന് പിന്നാലെ തനിക്കെതിരെ അനധികൃത സ്വത്തുസമ്പാദനം എന്ന് ആരോപിച്ച് വിജിലൻസ് അന്വേഷണം നടത്തുകയും അതുവഴി അപമാനിക്കാനും ശ്രമിച്ചു. എന്നാൽ യാതൊന്നും ആ കേസിൽ കണ്ടെത്താൻ കഴിഞ്ഞില്ല. ഇത്തരത്തിൽ പലവിധമായ രീതിയിലും സിപിഎം വേട്ടയാടാൻ ശ്രമിച്ചെങ്കിലും നടക്കാതിരുന്നതിനാൽ എങ്ങനെയും ജനങ്ങളുടെ മുന്നിൽ നാണം കെടുത്തണം എന്ന ഉദ്ദേശത്തോടെ തട്ടിക്കൂട്ടിയ തിരക്കഥയുടെ ഭാഗമാണ് വസ്തു കച്ചവടത്തിൽ ദല്ലാളായി പോയി എന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് ഓടി രക്ഷപെട്ടു എന്നും സിപിഎം പ്രചരിപ്പിക്കുന്നതിന് പിന്നിലെന്നും അദ്ദേഹം പറയുന്നു.

കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അക്കമിട്ട് നിരത്തി നിഷേധിക്കുകയാണ് പി.ടി.തോമസ് എംഎ‍ൽഎ. തന്റെ ഡ്രൈവറായിരുന്ന ബാബുവിന്റെ കുടുംബത്തിന്റെ വസ്തു സംബന്ധിച്ച തർക്കത്തിൽ മധ്യസ്ഥത വഹിക്കാനാണ് ഇടപ്പള്ളിയിലെ വീട്ടിൽ പോയത്. ഇവർ ഒരു കമ്മ്യൂണിസ്റ്റ് കുടുംബം കൂടിയാണ്. ബാബുവിന്റെ കുടുംബംതാമസിച്ചിരുന്ന വസ്തുവിലെ കുടികിടപ്പവകാശം സംബന്ധിച്ച തർക്കം എന്റെ നേതൃത്വത്തിലായിരുന്നു ചർച്ച ചെയ്ത് പരിഹാരമുണ്ടാക്കിയത്. ഇതിൻ പ്രകാരം 80 ലക്ഷം രൂപ ഇവർക്ക് ഭൂവുടമ നൽകാമെന്ന് സമ്മതിക്കുകയായിരുന്നു. വർഷങ്ങളായുള്ള തർക്കത്തിന് പരിഹാരം കണ്ട് കുടുംബത്തിന് വേണ്ട അവകാസം വാങ്ങിക്കൊടുക്കുകയാണ് ചെയ്തതെന്നും പി.ടി പറഞ്ഞു.

സംഭവത്തെ പറ്റി പി.ടി പറയുന്നതിങ്ങനെ; ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിലെ പ്രതിയായിരുന്ന ദിനേശൻ എന്നയാളുടെ കുടുംബം 50 വർഷത്തിലേറെയായി കുടികിടക്കുന്ന 3 സെന്റ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. ഇവർക്ക് കുടികിടപ്പായി ഭൂമി കിട്ടിയത് യഥാർഥ ഉടമയായ സിഐടിയു നേതാവ് കെ.എൻ.രവീന്ദ്രനാഥിന്റെ സഹോദരിയിൽ നിന്നാണ്. ഇവർ ഈ ഭൂമി രാമകൃഷ്ണൻ എന്നയാൾക്ക് വിറ്റതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. കുടികിടപ്പുകാരോട് ഒഴിയാൻ ഭൂമി വാങ്ങിയ ആൾ ആവശ്യപ്പെട്ടു. 2006ൽ ഞാൻ എംഎൽഎ ആകുമ്പോൾ ദിനേശന്റെ ഇളയ മകൻ രാജശേഖരൻ മൂന്നു വർഷം ഡ്രൈവറായി ഒപ്പമുണ്ടായിരുന്നു. ഇതിനിടെ ദിനേശനും രാജശേഖരനും മരിച്ചിരുന്നു. ദിനേശന്റെ ഭാര്യ തങ്കമണിയും മൂന്നു മക്കളുമാണ് ഇവിടെ താമസിച്ചിരുന്നത്. ഇവർക്ക് മൂന്ന് നമ്പരിൽ കോർപറേഷനിൽ കരം അടയ്ക്കുന്നതിന്റെ രേഖയുണ്ട്.

വർഷങ്ങളായി പ്രശ്‌നം പല ഘട്ടത്തിൽ ചർച്ച ചെയ്ത് പരിഹരിക്കാൻ സാധിക്കാതെ വന്നതോടെയാണ് ഇപ്പോൾ ജീവിച്ചിരിക്കുന്ന രണ്ട് സഹോദരങ്ങൾ എന്നെ സമീപിച്ചത്. പരമ്പരാഗത കമ്യൂണിസ്റ്റുകാരാണ്, സ്റ്റേഷൻ ആക്രമണക്കേസ് പ്രതികളാണ് എന്നിട്ടും നീതി കിട്ടിയിട്ടില്ല സഹായിക്കണം എന്നു പറഞ്ഞപ്പോൾ എംഎൽഎ എന്ന നിലയിൽ സഹായിക്കാം എന്ന് സമ്മതിക്കുകയായിരുന്നു. വിശദമായി അന്വേഷിച്ചപ്പോൾ രാമകൃഷ്ണൻ സ്ഥലം വാങ്ങിയ ശേഷം ജെസിബി ഉപയോഗിച്ച് വീട് ഇടിച്ചു കളയാൻ പലപ്രാവശ്യം ശ്രമിച്ചത് അറിഞ്ഞിരുന്നു. പല ഇടതു നേതാക്കളുടെയും കൗൺസിലർമാരുടെയും നേതൃത്വത്തിൽ ചർച്ച നടന്നെങ്കിലും പരിഹരിക്കപ്പെട്ടില്ല. കൊടുക്കാമെന്നു പറയുന്ന തുക മാറ്റിപ്പറഞ്ഞ് പ്രശ്‌നം നീണ്ടുപോയി.

ഇതിൽ രാമകൃഷ്ണൻ എന്നയാളെ നേരത്തെ അറിയുന്നതാണ്. അദ്ദേഹത്തെ വിളിച്ചപ്പോൾ പ്രശ്‌നം പരിഹരിക്കാൻ തയാറാണ്, എംഎൽഎ മധ്യസ്ഥം വഹിക്കണം എന്നു പറഞ്ഞു. അതിൻ പ്രകാരം കഴിഞ്ഞ രണ്ടാംതീയതി വാർഡ് കൗൺസിൽ ജോസഫ് അലക്‌സ്, റസിഡന്റ് അസോസിയേഷൻ വൈസ് പ്രസിന്റ് ഷൈൻ അഞ്ചുമന, സിപിഎം ബ്രാഞ്ച് സെക്രട്ടറി ഗിരിജൻ, പത്തോളം കുടുംബാംഗങ്ങൾ, രാമകൃഷ്ണൻ എന്നിവർക്കൊപ്പം ഇവരുടെ താമസസ്ഥലത്ത് എത്തി ഒരു മണിക്കൂർ ചർച്ച നടത്തി. ബാബുവിന്റെ അമ്മ അവശയായി കട്ടിലിൽ കിടക്കുന്നുണ്ട്. അവർക്കു കേൾക്കാവുന്ന രീതിയിലാണ് സംസാരിക്കുന്നത്. അഞ്ചു പേർക്ക് വീതം വയ്‌ക്കേണ്ടതിനാൽ പണം നൽകി സ്ഥലം വിട്ടുകൊടുക്കാനായിരുന്നു തീരുമാനം. ഒടുവിൽ 80 ലക്ഷം രൂപയ്ക്ക് പരിഹരിക്കാമെന്ന് കരാറായി. കരാറുണ്ടാക്കാൻ മക്കളിൽ ഒരാളെ ചുമതലപ്പെടുത്തി. കരാർ മുദ്രപത്രത്തിൽ എഴുതണമെന്നു പറഞ്ഞു.

കരാർ തയാറാക്കിയതിനു ശേഷം മുൻ തീരുമാനിച്ച പ്രകാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് വീണ്ടും ഇവർ താമസിക്കുന്ന വീട്ടിലെത്തി കരാർ നടപ്പാക്കാൻ തീരുമാനിച്ചു. രാവിലെ പത്തു മണിക്ക് പോകാനാണ് തീരുമാനിച്ചതെങ്കിലും വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ 11 മണിക്ക് വന്നാൽ മതി എന്നറിയിച്ചു. വീട് അറിയാത്തതിനാൽ അഞ്ചുമന ക്ഷേത്രത്തിനടുത്ത് ഒരാൾ കാത്തു നിന്നിരുന്നു. അയാളെ കൂട്ടിച്ചെല്ലുമ്പോൾ 15 പേരോളം ആ വീട്ടിലുണ്ട്. മുദ്രപത്രത്തിലെ കരാർ വായിച്ചു കേൾപ്പിച്ചു. എല്ലാവരുടെയും സമ്മതത്തോടെ താൻ അവിടെ നിന്ന് ഇറങ്ങിയിരുന്നു. ഈ സമയം അഞ്ചുമന ക്ഷേത്ര ഭാരവാഹികൾ സ്ഥലത്ത് തന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഈ ഭൂമിയുടെ ചെറിയൊരു ഭാഗത്ത് ഒരു കവാടം സ്ഥാപിക്കാൻ അനുവദിക്കണം, അതിന് ഉടമയെ സമ്മതിപ്പിക്കണം എന്നായിരുന്നു ആവശ്യം. ഇവരോടൊപ്പം 50 മീറ്റർ ചെന്നപ്പോഴായിരുന്നു ഒരു വനിത ഉൾപ്പെടെയുള്ള ഒരു സംഘം ആളുകൾ നടന്നു വരുന്നത് കാണുന്നത്. അവരോട് നിങ്ങൾ ക്ഷേത്രത്തിന്റെ ആളുകളാണോ എന്ന് ചോദിച്ചപ്പോൾ ആദായനികുതി ഓഫീസിലെ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞു. ഇഥോടെ ഞാൻ അവിടെ നിന്നും തിരികെ ഓഫീസിലേക്ക് പോകുകയായിരുന്നു. ഓഫിസിലെത്തിയ ശേഷമാണ് ആദായനികുതി ഉദ്യോഗസ്ഥർ പണം പിടിച്ചെടുന്ന സംഭവങ്ങൾ അറിഞ്ഞതെന്നും എംഎൽഎ പറഞ്ഞു. ഈ പണമിടപാടി സംബന്ധിച്ച കരാറിന്റെ മുഴുവൻ രേഖകളും കൈവശമുണ്ട്.

കൃത്യമായി താൻ അവിടെ എത്തുമെന്നറിഞ്ഞ് ആദായ നികുതി ഉദ്യോഗസ്ഥരെ കൊണ്ട് കുടുക്കാൻ വേണ്ടി സിപിഎം നേതാക്കൾ നടത്തിയ ചരടുവലിയായിരുന്നു ഇത്. എന്നാൽ അവർ പ്രതീക്ഷിച്ചതു പോലെ കാര്യങ്ങൾ നടന്നില്ല. ഞാൻ കുടംബത്തോടൊപ്പം ഇരുന്ന് പണം എണ്ണി തിട്ടപ്പെടുത്തുമെന്നായിരുന്നു അവരുടെ വിശ്വാസം. എന്നാൽ അതിന് മുൻപ് തന്നെ അവിടെ നിന്നും ഞാൻ ഇറങ്ങിയിരുന്നു. ഈ സമയമാണ് ഉദ്യോഗസ്ഥർ പാഞ്ഞെത്തിയത്. രാവിലെ മുതൽ മൂന്ന് ഇന്നോവ കാറുകളിൽ ഉദ്യോഗസ്ഥർ അഞ്ചുമന ക്ഷേത്രത്തിനടുത്ത് ഉണ്ടായിരുന്നതായി പിന്നീട് വിവരം ലഭിച്ചു. സിപിഎമ്മിന്റെ ഒരു ഉന്നത് നേതാവും അവിടെയുണ്ടായിരുന്നതായി വാർഡ് കൗൺസിലർ പറഞ്ഞു. ഇതോടുകൂടി ചിത്രം വ്യക്തമാണ്. എന്നെ കുടുക്കുക എന്നതായിരുന്നു ലക്ഷ്യം. ഞാൻ എപ്പോഴും സാധാരണക്കാരുടെ കൂടെയാണ് നിൽക്കുന്നത്. ഒരു കുടുംബത്തിന് നീതി ലഭിക്കാനായി ഇടപെട്ടു എന്നതല്ലാതെ ഒരു കുറ്റം ചെയ്തതായി എനിക്ക് തോന്നുന്നില്ല. ഏതെങ്കിലും തരത്തിൽ കുറ്റം ചെയ്തതായി മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടാൽ എന്നെ അറസ്റ്റ് ചെയ്ത് ജയിലിലടക്കട്ടെ എന്നുമാണ് പി.ടി തോമസ് വ്യക്തമാക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP