Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലും സഖാക്കളെ തിരുകി കയറ്റൽ! എൺപതോളം അനധികൃത നിയമനങ്ങൾ സ്ഥിരപ്പെടുത്താൻ നീക്കം; ഇഷ്ടക്കാർക്ക് ജോലി ഉറപ്പിക്കുന്ന സർക്കാർ നീക്കം നടക്കുന്നത് പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ നിയമന പ്രതീക്ഷയോടെ കാത്തിരിക്കുമ്പോൾ; ഭരണം തീരാറായപ്പോൾ പാർട്ടി ബന്ധുക്കൾക്കായി കടുംവെട്ടുമായി പിണറായി സർക്കാർ

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലും സഖാക്കളെ തിരുകി കയറ്റൽ! എൺപതോളം അനധികൃത നിയമനങ്ങൾ സ്ഥിരപ്പെടുത്താൻ നീക്കം;  ഇഷ്ടക്കാർക്ക് ജോലി ഉറപ്പിക്കുന്ന സർക്കാർ നീക്കം നടക്കുന്നത് പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ നിയമന പ്രതീക്ഷയോടെ കാത്തിരിക്കുമ്പോൾ; ഭരണം തീരാറായപ്പോൾ പാർട്ടി ബന്ധുക്കൾക്കായി കടുംവെട്ടുമായി പിണറായി സർക്കാർ

എം മനോജ് കുമാർ

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ കാലാവധി തീരാനിരിക്കെ അനധികൃത നിയമനങ്ങൾ തകൃതിയായി നടക്കുന്നു. പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കോൾ കേരളയിൽ പാർട്ടി ബന്ധുക്കളായ 65 പേരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചതിന് പിറകെ കേരളാ ഭാഷാ ഇൻസ്റ്റിട്ട്യുട്ടിലും പിൻവാതിൽ നിയമനത്തിനു നീക്കം നടക്കുന്നു. സ്‌കോൾ കേരളയിൽ പാർട്ടി ബന്ധുക്കളായ 65 പേരെ സ്ഥിരപ്പെടുത്താനാണ് തീരുമാനിച്ചതെങ്കിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ എൺപതോളം പേരെ സ്ഥിരപ്പെടുത്താനാണ് നീക്കം നടക്കുന്നത്.

പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ആയിരക്കണക്കിന് പേർ നിയമന പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴാണ് പാർട്ടി ബന്ധുക്കളെ പിൻവാതിൽ നിയമനം വഴി സർക്കാർ വകുപ്പുകളിൽ എടുക്കുകയും സ്ഥിരപ്പെടുത്തുകയും ചെയ്യുന്നത്. സ്‌കോൾ കേരളയിലെ അനധികൃത നിയമനങ്ങളുടെ കാര്യത്തിൽ ഹൈക്കോടതിയിൽ നിന്നും സർക്കാരിനു തിരിച്ചടി നേരിട്ടുണ്ട്. നിയമനം താത്ക്കാലത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. അതൊന്നും കൂസാതെയാണ് സ്‌കോൾ കേരള രീതിയിൽ പാർട്ടി ബന്ധുക്കളെ ഭാഷാ ഇൻസ്റ്റിട്ട്യുട്ടിൽ പിൻവാതിൽ നിയമനം നടത്താനുള്ള ധൃതിപിടിച്ച നീക്കം നടക്കുന്നത്. ചൊവാഴ്ച കൂടുന്ന മുഖ്യമന്ത്രി ഉൾപ്പെട്ട ഗവേണിങ് ബോഡിയാണ് ഇവരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം എടുക്കുന്നത്. ഗവേണിങ് ബോഡി ഇത്രയും ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്ന് പറഞ്ഞു സർക്കാരിലേക്ക് കത്ത് നൽകും. അതിനു ശേഷം ഈ ജീവനക്കാരെ സർവീസിൽ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവുമിറങ്ങും. കൊറോണ കാരണം സൂം മീറ്റിങ് വിളിച്ചാണ് സ്ഥിരപ്പെടുത്തൽ നടക്കുന്നത്.

പിണറായി സർക്കാർ കയറിയ ശേഷം ഭാഷാ ഇൻസ്റ്റിട്ട്യുട്ടിൽ എടുത്ത പാർട്ടി ബന്ധുക്കളായ ജീവനക്കാരെ മുഴുവൻ സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. പ്രൊഫസർ വി.കാർത്തികേയൻ നായരാണ് ഭാഷാ ഇൻസ്റ്റിട്ട്യുട്ട് ഡയരക്ടർ. ഇത് ഒരു രാഷ്ട്രീയ നിയമനമാണ്. ഡയരക്ടർ തന്നെയാണ് പാർട്ടിക്കൂറ് മൂത്ത് പാർട്ടി ബന്ധുക്കളെ സ്ഥിരപ്പെടുത്താനുള്ള ഒത്താശയുമായി കരുനീക്കം നടത്തുന്നത്. ഇദ്ദേഹം മുൻപ് വിഎച്ച്എസ് സി ഡയരക്ടറായിരുന്നു. ഇദ്ദേഹം വിരമിച്ച ശേഷമാണ് ഡയരക്ടർ ആയി നിയമനം നടത്തിയത്.

പത്ത് വർഷം മിനിമം സർവീസിൽ ജോലി ചെയ്തിരിക്കണം എന്ന ചട്ടം പോലും കാറ്റിൽപ്പറത്തിയാണ് അനധികൃത നിയമനങ്ങൾ സ്ഥിരപ്പെടുത്തുന്നത്. ഇവരെല്ലാം തന്നെ സിപിഎം പ്രവർത്തനങ്ങളിൽ സജീവമായ പ്രവർത്തകരാണ്. ഭാഷാ ഇൻസ്റ്റിട്ട്യുട്ടിൽ ജോലിക്കെടുത്ത ജീവനക്കാർക്ക് യോഗ്യതയില്ലെന്നും ഇവർ ഹാജരാക്കിയ എക്‌സിപീരിയൻസ് സർട്ടിഫിക്കറ്റ് വ്യാജമാണെന്നുമുള്ള ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ട് നിലവിലുണ്ട്. ഇതെല്ലാം സൗകര്യപൂർവ്വം മറന്നാണ് സ്ഥിരപ്പെടുത്തൽ നീക്കം നടത്തുന്നത്. സ്ഥിരപ്പെടുത്തുന്നവരിൽ പലരും ഭാഷാ ഇൻസ്റ്റിട്ട്യുട്ടിൽ വന്നു ഒപ്പിട്ടു പാർട്ടി പ്രവർത്തനത്തിനു പോകുന്ന ജീവനക്കാരാണ് എന്ന ആക്ഷേപം മുൻപു തന്നെ ഉയർന്നിട്ടുമുണ്ട്. ഇവരെ തന്നെയാണ് സർവീസിൽ സ്ഥിരപ്പെടുത്താൻ നീക്കം നടത്തുന്നത്.

ഭാഷാ ഇൻസ്റ്റിട്ട്യുട്ടിൽ ദിവസ വേതനക്കാർ 31 പേരുണ്ട്. കോൺട്രാക്റ്റ് ജീവനക്കാർ ഇരുപത് പേരുണ്ട്. ഇതു തന്നെ അൻപത്തിയൊന്നു പേരായി. നേരത്തെ തന്നെ ഇവിടെ ജോലി ചെയ്യുന്ന സ്ഥിരപ്പെടാത്ത ജീവനക്കാരുമുണ്ട്. ഒറ്റയടിക്ക് ഈ എൺപതോളം പേരെയും സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. ഈ സർക്കാർ വന്ന ശേഷം തിരുകി കയറ്റിയ സിപിഎമ്മിന്റെ സജീവ പ്രവർത്തകരെ സ്ഥിരപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യം. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ കരാർ ജീവനക്കാരുമുണ്ട് പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം തിരുകി കയറ്റിയ പാർട്ടി പ്രവർത്തകരായ താത്കാലിക ജീവനക്കാരുമുണ്ട്. ഇവരെയെല്ലാം ഒറ്റയടിക്ക് സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്.

അതേസമയം സ്‌കോൾ കേരളയിൽ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. ഡിവൈഎഫ്ഐ നേതാക്കളുടെ ബന്ധുക്കളടക്കമുള്ളവരെ സ്ഥിരപ്പെടുത്താൻ നീക്കമുണ്ടെന്നാരോപിച്ച് തൊടുപുഴ സ്വദേശി എം.ബി. താജു ഉൾപ്പെടെ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഇതുവരെ ആരെയെങ്കിലും സ്ഥിരപ്പെടുത്തിയിട്ടുണ്ടെങ്കിൽ വിശദീകരണം നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥിരപ്പെടുത്തിയിട്ടില്ലെങ്കിൽ ഹർജിയിലെ തുടർനടപടികൾക്കു വിധേയമായിരിക്കും. 55 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് നീക്കമെന്ന് ഹർജിയിൽ പറയുന്നു. ഈ ഹർജി ഒക്ടോബർ 21ന് വീണ്ടും പരിഗണിക്കും.

സ്‌കോൾ കേരളയിൽ സ്ഥിരപ്പെടുത്താൻ പോവുന്ന 65 പേരിൽ 29 പേർ അപേക്ഷിക്കുകയോ ഇന്റർവ്യൂവിൽ പങ്കെടുക്കുകയോ ചെയ്തവരല്ല. ഒരു മാനദണ്ഡവും പാലിക്കാതെ കടന്നുവന്നവരെ സ്ഥിരപ്പെടുത്താനാണ് സർക്കാർ നീക്കം നടത്തിയത്. എല്ലാവരും പാർട്ടി ബന്ധുക്കൾ ആയതിനാലാണ് നിയമന കാര്യത്തിൽ സർക്കാർ കടുംപിടുത്തം നടത്തിയത്. ഈ നീക്കതിനാണ് ഹൈക്കോടതി മൂക്കുകയർ ഇട്ടത്. കാലവധി തീർന്ന് പടിയിറങ്ങും മുമ്പ് സ്വന്തക്കാർക്കെല്ലാം സ്ഥിര സർക്കാർ ജോലി ഉറപ്പാക്കാൻ ഉറച്ചാണ് സർക്കാർ നീങ്ങുന്നത്.

ബോർഡുകളിലും കോർപറേഷനുകളിലും സഹകരണ സ്ഥാപനങ്ങളിലും കരാർ വ്യവസ്ഥയിലും ഇടത് ഭരണസമിതികൾ നിയമിച്ചവരെ സ്ഥിരപ്പെടുത്താൻ നീക്കം നടക്കുന്നുണ്ട്. അതത് വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിലാണ് ഇതിനുള്ള നീക്കങ്ങൾ നടക്കുന്നത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ വരുന്നതിനാൽ രണ്ട് മാസത്തിനുള്ളിൽ പരമാവധി താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താനാണു ശ്രമം. നിയമനം പിഎസ്‌സിക്കു വിടാത്ത സ്ഥാപനങ്ങളിലെ താൽക്കാലികക്കാരെയും സ്ഥിരപ്പെടുത്തുന്നുണ്ട്.

സിഡിറ്റ്, സി ആപ്റ്റ്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, സാക്ഷരത മിഷൻ, സ്‌കോൾ കേരള എന്നിവിടങ്ങളിലെ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ശുപാർശ ബന്ധപ്പെട്ട സ്ഥാപനങ്ങൾ സർക്കാരിനു നൽകിയിട്ടുണ്ട്. സെന്റർ ഫോർ കണ്ടിന്യുയിങ് എജ്യുക്കേഷനിൽ 10 വർഷമായി ജോലി ചെയ്യുന്ന 16 ജീവനക്കാരെ സ്ഥിരപ്പെടുത്താൻ മന്ത്രി ചെയർമാനായ സമിതി സർക്കാരിനോടു ശുപാർശ ചെയ്തു. തിരുവനന്തപുരം കോർപറേഷനിൽ താൽക്കാലികക്കാരായ 135 പേരെ സ്ഥിരപ്പെടുത്തണമെന്ന നിർദ്ദേശത്തിനെതിരെ പ്രതിപക്ഷം രംഗത്തുണ്ട്. വൈദ്യുതി ബോർഡിൽ താഴ്ന്ന തസ്തികകളിൽ കുടുംബശ്രീ വഴി കരാർ നിയമനം നടത്തുന്നതും ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്. സപ്ലൈകോയിൽ അസിസ്റ്റന്റ് സെയിൽസ്മാന്മാരെ സ്ഥിരപ്പെടുത്താൻ നീക്കം നടക്കുന്നു. വ്യവസായ വകുപ്പിനു കീഴിൽ കോഴിക്കോട്ടെ കേരള സോപ്‌സ് യൂണിറ്റിൽ സഹായികളെ നേരിട്ടു നിയമിക്കാനാണു നിർദ്ദേശം

സർവശിക്ഷാ കേരളം, സ്പാർക്, സിവിൽ സപ്ലൈസ്, ബവ്‌കോ, കൺസ്യുമർ ഫെഡ് എന്നിവിടങ്ങളിൽ ഒട്ടേറെ കരാർ, ദിവസ വേതനക്കാരുണ്ട്. കിഫ്ബിയിൽ 125 പേരെ കരാർ വ്യവസ്ഥയിൽ നിയമിച്ചു. ടൂറിസം വകുപ്പിൽ സഹായികളെ നിയമിച്ചശേഷം മന്ത്രിമാരുടെ ഓഫിസ് വാഹനങ്ങളുടെ ഡ്രൈവർമാരാക്കുകയാണ്. കിലയിൽ ക്ലാർക്കിനെയും സ്റ്റെനോയെയും സ്ഥിരപ്പെടുത്തിയിരുന്നു. ടൈപ്പിസ്റ്റിനെ സ്ഥിരപ്പെടുത്താനുള്ള ഫയൽ മന്ത്രിയുടെ ഓഫിസിലാണ്. ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിൽ സ്ഥിരപ്പെടുത്തേണ്ട ഇരുനൂറ്റിയൻപതോളം പേരുടെ പട്ടിക തിരക്കിട്ടു തയാറാക്കുകയാണ്. മുഖ്യമന്ത്രിയുടെ ഫേസ്‌ബുക് കൈകാര്യം ചെയ്യുന്നവരെ, സിഡിറ്റിൽ സ്ഥിരപ്പെടുത്തുന്ന മറ്റുള്ളവർക്കൊപ്പം ചേർക്കാനാണു ശ്രമം. യുവജനക്ഷേമ ബോർഡിൽ 36 പേരെയാണു സ്ഥിരപ്പെടുത്തുന്നത്. കശുവണ്ടി തൊഴിലാളി ക്ഷേമനിധിയിൽ 11 പേരെ സ്ഥിരപ്പെടുത്തിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഭാഷാ ഇൻസ്റ്റിട്ട്യുട്ടിലെ അനധികൃത നിയമനങ്ങൾ കൂടി പുറത്ത് വരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP