Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആശുപത്രി സന്ദർശനവും 'ഉമ്മയും' മറ്റുള്ളവരുടെ സാന്നിധ്യത്തിൽ എന്ന് സ്റ്റീഫൻ ദേവസി; ആക്രോശിച്ച ആളെ തിരിച്ചറിയാൻ സോബിനും കഴിയുന്നില്ല; 'സ്വർണ്ണക്കടത്ത് കേസിലെ ഈ പ്രതി' വെറും സാങ്കൽപ്പികം എന്ന നിഗമനത്തിലേക്ക് അന്വേഷണ ഏജൻസി; ഇനി നടത്താനുള്ളത് സോബിൻ അടക്കമുള്ളവരുടെ നുണപരിശോധന റിപ്പോർട്ടിന്റെ അവലോകനം; തലനാരിഴ കീറി പരിശോധിക്കുന്നത് മെഡിക്കൽ റിപ്പോർട്ടും സാമ്പത്തിക ഇടപാടും; ബാലഭാസ്‌ക്കറിന്റെ വിവാദ മരണത്തിൽ സിബിഐ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക്

ആശുപത്രി സന്ദർശനവും 'ഉമ്മയും' മറ്റുള്ളവരുടെ സാന്നിധ്യത്തിൽ എന്ന് സ്റ്റീഫൻ ദേവസി; ആക്രോശിച്ച ആളെ തിരിച്ചറിയാൻ സോബിനും കഴിയുന്നില്ല; 'സ്വർണ്ണക്കടത്ത് കേസിലെ ഈ പ്രതി' വെറും സാങ്കൽപ്പികം എന്ന നിഗമനത്തിലേക്ക് അന്വേഷണ ഏജൻസി; ഇനി നടത്താനുള്ളത് സോബിൻ അടക്കമുള്ളവരുടെ നുണപരിശോധന റിപ്പോർട്ടിന്റെ അവലോകനം; തലനാരിഴ കീറി പരിശോധിക്കുന്നത് മെഡിക്കൽ റിപ്പോർട്ടും സാമ്പത്തിക ഇടപാടും; ബാലഭാസ്‌ക്കറിന്റെ വിവാദ മരണത്തിൽ സിബിഐ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക്

എം മനോജ് കുമാർ

തിരുവനന്തപുരം: ബാലഭാസ്‌ക്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ടു സിബിഐ നടത്തുന്ന അന്വേഷണം നിർണ്ണായക ഘട്ടത്തിൽ. കേരളത്തിലെ വിവാദം സൃഷ്ടിച്ച ഈ അന്വേഷണത്തിൽ തെല്ലുപോലും പാളരുത് എന്ന നിർബന്ധത്തിലാണ് അന്വേഷണം സിബിഐ മുന്നോട്ടു നീക്കുന്നത്.

വിവാദങ്ങളും സത്യവും മിഥ്യയുമെല്ലാം കെട്ടുപിണഞ്ഞിരിക്കെ ബാലഭാസ്‌ക്കറിന്റെ അപകടമരണവും അതുമായി ബന്ധപ്പെട്ട അന്വേഷണവും എല്ലാം സങ്കീർണ്ണമാണെന്ന വിലയിരുത്തലിലാണ് സിബിഐ. ഒട്ടനവധി ആരോപണങ്ങളും വിവാദങ്ങളും മരണവുമായി ബന്ധപ്പെട്ടു ഉയർന്നതിനാൽ ശ്രദ്ധാപൂർവ്വമാണ് സിബിഐയുടെ ചുവടുകൾ. അപകടവുമായി ബന്ധപ്പെട്ടു ഒട്ടവധി ആരോപണങ്ങൾ പ്രവഹിച്ചത് അന്വേഷണം ദുഷ്‌ക്കരമാക്കുന്നുവെന്നാണ് സിബിഐയുടെ തന്നെ വിലയിരുത്തൽ.

ഒരു മാസത്തിലേറെയായി നടക്കുന്ന അന്വേഷണത്തിൽ ബാലഭാസ്‌ക്കറിന്റെത് അപകടമരണമാണോ കൊലപാതകമാണോ എന്ന കാര്യത്തിൽ ഒരു നിഗമനത്തിലേക്കും അന്വേഷണ ഏജൻസി എത്തിയിട്ടില്ല. ആരോപണങ്ങളിൽ പലതും പതിരാണെന്ന് മനസിലായതിനാൽ യഥാർത്ഥ കാരണങ്ങൾ കണ്ടെത്തുക ശ്രമകരമാണെന്ന യാഥാർഥ്യവും സിബിഐയ്ക്ക് മുന്നിലുണ്ട്. കുടം തുറന്നുവിട്ട ഭൂതം കണക്കെയാണ് വിവാദങ്ങൾ പ്രചരിച്ചത്. പല ആരോപണങ്ങൾക്കും വസ്തുതകളുമായി ഒരു ബന്ധവുമില്ലെന്നും സിബിഐയ്ക്ക് തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. ബാലഭാസ്‌ക്കറിന്റെ സാമ്പത്തിക കാര്യങ്ങളിലേക്കുള്ള പരിശോധനയിലേക്ക് അന്വേഷണ ഏജൻസി കടന്നിട്ടുണ്ട്.

സാമ്പത്തിക ഇടപാടുകൾ ദുരൂഹമാണെന്ന് കുടുംബം തന്നെ ആരോപണം ഉന്നയിക്കുന്ന സാഹചര്യത്തിൽ സാമ്പത്തിക ഇടപാടുകൾ വിശദമായി പരിശോധിക്കാനാണ് അന്വേഷണ ഏജൻസിയുടെ നീക്കം. സാമ്പത്തിക ഇടപാടുകൾക്ക് മരണവുമായി ബന്ധമുണ്ടോ എന്ന് തെളിയിക്കാൻ ഈ അന്വേഷണം സഹായിക്കും എന്നാണ് സിബിഐയുടെ പ്രതീക്ഷ. അതുപോലെ തന്നെ മെഡിക്കൽ റിക്കോർഡുകളുടെ പരിശോധനയും തുടങ്ങിയിട്ടുണ്ട്. അപകടത്തിനു ശേഷമുള്ള ആശുപത്രി വാസത്തിന്റെ മുഴുവൻ വിശദാംശങ്ങളും അന്വേഷണ ഏജൻസി ശേഖരിച്ചിട്ടുണ്ട്.

അതിലൊന്നാണ് സ്വർണ്ണക്കടത്ത് കേസിലെ പ്രതി വിവാദ കാർ അപകട സമയത്ത് അവിടെ ഉണ്ടായിരുന്നു എന്ന് ആരോപണം വന്നത്. കേസിന്റെ ദുരൂഹത വർധിപ്പിച്ചത് കലാഭവൻ സോബി നടത്തിയ ഇത്തരം വെളിപ്പെടുത്തലുകളാണ്. ബാലഭാസ്‌കറിനെ അപായപ്പെടുത്തിയതാണെന്നാണ് അപകടത്തിന് തൊട്ടുപിന്നാലെ സ്ഥലത്തെത്തിയ സോബിൻ പറഞ്ഞത്. കലാഭവൻ സോബിൻ പറഞ്ഞ രീതിയിൽ ഒരാൾ ഇവിടെ ഉണ്ടായിരുന്നില്ലെന്നു തന്നെയാണ് നിഗമനം.

കലാഭവൻ സോബിൻ പറഞ്ഞ ആളെ തിരിച്ചറിയാൻ സോബിനു തന്നെ കഴിഞ്ഞിട്ടില്ല. ഏതോ ഒരാൾ ആണെന്നാണ് സോബിൻ സിബിഐയ്ക്ക് മൊഴി നൽകിയത്. ഈ ഏതോ ഒരാൾ ആരായിരുന്നുവന്നു സോബിനു പോലും ഒരു തീർച്ചയുമില്ല. മൂന്നു മണിക്കൂറോളം അപകടസ്ഥലത്ത് ഇയാൾ ഉണ്ടായിരുന്നതായി പറയുന്നതിന് കാരണം ടവർ ലൊക്കേഷനിൽ ഇയാൾ ഉണ്ടായിരുന്നു എന്നുള്ളതാണ്. പക്ഷെ ടവർ ലൊക്കേഷൻ പരിശോധിക്കപ്പെട്ടിട്ടുമില്ല.

ഡിആർഐ കോൾ ഡീറ്റെയിൽസ് എടുത്തിരുന്നുമില്ല. ഈ ഒരാൾ സാങ്കൽപ്പികം എന്ന സൂചനയിലേക്ക് സിബിഐ നീങ്ങാൻ കാരണം തെളിവുകളുടെ അഭാവവും സോബിനു ആരെയും തിരിച്ചറിയാൻ കഴിയാതിരുന്നതും കാരണമാണ്. .ബാലഭാസ്‌ക്കറിന്റെ അപകടമരണം ഡിആർഐയുടെ അന്വേഷണ പരിധിയിൽ ഇല്ലാത്തതിനാൽ ഡിആർഐയും ഈ രീതിയിൽ അന്വേഷണം നടത്തിയില്ലെന്ന് തന്നെയാണ് സൂചനകൾ.

സ്വർണ്ണക്കടത്ത് കേസിലെ പ്രതി ഒരു അവിടെ ഉണ്ടായിരുന്നുവെന്ന് സോബിൻ പറഞ്ഞെങ്കിലും ആളിനെ തിരിച്ചറിയാൻ സോബിനു കഴിഞ്ഞിട്ടില്ല. ഇതുകൊണ്ട് തന്നെ ഈ ആരോപണത്തിൽ പതിരില്ലെന്നു തന്നെയാണ് സിബിഐ വിലയിരുത്തൽ. ആരോപണങ്ങൾ എല്ലാം നിരത്തിയ ശേഷം ഇതെല്ലാം പരിശോധിക്കണമെന്നാണ് ബാലഭാസ്‌ക്കറിന്റെ കുടുംബത്തിന്റെ ആവശ്യം. കൊലപാതകമാണെന്ന് ഊന്നിപറയുമ്പോഴും അതിനായുള്ള തെളിവുകൾ നൽകാനും കുടുംബത്തിനു കഴിയുന്നുമില്ല. അതുകൊണ്ട് തന്നെ വസ്തുതകൾ പൂർണമായും പരിശോധിച്ച് സംശയ നിവൃത്തി വരുത്തിയാണ് സിബിഐയുടെ മുന്നോട്ടുള്ള പോക്ക്.

അസമയത്തുള്ള അപകടമാണ്. പരിസരപ്രദേശങ്ങളിലും റോഡിലും ആ സമയം ആരും ഉണ്ടായിരുന്നുമില്ല. ഈ സൂചനകൾ സിബിഐയ്ക്ക് ലഭിച്ചിട്ടുണ്ട്. കെഎസ്ആർടിസി ഡ്രൈവർ അജി പറയുന്ന മൊഴി വരെ പൂർണമായും ശരിയുമില്ല എന്ന് മനസിലാക്കാൻ സിബിഐയ്ക്ക് കഴിഞ്ഞിട്ടുമുണ്ട്. ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത് ബാലഭാസ്‌കറാണെന്നാണ് അജിയുടെ മൊഴി. ഇത് തെറ്റാണെന്ന് ക്രൈംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.

അജി എത്തുന്നതിനു മുൻപ് തന്നെ വേറെ ആളുകൾ അവിടെ സംഭവം അറിഞ്ഞു എത്തിയിട്ടുണ്ട്. സമീപവാസികൾ അജിക്ക് മുൻപ് തന്നെ അപകടസ്ഥലത്തുണ്ട്. അപകടം നടന്നു മിനിട്ടുകൾ കഴിഞ്ഞാണ് അജി എത്തിയത്. അതും കഴിഞ്ഞാണ് സോബിൻ എത്തിയത്. എല്ലാ ആരോപണങ്ങളും മനസിലാക്കി അതിനാധാരമായ തെളിവുകൾ ഉണ്ടോ എന്ന് നോക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്.

ബാലഭാസ്‌ക്കറിന്റെ മരണത്തിൽ ആരോപണങ്ങൾ സാധൂകരിക്കാൻ തെളിവുകളില്ല. പലതും ആരോപണങ്ങൾ തന്നെയായി നിൽക്കുകയാണ്. ഇതാണ് ഈ വാഹനാപകടവും മരണവും സങ്കീർണ്ണമാക്കുന്നത് എന്നാണ് അന്വേഷണ ഏജൻസിയുടെ നിഗമനം. ഐസിയുവിൽ കയറി ബാലഭാസ്‌ക്കറിനെ സന്ദർശിച്ച കാര്യവും ഉമ്മ നൽകിയ കാര്യവും സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസിയും സിബിഐയ്ക്ക് മൊഴി നൽകിയിട്ടുണ്ട്. മറ്റുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു തന്റെ സന്ദർശനം എന്നാണ് സ്റ്റീഫൻ ദേവസി സിബിഐയോട് പറഞ്ഞത്.

ഇത് മരണകാരണമായോ എന്ന നിഗമനത്തിലേക്കും സിബിഐ നീങ്ങിയിട്ടില്ല. വാഹനാപകടത്തിൽ ബാലഭാസ്‌ക്കർ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് സ്റ്റീഫൻ ദേവസിയുടെ മൊഴി തിരുവനന്തപുരം ഓഫീസിൽവച്ചാണ് രേഖപ്പെടുത്തിയത്. നാലര മണിക്കൂർ നീണ്ടുനിന്ന മൊഴി രേഖപ്പെടുത്തലാണ് നടന്നത്. അതേസമയം കലാഭവൻ സോബിൻ , ബാലഭാസ്‌കറിന്റെ ഡ്രൈവർ അർജുൻ, സുഹൃത്തുക്കളായ പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം എന്നിവരുടെ നുണ പരിശോധനയും സിബിഐ നടത്തിയിട്ടുണ്ട്. ഈ മൊഴികൾ സിബിഐ വിശകലനം ചെയ്തിട്ടില്ല.

ബാലഭാസ്‌ക്കറിന്റെ വിവാദ വാഹനാപകടവും മരണവും കഴിഞ്ഞിട്ട് രണ്ടു വർഷമായി. 2018 സെപ്റ്റംബർ 25നാണ് ബാലഭാസ്‌കറും ഭാര്യയും മകൾ തേജസ്വിനി ബാലയും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്. തിരുവനന്തപുരം പള്ളിപ്പുറത്തിനു സമീപമെത്തിയപ്പോൾ കാർ നിയന്ത്രണം വിട്ട് ഒരു മരത്തിലിടിക്കുകയായിരുന്നു. രണ്ടുവയസ്സുകാരി തേജസ്വിനി അപകട സമയത്ത് തന്നെ മരിച്ചു. ഒരാഴ്‌ച്ചയോളം അനന്തപുരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബാലഭാസ്‌കറിന്റെ നില മെച്ചപ്പെട്ടുവരുന്നതിനിടെ ഒക്ടോബർ രണ്ടിന് ബാലഭാസ്‌ക്കറും മരിച്ചു.

തൃശ്ശൂരിൽ ക്ഷേത്രദർശനത്തിനു ശേഷം മടങ്ങുന്ന വഴിയായിരുന്നു അപകടം നടന്നത്. അമിതവേഗത്തിൽ വന്ന കാർ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP