Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐ എ എസുകാരന്റെ അച്ഛനോടു കളിച്ചാൽ ഇങ്ങനെ ഇരിക്കും! പറഞ്ഞ് തീർക്കേണ്ട ബന്ധുക്കൾ തമ്മിലെ വാക്കേറ്റത്തിനും കയ്യാങ്കളിക്കും ആയുധ നിയമ പ്രകാരം ബംഗാൾ കേഡറിലെ ഐഎഎസുകാരന്റെ ശത്രുവിനെതിരെ മംഗലപുരം പൊലീസ് കള്ളക്കേസ് എടുത്തെന്ന് ആരോപണം; അനന്തപുരി ആശുപത്രിയുടെ കള്ള സർട്ടിഫിക്കറ്റ് തരപ്പെടുത്തി കൊടുത്തത് എംഎൽഎ ശബരിനാഥിന്റെ ഭാര്യ സബ് കളക്ടർ ദിവ്യ എസ് അയ്യരെന്നും പരാതി; കഴക്കൂട്ടത്തെ ഹലായീസ് ഹോട്ടൽ ഉടമയുടെ പരാതിയിൽ അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം

ഐ എ എസുകാരന്റെ അച്ഛനോടു കളിച്ചാൽ ഇങ്ങനെ ഇരിക്കും! പറഞ്ഞ് തീർക്കേണ്ട ബന്ധുക്കൾ തമ്മിലെ വാക്കേറ്റത്തിനും കയ്യാങ്കളിക്കും ആയുധ നിയമ പ്രകാരം ബംഗാൾ കേഡറിലെ ഐഎഎസുകാരന്റെ ശത്രുവിനെതിരെ മംഗലപുരം പൊലീസ് കള്ളക്കേസ് എടുത്തെന്ന് ആരോപണം; അനന്തപുരി ആശുപത്രിയുടെ കള്ള സർട്ടിഫിക്കറ്റ് തരപ്പെടുത്തി കൊടുത്തത് എംഎൽഎ ശബരിനാഥിന്റെ ഭാര്യ സബ് കളക്ടർ ദിവ്യ എസ് അയ്യരെന്നും പരാതി; കഴക്കൂട്ടത്തെ ഹലായീസ് ഹോട്ടൽ ഉടമയുടെ പരാതിയിൽ അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം. കഴക്കൂട്ടത്തെ പ്രമുഖ ബിസിനസുകാരനായ ഹലായീസ് ഹോട്ടൽ ഉടമ ഷിറോസ് ഖാനെ മംഗലപുരം പൊലീസ് കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപണം. ബന്ധുക്കൾ തമ്മിലുള്ള തർക്കവും വാക്കേറ്റവുമാണ് യുവ ഐ എ എസുകാരന്റെ ഇടപെടലിൽ ആയുധ നിയമ പ്രകാരം കേസെടുത്തിരിക്കുന്നത്. പശ്ചിമ ബംഗാളിൽ നികുതി വകുപ്പിൽ ഐ എ എസുകാരനായ സിയാദാണ് ഇടപെടലുകൾ നടത്തിയത്. സിയാദിന് വേണ്ടി സുഹൃത്തായ യുവ ഐഎസുകാരിയായ ദിവ്യാ എസ് അയ്യരും ഇടപെടൽ നടത്തിയെന്നാണ് ആരോപണം.

കഴിഞ്ഞ മാസം ഒന്നാം തിയ്യതിയാണ് സംഭവം നടന്നത്. അണ്ടൂർക്കോണം ജംഗ്ഷനടുത്ത് ഫോണിൽ സംസാരിച്ചു നിന്ന ഷിറോസ് ഖാനെ ഒരു പ്രകോപനവും ഇല്ലാതെ അതു വഴി ഇരുചക്രവാഹനത്തിൽ വന്ന ഇവരുടെ തന്നെ അടുത്ത ബന്ധുവായ നാസുമുദ്ദീൻ ആക്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം. കുടുംബ പ്രശ്നങ്ങൾ ചോദിച്ചായിരുന്നു കയ്യേറ്റം. തെറിവിളിയും കയ്യേറ്റവും ഇരുഭാഗത്തു നിന്നും ഉണ്ടായി. ഇതിനിടെ ആരോ വിളിച്ച് അറിയിച്ചതനുസരിച്ച് മംഗലപുരം പൊലീസും കേസിൽ ഇടപെട്ടു. എന്നാൽ ഹോട്ടലുടമയായ ഷിറോസ് ഖാൻ പിറ്റേന്ന് റസ്റ്റാറന്റിൽ ജോലിയിൽ വ്യാപൃതനായി ഇരിക്കുമ്പോഴാണ് മംഗലപുരം പൊലീസ് സ്റ്റേഷനിൽ നിന്നും ഫോൺ വരുന്നത്.

ഉടൻ സ്റ്റേഷനിൽ എത്താനായിരുന്നു നിർദ്ദേശം. ഇതനുസരിച്ച് പൊലീസ് സ്റ്റേഷനിൽ എത്തിയ ഷിറോസ് ഖാനോടു പൊലീസ് പറഞ്ഞു. തന്റെ പേരിൽ പൊലീസ് കേസെടുത്തുവെന്ന്. അതും ആയുധ നിയമ പ്രകാരം. വാക്കേറ്റം മാത്രമാണ് ഉണ്ടായത് എന്ന് നേരിട്ടു ബോധ്യപ്പെട്ടതല്ലേ സാറെ എന്നു ചോദിച്ചപ്പോൾ ഐ എ എസുകാരന്റെ അച്ഛനോടു കളിച്ചാൽ ഇങ്ങനെ ഇരിക്കുമെന്ന് പൊലീസ് മറുപടി നല്കി. പിന്നീട് സ്റ്റേഷനിൽ നിന്നു തന്നെ ഷിറോസ് ഖാൻ ആ സത്യം അറിഞ്ഞു. പശ്ചിമ ബംഗാളിൽ നികുതി വകുപ്പിൽ ഐ എ എസുകാരനായ സിയാദ് ഐ എ എസിന്റെ ഇടപെടലിലാണ് തനിക്കെതിരെ കേസെടുത്തതെന്ന്. ഈ ഐ എ എസുകാരൻ ഡി വൈ എസ് പി യേയും സി ഐ യേയും ഒടുവിൽ റൂറൽ എസ് പി യേയും പല തവണ ബന്ധപ്പെട്ടു സമ്മർദ്ദം ചെലുത്തിയതിനെ തുടർന്നാണ് കേസെടുത്തതെന്ന് സ്റ്റേഷനിൽ നിന്ന് തന്നെ അറിഞ്ഞു.

സിയാദിന്റെ പിതാവ് നാസുമുദ്ദീൻ സ്റ്റേഷനിൽ നല്കിയ പരാതി വായിച്ചും ഷിറോസ് ഖാൻ ഞെട്ടി. വാക്കു തർക്കവും ചെറിയ കയ്യങ്കളിയും മാറി. പകരം ഗുണ്ടാ ആക്രമണം. അതും വടി വാളുമായി. ഷിറോസ് ഖാന്റെ ആക്രമണത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടതായും മൊഴി. ഷിറോസ് ഖാനൊപ്പം മൂന്ന് വണ്ടി ഗുണ്ടകൾ ഉണ്ടായിരുന്നതായും നാസുമുദ്ദീൻ മൊഴി നല്കി. കൂടാതെ തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിൽ അഡ്‌മിറ്റാകുകയും ചെയ്തു. അനന്തപുരിയിൽ അഡമിറ്റാകാനും മെഡിക്കൽ സർട്ടിഫിക്കറ്റ് തരപ്പെടുത്താനും തിരുവനന്തപുരം സബ് കളക്ടർ ദിവ്യ എസ് അയ്യരും ഇടപെട്ടുവെന്നാണ് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിൽ പറയുന്നത്. സിയാദ് ഐ എ എസിന്റെ സുഹൃത്തുകൂടിയായ ദിവ്യ എസ് അയ്യർ ഇടപെട്ടുവെന്ന് ആശുപത്രിയിൽ നിന്ന് അറിയാൻ കഴിഞ്ഞുവെന്നും ഷിറോസ് ഖാൻ പറയുന്നു.

പിടിവലിക്കിടെ ശാരീരിക ബുദ്ധിമുട്ടുണ്ടായതിനാൽ ഷിരോസ് ഖാനും ആദ്യം കന്യാകുളങ്ങര ഗവൺമന്റ് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചികിത്സ തേടി. നാസുമുദ്ദീന്റെ ഭാര്യ സഹോദരന്റെ മകനാണ് ഷിറോസ് ഖാൻ. നാസുമുദ്ദീനും സഹോദരൻ നിസാറുദ്ദീനുമായുള്ള കുടുംബ പ്രശ്നത്തിൽ നിസാറുദ്ദീന്റെ പക്ഷം പിടിച്ചതിനെ തുടർന്നാണ് സിയാദ് ഐ എ എസും വീട്ടുകാരും തങ്ങൾക്കെതിരെ തിരിഞ്ഞതെന്ന് ഷിറോസ് ഖാൻ പറയുന്നു. ഷിറോസ് ഖാന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കേസിനെ സംബന്ധിച്ച് നിക്ഷ്പക്ഷ അന്വേഷണം നിർദ്ദേശിച്ചും ഐ എ എസുകാരുടെ സമ്മർദ്ദം ഉണ്ടോ എന്നും പരിശോധിക്കണമെന്ന് ആവിശ്യപ്പെട്ടും പരാതി റൂറൽ എസ് പി ക്ക് കൈമാറി.

മുഖ്യമന്ത്രിക്ക് പുറമെ ഡി ജി പി, കേന്ദ്ര വാണിജ്യ മന്ത്രാലയം, പേഴ്സണൽ മന്ത്രാലയം. പ്രധാന മന്ത്രി,. രാഷ്ട്രപതി, പശ്ചിമ ബംഗാൾ ഗവർണർ , മുഖ്യമന്ത്രി എന്നിവർക്കും ഷിറോസ് ഖാൻ പരാതി അയച്ചു. അതേ സമയം നാസുമുദ്ദീന്റെ മൊഴി പ്രകാരം എഫ് ഐ ആർ രജിസ്റ്റർ ചെയ്തതേയുള്ളു വെന്നും വിശദമായ അന്വേഷണം നടത്തിയ ശേഷമേ കേസെടുക്കുകയുള്ളുവെന്നും മംഗലപുരം പൊലീസ് അറിയിച്ചു.

ഷിറോസ് ഖാൻ ഡി ജി പി ക്ക് നല്കിയ പരാതി താഴെ കൊടുക്കുന്നു.

ബഹുമാനപ്പെട്ട കേരള സ്റ്റേറ്റ് പൊലീസ് മേധാവി അവർകൾ മുൻപാകെ ,

തിരുവനന്തപുരം ജില്ലയിൽ അണ്ടൂർക്കോണം പി ഒ യിൽ റോസ് ഹൗസിൽ അബ്ദുൾ ഷിബിലി മകൻ 37 വയസ്സുള്ള ഷിറാസ് ഖാൻ ബോധിപ്പിക്കുന്ന സങ്കട ഹർജി .

വിഷയം ; മംഗലാപുരം പൊലീസ് സ്റ്റേഷനലിൽ കളവായി രജിസ്റ്റർ ചെയ്യപ്പെട്ട കേസ് പുനരന്വേഷണം നടത്തുന്നതിനെ സംമ്പത്തിച്ചു....

സർ,

ഞാൻ ടി വിലാസത്തിൽ താമസിച്ചു വരുന്നു .ഞാൻ ഹലായീസ് എന്ന പേരിൽ ഹോട്ടൽ ബിസിനസ് നടത്തി വരികയാണ് . എന്റെ ബന്ധുക്കളായ നിസാറുദിനും നാസുമുദിനും 2013 കാല ഘട്ടത്തിൽ അവരുടെ കുടുംബങ്ങൾ തമ്മിലുണ്ടായ തർക്കത്തിൽ നിസാറുദിന്റെ കുടുംബത്തോടൊപ്പം നിന്നു എന്ന കാരണത്താൽ ടി നാസുമുദിൻ ഞാനുമായും എന്റെ കുടുംബവുമായി വിരോധത്തിൽ കഴിഞ്ഞു വരികയാണ് . ഇപ്രകാരമായിരിക്കെ ടി നാസുമുദിൻന്റെ മകൻ സിയാദിന് ഐ എ എസ് ലഭിക്കുകയും ഇപ്പോൾ ടിയാൻ ന്യൂ ഡൽഹിയിൽ ഡിപ്പാർട്മെന്റ് ഓഫ് കോമേഴ്സിൽ അസിസ്റ്റന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയുമാണ്.

ടി നാസുമുദിൻ തന്റെ മകന്റെ ഔദ്യോഗിക പദവി ഉപയോഗിച്ചു എന്നെ കള്ള കേസിൽ കുടുക്കുമെന്നും , എന്റെ ബിസിനസ് തകർക്കുമെന്നും എന്റെ കുടുംബത്തെയും എന്നെയും എന്റെ സ്വദേശത്തു നിന്നും ആട്ടി പായിക്കുമെന്നും പലപ്പോഴായി ഭീക്ഷണിപ്പെടുത്തിയിട്ടുള്ളതുമാകുന്നു . ഇക്കഴിഞ്ഞ 1 .1 .2019 ൽ രാത്രി 8 .30 ഓടുകൂടി ടി നാസുമുദിൻ ഫോണിൽ സംസാരിച്ചു കൊണ്ടിരുന്ന എന്നെ അകാരണമായി പൊടുന്നനെ ആക്രമിക്കുകയും എന്റെ നെഞ്ചിൽ മുഷ്ടി ചുരുട്ടി ഇടിച്ചു വേദനിപ്പിച്ചിട്ടുള്ളതുമാകുന്നു .തുടർന്ന് ഞാൻ കന്യാകുളങ്ങര പ്രൈമറി ഹെൽത്ത് സെന്ററിൽ ചികിത്സ തേടിയിട്ടുള്ളതും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്യുകയും മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിട്ടുള്ളതുമാകുന്നു ,ആയതിന്റെ പകർപ്പ് ഇതോടൊപ്പം ഹാജരാക്കുന്നു.

ഇതിനെ തുടർന്ന് ഞാൻ മംഗലപുരം പൊലീസിൽ പരാതി നൽകിയെങ്കിലും നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല .തുടർന്ന് 02 01 2019 ൽ ഞാൻ അങ്ങേക്ക് മുൻപാകെ പരാതിപ്പെടുകയും ചെയ്തിരുന്നു .ആയതിന്റെ പോസ്റ്റൽ രസീതും പരാതിയുടെ രസീതും ഇതോടൊപ്പം ഹാജരാക്കുന്നു . എന്റെ ടി പരാതിയിൽ നടപടി സ്വീകരിക്കുന്നതിന് പകരം മംഗലപുരം പൊലീസ് എനിക്കെതിരെ ഒരു കള്ളക്കേസ് രജിസ്റ്റർ ചെയ്തതായി അറിയിപ്പ് ലഭിക്കുകയുണ്ടായി .ആയതിന്മേൽ കൂടുതൽ അന്വേഷിച്ചതിൽ വച്ചു ടി നാസുമുദിൻ തന്റെ മകൻ ഐ എ എസുകാരനായ സിയാദിനെ ഉപയോഗിച്ചു മംഗലപുരം പൊലീസ് സ്റ്റേഷനിലും പോത്തൻകോട് പൊലീസ് സ്റ്റേഷനിലും തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിയെയും സ്വാധീനിച്ചാണ് എന്റെ കേസ് അന്വേഷിക്കാതെയും എനിക്കെതിരെ കള്ളക്കേസ് ചമയ്ക്കുകയും ചെയ്തത് .

കൂടാതെ ടി സിയാദ് ഐ എ എസ് കളവായ വൂണ്ട് സെർട്ടിഫിക്കറ് ചമയ്ക്കുന്നതിലേക്കു വേണ്ടി കേരളത്തിലെ ഐ എ എസ് ഉദ്യോഗസ്ഥയായ ദിവ്യ എസ് അയ്യരെ സ്വാധീനിച്ചു അവർ മുഖേന അനന്തപുരി ആശുപത്രി അധികാരികളിൽമേൽ സ്വാധീനം ചെലുത്തിയാണ് ടി നാസുമുദിൻ കളവായ വൂണ്ട് സർട്ടിഫിക്കറ്റ് സൃഷ്ട്ടിച്ചത് .ടി സിയാദ് അദ്ദേഹത്തിന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് എതിരെ ന്യൂ ഡൽഹിയിലെ കൊമേഴ്സൽ ഡിപ്പാർമെന്റൽ സെക്രട്ടറി ( പേഴ്സണൽ ) ക്ക് 4 .1 .2019 ൽ തന്നെ പരാതി

പോസ്റ്റൽ മുഖാന്തിരം അയച്ചിട്ടുള്ളതുമാകുന്നു . ഞാൻ നാളിതുവരെ ടി നാസുമുദീനെ അസഭ്യം പറയുകയോ ഉപദ്രവിക്കുകയോ ചെയ്തിട്ടില്ല .ടി നാസുമുദീനെ ഉടനെ തന്നെ നിക്ഷ്പക്ഷമായ വൈദ്യപരിശോധനക്ക് ഹാജരാക്കിയാൽ ആയത് വെളിവാകുന്നതുമാണ് .മേൽ സാഹചര്യത്തിൽ സമക്ഷത്തിൽ നിന്ന് ദയവായി ടി വിഷയത്തെ കുറിച്ചു ഉചിതമായി അന്വേഷണം നടത്തി എനിക്കെതിരെ കളവായി മംഗലപുരം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ട ക്രിമിനൽ കേസ് പുനരന്വേഷണം നടത്തിക്കുവാൻ വേണ്ട നടപടികൾ കൈക്കൊള്ളുവാൻ താഴ്മയായി അപേക്ഷിക്കുന്നു.

എന്ന്

ഷിറോസ് ഖാൻ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP