Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യുവ ഐഎഎസുകാരി അദീല അബ്ദുള്ളയ്ക്ക് പ്രസവാവധി നിഷേധിച്ചത്‌ കേന്ദ്രസർക്കാർ 2017ൽ പാസാക്കിയ നിയമത്തിന് വിരുദ്ധം; പുതിയ നിയമം ഉണ്ടാക്കിയത് മൂന്നാമത്തെ കുട്ടിക്ക് ആനുകൂല്യ നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് കോടതി പ്രഖ്യാപിച്ചതിനെ തുടർന്ന്; പഴയ നിയമത്തിലെ നീതി നിഷേധ വകുപ്പ് അനുസരിച്ച് ആനുകൂല്യം നഷ്ടപ്പെട്ട അനേകം അമ്മമാരുടെ കണ്ണുനീർ കേന്ദ്രം തുടച്ചിട്ടും കേരളം നിഷേധിച്ചത് ഊരാളുങ്കൽ സൊസൈറ്റിക്കെതിരെ അദീല നിലപാട് എടുത്തതിനാൽ തന്നെ

യുവ ഐഎഎസുകാരി അദീല അബ്ദുള്ളയ്ക്ക് പ്രസവാവധി നിഷേധിച്ചത്‌ കേന്ദ്രസർക്കാർ 2017ൽ പാസാക്കിയ നിയമത്തിന് വിരുദ്ധം; പുതിയ നിയമം ഉണ്ടാക്കിയത് മൂന്നാമത്തെ കുട്ടിക്ക് ആനുകൂല്യ നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് കോടതി പ്രഖ്യാപിച്ചതിനെ  തുടർന്ന്; പഴയ നിയമത്തിലെ നീതി നിഷേധ വകുപ്പ് അനുസരിച്ച് ആനുകൂല്യം നഷ്ടപ്പെട്ട അനേകം അമ്മമാരുടെ കണ്ണുനീർ കേന്ദ്രം തുടച്ചിട്ടും കേരളം നിഷേധിച്ചത് ഊരാളുങ്കൽ സൊസൈറ്റിക്കെതിരെ അദീല നിലപാട് എടുത്തതിനാൽ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: യുവ ഐഎഎസുകാരി അദീല അബ്ദുള്ളയ്ക്ക് പ്രസവാവധി നിഷേധിച്ച പിണറായി സർക്കാരിന്റെ തീരുമാനത്തിന് പിന്നിൽ വ്യക്തി വിരോധം തന്നെ. കേന്ദ്രം പാസാക്കിയ മാതൃത്വ ആനുകൂല്യ നിയമ ഭേദഗതിയോടെ യുവതികൾക്ക് മൂന്നാം പ്രസവത്തിനും ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട്. പരമാവധി മൂന്ന് മാസം വരെയാണ് ആനുകൂല്യം. തൊഴിലിടങ്ങളിൽ പണിയെടുക്കുന്ന യുവതികൾക്ക് മൂന്നാം പ്രസവത്തിന് ആനുകൂല്യങ്ങൾ നൽകാത്തത് പല കോടതികളും വിമർശന വിധേയമാക്കിയിരുന്നു. ഇതിലെ നീതി നിഷേധം നിയമപോരാട്ടത്തിലൂടെ പലവട്ടം ചർച്ചയാക്കിയപ്പോഴാണ് കേന്ദ്ര സർക്കാർ നിയമ നിർമ്മാണത്തിന് തയ്യാറായത്. ഇതിനെ ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും പിന്തുണയ്ക്കുകയും ചെയ്തു. ഇത്തരമൊരു നിയമമുള്ള രാജ്യത്താണ് അദീല അബ്ദുള്ളയ്ക്ക് പ്രസവാവധി നിഷേധിക്കുന്നത്. ഇതിന് പിന്നിൽ അഴിമതിക്ക് കൂട്ടു നിൽക്കാൻ മടിക്കുന്ന ഉദ്യോഗസ്ഥയോടുള്ള പ്രതികാരം തന്നെയാണ് നിഴലിക്കുന്നത്. സിപിഎമ്മിന് ഏറെ അടുപ്പമുള്ള ഊരാളുങ്കൽ സൊസൈറ്റിയുടെ കണ്ണിലെ കരടായിരുന്നു അദീല അബ്ദുള്ള. ലൈഫ് മിഷന്റെ സിഇഒ സ്ഥാനത്ത് നിന്ന് അദീലയെ പിണറായി സർക്കാർ മാറ്റിയത് വലിയ വിവാദമുണ്ടാക്കിയിരുന്നു.

മാതൃത്വ ആനുകൂല്യ നിയമ ഭേദഗതിക്കു രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് 2017ലാണ്. 55 വർഷം പഴക്കമുള്ള നിയമത്തിൽ ഭേദഗതികൾ വരുത്തിയാണ് 'മാതൃത്വ ആനുകൂല്യ ബിൽ-2017'ന് രാഷ്ട്രപതിയായിരിക്കെ പ്രണബ് മുഖർജി അംഗീകാരം നൽകിയത്. ഇതോടെ വനിതാ ജീവനക്കാർക്ക് ആദ്യത്തെ രണ്ടു പ്രസവത്തിന് 26 ആഴ്ച വീതം ശമ്പളത്തോടെയുള്ള അവധി ലഭിക്കും. ഇന്ത്യയിൽ 1961ൽ നിലവിൽ വന്ന മാതൃത്വ ആനുകൂല്യ നിയമമനുസരിച്ചു 12 ആഴ്ചയാണ് നേരത്തെ പ്രസവാവധി നൽകിയിരുന്നത്. ഇതാണ് 26 ആഴചയിലേക്ക് നീട്ടിയത്. ഇത് ആദ്യ രണ്ട് പ്രസവങ്ങൾക്കാണ്. ഈ നിയമ പ്രകാരം മൂന്നാമത്തെ പ്രസവം മുതൽ 12 ആഴ്ചയേ അവധി കിട്ടൂ. അതായത് മൂന്ന് മാസം. പത്തിലധികം ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങൾക്കും ഇതു ബാധകവുമാണ്. അതുകൊണ്ട് തന്നെ അദില അബ്ദുള്ളയ്ക്കും നിയമ പ്രകാരം മൂന്നാഴ്ചത്തെ അവധിക്ക് നിയമപരമായി അർഹതയുണ്ട്.

ഈ നിയമം വന്നതോടെ കൂടുതൽ പ്രസവാവധി നൽകുന്ന രാജ്യങ്ങളിൽ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു. മൂന്നു മാസത്തിൽ താഴെയുള്ള കുട്ടിയെ ദത്തെടുക്കുന്ന വനിതയ്ക്കും 12 ആഴ്ചത്തെ പ്രസവാവധിക്ക് അർഹത നൽകുന്നതാണ് 'മാതൃത്വ ആനുകൂല്യ ബിൽ'. എല്ലാ രാഷ്ട്രീ പാർട്ടികളുടേയും പിന്തുണയോടെയാണ് ഈ ബിൽ ലോക്‌സഭയും രാജ്യസഭയും പാസാക്കിയത്. ഇത്തരത്തിലൊരു ബിൽ നിയമമായതു കൊണ്ട് തന്നെ സ്ത്രീകൾക്ക് എത്രതവണ പ്രസവിച്ചാലും മൂന്ന് മാസം ശമ്പളത്തോടെ അവധി കൊടുക്കാൻ സർക്കാരും സ്ഥാപനങ്ങളും നിർബന്ധിതമാണ്. സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കാനാണ് ഇത്തരത്തിലൊരു നിയമ നിർമ്മാണം മോദി സർക്കാർ നടത്തിയത്. ഇത് സർക്കാർ മേഖലയ്ക്കും ബാധകമാണെന്ന് തന്നെയാണ് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇതിനൊപ്പം മൂന്നാം പ്രസവത്തിന് അവധി നിഷേധിച്ചതിനെതിരെ കോടതി നിരവധി ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുമുണ്ട്.

രണ്ട് മക്കളുള്ള അദില വീണ്ടും ഗർഭിണിയായി. പ്രസവത്തിന് ആവശ്യമായ അവധിക്ക് അപേക്ഷ നൽകി. എന്നാൽ മൂന്നാം തവണ മെറ്റേണിറ്റി ലീവിന് അർഹതയില്ലെന്നാണ് പിണറായി സർക്കാർ പറയുന്നത്. മൂന്നാം പ്രസവമായാലും കുട്ടികൾക്ക് പ്രശ്നമുണ്ടാകാതിരിക്കാൻ അമ്മമാർക്ക് മതിയായ അവധി നൽകണമെന്നാണ് സുപ്രീംകോടതി പോലും നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനൊപ്പമാണ് നിയമനിർമ്മാണം കേന്ദ്രം നടത്തിയതും. എന്നാൽ ഇതൊന്നും അറിഞ്ഞിട്ടില്ലെന്നാണ് സർക്കാരിന്റെ വാദം. ഐഎഎസുകാരുടെ ചട്ടം അനുസരിച്ച് രണ്ട് പ്രസവത്തിന് മാത്രമേ പ്രസവാവധിയുള്ളൂവെന്നും വിശദീകരിക്കുന്നു. എന്നാൽ 2017ൽ നിയമ നിർമ്മാണം നടന്നതോടെ ഐഎഎസുകാർക്കെന്നല്ല എല്ലാ ജീവനക്കാരികൾക്കും ഈ നിയമത്തിന്റെ ആനുകൂല്യം കിട്ടേണ്ടതുണ്ട്. ഇതാണ് അദീലയുടെ കാര്യത്തിൽ പിണറായി സർക്കാർ നിഷേധിക്കുന്നതും. ഇത് മറുനാടൻ വാർത്തയാക്കിയതോടെ നിയമ പ്രകാരം അദീലയ്ക്ക് പ്രസവാവധി കൊടുക്കേണ്ടതില്ലെന്ന പ്രചരണം സോഷ്യൽ മീഡിയയിൽ സിപിഎം അനുകൂലികൾ നടത്തുകയുണ്ടായി. ഈ സാഹചര്യത്തിലാണ് പുതിയ നിയമ നിർമ്മാണത്തിലൂടെ മൂന്നാം പ്രസവത്തിനും ശമ്പളത്തോടെ അവധിക്ക് സ്ത്രീകൾക്ക് അർഹയുണ്ടെന്ന് നിയമവിദഗ്ദ്ധർ വിശദീകരിക്കുന്നത്.

നീതി നിഷേധത്തിനെതിരെ ഐഎഎസുകാരുടെ വാട്സാപ്പ് കൂട്ടായ്മയിൽ അദീല കുറിപ്പിടുകയും ചെയ്തു. എന്നാൽ മുതിർന്ന ഐഎഎസുകാർ ആരും അദിലയ്ക്ക് പിന്തുണ നൽകാൻ തയ്യാറായില്ല. എല്ലാവരും പിണറായി സർക്കാരിനെ പേടിച്ച് മൗനത്തിലായി. രണ്ട് മാസമായി പ്രസവത്തിനായി വീട്ടിലുള്ള അദിലയ്ക്ക് സർക്കാർ ഒരു ആനുകൂല്യവും നൽകുന്നില്ല. ഇതിൽ കേരളത്തിലെ ഭൂരിപക്ഷം പേർക്കും എതിർപ്പുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി കോടതി വിധികളും സ്ത്രീകൾക്ക് അനുകൂലമായി ഉണ്ടായിട്ടുണ്ട്. 2018 ഓഗസ്റ്റിലാണ് മനുഷ്യാവകാശ വിഷയങ്ങൾ ഉയർത്തിയ നിർണ്ണായ വിധി ഉത്തരാഖണ്ഡ് കോടതി പുറപ്പെടുവിച്ചത്. ഭരണഘടനയുടെ ആർട്ടിക്കിൾ 42 പ്രകാരം പ്രസവാനുകൂല്യങ്ങൾക്ക് സ്ത്രീകൾക്ക് അർഹതയുണ്ടെന്നായിരുന്നു കോടതി ഉത്തരവ്. അവധി നിഷേധത്തെ തുടർന്നുള്ള കേസിലായിരുന്നു കോടതി ഇടപെടൽ.

2015ൽ സർക്കാർ ഉദ്യോഗസ്ഥരെ ഹരിയാനയിലെ സമാന വിഷയത്തിൽ കോടതി വിളിച്ചു വരുത്തി ശാസിക്കുകയും ചെയ്തിട്ടുണ്ട്. മൂന്നാം പ്രസവത്തിന് ആനുകൂല്യം നിഷേധിച്ചതിന്റെ പേരിലായിരുന്നു ഇത്. കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് പ്രസവാവധി നിജപ്പെടുത്തരുതെന്ന് മദ്രാസ് ഹൈക്കോടതിയും ഉത്തരവിട്ടിട്ടുണ്ട്. ഡൽഹി ഹൈക്കോടതിയും സമാന ഇടപെടൽ നടത്തിയിട്ടുണ്ട്. ഇത്തരം കേസുകളെത്തിയതോടെയാണ് സ്ത്രീകളുടെ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പരിഹാരമുണ്ടാക്കാൻ കേന്ദ്ര സർക്കാർ നിയമം കൊണ്ടുന്നത്. ഇതാണ് അദീലയ്ക്ക് നിഷേധിച്ചതും. ഈ സാഹചര്യത്തിലാണ് സർക്കാർ വൈരാഗ്യം തീർക്കാൻ വേണ്ടിയാണ് നീതി നിഷേധം നടത്തിയതെന്ന ആരോപണം ശക്തമാകുന്നത്. വാർത്ത പുറത്തു വന്നതിന് ശേഷവും നിയമപരമായി അവധിക്ക് അർഹതയില്ലെന്ന തരത്തിൽ നടന്ന വ്യാജ പ്രചരണവും ബോധപൂർവ്വം സോഷ്യൽ മീഡിയയിൽ സർക്കാർ അനുകൂലർ നിർത്തിയവരാണ്.

പഴയ തലമുറയിലെ ഐഎഎസുകാരേക്കാൾ ജോലിയോട് കൂറും രാഷ്ട്രീയക്കാർക്ക് മുമ്പിൽ നട്ടെല്ല് വളയാത്ത നിലപാട് സ്വീകരിക്കുന്നവരാണ് പുതുതലമുറയിലെ ഉദ്യോഗസ്ഥർ. അതിൽ ഏറ്റവും കൈയടി നേടിയ ഉദ്യോഗസ്ഥയായിരുന്നു അദീല അബ്ദുള്ള. ഊരാളുങ്കൽ സൊസൈറ്റുമായി ബന്ധപ്പെട്ട വിഷയത്തോടെ ഇടത് സർക്കാരിന്റെ നമ്പർ വൺ ശത്രുവായി ഈ യുവ ഐഎഎസുകാരി. കൊച്ചി സബ്കലക്ടറായിരിക്കേ തിരിച്ചെടുത്തത് 60 കോടിയിലേറെ വിലവരുന്ന ഭൂമിയായിരുന്നു. പിന്നലെ വമ്പന്മാരുടെ സ്വന്തം ക്ലബ്ബായ കൊച്ചിൻ ക്ലബ്ബിന്റെ പൊന്നും വിലയുള്ള കയ്യേറ്റ ഭൂമിയെ തൊട്ടപ്പോൾ 'ലൈഫ് മിഷനിലേക്ക്' ഒതുക്കുകയാണ് ചെയ്തത്. എന്നാൽ പാവങ്ങൾക്ക് വീട് വയ്ക്കാനുള്ള ടെൻഡറിലെ കള്ളക്കളി കണ്ടെത്തിയപ്പോൾ അവരെ ഒന്നാം നമ്പർ ശത്രുവാക്കി പിണറായി സർക്കാർ. ഈ പ്രതികാരം ഇപ്പോഴും തുടരുകയാണ്. ഗർഭിണിയായ അദില അബ്ദുള്ളയ്ക്ക് മെഡിക്കൽ ലീവ് പോലും സർക്കാർ അനുവദിക്കുന്നില്ല. രണ്ട് മാസമായി ഒരു ആനുകൂല്യവുമില്ലാതെ പ്രസവത്തിനായി വീട്ടിൽ കഴിയുകയാണ് ഈ ഐഎഎസുകാരി.

ഫോർട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലുമായി ഭൂമാഫിയ കൈവശം വെച്ച കോടികളുടെ വിലവരുന്ന സർക്കാർ ഭൂമി തിരിച്ചുപിടിച്ച് കൈയടി നേടിയ ഉദ്യോഗസ്ഥയാണ് ആദില. പിന്നീടാണ് ഉരാളുങ്കലുമായി ഉരസുന്നത്. അഞ്ചര ലക്ഷം പാവങ്ങൾക്ക് വീട് നൽകാനുള്ള ലൈഫ്മിഷൻ പദ്ധതിയിൽ കോഴിക്കോട്ടെ സി. പി. എം. ബന്ധമുള്ള ഊരാളുങ്കൽ സൊസൈറ്റിക്കായി വമ്പൻ ചരട് വലികൾ നടന്നിരുന്നു. ലൈഫ് മിഷൻ പദ്ധതിയിലെ ഒറ്റ ടെൻഡറിൽ കരാർ നൽകണമെന്ന ചീഫ്‌സെക്രട്ടറി പോൾ ആന്റണിയുടെ നിർദ്ദേശം പുതിയ ചർച്ചകൾക്ക് വഴി വച്ചിരുന്നു. ചീഫ് സെക്രട്ടറി ശകാരിച്ച മിഷൻ സിഇഒ അദീല അബ്ദുള്ള ദീർഘകാല അവധിയെടുത്ത്, പദവി ഒഴിയുകയാണെന്ന് അന്ന് അറിയിച്ചിരുന്നു. വിയോജനക്കുറിപ്പെഴുതിയ നഗരകാര്യ സെക്രട്ടറി ഡോ.ബി. അശോകിനെ വകുപ്പു മാറ്റി. അശോകും അവധിയിൽ പോയി. ചീഫ്എൻജിനിയർ കെ.സുന്ദരൻ രാജിവച്ചു. ഇങ്ങനെ ഊരാളുങ്കലിന്റെ കള്ളക്കളികൾ കണ്ടെത്തിയത് അദിലായിരുന്നു. ഇത് ചർച്ചയായതോടെ സർക്കാരിന്റെ കണ്ണിലെ കരടായി അദില മാറി.

കോഴിക്കോട് കുറ്റ്യാടി നെല്ലക്കണ്ടി അബ്ദുള്ളയുടെയും ബിയ്യാത്തുവിന്റെയും മകളായ അദീല തന്റെ എം.ബി.ബി.എസ് പഠനത്തിനു ശേഷമാണ് ഐ.എ.എസ് എന്ന സ്വപ്നം ലക്ഷ്യം നേടാൻ ഇറങ്ങിത്തിരിച്ചത്. പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസ് നേടിയശേഷം സിവിൽ സർവ്വീസ് രംഗത്തേക്ക് കടന്നുവന്ന അദീല 2012 ൽ ഐ.എ.എസ് സ്വന്തമാക്കി തന്റെ ലക്ഷ്യം നിറവേറ്റി. 2013 മുതൽ കണ്ണൂർ അസിസ്റ്റന്റ് കളക്ടറായിരുന്നു. തിരൂരിന്റെ സബ്കളക്ടർ കസേരയിലെ ആദ്യ വനിതാ ഐ.എ.എസ് സബ്കളക്ടർ എന്ന പദവിയും ഡോ. അദീല അബ്ദുള്ളയ്ക്കായിരുന്നു. തിരൂർ റവന്യുഡിവഷന്റെ ചുമതലയായിരുന്നു അദീലക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP