Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

മെൻസാ ഐക്യു ടെസ്റ്റിൽ പരമാവധി സ്‌കോർ നേടി ബ്രിട്ടനിലെ മലയാളി പെൺകുട്ടി; സ്റ്റീഫൻ ഹോക്കിങ്സിനേക്കാൾ രണ്ടു മാർക്ക് അധികം നേടി എലയ്ന അഭിമാനമാകുമ്പോൾ

മെൻസാ ഐക്യു ടെസ്റ്റിൽ പരമാവധി സ്‌കോർ നേടി ബ്രിട്ടനിലെ മലയാളി പെൺകുട്ടി; സ്റ്റീഫൻ ഹോക്കിങ്സിനേക്കാൾ രണ്ടു മാർക്ക് അധികം നേടി എലയ്ന അഭിമാനമാകുമ്പോൾ

സ്വന്തം ലേഖകൻ

പതിനൊന്നാം വയസിൽ കെന്റിൽ നിന്നുള്ള സ്‌കൂൾ വിദ്യാർത്ഥിനി എലയ്‌ന ജിനു പാഡി ബ്രിട്ടീഷ് മെൻസാ ഐ ക്യൂ ടെസ്റ്റിൽ പരമാവധി സ്‌കോർ നേടി പഴമയിലും പ്രശസ്തിയിലും ഒന്നാമതുള്ള മെൻസ ഹൈ ഐക്യൂ സൊസൈറ്റിയുടെ അംഗത്വം കരസ്ഥമാക്കിയിരിക്കുന്നു. ഐക്യൂ ടെസ്റ്റിൽ ഏറ്റവും ഉയർന്ന സ്‌കോർ കരസ്ഥമാക്കുന്ന രണ്ട് ശതമാനം ആളുകൾക്ക് മാത്രമായി മെൻസ ഹൈ ഐ ക്യൂ സൊസൈറ്റി അംഗത്വം പരിമിതപ്പെടുത്തിയിട്ടുണ്ട്. പരമാവധി സ്‌കോറായ 162 കരസ്ഥമാക്കിയ എലയ്‌ന, ലോകത്തെമ്പാടുനിന്നും ഈ പരീക്ഷയിൽ പങ്കെടുക്കുന്നവരിലെ 99.998 ശതമാനത്തേയും പിന്നിലാക്കി.

കെന്റിലെ സെക്കണ്ടറി സ്‌കൂളായ ഇൻവിക്റ്റാ ഗ്രാമർ സ്‌കൂളിലേക്ക് 11+ പരീക്ഷയിൽ ഉയർന്ന മാർക്കോടെ എലയ്‌ന ഈയിടെ പ്രവേശനം നേടിയിരുന്നു. സഹോദരി ഹാനയുടെ പ്രോത്സാഹനത്താൽ പ്രചോദിതയായി മെൻസ പരീക്ഷക്ക് വേണ്ട കുറഞ്ഞ പ്രായപരിധിയായ പത്തര വയസെത്തിയപ്പോൾ തന്നെ എലയ്‌ന ടെസ്റ്റിന് തയ്യാറായിരുന്നെങ്കിലും കോവിഡ്-19 മഹാമാരി കാരണം ടെസ്റ്റിന് നിശ്ചയിച്ച തീയതി 2020 ഒക്ടോബറിലേക്ക് നീണ്ടുപോവുകയായിരുന്നു. ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റ് ജിനു മാത്യുവിന്റെയും ഗവേഷണ ശാസ്ത്രജ്ഞ ഡോ. സ്വപ്ന തോമസിന്റേയും മകളായ ഈ കൊച്ചുമിടുക്കിയാണ് 120,000 മാത്രം അംഗങ്ങളുള്ള മെൻസയുടെ ഹൈ ഐ ക്യൂ സൊസൈറ്റി അംഗത്വമെന്ന അഭിമാനകരമായ നേട്ടം കൈവരിച്ചത്.

പതിനൊന്ന് വയസ് മാത്രമുള്ള എലയ്‌ന നേടിയ സ്‌കോർ പ്രസിദ്ധ ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹാക്കിങ്‌സിനെക്കാളും ആൽബർട്ട് ഐൻസ്റ്റീനേക്കാളും രണ്ടു പോയിന്റ് കൂടുതൽ ആണെന്ന് അറിയുമ്പോഴാണ് എലയ്‌നയുടെ നേട്ടത്തിന്റെ മഹത്വം നാം അറിയുന്നത്. പുസ്തക പ്രേമിയായ എലയ്‌ന ഇതിനോടകം 600-ലധികം പുസ്തകങ്ങൾ വായിച്ചു കഴിഞ്ഞിട്ടുണ്ട്. വായനയിൽ കുറ്റാന്വേഷണവും, മിസ്റ്ററിയും ത്രില്ലറുകളുമാണ് എലയ്‌നയുടെ ഇഷ്ടവിഷയങ്ങൾ. ബ്രൂക് തിയേറ്ററിൽ അവതരിപ്പിച്ച 'മേക്കിങ് വെയ്വ്‌സ്' എന്ന സംഗീത നാടകം തയ്യാറാക്കാനായി മെഡ് വേയിലെ പ്രൈമറി സ്‌കൂളുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട സർഗ്ഗാത്മക രചനയിൽ പ്രതിഭയുള്ള കുട്ടികളിൽ എലയ്‌നയും ഉൾപ്പെട്ടിരുന്നു.

നൃത്തത്തിലും പാട്ടിലും താൽപര്യമുള്ള എലയ്‌ന സഹോദരിയുടെ മാതൃക പിൻതുടർന്ന് മൂന്ന് വയസ് മുതൽ തന്നെ ലാസ്യ സ്‌കൂൾ ഓഫ് പെർഫോമിങ് ആർട്സിൽ നിന്ന് ഇന്ത്യൻ ശാസ്ത്രീയ നൃത്തമായ ഭരതനാട്യം അഭ്യസിക്കുന്നു. ലണ്ടനിലെ ഓറിയന്റൽ എക്‌സാമിനേഷൻ ബോർഡ് ഭരതനാട്യത്തിന് ഏർപ്പെടുത്തിയിട്ടുള്ള ഒന്നുമുതൽ നാലുവരെയുള്ള ഗ്രെയ്ഡുകൾ ഡിസ്റ്റിങ്ങ്ഷനോടെ പൂർത്തിയാക്കിയ എലയ്‌നയിപ്പോൾ അഞ്ചാം ഗ്രെയ്ഡിനുള്ള തയ്യാറെടുപ്പിലാണ്.

മെഡ് വേ എൻഎച്ച്എസ് ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റിന്റെ ൻഎച്ച്എസ് 70 ഫണ്ട്റേയ്സിങ്ങ് ചാരിറ്റി ഈവെന്റ്, ദി ഹെരിറ്റേജ്- മെഡ് വേ ആർട്ട് എക്സിബിഷൻ തുടങ്ങി വിവിധ വേദികളിൽ എലയ്‌ന ഭരതനാട്യവും ബോളിവുഡ് സിനിമാറ്റിക് ഡാൻസും അവതരിപ്പിച്ചിട്ടുണ്ട്. സ്‌കൂൾ പ്രൈമറി തലത്തിൽ നാലാം വർഷം തന്നെ എലയ്‌ന മുതിർന്ന കുട്ടികളെ വരെ പിന്നിലാക്കി ടാലന്റ് ഷോയിലും ഒന്നാമതെത്തിയിരുന്നു. കെ-പോപ്പും അനിമേയും ഇഷ്ടപ്പെടുന്ന എലയ്‌ന സഹോദരിയോടൊപ്പം മൂന്ന് വയസിൽ തന്നെ പള്ളിയിലെ കുട്ടികളുടെ ഗായകസംഘത്തിലെ അംഗമാവുകയും സ്‌കൂൾ ഗായകസംഘത്തിൽ പിയാനോ അഭ്യസിക്കുകയും ചെയ്യുന്നു.

ഫോറൻസിക്‌സിൽ പ്രത്യേക താത്പര്യത്തോടെ നിയമബിരുദം സമ്പാദിക്കണമെന്ന എലയ്‌നയുടെ ആഗ്രഹത്തിനും രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP