Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുറ്റാലം വെള്ളച്ചാട്ടത്തിന് സമീപമുള്ള കൊട്ടാരത്തിനും കെട്ടിടങ്ങൾക്കും മതിപ്പു വില 300 കോടിയിൽ അധികം; സ്വത്ത് കേരള സർക്കാരിന്റേതെന്ന് വിധി എഴുതിയത് തിരുനെൽവേലി ഡിആർഒ; അംഗീകരിക്കാതെ കേസ് കൊടുത്തത് തിരുവിതാംകൂർ രാജകുടുംബം; പിണറായി സർക്കാർ അറിയാൻ 'കുറ്റാലം' അട്ടിമറിക്കഥ

കുറ്റാലം വെള്ളച്ചാട്ടത്തിന് സമീപമുള്ള കൊട്ടാരത്തിനും കെട്ടിടങ്ങൾക്കും മതിപ്പു വില 300 കോടിയിൽ അധികം; സ്വത്ത് കേരള സർക്കാരിന്റേതെന്ന് വിധി എഴുതിയത് തിരുനെൽവേലി ഡിആർഒ; അംഗീകരിക്കാതെ കേസ് കൊടുത്തത് തിരുവിതാംകൂർ രാജകുടുംബം; പിണറായി സർക്കാർ അറിയാൻ 'കുറ്റാലം' അട്ടിമറിക്കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കുറ്റാലം കൊട്ടാരത്തിന് മേലുള്ള അവകാശം സംസ്ഥാന സർക്കാരിന് നഷ്ടമായേക്കും. തമിഴ്‌നാട്ടിലെ കുറ്റാലത്തുള്ള സ്ഥലം, കൊട്ടാരം, അനുബന്ധ കെട്ടിടങ്ങൾ എന്നിവയുടെ അവകാശി കേരളസർക്കാരാണെന്ന് തിരുനെൽവേലി ജില്ലാ റവന്യൂ ഓഫീസർ(ഡിആർഒ) ഉത്തരവിട്ടിരുന്നു. ഇതിനെതിരെ നടക്കുന്ന കേസിൽ കേരള സർക്കാർ അലംഭാവം തുടരുന്നതാണ് ഇതിന് കാരണം.

ിരുനെൽവേലി ജില്ലാ റവന്യൂ ഓഫീസർ ഉത്തരവിനെതിരെ പട്ടയപ്രശ്നം ഉന്നയിച്ച് തിരുവിതാംകൂർ കൊട്ടാരത്തിന്റെ പിന്തുടർച്ചാവകാശി വീണ്ടും കോടതിയിലെത്തിയതോടെയാണ് വിഷയം കോടതിക്ക് മുന്നിലെത്തിയത്. പട്ടയം കൈമാറ്റംചെയ്തത് ചോദ്യംചെയ്താണ് കൊട്ടാരം പ്രതിനിധി ചെന്നൈ ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ സമീപിച്ചത്. ചിത്തിര തിരുനാൾ മഹാരാജാവിന്റെ പേരിലായിരുന്ന പട്ടയം കൊട്ടാരം പ്രതിനിധികളറിയാതെ എങ്ങനെ സർക്കാരിലേക്കു മാറ്റിയെന്നതാണ് ഉന്നയിക്കുന്ന ചോദ്യം. ഈ കേസിൽ വേണ്ടത്ര ഇടപെടൽ സംസ്ഥാന സർക്കാർ നടത്തുന്നില്ലെന്നാണ് ഉയരുന്ന ആരോപണം.

കുറ്റാലം കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശത്തിൽ തർക്കമുന്നയിച്ച് തിരുവിതാംകൂർ രാജകുടുംബത്തിലെ അനന്തരാവകാശികൾ നേരത്തേ ചെന്നൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മധുര ബെഞ്ചിലുള്ള കേസ് പരിശോധിച്ച് തീർപ്പാക്കാൻ തിരുനെൽവേലി റവന്യൂ ഡിവിഷണൽ ഓഫീസറെ ചുമതലപ്പെടുത്തുകയും സംസ്ഥാനത്തിന് അനുകൂലമായ ഉത്തരവുണ്ടാവുകയും ചെയ്തു. ഈ ഉത്തരവുപ്രകാരം, വർഷങ്ങളായി കൈവശമുള്ള 56.68 ഏക്കർ സ്ഥലം, കൊട്ടാരം, മറ്റു കെട്ടിടങ്ങൾ എന്നിവയിൽ കേരളത്തിനല്ലാതെ മറ്റാർക്കും അവകാശമില്ല. ഇതിനെതിരെയാണ് വീണ്ടും കേസ് കൊടുത്തത്. എന്നാൽ ഈ കേസിൽ സംസ്ഥാന സർക്കാർ വേണ്ടത്ര ഉത്സാഹം കാണിക്കുന്നില്ല.

അതിനിടെ കൊട്ടാരം മറിച്ചു വിൽക്കാനും ചില ശ്രമങ്ങളുണ്ട്. അറുപത് കോടി രൂപയ്ക്ക് കൊട്ടാര വിൽപ്പന ഉറപ്പിച്ചെന്നാണ് സൂചന. ഇതു സംബന്ധിച്ച് അഡ്വാൻസും ചിലർ വാങ്ങി. ഇങ്ങനെ കൊട്ടാരം വാങ്ങാൻ ശ്രമിക്കുന്ന ആളാണ് ഇപ്പോൾ മധുര കോടതിയിൽ കേസു നടത്താൻ മുന്നിലുള്ളത്. ഇതോടെയാണ് സംസ്ഥാന സർക്കാരിന്റെ അഭിഭാഷകർ കേസിൽ സജീവമാകാത്തതെന്നാണ് ഉയരുന്ന ആരോപണം. കേസ് പരിഗണിക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ വാദങ്ങൾ അവതരിപ്പിച്ചില്ലെങ്കിൽ കേസിൽ കേരളത്തിന് എതിരായ വിധി വരും. അങ്ങനെ വന്നാൽ സ്വകാര്യ വ്യക്തിക്ക് കൊട്ടാരം വിൽക്കാനും കഴിയും. ഇതിനുള്ള കള്ളക്കളികളാണ് ഇപ്പോൾ നടക്കുന്നതെന്നാണ് സൂചന. ഇതിനെതിരെ പ്രതിഷേധം വ്യാപകമാണ്.

പതിറ്റാണ്ടുകളായി സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ കൈവശമായിരുന്ന കൊട്ടാരവും സ്ഥലവും സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്നയാൾ കൈവശപ്പെടുത്താൻ ശ്രമം തുടങ്ങിയതോടെയാണ് അവകാശത്തർക്കം തുടങ്ങിയത്. കൊട്ടാരം സ്വന്തമാക്കാനുള്ള നീക്കം സർക്കാർ ഇടപെട്ട് തകർക്കുകയും സൂപ്രണ്ടിനെ പുറത്താക്കുകയും ചെയ്തിരുന്നു. ഉദ്യോഗസ്ഥ അനാസ്ഥയാണ് ഭൂമിയും കൊട്ടാരവും നഷ്ടമാകുമെന്ന അവസ്ഥയിലെത്തിച്ചത്. ഇതിനെതിരേ മന്ത്രി ജി. സുധാകരന്റെ നേതൃത്വത്തിൽ ശക്തമായ ചെറുത്തുനിൽപ്പാണുണ്ടായത്. റവന്യൂവകുപ്പും ഇടപെട്ടു. ഇതോടെണ് കാര്യങ്ങൾ കേരളത്തിന് അനുകുലമായത്. ഇതിന് പിന്നാലെയാണ് വീണ്ടും മധുര ബഞ്ചിൽ കേസെത്തിയത്. ഇവിടെ കേസ് മനപ്പൂർവ്വം തോറ്റുകൊടുക്കാൻ ഒത്തുകളി നടക്കുന്നുവെന്നാണ് ഉയരുന്ന ആരോപണം.

നേരത്തേ കൊട്ടാരത്തിലെ ഉദ്യോഗസ്ഥരുടെ പേരിലാണ് കരം അടച്ചിരുന്നത്. ഇപ്പോൾ പൊതുമരാമത്ത് വകുപ്പാണ് കരം അടയ്ക്കുന്നത്. ഇതിനിടെയാണ് വീണ്ടും 'അവകാശത്തർക്കം' കോടതി കയറുന്നത്. തീർത്തും കേരള സർക്കാരിന് മാത്രം അവകാശപ്പെട്ടതാണ് കൊട്ടരമെന്ന് തിരുനെൽവേലി റവന്യൂ ഡിവിഷണൽ ഓഫീസർ രേഖകൾ പരിശോധിച്ച് കണ്ടെത്തിയ വസ്തുവാണ് ഇത്. ശതകോടികളുടെ മതിപ്പ് വില വരുന്ന ഭൂമിയാണ്. ഇതാണ് തിരുവിതാംകൂർ രാജകുടുംബത്തിലെ ചിലർ മറിച്ചു വിൽക്കാൻ ശ്രമിക്കുന്നത്. ഇതിന് സർക്കാരും ഒത്താശ ചെയ്യുന്നതെന്നാണ് ഉയരുന്ന വാദം. കവടിയാർ കൊട്ടാരത്തിനോട് ചേർന്ന ഭൂമി ബിലീവേഴ്‌സ് ചർച്ചിന് വിറ്റത് ഏറെ ചർ്ച്ചയായിരുന്നു. ആദായ നികുതി വകുപ്പ് ഈ ഇടപാട് പരിശോധിക്കുകയാണ്. ഇതിനിടെയാണ് കുറ്റാലത്തിലെ പ്രശ്‌നങ്ങളും ചർച്ചയാകുന്നത്.

300 കോടി രൂപ വിലവരുന്നതാണ് കുറ്റാലം കൊട്ടാരം. ഇത് വ്യാജരേഖ ചമച്ച് കൈവശപ്പെടുത്തിയ 'പാലസ് സൂപ്രണ്ട് ' പ്രഭു ദാമോദരനെ പുറത്താക്കിയതിനു പിന്നാലെ 'പാലസ് സൂപ്രണ്ട് ' എന്ന തസ്തികയും നിറുത്തലാക്കി. കൊട്ടാരത്തിന്റെയും ഭൂമിയുടെയും അനുബന്ധ കെട്ടിടങ്ങളുടെയും ഉടമസ്ഥാവകാശം കേരളത്തിനാണെന്ന് തിരുനെൽവേലി റവന്യൂ ഡിവിഷണൽ ഓഫീസറുടെ ഉത്തരവുണ്ടായതിനു പിന്നാലെയാണ് കൊട്ടാരം തിരിച്ചുപിടിക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടി തുടങ്ങിയത്. ഇത് അട്ടിമറിക്കുന്ന നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. 1979 ഓഗസ്റ്റ് വരെ സൂപ്രണ്ടായിരുന്ന തമിഴ്‌നാട്ടുകാരനായ ദാമോദരതേവരുടെ മകൻ വേലായുധത്തിന്റെ സഹോദരപുത്രനാണ് പ്രഭു. 2007വരെ കൊട്ടാരത്തിന്റെ ചുമതലക്കാരനായിരുന്നു വേലായുധം. തുടർന്ന് താത്കാലിക ജീവനക്കാരനായി പ്രഭു എത്തി. എന്നാൽ,? സ്ഥിരംജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ അന്നേ നേടിയെടുത്തിരുന്നു. പ്രഭുവിനെ 2009ൽ ചട്ടവിരുദ്ധമായി കൊട്ടാരം സൂപ്രണ്ടാക്കി. 2015ൽ സർവീസിൽ സ്ഥിരപ്പെടുത്തുകയും ചെയ്തു. പിന്നീടാണ് കൊട്ടാരം തട്ടിയെടുക്കാനുള്ള നീക്കം നടന്നത്.

കുറ്റാലം വെള്ളച്ചാട്ടത്തിന് സമീപം ചെങ്കോട്ട റോഡിന്റെ ഇരുവശങ്ങളിലുമായാണ് കൊട്ടാരവും അനുബന്ധകെട്ടിടങ്ങളും സ്ഥതിചെയ്യുന്നത്. കൊട്ടാരത്തിന് പുറമെ പാലസ് അനക്സ്, ട്വിൻ ടെപ്പ് കെട്ടിടം, അമ്മ വക നാലുകെട്ട്, കൂലി ലൈൻ കെട്ടിടം, സ്‌കോർപിയോൺ ഹാൾ, സെക്രട്ടറി ക്വാർട്ടേഴ്സ്, സൂപ്രണ്ട് ക്വാർട്ടേഴ്സ്, കോട്ടേജ് (1, 2, 3) എന്നീ 11 കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. പുനലൂർ പൊതുമരാമത്ത് ഡിവിഷന്റെ കീഴിലാണ് കൊട്ടാരത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നടക്കുന്നത്. നാഥനില്ലാകളരിയായ കൊട്ടാരവും പരിസരവും സാമൂഹ്യ വിരുദ്ധരുടെ വിഹാര രംഗമായി മാറിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP