Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മനോരോഗിയെന്ന് ആരോപിച്ച് അമ്പതുകാരനെ ചങ്ങലയിൽ കെട്ടിപ്പൂട്ടിയിട്ട് സഹോദരങ്ങളുടെ ക്രൂരത; കെട്ടിയിട്ട കാലുകളിലും കവിളിലുമെല്ലാം വ്രണങ്ങൾ നിറഞ്ഞ് അവശനിലയിൽ ജീവിതം; വീട്ടുവളപ്പിൽ ചങ്ങലയിൽ കെട്ടിയിട്ടത് വിഷപ്പാമ്പുകൾ വിലസുന്ന സർപ്പക്കാവിന് തൊട്ടടുത്ത്; ചോദിക്കാൻ ചെന്ന നാട്ടുകാരെ തെറിവിളിച്ച് ഓടിച്ച് ജയപ്പന്റെ കൂടപ്പിറപ്പുകൾ; 25 സെന്റ് സ്ഥലവും വീടും ഉണ്ടായിട്ടും ജയപ്പന്റെ ആരെയും കരയിക്കുന്ന ദുരിത ജീവിതം ഇങ്ങനെ

മനോരോഗിയെന്ന് ആരോപിച്ച് അമ്പതുകാരനെ ചങ്ങലയിൽ കെട്ടിപ്പൂട്ടിയിട്ട് സഹോദരങ്ങളുടെ ക്രൂരത; കെട്ടിയിട്ട കാലുകളിലും കവിളിലുമെല്ലാം വ്രണങ്ങൾ നിറഞ്ഞ് അവശനിലയിൽ ജീവിതം; വീട്ടുവളപ്പിൽ ചങ്ങലയിൽ കെട്ടിയിട്ടത് വിഷപ്പാമ്പുകൾ വിലസുന്ന സർപ്പക്കാവിന് തൊട്ടടുത്ത്; ചോദിക്കാൻ ചെന്ന നാട്ടുകാരെ തെറിവിളിച്ച് ഓടിച്ച് ജയപ്പന്റെ കൂടപ്പിറപ്പുകൾ; 25 സെന്റ് സ്ഥലവും വീടും ഉണ്ടായിട്ടും ജയപ്പന്റെ ആരെയും കരയിക്കുന്ന ദുരിത ജീവിതം ഇങ്ങനെ

എം മനോജ് കുമാർ

ആലപ്പുഴ: മനോരോഗിയെന്ന് ആരോപിച്ച് അമ്പതുകാരനെ വിഷപ്പാമ്പുകൾ വിലസുന്ന സർപ്പക്കാവിന് അടുത്ത് കാലിൽ ചങ്ങല കൊണ്ട് കെട്ടിപ്പൂട്ടിയിട്ട് സഹോദരങ്ങളുടെ ക്രൂരത. ചോദിക്കാൻ ചെന്ന നാട്ടുകാരെ തെറിവിളിച്ച് ഓടിച്ചതോടെ ഇപ്പോൾ മൂന്നുമാസമായി ആരും തിരിഞ്ഞുനോക്കാനില്ലാതെ കാലിൽ വ്രണങ്ങളുമായി കഴിയുകയാണ് ഒരു മനുഷ്യജീവൻ. ആലപ്പുഴയിലെ ആര്യാട് ഗ്രാമത്തിലാണ് കാണുന്ന ആരെയും ഞെട്ടിക്കുന്ന സംഭവം. മനോരോഗി എന്നാരോപിച്ച്് ജയപ്പൻ എന്ന ജയനെയാണ് സഹോദരങ്ങൾ ചങ്ങലയിൽ പൂട്ടിയിട്ടിരിക്കുന്നത്. ചങ്ങലകൊണ്ട് ബന്ധിക്കപ്പെട്ടതിനാൽ ജയന്റെ കാലിൽ നിറയെ വ്രണങ്ങളാണ്. ഈ വ്രണങ്ങൾ ശ്രദ്ധിക്കാതെയാണ് സഹോദരങ്ങൾ ചങ്ങലയുമായി ജയനെ വലിച്ച് നീക്കുന്നത്.

നോർത്ത് ആലപ്പുഴയിലെ ആര്യാട് ഗ്രാമത്തിലെ ഉള്ളു വിങ്ങുന്ന കാഴ്ചയാണ് ഇപ്പോൾ ജയൻ. മനോരോഗിയല്ലാത്ത ഇയാളെ മനോരോഗം ആരോപിച്ചാണ് സഹോദരങ്ങൾ ചങ്ങലയിൽ പൂട്ടിയതെന്നും ആരോപണമുണ്ട്. മനോരോഗിയുടെ ഒരു ലക്ഷണങ്ങളും ജയനെ പ്രകടിപ്പിക്കുന്നില്ല എന്നാണ് ജയനെ അറിയുന്നവർ പറയുന്നത്. സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി സഹോദരങ്ങൾ തന്നെ കൊല്ലാൻ ശ്രമിക്കുന്നതായും വന്നു കണ്ടവരോട് ഇയാൾ പറയുന്നുമുണ്ട്.

'എനിക്ക് ഒരു കേക്ക് വാങ്ങിത്തരൂ' എന്നാണ് അഭ്യർത്ഥന. തരാം എന്ന് പറഞ്ഞാൽ സന്തോഷം. 'ആര് പണം കൊടുക്കും' എന്നാണ് അടുത്ത ചോദ്യം. 'അത് ഞങ്ങൾ തന്നെ കൊടുക്കാം' എന്നുപറഞ്ഞാൽ സംശയം അകലും. കേക്ക് വാങ്ങി കൊടുത്താൽ, അല്ലെങ്കിൽ തനിക്ക് വിശ്വാസം വരുന്നവരോട് തന്റെ ദുരവസ്ഥ ജയൻ പറയുന്നത്. തന്നെ രക്ഷിക്കാനാണ് അഭ്യർത്ഥന. സഹോദരങ്ങൾ തന്നെ വധിക്കാൻ ശ്രമിക്കുന്ന കാര്യവും ഇടയ്ക്ക് പറയുന്നു. വീഡിയോയിൽ തന്നെ ജയന്റെ ദുരവസ്ഥ വ്യക്തമാണ്. സഹോദരങ്ങൾ ആണ് കെട്ടിയത് എന്നാണ് ജയൻ പറയുന്നത്. വേദനയുണ്ട് എന്നും മൂന്നുമാസമായി ചങ്ങലയിൽ ആണെന്നും' ജയൻ വീഡിയോയിൽ പറയുന്നുണ്ട്.

സഹോദരങ്ങൾ പുറത്തു പോവുമ്പോൾ കാടും പടലും നിറഞ്ഞ സർപ്പക്കാവിനു സമീപത്താണ് ഇയാളെ ചങ്ങലയിൽ കെട്ടിയിട്ടിട്ടുള്ളത്. പഴകിയ ഒരു പ്‌ളാസ്റ്റിക് കസേരയും കെട്ടിയിട്ടതിന് സമീപത്തായി ഇട്ടുകൊടുത്തിട്ടുണ്ട്. ഉഗ്ര വിഷമുള്ള പാമ്പുകൾ വിഹരിക്കുന്നത് സമീപത്താണ് ജയനെ കെട്ടിയിട്ടിട്ടുള്ളത്. ആ സ്ഥലത്ത് തന്നെയാണ് ജയപ്പനെ ഇരുത്താനായി കസേരയിട്ടിരിക്കുന്നത്. തെരുവ് നായകളുടെ ശല്യവുമുണ്ട് ഇവിടെ. പാമ്പു കടിക്കുമോ എന്ന ഭീതിയും ചുറ്റുമുള്ള നായകൾ കടിച്ചു കേറുമോ എന്ന ഭീതിയും ഇയാൾ തന്നെ കാണാൻ എത്തിയവരോട് പറയുന്നുമുണ്ട്. പക്ഷെ സഹോദരങ്ങൾ ഇയാളെ മനഃപൂർവം മരണത്തിനു വിട്ടുകൊടുക്കാൻ ശ്രമിക്കുകയാണ് എന്നാണ് നാട്ടുകാരുടെ ആരോപണം. ഇത് ചോദ്യം ചെയ്ത ആളുകളുടെ നേർക്ക് സഹോദരങ്ങൾ തെറിയഭിഷേകം നടത്തിയതോടെ ഈ വിഷയത്തിൽ ഇപ്പോൾ നാട്ടുകാരും ഇടപെടാതായി.

ജയന്റെ കാര്യം ചോദിക്കുന്ന എല്ലാവരോടും വീട്ടുകാർക്ക് ഒരേ മറുപടിയേയുള്ളൂ. ചങ്ങല ഒഴിവാക്കിയാൽ ജയൻ നാടുവിടും. അതിനാൽ ചങ്ങലയിൽ പൂട്ടുന്നു. ജയൻ പുറത്തുപോയി കാണാതായാൽ ആര് ജയനെ തിരിച്ചെത്തിക്കും എന്നാണ് വീട്ടുകാർ ചോദിക്കുന്നത്. പക്ഷെ വീട്ടുകാർ ഇത് വെറുതെ പറയുന്നതാണ് എന്നാണ് നാട്ടുകാർ പറയുന്നത്. അതിനു അവർ മുൻപുള്ള ജയന്റെ അവസ്ഥയും ചൂണ്ടിക്കാട്ടുന്നു.

ചങ്ങലയിടും മുൻപ് ജയൻ വീടുകൾ കയറിയിറങ്ങുകയും ഇഷ്ടമുള്ള ഭക്ഷണം വീടുകളിൽ നിന്ന് ചോദിച്ചു വാങ്ങി കഴിക്കുകയും ചെയ്യുമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. ഭീതിജനകമായ അവസ്ഥയിലാണ് ജയപ്പൻ ഇപ്പോൾ. കാലുകളിൽ വ്രണം. ജയപ്പന്റെ കവിളിലുമുണ്ട് ഒരു മുഴയും വ്രണവും. കാൻസർ ആണോ എന്ന സംശയവും നാട്ടുകാർ പ്രകടിപ്പിക്കുന്നു. ഈ വ്രണത്തിൽ നിന്ന് വേദന വരുമ്പോൾ വലിയ വായിൽ ജയൻ നിലവിളിക്കും. പക്ഷെ നിലവിളി നിലവിളി ആയി തന്നെ അവശേഷിക്കുകയല്ലാതെ ജയന് ഒരു ചികിത്സയും സഹോദരങ്ങൾ നൽകുന്നില്ല.

ചെറുപ്രായത്തിൽ സഹോദരന്റെ കയ്യിൽ നിന്ന് വീണ് പരിക്കേറ്റതിനാൽ അന്ന് മുതൽ ജയൻ പലവിധ രോഗങ്ങളുടെ പിടിയിലാണെന്ന് നാട്ടുകാർ പറയുന്നു. ഈ അസ്വസ്ഥതകൾ അലട്ടുന്നതിനാൽ ജയൻ വിവാഹം കഴിച്ചില്ല. ജയന്റെ കാര്യങ്ങൾ മുന്നിലുണ്ടായിരുന്നതിനാൽ ജയന്റെ മാതാപിതാക്കളായ പത്മനാഭപിള്ളയും രുഗ്മിണിയും 25 സെന്റ് സ്ഥലവും വീടും ജയന്റെ പേരിൽ എഴുതി വെച്ചിരുന്നു. ജയനെ പരിചരിക്കുന്ന ആൾക്കാണ് ഈ വീട് എന്നാണ് പറഞ്ഞിരുന്നത്.

അതുകൊണ്ട് തന്നെ ജയനെ പരിചരിക്കാൻ സഹോദരങ്ങൾ മുന്നിലുണ്ടായിരുന്നു. അതൊക്കെ പഴയ കഥ. ജയൻ ഇപ്പോൾ സഹോദരങ്ങൾക്ക് ഒരു ബാധ്യതയാണ്. വീടും സ്ഥലവും അങ്ങിനെ നിൽക്കുന്നുമുണ്ട്. അതുകൊണ്ട് ജയനെ അപായപ്പെടുത്തി വീടും സ്ഥലവും സ്വന്തമാക്കാനാണ് സഹോദരങ്ങളുടെ ശ്രമം എന്നാണ് ആക്ഷേപം ഉയരുന്നത്.

ഇപ്പോൾ മൂന്നുമാസമായി ചങ്ങലയിൽ തന്നെയാണ് എന്ന് ജയൻ തന്നെ പറയുന്നു. പുരോഗമനാശയങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിക്കാൻ വെമ്പൽ കൊള്ളുന്ന കേരളത്തിലാണ് ഇത്തരത്തിൽ ഒരാൾ ദുരിത ജീവിതം നയിക്കുന്നത്. പ്രദേശത്തെ ഒരു രാഷ്ട്രീയ നേതാവും ജയനെ സഹായിക്കാൻ ഓടിയെത്തിയിട്ടില്ല. ഒരു മനുഷ്യാവകാശ പ്രവർത്തകനും ജയന്റെ കാര്യം അറിഞ്ഞതായി സൂചനയുമില്ല. അതുകൊണ്ട് തന്നെ ജയൻ ഇപ്പോഴും ചങ്ങലയിൽ തുടരുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP