Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എട്ടു വർഷം നീണ്ട പ്രണയം വിവാഹമായത് കഴിഞ്ഞ വർഷം; സുഖ പ്രസവം കാത്തിരുന്ന ബന്ധുക്കളെ ഞെട്ടിച്ച് കാർഡിയാക് അറസ്റ്റ്; ആദിത്യനെ കാണാനോ ലാളിക്കാനോ കഴിയാതെ ഇരുപത്തിയാറുകാരി കിടന്നത് എട്ടു മാസത്തോളം; ശരണ്യയുടെ മരണം ഗോവിന്ദൻസ് ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്നെന്നു ബന്ധുക്കൾ; നിഷേധിച്ച് ആശുപത്രി അധികൃതരും; പരാതിയിൽ കേസ് എടുത്ത് പൊലീസും

എട്ടു വർഷം നീണ്ട പ്രണയം വിവാഹമായത് കഴിഞ്ഞ വർഷം; സുഖ പ്രസവം കാത്തിരുന്ന ബന്ധുക്കളെ ഞെട്ടിച്ച് കാർഡിയാക് അറസ്റ്റ്; ആദിത്യനെ കാണാനോ ലാളിക്കാനോ കഴിയാതെ ഇരുപത്തിയാറുകാരി കിടന്നത് എട്ടു മാസത്തോളം; ശരണ്യയുടെ മരണം ഗോവിന്ദൻസ് ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്നെന്നു ബന്ധുക്കൾ; നിഷേധിച്ച് ആശുപത്രി അധികൃതരും; പരാതിയിൽ കേസ് എടുത്ത് പൊലീസും

എം മനോജ് കുമാർ

തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയയ്ക്ക് ഇടയിൽ ഇരുപത്തിയാറു വയസുള്ള ശരണ്യയ്ക്ക് എന്ത് സംഭവിച്ചു? ജനുവരി 14 നു ഡോക്ടർ ഗോവിന്ദൻസ് ആശുപത്രിയിൽ നടത്തിയ സിസേറിയനെ തുടർന്ന് ജീവച്ഛവമായാണ് ശരണ്യ പുറത്ത് എത്തിയത്. സ്ഥിതി വഷളായപ്പോൾ ശരണ്യയെ എസ്എടി ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ശരണ്യ ഒരിക്കൽ പോലും കണ്ണ് തുറന്നില്ല. എട്ടുമാസത്തോളം അബോധാവസ്തയിൽ തുടർന്ന ശരണ്യ കഴിഞ്ഞ മാസം ഇരുപത്തിയെഴിനു പിആർഎസ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. എസ്എടി ആശുപത്രിയിലെ ചികിത്സയോ, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തുടർ ചികിത്സയോ ഒന്നും ശരണ്യയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ട് വരാൻ പര്യാപ്തമായില്ല.

ആറ്റുനോറ്റിരുന്നു ജനിച്ച ആദിത്യനെ ഒരിക്കൽ പോലും കാണാനോ ഒന്ന് തലോടാനോ കഴിയാതെയാണ് പ്രസവത്തിനു ശേഷം എട്ടു മാസങ്ങൾക്ക് ശേഷം ശരണ്യ എന്നെന്നെക്കുമായി കണ്ണടച്ചത്. എട്ടു വർഷം നീണ്ട പ്രണയത്തിനു ശേഷമാണ് സ്വകാര്യ ഫിനാൻസിങ് കമ്പനിയിലെ ജീവനക്കാരനായ അനീഷ് എസ് കെ ആശുപത്രിയിലെ ഫാർമസിസ്റ്റ് ആയിരുന്ന ശരണ്യയെ വിവാഹം കഴിക്കുന്നത്. ഒരു വർഷം മാത്രം നീണ്ട ദാമ്പത്യ ജീവിതത്തിനാണ് ഗോവിന്ദൻസ് ആശുപത്രിയിൽ നടത്തിയ പ്രസവ ശസ്ത്രക്രിയ അവസാനമിട്ടത്. ശസ്ത്രക്രിയയിൽ വന്ന പിഴവാണ് ശരണ്യയെ ജീവച്ഛവമാക്കിയതെന്നു ബന്ധുക്കൾ ആരോപിക്കുമ്പോൾ അപൂർവമായി പ്രസവത്തിനു ശേഷം വരുന്ന കാർഡിയാക് അറസ്റ്റ് ആണ് ശരണ്യയുടെ ജീവനെടുക്കാൻ കാരണമായതെന്നാണ് ഡോക്ടർ ഗോവിന്ദൻസ് ആശുപത്രിയുടെ വാദം. ശരണ്യയുടെ മരണ ശേഷം ഭർത്താവായ അനീഷ് നൽകിയ പരാതിയെ തുടർന്ന് നേമം പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഗോവിന്ദൻസ് ആശുപത്രിയിലെ ചികിത്സാ പിഴവാണ് ശരണ്യയെ ജീവനെടുത്തത് എന്ന വാദത്തിലാണ് ബന്ധുക്കൾ ഉറച്ച് നിൽക്കുന്നത്. പ്രസവത്തിനു പ്രശസ്തമായ ആശുപത്രിയാണ് ഡോക്ടർ ഗോവിന്ദൻസ് ആശുപത്രി. ശരണ്യയുടെ ചേച്ചിയുടെ രണ്ടു പ്രസവവും ഗോവിന്ദൻസ് ആശുപത്രിയിലാണ് നടന്നത്. അതുകൊണ്ട് തന്നെയാണ് ശരണ്യയുടെ പ്രസവവും അവിടെ മതി എന്ന് ശരണ്യയുടെ വീട്ടുകാർ തീരുമാനിച്ചത്. തിരുവനന്തപുരം എസ്‌കെ ആശുപത്രിയിൽ ഫാർമസിസ്റ്റ് ആയിരുന്നു ശരണ്യ. കഴിഞ്ഞ വർഷം മാർച്ചിലാണ് അനീഷിന്റെയും ശരണ്യയുടെയും വിവാഹം നടക്കുന്നത്. കോളേജിൽ പഠിക്കുമ്പോൾ തുടങ്ങിയ പ്രണയമാണ് വിവാഹത്തിലെത്തിയത്.

ഹിന്ദു വിഭാഗത്തിലെ വ്യത്യസ്ത ജാതികൾ ആയിട്ട് കൂടി ഇരുവീട്ടുകാരും വിവാഹത്തിനു സമ്മതം മൂളുകയായിരുന്നു. എട്ടു വർഷം നീണ്ട പ്രണയത്തിനാണ് മാർച്ചിൽ സാഫല്യമായത്. ഒരു വർഷം നീണ്ട വിവാഹ ജീവിതത്തിനാണ് ആദ്യ പ്രസവത്തിൽ തന്നെ വിരാമമായത്. ഗർഭിണിയായപ്പോൾ പ്രസവത്തിനു വീട്ടുകാർ തിരഞ്ഞെടുത്തത് ഗോവിന്ദൻസ് ആശുപത്രിയെയാണ്. പൂർണഗർഭിണിയായപ്പോൾ ജനുവരി പന്ത്രണ്ടിനാണ് ശരണ്യയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പതിമൂന്നിനു സ്‌കാനിങ് നടത്തി. അതിൽ കുഴപ്പമൊന്നും കണ്ടിരുന്നില്ല. പതിനാലിന് അതിരാവിലെ ലേബർ റൂമിലേക്ക് കയറ്റി. ഉച്ചയായിട്ടും പെയിൻ വരാത്തതിനെ തുടർന്നാണ് സിസേറിയൻ നടത്താൻ തീരുമാനിച്ചത്.

പതിനാലിന് ഉച്ചയ്ക്ക് നടന്ന സർജറിയിൽ എന്തോ സംഭവിച്ചു. പ്രതീക്ഷയോടെ ലേബർ റൂമിലേക്ക് കയറിയ ശരണ്യ ജീവച്ഛവമായാണ് തിരികെ എത്തിയത്. ബന്ധുക്കൾ ബഹളം വെച്ചതിനെ തുടർന്ന് അപ്പോൾ തന്നെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവിതത്തിലേക്ക് ശരണ്യയെ തിരികെ കൊണ്ടുവരാൻ കഴിഞ്ഞില്ല. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചേങ്കിലും ഒരു മാറ്റവും കണ്ടില്ല. തനിക്ക് പിറന്ന കുട്ടിയെ ഒരു നോക്കി കാണാനോ താലോലിക്കാനോ കഴിയാതെയാണ് മാസങ്ങൾ തന്നെ ശരണ്യ അബോധാവസ്ഥയിൽ തുടർന്നത്. മെഡിക്കൽ കോളേജിൽ നിന്നും മടക്കിയപ്പോൾ ശ്രീരാമകൃഷ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ചേങ്കിലും ശരണ്യയുടെ ജീവൻ രക്ഷിക്കാനോ ഓർമ്മ തിരികെ കൊണ്ടുവരാനോ കഴിഞ്ഞില്ല. ഒടുവിൽ ഒരു ഹോം നഴ്‌സിനെ നിർത്തി മാസങ്ങൾ തന്നെ ശരണ്യയുടെ വീട്ടുകാർ ശരണ്യയെ പരിപാലിച്ചു. ഒടുവിൽ പിആർഎസ് ആശുപത്രിയിൽ വച്ചാണ് ശരണ്യ കണ്ണടയ്ക്കുന്നത്. തുടർന്ന് ചികിത്സാ പിഴവ് ഉന്നയിച്ച് നേമം പൊലീസിൽ അനീഷ് പരാതി നൽകുകയായിരുന്നു. ഈ പരാതിയിൽ അന്വേഷണം നടക്കുകയാണ്.

ഗോവിന്ദൻസ് ആശുപത്രിയിൽ നടത്തിയ സർജറിയിൽ സംഭവിച്ച പിഴവാണ് ശരണ്യയുടെ മരണത്തിനു കാരണമെന്നാണ് ഭർത്താവ് അനീഷ് മറുനാടനോട് പറഞ്ഞത്. അമ്മയാകാൻ പോകുന്നതിന്റെ ആഹ്‌ളാദത്തിലായിരുന്നു ശരണ്യ. പ്രസവത്തിനു പോകുമ്പോൾ ഒരു കുഴപ്പവുമില്ലാതെ പോയതാണ്. പക്ഷെ മടങ്ങി വന്നത് ബോധം നശിച്ച നിലയിലും. സിസേറിയന്നിടെ നഷ്ടമായ ബോധം ശരണ്യയ്ക്ക് ഒരിക്കലും തിരികെ ലഭിച്ചില്ല. മാസങ്ങൾ തന്നെ ബോധമില്ലാതെ കിടന്നു ആറ്റു നോറ്റിരുന്നു ലഭിച്ച കുട്ടിയെ ഒരു നോക്ക് കാണാൻ പോലും കഴിയാതെ തന്നെ അവൾ കണ്ണടച്ചു. ഇനി ഞങ്ങൾക്ക് നീതി കിട്ടണം. അതിനായാണ് നിയമ പോരാട്ടത്തിനു തുടക്കമിടുന്നത്-അനീഷ് പറയുന്നു. സംഭവത്തെക്കുറിച്ച് അനീഷ് മറുനാടനോട് പറഞ്ഞത് ഇങ്ങനെ:

ശരണ്യയുടെ ജീവൻ എടുത്തത് ഗോവിന്ദൻസ് ആശുപത്രിയിലെ ചികിത്സാ പിഴവ്: അനീഷ്

ശരണ്യ ഗർഭിണിയായപ്പോൾ തുടക്കം മുതൽ ഞങ്ങൾ കാണിച്ചത് ഡോക്ടർ ഗോവിന്ദൻസ് ആശുപത്രിയിലെ ഡോക്ടർ സുമയെ ആണ്. അതുകൊണ്ടാണ് ഇതേ ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. ജനുവരി 12 നു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 13 നു സ്‌കാൻ ചെയ്തു, കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല. 14 നു വെളുപ്പിനു അഞ്ചരയ്ക്ക് ലേബർ റൂമിൽ കയറ്റി. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് പെയിൻ വരുന്നില്ല സിസേറിയൻ ചെയ്യാം എന്ന് പറഞ്ഞു . കുറച്ച് കഴിഞ്ഞു സ്റ്റാഫുകൾ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു. എന്താണ് പ്രശ്‌നമെന്ന് ചോദിച്ചപ്പോൾ ഒന്നുമില്ല എന്ന് പറഞ്ഞു. ഒന്നേകാലിനു കാർഡിയോ ഡോക്ടർ വെപ്രാളത്തോടെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കയറിപ്പോകുന്നത് കണ്ടു. രണ്ടു മണിയായപ്പോൾ എന്നെ വിളിച്ച് പറഞ്ഞു ശരണ്യയ്ക്ക് കാർഡിയാക് അറസ്റ്റ് വന്നു എന്ന് പറഞ്ഞു. രണ്ടര കഴിഞ്ഞിട്ട് സിപിആർ കൊടുക്കുകയാണ് എന്ന് പറഞ്ഞു. എസ്എടി ആശുപത്രിയിൽ കൊണ്ടുപോകാം എന്ന് ഞങ്ങൾ പറഞ്ഞു. പക്ഷെ അവർ സമ്മതിച്ചില്ല. ചേച്ചി ബലം പ്രയോഗിച്ച് അകത്ത് കയറിയപ്പോൾ കണ്ടത് ഒരു ബോധവുമില്ലാതെ കിടക്കുന്ന ശരണ്യയെയാണ്. ഒരു മണിക്ക് സർജറിക്കിടെ അവൾക്ക് എന്തോ അത്യാഹിതം സംഭവിച്ചതാണ്.

രണ്ടര വരെ അവിടെ തന്നെ അവർ വെച്ചു കൊണ്ടിരുന്നു. പിന്നെ ഞങ്ങൾ തന്നെ 108 വിളിച്ചാണ് എസ്എടിയിൽ കൊണ്ടുപോയത്. ആ സമയം അവളുടെ ശരീരം മുഴുവൻ ഇരുണ്ട കളർ ആയിരുന്നു. ജീവൻ ഉണ്ടെന്ന ഒരു ലക്ഷണവും ഉണ്ടായിരുന്നില്ല. ശരണ്യയുടെ ശരീരത്തിൽ ബ്ലഡ് ഒന്നുമില്ല. ബ്ലഡ് അറേഞ്ച് ചെയ്യണം എന്നാണ് എസ്എടിയിലെ ഡോക്ടർമാർ പറഞ്ഞത്. ഗോവിന്ദൻസ് ആശുപത്രിയിലെ സുമ അവിടെ വന്നിരുന്നു. ഞങ്ങൾ 35 യൂനിറ്റ് രക്തമാണ് ആ സമയത്ത് സംഘടിപ്പിച്ച് നൽകിയത്. ഗർഭപാത്രം റിമൂവ് ചെയ്യണം എന്ന് പറഞ്ഞാണ് ഐസിയുവിലെക്ക് കയറ്റിയത്. അതിനു സമ്മതപത്രം ഞാൻ ഒപ്പിട്ടു നൽകി. പിറ്റേദിവസം മെഡിക്കൽ കോളെജിലേക്ക് മാറ്റി. എംആർഎ സ്‌കാൻ എടുത്തു. തലച്ചോറിൽ രക്തം കട്ടപിടിച്ചു എന്നാണ് പറഞ്ഞത്.

ഫെബ്രുവരി രണ്ടിന് വീണ്ടും എസ്എടി ആശുപത്രിയിലേക്ക് മാറ്റി. അവിടുന്ന് ശ്രീരാമകൃഷ്ണ ആശുപത്രിയിലേക്ക് മാറ്റി. ഏപ്രിൽ മാസം വരെ അവിടെ ചികിത്സയിൽ കഴിഞ്ഞിരുന്നു. അതിനു ശേഷം അവർ തന്നെ പറഞ്ഞു. ഒരു നഴ്‌സിനെ വെച്ച് വീട്ടിൽ കിടത്തിയാൽ മതിയെന്ന്. മാസങ്ങൾ തന്നെ അവൾ സ്വന്തം വീട്ടിൽ ജീവച്ഛവമായി തന്നെ കിടന്നു. കഴിഞ്ഞ ഇരുപത്തിയേഴിനാണ് ശരണ്യ മരിക്കുന്നത്. ആൺ കുട്ടിയാണ് ഞങ്ങൾക്ക് ഉള്ളത്. അമ്മയെ അവൻ ജീവനോടെ കണ്ടതേയില്ല. കൊച്ച് ഉണ്ടോ എന്ന് പോലും ശരണ്യയ്ക്ക് അറിയില്ല., ആദിത്യനെ ഒന്ന് കയ്യുകൊണ്ട് തൊട്ടതുപോലുമില്ല. പിആർഎസ് ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തിരുന്നു. അവിടെ നിന്നാണു മരിക്കുന്നത്. നേമം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശരണ്യ മരിച്ചതിന് ശേഷം ഞാൻ ഗോവിന്ദൻസ് ആശുപത്രിയിൽ ചെന്നപ്പോൾ വാക്കു തർക്കത്തെ തുടർന്ന് അവർ എന്നെ ആശുപത്രിയിൽ ഇട്ട് പൂട്ടി. വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലെ പൊലീസ് എത്തിയാണ് മോചിപ്പിച്ചത്-അനീഷ് പറയുന്നു.

എഫ്‌ഐആറിൽ പറയുന്നത്:

അനീഷിന്റെ ഭാര്യ ശരണ്യ (26) മരിക്കുന്നത് ഡോക്ടർ ഗോവിന്ദൻസ് ആശുപത്രീയിലെ പ്രസവത്തെ തുടർന്നുണ്ടായ അസുഖങ്ങളുടെ ചികിത്സയിൽ എസ്എടി ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപതിയിലും ശ്രീരാമകൃഷ്ണ ആശുപത്രിയിലും ചികിത്സയിൽ കഴിഞ്ഞ ശേഷം തുടർ ചികിത്സയ്ക്കിടെ വീട്ടിൽ കഴിയവേ അബോധാവസ്ഥയിലായപ്പോൾ സെപ്റ്റംബർ ഇരുപത്തി ഏഴിന് പിആർഎസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ രാത്രി പത്തേകാലോടെ ആശുപത്രിയിൽ വെച്ച് മരിച്ചു.

ഗോവിന്ദൻസ് ആശുപത്രിയുടെ വിശദീകരണം:

ശരണ്യയുടെ മരണത്തിൽ ഡിഎംഒ തലത്തിലുള്ള അന്വേഷണം വന്നിരുന്നു. പ്രസവത്തിനു ശേഷം അപൂർവമായി വരുന്ന അസുഖമാണ് അവർക്ക് വന്നത്. ഒരു ലക്ഷത്തിൽ ഒരു ഗർഭിണിക്ക് വരുന്ന രോഗമാണിത്. കാർഡിയാക് അറസ്റ്റ് ആണ് സിസേറിയന് ശേഷം ഇവർക്ക് വന്നത്. ബ്ലീഡിംഗും വന്നിരുന്നു. ഞങ്ങൾ തന്നെ മുൻകൈ എടുത്താണ് അവരെ എസ്എടി ആശുപത്രിയിലേക്ക് മാറ്റിയത്. കുട്ടിക്ക് ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല. കുട്ടിയെ അവർ കണ്ടിരുന്നു. പ്രതികരണവും നടത്തിയിരുന്നു. അതിനു ശേഷമാണ് കാർഡിയാക് അറസ്റ്റ് വന്നത്. ആശുപത്രിയുടെ ഭാഗത്ത് നിന്ന് കുഴപ്പമൊന്നും വന്നില്ല-ആശുപത്രി അധികൃതർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP