Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സയിലായിരിക്കെ ഇറക്കിയ ഉത്തരവിനെതിരെ കേസു കൊടുത്തത് കളി കാര്യമാക്കി; ആക്ട് പൊളിച്ചെഴുതി 100 ഡിവൈഎസ്‌പിമാരുടെ പ്രൊമോഷൻ സ്ഥിരപ്പെടുത്തി; തരംതാഴ്‌ത്തിയവരിൽ ഉണ്ണിത്താൻ കേസിലേയും സമ്പത്ത് വധക്കേസിലെയും പ്രതികൾ; ഇഷ്ടക്കാരനായ വാഹന മോഷണക്കേസിലെ നായകന് സ്ഥാനക്കയറ്റം; എസ് എഫ് ഐക്കാരെ അടിച്ച ഉദ്യോഗസ്ഥനും പണി കിട്ടി; പൊലീസ് ഇനി പിണറായിയുടെ കൈപ്പിടിയിൽ

അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സയിലായിരിക്കെ ഇറക്കിയ ഉത്തരവിനെതിരെ കേസു കൊടുത്തത് കളി കാര്യമാക്കി; ആക്ട് പൊളിച്ചെഴുതി 100 ഡിവൈഎസ്‌പിമാരുടെ പ്രൊമോഷൻ സ്ഥിരപ്പെടുത്തി; തരംതാഴ്‌ത്തിയവരിൽ ഉണ്ണിത്താൻ കേസിലേയും സമ്പത്ത് വധക്കേസിലെയും പ്രതികൾ; ഇഷ്ടക്കാരനായ വാഹന മോഷണക്കേസിലെ നായകന് സ്ഥാനക്കയറ്റം; എസ് എഫ് ഐക്കാരെ അടിച്ച ഉദ്യോഗസ്ഥനും പണി കിട്ടി; പൊലീസ് ഇനി പിണറായിയുടെ കൈപ്പിടിയിൽ

പി വിനയചന്ദ്രൻ

തിരുവനന്തപുരം: പതിനൊന്ന് ഡിവൈഎസ്‌പിമാരെ സിഐമാരായി തരംതാഴ്‌ത്താൻ മുഖ്യമന്ത്രി പിണറായി വിജയനെടുത്ത ഐതിഹാസികമായ തീരുമാനത്തിനു പിന്നിൽ ഒരു വാശിയുടെ കഥയുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ അമേരിക്കയിലെ മയോ ക്ലിനിക്കിലെ ചികിത്സയ്ക്കിടെ മുഖ്യമന്ത്രി ഓൺലൈനിലൂടെ ഒപ്പിട്ട് ഇറക്കിയ ധീരമായ ഒരു ഉത്തരവിനെ ചോദ്യംചെയ്ത് കേസുകൊടുത്ത ഏമാന്മാർക്കുള്ള എട്ടിന്റെ പണിയാണ് ഈ തരംതാഴ്‌ത്തൽ. ഇരട്ടച്ചങ്കനെ കോടതിയിൽ വെല്ലുവിളിച്ച ഡിവൈഎസ്‌പിമാർക്ക് യൂണിഫോമിലെ നക്ഷത്രം കുറഞ്ഞു. അധികമാരും അറിയാത്ത ഈ വാശിയുടെ കഥ മറുനാടൻ പുറത്തുവിടുന്നു.

കേരളാ പൊലീസിൽ ഏറെക്കാലമായി ഒരു മൂപ്പിളമ തർക്കമുണ്ടായിരുന്നു. ഡയറക്ട് ഹെഡ്‌കോൺസ്റ്റബിൾ ബാച്ചിൽ പെട്ടവരും ഡയറക്ട് എസ്‌ഐ ബാച്ചിൽ പെട്ടവരും തമ്മിലുള്ള സീനിയോരിറ്റി തർക്കം. രണ്ടുപേർക്കും ഇടയ്ക്കിടെ സീനിയോരിറ്റി കിട്ടുമായിരുന്നു. 2014ൽ ഡയറക്ട് എസ്‌ഐമാർക്ക് സീനിയോരിറ്റി കിട്ടി. ഇതിനെ എതിർത്ത് രണ്ടു കൂട്ടരും കേസ് നൽകി. 2014ൽ റിവൈസ് ചെയ്ത് ഡയറക്ട് എസ്‌ഐമാർക്ക് സീനിയോരിറ്റി നൽകി. വീണ്ടും കേസായി 2015ൽ ഫൈനലൈസ് ചെയ്യാൻ അനുവദിച്ചില്ല. അപ്പോൾ തസ്തികകൾ വേക്കന്റായി. എ.പ്രമോദ് കുമാറിനു ശേഷം ആർക്കും ഡിവൈ.എസ്‌പിമാരാൻ പറ്റാത്ത സ്ഥിതിയുണ്ടായി. വേക്കൻസി വന്നപ്പോൾ ആദ്യം സിഐയായ ഡയറക്ട് എസ്‌ഐമാരുടെ ലിസ്റ്റിൽ നിന്ന് ഡിവൈഎസ്‌പിമാരായി താത്കാലിക പ്രമോഷൻ നൽകി. അതിനു മുന്നിലുണ്ടായിരുന്ന പ്രൊമോഷൻ ആകാതെ കിടന്ന എല്ലാവരെയും എടുക്കേണ്ടി വന്നു. അങ്ങനെ മുഹമ്മദ് ഫാരി അടക്കമുള്ള വിവാദ നായകരെ ഡിവൈഎസ്‌പിമാരാക്കി. 2018ൽ ശേഷിക്കുന്നവരുടെ സീനിയോരിറ്റി സെറ്റിൽ ചെയ്തു.

2018 അവസാനം വകുപ്പുതല സ്ഥാനക്കയറ്റ സമിതി 9ദിവസം യോഗം ചേർന്നു. ആദ്യഘട്ടത്തിൽ 25പേർ തരംതാഴ്‌ത്തപ്പെടുമെന്ന സ്ഥിതിയുണ്ടായി. പിന്നീട് ചിലർ അപ്പീൽ നൽകി. ശിക്ഷാ നടപടി ഇളവുചെയ്തു കൊടുത്തു. അങ്ങനെ 12 പേരായി. കടന്നുകൂടിയവരിൽ പലരുംക്രൈം കേസുകളിൽ പ്രതികളാണ്. പക്ഷേ ഇവർക്കെതിരേ ശിക്ഷാനടപടിയില്ലാത്തതിനാൽ രക്ഷപെട്ടു. കേരള ചരിത്രത്തിൽ ഡി.പി.സി ചേരാതെ സിഐ, ഡിവൈഎസ്‌പി പ്രമോഷൻ ഇത് രണ്ടാംവട്ടമാണ്. നേരത്തേ യു.ഡി.എഫ് സർക്കാരിന്റെ അവസാന കാലത്ത് ചെന്നിത്തല ഇത്തരം പ്രമോഷൻ നടത്തിയിരുന്നു. അന്ന് തുടങ്ങിയത് ഇപ്പോഴും തുടർന്നു.

സംഭവം വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഐതിഹാസികമായ നിലപാടെടുത്തു. അമേരിക്കയിൽ മയോ ക്ലിനിക്കിൽ ചികിത്സയിലിരിക്കെയാണ് ആ ഓൺലൈൻ ഉത്തരവിറക്കിയത്. ഫയൽ ഓൺലൈനിൽ അയച്ചുകൊടുത്തത് പരിശോധിച്ച് മുഖ്യമന്ത്രി ഉത്തരവിറക്കുകയായിരുന്നു. ഇനി സീനിയോരിറ്റി ലിസ്റ്റുകൾ ഫൈനലൈസ് ചെയ്തത് വകുപ്പുതല സ്ഥാനക്കയറ്റ സമിതി കൂടി സെലക്ട് ലിസ്റ്റിലൂടെയേ പ്രൊമോഷൻ നടത്താവൂ എന്നായിരുന്നു ഉത്തരവ്. താത്കാലിക പ്രൊമോഷൻ ഇനി വേണ്ടെന്നും ഉത്തരവിലുണ്ടായിരുന്നു.
ഡയറക്ട് എച്ച്.സി, എസ്‌ഐ തർക്കം ഇതോടെ തീർന്നെന്നാണ് എല്ലാവരും കരുതിയത്. പിന്നീടാണ് താത്കാലിക ലിസ്റ്റിലെ അബദ്ധം മുഖ്യമന്ത്രി തിരിച്ചറിഞ്ഞത്. താത്കാലിക പ്രൊമോഷൻ കൊടുക്കുന്നത് ഒരു തരത്തിലുള്ള പരിശോധനയും കൂടാതെയാണ്. ഒരു ലിസ്റ്റെടുത്ത് വച്ച് എല്ലാവരെയും പ്രൊമോട്ട്‌ചെയ്തു.

താത്കാലിക ലിസ്റ്റിലെ കുഴപ്പക്കാരെ എൽ.ഡി.എഫ് സർക്കാർ മാറ്റിനിർത്താൻ തുടങ്ങിയത് ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചു. ഇത് അവർ കോടതിയിൽ ചോദ്യം ചെയ്തു. താത്കാലിക സ്ഥാനക്കയറ്റത്തിൽ മാറ്റിനിർത്താൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് കൊടുത്തു. പൊലീസ് ആക്ടിലെ 101 (6) സെക്ഷൻ എടുത്തിട്ടു. കേരളാ സർവീസ് റൂളിന് വിരുദ്ധമാണിത്. ഇൻക്രിമെന്റ് തടയൽ അടക്കമുള്ള ശിക്ഷകിട്ടിയവരേയും പ്രൊമോഷന് പരിഗണിക്കാം. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് സർവീസ് ചട്ടങ്ങളും കെ.എസ്.എസ്.ആറുമാണ് ശിക്ഷാനടപടിക്കും സ്ഥാനക്കയറ്റത്തിനും. പൊലീസിനും ഇത് ബാധകം. വ്യത്യസ്ത നിയമമില്ലെന്ന് സർക്കാർ നിലപാടെടുത്തു. പൊലീസായതിനാൽ കൂടുതൽ കടുപ്പമാവുകയേയുള്ളൂ. മുൻകാല പ്രാബല്യത്തോടെയുള്ള ഇൻക്രിമെന്റ് തടയൽ മൈനർ ശിക്ഷയാക്കി മാറ്റി വകുപ്പുതല സമിതി സർക്കാരിനെ കബളിപ്പിക്കാൻ ശ്രമിച്ചു. ചട്ടവിരുദ്ധമായതിനാൽ ഹൈക്കോടതി അംഗീകരിച്ചില്ല. പക്ഷേ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ അംഗീകരിച്ചു.

തരംതാഴ്‌ത്തുമ്പോൾ നിയമപ്രശ്നമാവും എന്നതിനാൽ 101(6) സർക്കാർ ഭേദഗതി ചെയ്ത് എടുത്തുകളഞ്ഞു. പൊലീസ് ആക്ടിലും കെ.എസ്.എസ്.ആറിലും രണ്ട് തരം നിയമം പറ്റില്ലെന്നായിരുന്നു പിണറായിയുടെ നിലപാട്. താത്കാലിക പ്രൊമോഷൻ കൊടുത്തപ്പോഴേ പറഞ്ഞിരുന്ന വ്യവസ്ഥയാണ് ഏറെ കടുപ്പം. വകുപ്പുതല സമിതിയുടെ നടപടിക്ക് അനുസൃതമായിരിക്കും സ്ഥാനക്കയറ്റം എന്നാണ് വ്യവസ്ഥ. ഈ വ്യവസ്ഥ ചോദ്യം ചെയ്ത് കേസുകളുണ്ടായപ്പോൾ മുഖ്യമന്ത്രി വജ്രായുധം പ്രയോഗിച്ചു. കുഴപ്പക്കാരായ 11പേരെ തരംതാഴ്‌ത്തി. ഡിവൈഎസ്‌പി ആകേണ്ടിയിരുന്ന 20 സിഐമാരും പുറത്തായി. തരംതാഴ്‌ത്തപ്പെട്ടവർ തസ്തികയോടെ തരംതാഴ്‌ത്തപ്പെട്ടു. എന്നാൽ പാർട്ടിക്കും മുഖ്യമന്ത്രിക്കും വേണ്ടപ്പെട്ട 100 പേർ ഡിവൈഎസ്‌പിമാരായി സ്ഥിരപ്പെടുകയും ചെയ്തു. നേരത്തേ താത്കാലിക സ്ഥാനക്കയറ്റം നേടിയിരുന്നവരാണിവർ.

തരംതാഴ്‌ത്തിയവരിൽ ഉണ്ണിത്താൻ വധശ്രമക്കേസിൽ സിബിഐ പ്രതിയാക്കിയ ആളും പാലക്കാട് സമ്പത്ത് വധക്കേസിലെ പ്രതിയുമുണ്ട്. നെയ്യാറ്റിൻകര സിഐ ആയിരിക്കെ കേസിൽ പെട്ട വാഹനം അടിച്ചുമാറ്റിയതിന് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ പ്രതിയായ ഡിവൈഎസ്‌പിക്കു പോലും താത്കാലിക നിയമനം സ്ഥിരപ്പെടുത്തി നൽകി. എസ്.എഫ്.ഐക്കാരെ തല്ലിച്ചതച്ച ഡിവൈഎസ്‌പിക്ക് ഒരു ദിവസത്തെ ശിക്ഷ കിട്ടിയതിന്റെ പേരിൽ തരംതാഴ്‌ത്താൻ തീരുമാനിച്ചിട്ടുണ്ട്. പത്തനംതിട്ടയിലെ കോടതി സ്വകാര്യ കേസിൽ ശിക്ഷിക്കപ്പെട്ട മധുബാബു കോടതിയിൽ നിന്ന് 2ദിവസം സ്റ്റേ നേടിയിരിക്കുകയാണ്.

ചുരുക്കത്തിൽ ഈ 11പേരെ തരംതാഴ്‌ത്തിയതിലൂടെ പൊലീസ് സേനയെ മുഴുവൻ പിണറായി വിജയൻ തന്റെ ചൊൽപ്പടിയിലാക്കിയിരിക്കുകയാണ്. എന്തെങ്കിലും നടപടി നേരിട്ടാൽ സ്ഥാക്കയറ്റം പോകുമോ എന്ന പേടിയുള്ളതിനാൽ പൊലീസ് ഉദ്യോഗസ്ഥർ പിണറായിയുടെ കൈപ്പിടിയിലായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP