Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് മുക്തയായി ചികിത്സ കഴിഞ്ഞ് എത്തിയപ്പോൾ ഇവിടെ താമസിക്കാൻ പറ്റില്ലെന്ന് ഹോസ്റ്റൽ ഉടമ; കൊച്ചി ഷേണായീസിന് അടുത്തുള്ള മേരീക്യൂൻ ഹോസ്റ്റലിൽ യുവതി എത്തിയത് ഏഴ് നാളത്തെ ക്വാറന്റൈൻ പൂർത്തിയാക്കി; ഉടമ ഇറക്കി വിട്ടതോടെ എന്തുചെയ്യണമെന്നറിയാതെ കണ്ണീരോടെ പെരുവഴിയിൽ

കോവിഡ് മുക്തയായി ചികിത്സ കഴിഞ്ഞ് എത്തിയപ്പോൾ ഇവിടെ താമസിക്കാൻ പറ്റില്ലെന്ന് ഹോസ്റ്റൽ ഉടമ; കൊച്ചി ഷേണായീസിന് അടുത്തുള്ള മേരീക്യൂൻ ഹോസ്റ്റലിൽ യുവതി എത്തിയത് ഏഴ് നാളത്തെ ക്വാറന്റൈൻ പൂർത്തിയാക്കി; ഉടമ ഇറക്കി വിട്ടതോടെ എന്തുചെയ്യണമെന്നറിയാതെ കണ്ണീരോടെ പെരുവഴിയിൽ

ആർ പീയൂഷ്


കൊച്ചി: കോവിഡ് നെഗറ്റീവായി സർക്കാർ നീരീക്ഷണം കഴിഞ്ഞെത്തിയ യുവതിയെ ഹോസ്റ്റൽ ഉടമ ഇറക്കി വിട്ടതായി പരാതി. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയായ യുവതിയെയാണ് ഷേണായീസിന് സമീപം അമ്മൻകോവിൽ റോഡിലെ മേരീ ക്യൂൻ എന്ന ഹോസ്റ്റലിൽ നിന്നും ഇറക്കി വിട്ടത്. പെരുവഴിയിലായ യുവതി ഇപ്പോൾ സുഹൃത്തിന്റെ വീട്ടിൽ താൽക്കാലികമായി താമസിക്കുകയാണ്. സംഭവത്തിൽ ഹോസ്റ്റൽ ഉടമ മൈക്കിളിനെതിരെ എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകി. അതേ സമയം പരാതി അടിസ്ഥാന രഹിതമെന്ന് ഹോസ്റ്റൽ ഉടമ പറയുന്നു.

കഴിഞ്ഞ ദിവസമാണ് സംഭവം. സെപ്റ്റംബർ 24-ാം തിയതിയാണ് യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സഹപ്രവർത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഹോസ്റ്റലിൽ നിന്നും സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറിയത്. 31ന് നടത്തിയ കോവിഡ് പരിശോധനയിൽ യുവതിയും കോവിഡ് പൊസിറ്റീവായി. ഇക്കഴിഞ്ഞ ഏഴാം തീയതി യുവതി രോഗ മുക്തയായി. സർക്കാർ മാനദണ്ഡം അനുസരിച്ച് ഏഴു ദിവസത്തെ ക്വാറന്റീനും പൂർത്തിയാക്കി കഴിഞ്ഞ ദിവസം ഹോസ്റ്റലിൽ എത്തി. എന്നാൽ, ഹോം ക്വാറന്റീനിൽ പോകാത്തതിനാൽ ഹോസ്റ്റലിൽ പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന് ഹോസ്റ്റൽ ഉടമ അറിയിച്ചു. ഇതോടെ യുവതിക്ക് താമസ സ്ഥലം നഷ്ടപ്പെടുകയായിരുന്നു.

ഏറെ നേരം എന്തു ചെയ്യണമെന്നറിയാതെ നിന്ന യുവതി പിന്നീട് സുഹൃത്തിനെ വിവരമറിയിച്ചു. തുടർന്ന് ഹോസ്റ്റലിൽ നിന്നും സാധനങ്ങളെല്ലാം എടുത്ത് വെക്കേറ്റ് ചെയ്ത് സുഹൃത്തിന്റെ വീട്ടിലേക്ക് താമസം മാറുകയായിരുന്നു. സുഹൃത്തുക്കളുടെ നിർബന്ധപ്രകാരമാണ് യുവതി ഇപ്പോൾ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം ഹോസ്റ്റൽ ഉടമയ്ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സെൻട്രൽ പൊലീസ് സ്റ്റേഷൻ എസ്‌ഐ മറുനാടനോട് പറഞ്ഞു. ഹോസ്റ്റൽ ഉടമയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയാണ്.

കോവിഡ് സാഹചര്യം തുടരുന്നതിനാൽ യുവതിയുടെ ഓഫീസ് പ്രവർത്തിക്കുന്നില്ല. നിലവിൽ സഹപ്രവർത്തകയുടെ വീട്ടിൽ അഭയം തേടിയിരിക്കുകയാണ് യുവതി. എന്നാൽ, യുവതി ജോലിക്ക് പോകാത്തപക്ഷം മുഴുവൻ സമയം ഹോസ്റ്റൽ മുറിയിൽ ചിലവഴിക്കുന്നത് അനുവദിക്കാൻ കഴിയില്ലെന്നാണ് മേരി ക്വീൻസ് ഹോസ്റ്റൽ ഉടമയുടെ പ്രതികരണം. ജോലിയില്ലാത്തതിനാൽ വീട്ടിലേക്ക് പോകണമെന്നാണ് ആവിശ്യപ്പെട്ടതെന്നും ഇതു പ്രകാരം ഹോസ്റ്റൽ വിട്ടു പോകുകയായിരുന്നു യുവതിയെന്നാണ് ന്യായീകരണം. കൂടാതെ യുവതി താമസിക്കുന്ന മുറിയിൽ ആറുപേർ താമസിക്കുന്നുണ്ടെന്നും അവർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ വേണ്ടിയാണ് വീട്ടിലേക്ക് പോകാൻ പറഞ്ഞതെന്നും ഹോസ്റ്റൽ വാർഡനും ഉടമയും പറയുന്നു.

എന്നാൽ ഇത് ഒറ്റപ്പെട്ട സംഭവമല്ല. രോഗമുക്തരായിട്ടും, കോവിഡ് ഭീതിയിൽ പലയിടത്തും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്. പലരും പരാതി നൽകാൻ തയ്യാറല്ല. പൊതുജനങ്ങൾക്കിടയിൽ ഇത്തരം അനാവശ്യ ഭീതി വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. പൊലീസിൽ പരാതിപെടാത്തതിനാൽ പല സംഭവങ്ങളും ആരും അറിയാതെ പോകുകയാണ്. യുവതിയുടെയും ഹോസ്റ്റൽ ഉടമയുടെയും മൊഴി രേഖപ്പെടുത്തികഴിഞ്ഞാൽ വേണ്ട നിയമ നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP