Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പോക്സോ കേസിലെ ഇരയെ ഒരു ദിവസത്തേക്ക് വിട്ടുനൽകാൻ പ്രതികൾ അഞ്ചു കോടി രൂപ വാഗ്ദാനം ചെയ്തു; മഹിളാ സമഖ്യ പ്രൊജക്ട് ഡയറക്ടർ പി.ഇ. ഉഷയുടെ വെളിപ്പെടുത്തൽ മറുനാടനോട്; പ്രതികളെ സംരക്ഷിക്കുന്നതിൽ രാഷ്ട്രീയ നേതൃത്വങ്ങൾ ഒറ്റക്കെട്ട്; പീഡനക്കേസുകളിൽ തന്റെ നിലപാടുകൾ സർക്കാരിന് അലോസരം സൃഷ്ടിച്ചു; കാലാവധി നീട്ടാനുള്ള അപേക്ഷ സർക്കാർ തള്ളിക്കളഞ്ഞത് സമ്മർദ്ദത്താലെന്നും ഉഷ

പോക്സോ കേസിലെ ഇരയെ ഒരു ദിവസത്തേക്ക് വിട്ടുനൽകാൻ പ്രതികൾ അഞ്ചു കോടി രൂപ വാഗ്ദാനം ചെയ്തു; മഹിളാ സമഖ്യ പ്രൊജക്ട് ഡയറക്ടർ  പി.ഇ. ഉഷയുടെ വെളിപ്പെടുത്തൽ മറുനാടനോട്; പ്രതികളെ സംരക്ഷിക്കുന്നതിൽ രാഷ്ട്രീയ നേതൃത്വങ്ങൾ ഒറ്റക്കെട്ട്; പീഡനക്കേസുകളിൽ തന്റെ നിലപാടുകൾ സർക്കാരിന് അലോസരം സൃഷ്ടിച്ചു; കാലാവധി നീട്ടാനുള്ള അപേക്ഷ സർക്കാർ തള്ളിക്കളഞ്ഞത് സമ്മർദ്ദത്താലെന്നും ഉഷ

എം മനോജ് കുമാർ

തിരുവനന്തപുരം: മഹിള സമഖ്യ സൊസൈറ്റി സംരക്ഷിക്കുന്ന പോക്‌സോ കേസിലെ ഒരു ഇരയെ ഒരു ദിവസത്തേക്ക് വിട്ടു നൽകാൻ അഞ്ചു കോടി രൂപ തനിക്ക് വാഗ്ദാനം ചെയ്യപ്പെട്ടതായി മഹിള സമഖ്യ സൊസൈറ്റി പ്രോജക്ട് ഡയറക്റ്റർ പി.ഇ.ഉഷ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇന്നു ഡയറക്ടർ പോസ്റ്റിൽ നിന്ന് വിരമിക്കുന്ന വേളയിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പി.ഇ.ഉഷ മറുനാടനോട് നടത്തിയത്. പെൺകുട്ടിയെ ഒരു ദിവസത്തേക്ക് ഞങ്ങൾക്ക് വിട്ടു നലകിയാൽ മതി. നടക്കേണ്ടത് നടന്നു. ആ കുട്ടിക്ക് ഒരു ഭാവിയില്ലേ? ആ ഭാവി സംരക്ഷിക്കണം. അതിനു ഒരു ദിവസത്തേക്ക് ഞങ്ങൾക്ക് വിടണം. കോടതിയിൽ പ്രതിയെ അറിയില്ലെന്ന് വ്യക്തമാക്കാൻ ഇരയെ സ്വാധീനിക്കാൻ വേണ്ടി പ്രബലനായ ഒരു പ്രതിയാണ് ഇത്തരം വാഗ്ദാനം നടത്തിയത്. കുറെയധികം പ്രതികൾ ഉള്ള കേസ് ആണിത്. എല്ലാവര്ക്കും സ്വയം രക്ഷപ്പെടണം. അതിനായി എന്ത് വേണമെങ്കിലും ചെയ്യാൻ അവർ ഒരുക്കമായിരുന്നു. അതിനാണ് അഞ്ചു കോടി വാഗ്ദാനം നടത്തുകയും പെൺകുട്ടിയെ ഒരു ദിവസത്തേക്ക് ഞങ്ങൾക്ക് വിട്ടു നൽകാൻ എന്റടുത്ത് സമ്മർദ്ദം നടത്തുകയും ചെയ്തത്.

ഈ ബലാത്സംഗ കേസ് തേച്ചുമാച്ച് കളയുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. അതിനായാണ് എന്ത് വേണമെങ്കിലും ചെയ്യാൻ അവർ സന്നദ്ധരായത്. ഈ കേസ് ഇപ്പോഴും തീർന്നിട്ടില്ല. ഞാൻ ഡയറക്ടർ ആയിരുന്ന വേളയിൽ മഹിളാ സമഖ്യ എപ്പോഴും ഇരയ്ക്ക് ഒപ്പമായിരുന്നു. തൊണ്ണൂറു ശതമാനം കേസുകളിലും ഇരയ്ക്ക് നീതി ലഭ്യമാകുന്ന വിധത്തിൽ മഹിളാ സമഖ്യ നീങ്ങിയിട്ടുണ്ട്. പ്രതികളെ രക്ഷിക്കുന്ന കാര്യത്തിൽ പലപ്പോഴും രാഷ്ട്രീയ നേതൃത്വങ്ങൾ വരെ ഒറ്റക്കെട്ടായി നീങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പലവിധ ഭീഷണികളും എനിക്ക് നേരെ വന്നു. പക്ഷെ ഞങ്ങൾ നീതിക്കായി ഉറച്ചു നിന്നു. ഞങ്ങൾക്ക് നേരിന്റെ ശക്തിയുണ്ടായിരുന്നു. നീതിക്കായി അവസാനം വരെ പൊരുതാനുള്ള ചങ്കുറപ്പ് ഉണ്ടായിരുന്നു.

ലൈംഗിക പീഡനക്കേസുകളിൽ ഇരയ്ക്കായി വാദമുഖങ്ങൾ ഉയരാറുണ്ട് എങ്കിലും കാര്യത്തിനോട് അടുക്കുമ്പോൾ ഈ പിന്തുണ പിൻവലിക്കുന്ന വിചിത്രമായ കാഴ്ചകളാണ് കണ്ടതെന്നും ഉഷ പറഞ്ഞു. ഒരു കുട്ടിയുടെ സംരക്ഷണം ആവശ്യപ്പെട്ടു മഹിളാ സമഖ്യയ്ക്ക് മുന്നിൽ ഒരു രാഷ്ട്രീയക്കാരനും പൊതുപ്രവർത്തകനും എത്തിയിട്ടില്ല. പക്ഷെ പ്രതികൾക്ക് വേണ്ടി ഇവരെല്ലാം രംഗത്തുമുണ്ട്. കോടിക്കണക്കിന് രൂപയുടെ വാഗ്ദാനങ്ങൾ നിരത്തപ്പെടുകയും വ്യക്തിപരമായ തങ്ങളെ കുടുക്കാൻ ശ്രമിക്കുകയും പ്രതികൾക്ക് വേണ്ടി പ്രബലരായ ചിലർ നടത്തിയിട്ടുണ്ട്-ഉഷ പറയുന്നു,

വിടിനകത്തും പുറത്തും നിന്നും പീഡനത്തിന് ഇരയായ നൂറുകണക്കിന് കുട്ടികൾക്ക് അഭയമൊരുക്കുന്ന മഹിള സമഖ്യ സൊസൈറ്റി. മഹിള സമഖ്യ സൊസൈറ്റി നടത്തുന്ന നിർഭയയിലെ അമ്പതിലധികം പീഡനകേസുകളിൽ വിധി വന്നപ്പോൾ 90 ശതമാനം പ്രതികളും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. മുന്നൂറോളം കേസുകൾ വിധി കാക്കുന്നുമുണ്ട്.ഈ കേസുകൾ ശക്തമായ രീതിയിൽ നടത്തപ്പെടുന്നതിനാൽ സമഖ്യയുടെ പരിധിയിൽ നിന്ന് പീഡനത്തിന് ഇരയായ കുട്ടികളെ മാറ്റാൻ ആസൂത്രിതമായ ശ്രമങ്ങൾ നടന്നുവരുന്നുണ്ട്. കർശന നിലപാടുകൾ മഹിള സമഖ്യ സൊസൈറ്റി ഡയറക്ടർ സ്ഥാനത്ത് ഇരുന്നു ഉഷ കൈക്കൊണ്ടതിനാൽ ഉഷ ആവശ്യപ്പെട്ടിട്ടും സർവീസ് നീട്ടി നൽകാൻ സർക്കാർ തയ്യറായില്ല. വിരമിച്ചവർ ഡയറക്ടർ പദവിയിൽ മുൻപും നിയമിക്കപ്പെട്ട ചരിത്രം ഉണ്ടെങ്കിലും ഉഷയുടെ കാര്യത്തിൽ സർക്കാർ കണ്ണടയ്ക്കുകയായിരുന്നു. അതുകൊണ്ട് തന്നെയാണ് സർവീസ് കാലാവധി തികയുന്ന ഇന്ന് തന്നെ ഉഷയ്ക്ക് വിരമിക്കേണ്ടിയും വരുന്നത്.

ലൈംഗിക പീഡനക്കേസുകളിൽ പലപ്പോഴും ഉഷയുടെ നിലപാടുകൾ കർശനമായിരുന്നു. നേരിട്ട് അല്ലെങ്കിലും ഉഷയുടെ നിലപാടുകൾ സർക്കാരിന് തലവേദനയുണ്ടാക്കിയിരുന്നു. ചില കേസുകളിൽ എങ്കിലും നിലപാടുകൾക്ക് വേണ്ടി പോരാടേണ്ട അവസ്ഥയും വന്നു. ഇതൊക്കെ ഉഷയെ കണ്ണിലെ കരടായി മാറ്റിയിരുന്നു. അതുകൊണ്ട് തന്നെ സർവീസ് കാലാവധി നീട്ടണമെന്ന ഉഷയുടെ ആവശ്യത്തിന് നേരെ സർക്കാർ മുഖം തിരിക്കുക തന്നെ ചെയ്തു. ഇരകളെ മൊഴി മാറ്റാൻ സമ്മർദ്ദം ചെലുന്നതിനും ഇരകളെ പ്രതികൾക്ക് മുന്നിൽ എത്തിക്കുന്നതിനും മഹിള സമഖ്യയിലെ തന്നെ ചില ജീവനക്കാർ പ്രവർത്തിക്കുന്നുെവെന്ന ആക്ഷേപം നിലനിൽക്കുമ്പോഴാണ് ഉഷയുടെ വിരമിക്കലും നടക്കുന്നത്. പീഡനത്തിനിരയായ മുന്നൂറോളം കുട്ടികൾ ഇപ്പോഴും നിർഭയാ ഷെൽട്ടറുകളിൽ തങ്ങുന്നുമുണ്ട്.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഉഷ വിരമിക്കേണ്ടിയിരുന്നത്. പക്ഷെ നിയമസഭാ സമിതിയുടെ ഒരു ശുപാർശ നിലവിൽ ഉള്ളതിനാൽ നിലവിലെ ലാവണത്തിൽ നിന്നുമാണ് ഉഷ വിരമിക്കുന്നത്. ഉഷയുടെ കേസിൽ പുറത്തുള്ള ഒരു ഏജൻസിയുടെ അന്വേഷണം നടന്നശേഷം മാത്രം ഇനി ഉഷ യൂണിവേഴ്സിറ്റി ജോലിയിൽ തിരിച്ചുകയറിയാൽ മതി എന്ന് സാവിത്രി ലക്ഷ്മണൻ അധ്യക്ഷയായ നിയമസഭാ സമിതി ശുപാർശ നടത്തിയിരുന്നു. അത്തരം ഒരു സമിതിയുടെ അന്വേഷണം വരാത്ത സാഹചര്യത്തിലാണ് ഉഷ മഹിള സമഖ്യ സൊസൈറ്റി പ്രോജക്ട് ഡയറക്ടർ സ്ഥാനത്ത് നിന്ന് വിരമിക്കുന്നത്. അഞ്ചര വർഷമാണ് ഈ തസ്തികയിൽ ഉഷ തുടർന്നത്.

കേന്ദ്ര സർക്കാരിന്റെ പദ്ധതിയായിരുന്നു മഹിള സമഖ്യ. പിന്നീട് സംസ്ഥാന സർക്കാർ ഏറ്റെടുക്കുകയാണ് ഉണ്ടായത്. മോദി സർക്കാർ അധികാരത്തിൽ വന്നശേഷം മഹിളാ സമഖ്യയ്ക്ക് ഫണ്ട് അനുവദിക്കാതിരുന്നതിലാണ് സമഖ്യ പിന്നീട് സംസ്ഥാന സർക്കാർ ഏറ്റെടുത്തത്. അഞ്ചര വർഷമായി സംസ്ഥാന പ്രൊജക്ട് ഡയറക്ടറായി പ്രവർത്തിക്കുകയാണ് ഉഷ. ഡോ.സീന ഭാസ്‌കറിന്റെ കാലാവധി കഴിഞ്ഞ ശേഷമാണ് ഈ പോസ്റ്റിലേക്ക് ഉഷ എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP