Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൃഥ്വിയുടെ ലൂസിഫറിലെ സംവിധായക മികവ് ആവേശമായി; ക്യാമറയ്ക്ക് പിന്നിലെ സൂപ്പർതാരത്തിന്റെ ആദ്യ ഇന്നിങ്‌സിന് ഇനി ദിവസങ്ങൾ മാത്രം; നവോദയാ സ്റ്റൂഡിയോയിൽ രണ്ടാഴ്ച കഴിഞ്ഞാൽ ബറോസിന് തുടക്കമാകും; കഥാപാത്രങ്ങളുടെ കോൺസെപ്റ്റ് ഡിസൈൻ പുറത്ത്; മാർച്ച് 15 മുതൽ ഷൂട്ടിങ്; ലാലേട്ടനൊപ്പം കൈകോർക്കാൻ മമ്മൂക്കയും പൃഥ്വിയും?

പൃഥ്വിയുടെ ലൂസിഫറിലെ സംവിധായക മികവ് ആവേശമായി; ക്യാമറയ്ക്ക് പിന്നിലെ സൂപ്പർതാരത്തിന്റെ ആദ്യ ഇന്നിങ്‌സിന് ഇനി ദിവസങ്ങൾ മാത്രം; നവോദയാ സ്റ്റൂഡിയോയിൽ രണ്ടാഴ്ച കഴിഞ്ഞാൽ ബറോസിന് തുടക്കമാകും; കഥാപാത്രങ്ങളുടെ കോൺസെപ്റ്റ് ഡിസൈൻ പുറത്ത്; മാർച്ച് 15 മുതൽ ഷൂട്ടിങ്; ലാലേട്ടനൊപ്പം കൈകോർക്കാൻ മമ്മൂക്കയും പൃഥ്വിയും?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മോഹൻലാലിന്റെ ക്യമാറയ്ക്ക് പിന്നിൽ ആദ്യ ഇന്നിങ്‌സിന് ഇനി ദിവസങ്ങൾ മാത്രം മാത്രം. ആദ്യ സംവിധായക സംരഭത്തിന്റെ അവസാന മിനുക്കു പണികളിലാണ് ലാൽ. മാർച്ച് 14ന് ശേഷം മോഹൻലാൽ ബറോസിന്റെ ഷൂട്ടിങ് തുടങ്ങും. മാർച്ച് 14നും 20നും ഇടയിൽ അനുയോജ്യമായ ദിവസം ഷൂട്ടിങ് തുടങ്ങാനാണ് ആലോചന. മാർച്ച് 15നായിരിക്കും ഷൂട്ടിങ് തുടങ്ങുക എന്നാണ് സൂചന.

നവോദയാ സ്റ്റുഡിയോയിലാകും ബറോസിന്റെ ആദ്യ ഘട്ട ചിത്രീകരണങ്ങൾ. ബിഗ് ബോസിന്റെ ഷെഡ്യൂളുകൾക്ക് അനുസരിച്ച് ബറോസ് മുമ്പോട്ട് പോകും. അതിവേഗം ഷൂട്ടിങ് അവസാനിപ്പിക്കാനാകും ശ്രമം. ഓണം റിലീസായി ബറോസ് തിയേറ്റുകളിൽ എത്താനാണ് സാധ്യത. ബറോസിന്റെ കോൺസെപ്റ്റ് ഡിസൈനുകൾ മോഹൻലാൽ തയ്യാറാക്കി കഴിഞ്ഞു.

ബറോസിലെ നായകനും മോഹൻലാലാണ്. പൃഥ്വിരാജും അഭിനയിക്കുമെന്നാണ് സൂചന. പൃഥ്വിരാജിന്റെ സംവിധാനത്തിൽ ലൂസിഫർ തകർത്തോടി. ഈ ആത്മവിശ്വാസമാണ് മോഹൻലാലിനേയും ബറോസിലേക്ക് അടുപ്പിക്കുന്നത്. മമ്മൂട്ടിക്കും ഈ സിനിമയിൽ ചെറിയ റോളുണ്ടാകുമെന്നും റിപ്പോർട്ടുണ്ട്. ഡബ്ബിംഗിലും മറ്റും മമ്മൂട്ടിയുടെ സാന്നിധ്യം ഉറപ്പിക്കാനാണ് പദ്ധതി. മൈഡിയർ കുട്ടിച്ചാത്തൻ ഒരുക്കിയ ജിജോ നവോദയ ആണ് ബറോസിന്റെ തിരക്കഥാകൃത്തും ക്രിയേറ്റിവ് ഡയറക്ടറും. സന്തോഷ് ശിവൻ ഛായാഗ്രഹണവും സന്തോഷ് രാമൻ പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം.ബറോസിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ഒരു വർഷമായി പുരോഗമിക്കുകയാണ്. സെറ്റുകളുടെ നിർമ്മാണം പൂർത്തിയായി കഴിഞ്ഞു.

സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടൻ റാഫേൽ അമർഗോ എന്നിവർ പ്രധാന കഥാപാത്രമായി സിനിമയിലുണ്ടാകും. ബറോസ് എന്ന ഭൂതമായി നായക കഥാപാത്രമാകുന്നത് മോഹൻലാൽ ആണ്. വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേൽ അമർഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ. ദ ഹ്യൂമൻ കോൺ്ട്രാക്ട്, റാംബോ, സെക്സ് ആൻഡ് ലൂസിയ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് പാസ് വേഗ. ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ എന്നാണ് സിനിമയുടെ ടാഗ് ലൈൻ. മൈഡിയർ കുട്ടിച്ചാത്തൻ എന്ന വിസ്മയ സിനിമയ്ക്ക് ശേഷം ജിജോയുടെ രചനയിൽ പുറത്തുവരുന്ന സിനിമ കൂടിയാണ് ബറോസ്.

വാസ്‌കോ ഡ ഗാമയുടെ നിധികളുടെ സൂക്ഷിപ്പുകാരനെ കേന്ദ്രീകരിച്ചാണ് സിനിമ. മോഹൻലാലാണ് ബറോസ് എന്ന നിധിസൂക്ഷിപ്പുകാരനായി എത്തുന്നത്. വാസ്‌കോ ഡ ഗാമയുടെ പിൻഗാമിയെന്ന് അവകാശപ്പെട്ട് ഒരു കുട്ടി എത്തുന്നു. ബറോസും കുട്ടിയും തമ്മിലുള്ള ബന്ധമാണ് സിനിമയുടെ മുഖ്യ പ്രമേയം. ഗാമയുടെ കാലത്തെ കടൽ മാർഗമുള്ള വ്യാപാരം ഉൾപ്പെടെയുള്ള ചരിത്രവും സിനിമയിൽ ചർച്ചയാകും. ത്രീഡി ചിത്രമായാണ് ബറോസ് എത്തുക. ഇന്ത്യയ്ക്കും ആഫ്രിക്കയ്ക്കും പോർച്ചുഗീസിനും ഇടയിൽ നിലനിന്നിരുന്ന കടൽ മാർഗമുള്ള വ്യാപാരവും ബന്ധവും സിനിമയുടെ ഇതിവൃത്തമാകും. മോഹൻലാലിന്റെ സ്വപ്നപദ്ധതിയായാണ് ഇത്. ആരാധകർ ഏറെ ആവേശത്തോടെ ഏറ്റെടുത്ത വാർത്തയായിരുന്നു മോഹൻലാൽ സംവിധായകനാകുന്നു എന്നുള്ളത്. ഒന്നര വർഷം മുമ്പ് മോഹൻലാൽ തന്നെയാണ് ഫേസ്‌ബുക്ക് വിഡിയോയിലൂടെ ഇക്കാര്യം അറിയിച്ചത്.

വാനപ്രസ്ഥത്തിലെ കഥാപാത്രത്തെ കാണിച്ചാണ് മോഹൻലാൽ അന്ന് വീഡിയോ ആരംഭിച്ചത്. ഞാൻ മോഹൻലാൽ. കഴിഞ്ഞ നാൽപത് വർഷമായി ഇന്ത്യൻ സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടനാണ് ഞാൻ. 59 വയസുകാരനായ ഞാൻ ഇതിനകം മൂന്നുറ്റി നാൽപത് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇക്കാലയളവിൽ ആദ്യമായി ഞാൻ സംവിധാനത്തിലേക്ക് ചുവട് വെക്കാൻ തീരുമാനിച്ചിരിക്കുകയാണ്. എന്റെ സിനിമയുടെ പേര് ബറോസ് എന്നാണ്.

ഇത് കുട്ടികളെ ത്രസിപ്പിക്കുന്ന തരം ഫാന്റസി മൂവിയാണ്-ഇതായിരുന്നു മോഹൻലിന്റെ പ്രഖ്യാപനം. കോവിഡ് എത്തിയതോടെ പദ്ധതി നീണ്ടു പോകുകയും ചെയ്തു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ചിത്രീകരണം തുടങ്ങാനായിരുന്നു ആദ്യ പദ്ധതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP