Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രസ്റ്റൺ പള്ളി ഇന്ന് മുതൽ കാത്തീഡ്രലാകും; മെത്രാന്മാരെല്ലാവരും എത്തി ചേർന്നു; നാളെ മെത്രാഭിഷേകത്തിന് പോകുന്നവർ ഇക്കാര്യങ്ങൾ മറക്കാതിരിക്കുക

പ്രസ്റ്റൺ പള്ളി ഇന്ന് മുതൽ കാത്തീഡ്രലാകും; മെത്രാന്മാരെല്ലാവരും എത്തി ചേർന്നു; നാളെ മെത്രാഭിഷേകത്തിന് പോകുന്നവർ ഇക്കാര്യങ്ങൾ മറക്കാതിരിക്കുക

ഇംഗ്ലീഷുകാരിൽ നിന്നും ഏറ്റെടുത്ത പ്രസ്റ്റണിലെ സെന്റ് ഇഗ്‌നേഷ്യസ് പള്ളി ഇന്ന് മുതൽ സെന്റ് അൽഫോൻസാ കത്തീഡ്രലായി അറിയപ്പെടും. ഇന്നു വൈകുന്നേരമാണ് കത്തീഡ്രൽ രൂപീകരണ ചടങ്ങ് നടക്കുക. ഇന്നലെയോടെ കേരളത്തിൽ നിന്നുള്ള എല്ലാ മെത്രാന്മാരും യുകെയിൽ എത്തി ചേർന്നിരിക്കുകയാണ്. ഇതോടെ നാളെ പ്രസ്റ്റണിൽ നടക്കുന്ന സീറോ മലബാർ രൂപത ആശീർവാദവും മെത്രാഭിഷേക ചടങ്ങും ആവേശകരമാകും.

പ്രസ്റ്റൺ പള്ളി കത്തീഡ്രലായി ഇന്ന് ഏറ്റെടുക്കും; പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾ വൈകിട്ട് 6 മണിക്ക് മാർ ആലഞ്ചേരിയുടെ നേതൃത്വത്തിൽഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കത്തീഡ്രലായി ഉയർത്തപ്പെടുന്ന പ്രസ്റ്റൺ സെന്റ് അൽഫോൻസാ പള്ളി ഏറ്റെടുക്കുന്ന ചടങ്ങും കത്തീഡ്രലായി പുനർസമർപ്പണവും ആഘോഷമായ സായാഹ്ന നമസ്‌കാര പ്രാർത്ഥനയും (റംശാ പ്രാർത്ഥന) ഇന്ന് വൈകിട്ട് നടക്കും. ഇന്നലെ യുകെയിലെത്തിച്ചേർന്ന സീറോ മലബാർ സഭയുടെ തലവനും പിതാവുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് തിരുക്കർമ്മങ്ങൾ നടക്കുന്നത്. മറ്റു പിതാക്കന്മാരും നിരവധി വൈദികരും തിരുക്കർമ്മങ്ങളിൽ സഹകാർമ്മികരാകും.

ഇന്ന് വൈകിട്ട് 6 മണിക്ക് വിശിഷ്ടാതിഥികൾക്ക് സ്വീകരണം നൽകി അവരെ ദേവാലയത്തിലേക്ക് ആനയിക്കുന്നതോടുകൂടിയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. 6. 10 ന് ഇതുവരെ ലങ്കാസ്റ്റർ രൂപതയുടെ സ്വന്തമായിരുന്ന പ്രസ്റ്റൺ സെന്റ് ഇഗ്നേഷ്യസ് പള്ളി, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പള്ളിയായും കത്തീഡ്രലായും ഏറ്റെടുക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾ നടക്കും. തുടർന്ന് രൂപതയുടെ സ്വർഗ്ഗീയ മധ്യസ്ഥയായ വി, അൽഫോൻസാമ്മയ്ക്ക് ദേവാലയം സമർപ്പിച്ച് പ്രത്യേക പ്രാർത്ഥനകൾ നടക്കും.

6.30 ന് സഭയുടെ യാമപ്രാർത്ഥനയിലെ ഔദ്യോഗിക സന്ധ്യാ നമസ്‌കാരമായ 'റംശാ പ്രാർത്ഥന'' തുടർന്ന് നടക്കും. ഇത് ഞായറാഴ്ച നടക്കുന്ന മെത്രാഭിഷേകത്തിന് രൂപത ഒന്നാകെ പ്രാർത്ഥിച്ച് ഒരുങ്ങുന്ന അവസരം കൂടിയാണ്. ''റംശാ പ്രാർത്ഥന'' എന്നാണ് ഈ സായാഹ്ന നമസ്‌കാരം അറിയപ്പെടുന്നത്. പ്രാർത്ഥനയുടെ സമാപനത്തിൽ വി. അൽഫോൻസാമ്മയുടെ തിരുശേഷിപ്പു കൊണ്ടുള്ള ആശിർവാദം നൽകപ്പെടും. 7. 30 ന് സമാപന പ്രാർത്ഥനകളോടും ആശിർവാദത്തോടും കൂടെ കത്തീഡ്രൽ ഏറ്റെടുക്കൽ ചടങ്ങ് പൂർണ്ണമാകും.

ഔദ്യോഗികമായ ഈ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വെള്ളിയാഴ്ച രാത്രിയിലെന്നത് പോലെ ശനിയാഴ്ച രാത്രിയിലും ജാഗര പ്രാർത്ഥനാ ശുശ്രൂഷ (നൈറ്റ് വിജിൽ) ഉണ്ടായിരിക്കും. ലോകത്തുള്ള എല്ലാ കത്തീഡ്രൽ ദേവാലയങ്ങളും കരുണയുടെ വിശുദ്ധ കവാടങ്ങളായി സഭാ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ സെന്റ് അൽഫോൻസാ ദേവാലയം പ്രസ്റ്റൺ കത്തീഡ്രലായി ഉയർത്തപ്പെട്ട ഉടനെ തന്നെ കരുണയുടെ കവാടമുള്ള ദേവാലയമായി പ്രഖ്യാപിക്കപ്പെടുന്നതും കരുണയുടെ വാതിൽ തുറക്കപ്പെടുന്നതുമാണ്.

മെത്രാഭിഷേകത്തിന് തലേ ദിവസം നടക്കുന്ന ഈ സുപ്രധാന തിരുക്കർമ്മങ്ങിൽ പങ്കു ചേർന്ന് പ്രാർത്ഥിച്ച് ഒരുങ്ങാൻ ജനറൽ കൺവീനർ റവ. ഡോ. തോമസ് പാറയടിയും ജോയിന്റ് കൺവീനറും നിലവിൽ പ്രസ്റ്റൺ പള്ളി വികാരിയുമായ റവ. ഡോ. മാത്യു ചൂരപൊയ്കയിലും എല്ലാ വിശ്വാസികളോടും ആഹ്വാനം ചെയ്തിരിക്കുന്നു.

കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി യുകെയിലെത്തി; മെത്രാഭിഷേകത്തിനും രൂപതാ ഉദ്ഘാടനത്തിനും മുഖ്യ കാർമ്മികനാകും
സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മാർ ജോർജ് ആലഞ്ചേരി ഇന്നലെ വൈകിട്ട് 7. 30ന് യുകെയിലെത്തിച്ചേർന്നു. മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ നിയുക്ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ, ജനറൽ കൺവീനർ റവ. ഫാ: തോമസ് പാറയടിയിൽ, ജോയിന്റ് കൺവീനർ റവ. ഫാ: മാത്യു ചൂരപൊയ്കയിൽ, സ്വീകരണ കമ്മറ്റി കൺവീനർ റവ. ഫാ: സജി മലയിൽ പുത്തൻപുര, മറ്റ് കമ്മറ്റിയംഗങ്ങൾ വൈദികർ വിശ്വാസികൾ എന്നിവർ ചേർന്ന് കർദ്ദിനാൾ തിരുമേനിക്ക് ഊഷ്മള സ്വീകരണം നൽകി.

വിമാനത്താവളത്തിൽ നിന്ന് ലങ്കാസ്റ്റർ രൂപതാ ആസ്ഥാനത്തെത്തിയ കർദ്ദിനാൾ ഇന്നലെ രാത്രി വിശ്രമിച്ച ശേഷം ഇന്ന് മെത്രാഭിഷേക ചടങ്ങുകളുടെയും സ്ഥാനാരോഗണ ശുശ്രൂഷയുടെയും റിഹേഴ്സൽ നിയുക്ത മെത്രാനൊപ്പം നടത്തും. തുടർന്ന് പ്രാർത്ഥനയിലും ആത്മീയ ഒരുക്കത്തിലുമായിരിക്കുന്ന പിതാക്കന്മാർ വൈകിട്ട് കത്തീഡ്രൽ ഏറ്റെടുക്കുകയും പുനർ സമർപ്പണം നടത്തുകയും ചെയ്യുന്ന തിരുക്കർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കാനെത്തും.

തന്റെ സുധീരമായ കർമ്മ ശേഷിയും നേതൃത്വപാടവവും കൊണ്ടു സീറോ മലബാർ സഭയെ നയിക്കുന്ന കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ആത്മീയ ദീർഘവീക്ഷണത്തിന്റെയും റോമിലെ പരിശുദ്ധ സിംഹാസനവുമായി സൂക്ഷിക്കുന്ന നല്ല ബന്ധത്തിന്റെയും ഫലമായാണ് ഗ്രേറ്റ് ബ്രിട്ടണിലും സീറോ മലബാർ രൂപത യാഥാർത്ഥ്യമാക്കാൻ ഇടയായത്. അമേരിക്കയിലും ഓസ്ട്രേലിയായിലും കാനഡയിലും പുതിയ രൂപതകളും എക്സാർക്കേറ്റും വന്നതിനുശേഷം ഗ്രേറ്റ് ബ്രിട്ടണിലും പുതിയ രൂപത നേടിയെടുക്കാനായത് സഭയുടെ വളർച്ചയുടെ വലിയ സൂചനയാണ്. ഈ വലിയ സഭയുടെ തലവൻ എന്ന നിലയിൽ ആത്മാഭിമാനത്തിന്റെയും നിർവൃതിയുടെയും കൂടി നിമിഷങ്ങളാണ് മാർ ജോർജ് ആലഞ്ചേരിക്കിത്.

ലോകത്തിലെ പൗരസ്ത്യ സഭകളിൽ ഉക്രേനിയൻ കത്തോലിക്കാ സഭ കഴിഞ്ഞാൽ അംഗ സംഖ്യയിൽ രണ്ടാം സ്ഥാനത്താണ് 50 ലക്ഷത്തിനടുത്ത് വിശ്വാസികളുള്ള സീറോ മലബാർ സഭ.

പ്രസ്റ്റൺ മെത്രാഭിഷേകം ''മറക്കരുതേ ഈ 15 പ്രധാനപ്പെട്ട കാര്യങ്ങൾ''
മാർ സ്രാമ്പിക്കലിന്റെ മെത്രാഭിഷേകത്തിനും 'ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത' ഉദ്ഘാടത്തിനുമായി എത്തുന്ന എല്ലാവരുടെയും ശ്രദ്ധയിലേയ്ക്കായി ഏറ്റവും പ്രധാനപ്പെട്ട 15 കാര്യങ്ങൾ ഓർമ്മിപ്പിക്കുന്നു. ഇത് പ്രത്യേകം ശ്രദ്ധിക്കുമല്ലോ.

  1. എൻട്രി പാസ് ഇല്ലാത്ത ആർക്കും സ്റ്റേഡിയത്തിനുള്ളിൽ കടക്കാനാവില്ല എന്നതിനാൽ ആരും അവരുടെ എൻട്രി പാസ്സുകൾ മറക്കരുത്. ആ പാസ്സിൽ രേഖപ്പെടുത്തിയിരിക്കുന്ന ഗേയ്റ്റിലൂടെ മാത്രം കടക്കാനും നിശ്ചയിച്ചു തന്നിരിക്കുന്ന സീറ്റുകളിൽ ഇരിക്കാനും ശ്രദ്ധിക്കണം. ഇനിയും ടിക്കറ്റ് ആവശ്യമുള്ളവർ മെത്രാഭിഷേക കമ്മറ്റിയുമായി ബന്ധപ്പെടണം.
  2. രാവിലെ 11. 30 മുതലായിരിക്കും വിശ്വാസികൾക്ക് സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശനം ലഭിക്കുന്നത്. താമസിച്ച് വരുന്നത് ഒഴിവാക്കാൻ നേരത്തെ പുറപ്പെടാൻ ശ്രദ്ധിക്കു. രണ്ടര മണിക്കൂറിൽ കൂടുതൽ യാത്രാദൂരമുള്ളവരും ബസുകളിലും കോച്ചുകളിലുമായി വരുന്നവരും നിങ്ങളുടെ ഡ്രൈവർ ആദ്യ രണ്ടര മണുക്കൂറിനു ശേഷം എടുക്കുന്ന ബ്രേയ്ക്കിന്റെ സമയം കൂടി മുൻകൂട്ടി കണ്ട് യാത്ര പുറപ്പെടാൻ ശ്രദ്ധിക്കുക.
  3. പ്രാർത്ഥനാ ശുശ്രൂഷകൾ ഗാനാലാപനത്തോടെയും ജപമാല പ്രാർത്ഥനയോടെയും 12 മണിക്ക് ആരംഭിക്കും. ഈ ശുശ്രൂഷകൾക്കിടയിൽ സ്റ്റേഡിയത്തിലേക്ക് കടന്നു വരുന്നവർ സംസാരിച്ച് പ്രാർത്ഥനാ ആന്തരീക്ഷം നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
  4. ഭക്ഷണം: യാത്രയിലുടനീളവും തിരുക്കർമ്മൾക്കിടയിലും ഓരോരുത്തരും അവരവർക്ക് ആവശ്യമുള്ളത്ര ഭക്ഷണവും വെള്ളവും കരുതണം. കുട്ടികൾക്കുള്ള പ്രത്യേക ഭക്ഷണങ്ങളും മറക്കരുത്. എല്ലാ പരിപാടികളുടെയും സമാപനത്തിൽ മെത്രാഭിഷേക കമ്മറ്റി ഒരുക്കിയിരിക്കുന്ന ലഘു റിഫ്രഷ്മെന്റ്സ് അതാത് ഇരിപ്പിടങ്ങളിൽ ലഭിക്കുന്നതായിരിക്കും.
  5. ഡ്രസ്സ് കോഡ്: ഏറ്റവും വിശുദ്ധമായ ഒരു ആത്മീയ കർമ്മത്തിൽ പങ്കു ചേരാനെത്തുന്നതിനാൽ എല്ലാവരും പ്രാർത്ഥനാ അന്തരീക്ഷത്തിനു ചേർന്ന വസ്ത്രധാരണം ശ്രദ്ധിക്കേണ്ടതാണ്. അതുപോലെ ആത്മീയ അവസരങ്ങൾക്ക് ചേരാത്ത ഭക്ഷണ പാനീയങ്ങളും ഒഴിവാക്കേണ്ടതാണ്.
  6. സ്റ്റേഡിയത്തിലും പരിസരങ്ങളിലുമായി വിന്യസിച്ചിരിക്കുന്ന വോളണ്ടിയേഴ്സ് വാഹന പാർക്കിങ്ങിൽ സഹായിക്കുന്നതാണ്. നിർദ്ദിഷ്ട സ്ഥലങ്ങളിൽ മാത്രം പാർക്കു ചെയ്യുക. ബസിനുള്ള എൻട്രി പാസ്സുകളും എടുക്കാൻ മറക്കരുത്.
  7. കാലാവസ്ഥാ വ്യതിയാനമുണ്ടായാൽ കുട ഉപയോഗിക്കാൻ പറ്റില്ല. പകരം എല്ലാവരും ''റെയ്ൻ കോട്ട്'' കരുതേണ്ടതാണ്.
  8. സ്റ്റേഡിയത്തിനുള്ളിലും പരിസരങ്ങളിലുമായി നിങ്ങളെ സഹായിക്കാനായി സേവനം ചെയ്യുന്ന വോളണ്ടിയേഴ്സിന്റെ നിർദ്ദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കേണ്ടതാണ്.
  9. പ്രാർത്ഥനകൾക്കുപയോഗിക്കുന്ന പുസ്തകങ്ങളും മെത്രാഭിഷേക കമ്മറ്റിയുടെ അനുവാദത്തോടെ പ്രസിദ്ധീകരിക്കുന്ന മറ്റ് പ്രസിദ്ധീകരണങ്ങളും സ്റ്റേഡിയത്തിനുള്ളിൽ വച്ചു തന്നെ നൽകപ്പെടുന്നതാണ്. ക്രിസ്തീയ സ്നേഹത്തിനും സഭയുടെ ആത്മീയതയ്ക്കും നിരക്കാത്ത മറ്റു പ്രസിദ്ധീകരണങ്ങളോ ലഘു ലേഖകളെ വാങ്ങാതിരക്കാൻ ജാഗ്രത പുലർത്തേണ്ടതാണ്.
  10. തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാനെത്തുന്ന എല്ലാ വൈദികരും ഗോൾഡൻ കളറുള്ള കാപ്പാ സെറ്റ് (സീറോ മലബാർ കുർബാന തിരുവസ്ത്രം) കൊണ്ടു വരികയും തിരുക്കർമ്മങ്ങളുടെ സമയത്ത് അവ അണിയുകയും ചെയ്യേണ്ടതാണ്.
  11. ലത്തീൻ കത്തോലിക്ക സഭയെ പ്രതിനിധീകരിക്കുന്നവർ ചുവപ്പു കളറുള്ള ചോസിബിൾ (ലത്തീൻ കുർബാന തിരുവസ്ത്രം) കൊണ്ടു വരേണ്ടതുമാണ്. വൈദികർ ഓരോ കുസ്തോദിയും (സിബോറിയം) കൊണ്ടു വരേണ്ടതാണ്.
  12. ഭിന്നശേഷിയുള്ളവരുടെ യാത്ര ഉപകരണങ്ങൾ കുട്ടികളുടെ പ്രാം എന്നിവ സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിപ്പിക്കുന്നതിന് അനുവാദമുണ്ടായിരിക്കുന്നതാണ്.
  13. ലഘുഭക്ഷണം ആവശ്യമുള്ളവർക്ക് മിതമായ നിരക്കിൽ സ്റ്റേഡിയം കമ്മറ്റിയുടെ ഫുഡ് കൗണ്ടറിൽ നിന്ന് അവ വാങ്ങാവുന്നതാണ്.
  14. ഏറ്റവും വലിയ ഒരുക്കം ആത്മീയ ഒരുക്കമാണന്നതിനാൽ എല്ലാവരും മെത്രാഭിഷേക ചടങ്ങുകളിലേക്ക് പ്രാർത്ഥിച്ച് ഒരുങ്ങി വരണമെന്ന് ഓർമ്മിപ്പിക്കുന്നു.
  15. വളരെ നേരത്തെ എത്തുന്നവർക്ക് കത്തീഡ്രലായി ഉയർത്തപ്പെടുന്ന പ്രസ്റ്റൺ സെന്റ് അൽഫോൻസാ ദേവാലയം സന്ദർശിച്ച് പ്രാർത്ഥിക്കാവുന്നതാണ്.
    മെത്രാഭിഷേക വേദിയുടെ വിലാസം
North End Stadium, Preston, PR1 6RU Contact - 01772396065, Email: [email protected]

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP