Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നൃത്ത സംഗീത വിരുന്നിന്റെ വിസ്മയ ലോകം തുറന്നു; സൗഹൃദവും സ്‌നേഹ ബന്ധങ്ങളും ഊട്ടിയുറപ്പിച്ചു; പൂരലഹരിയിൽ നിറഞ്ഞാടി തൃശ്ശൂരുകാരുടെ ഒത്തുച്ചേരൽ

നൃത്ത സംഗീത വിരുന്നിന്റെ വിസ്മയ ലോകം തുറന്നു; സൗഹൃദവും സ്‌നേഹ ബന്ധങ്ങളും ഊട്ടിയുറപ്പിച്ചു; പൂരലഹരിയിൽ നിറഞ്ഞാടി തൃശ്ശൂരുകാരുടെ ഒത്തുച്ചേരൽ

മോഹൻദാസ് കുന്നൻചേരി

ലണ്ടൻ: ബ്രിട്ടനിൽ കഴിഞ്ഞ അഞ്ചു വർഷമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കേരളത്തിന്റെ സാംസ്‌കാരിക ജില്ലയായ തൃശ്ശൂർ ജില്ലയുടെ ബ്രിട്ടനിലെ പ്രവാസി സംഘടനയായ തൃശ്ശൂർ ജില്ല സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അഞ്ചാമത് ജില്ലാ കുടുംബ സംഗമം ഗ്രേറ്റർ ലണ്ടനിലെ ഹെമൽഹെംസ്റ്റഡിൽ ജില്ലാ നിവാസികളുടെ ശക്തമായ സാന്നിധ്യവും വൈവിധ്യമായ സാംസ്‌കാരിക പരിപാടികളും കൊണ്ട് മറ്റൊരു തൃശ്ശൂർ പൂരത്തിന്റെ അലയടികൾ ഹെമൽഹെംസ്റ്റഡിലെ ഹൗഫീൽഡ് കമ്മ്യൂണിറ്റി ഹാൾ സാക്ഷ്യം വഹിച്ചു.

രാവിലെ മുതൽ ഇടവിടാതെ ഹെമൽഹെംസ്റ്റഡിലെ ഹൗഫീൽഡ് കമ്മ്യൂണിറ്റി ഹാളിനെ ലക്ഷ്യം വെച്ച് എത്തിക്കൊണ്ടിരുന്ന ജില്ലാ നിവാസികളും, കുടുംബങ്ങളും തങ്ങളുടെ ജില്ലയുടെ പൂർവ്വകാല സ്മരണകൾ അയവിറക്കിയും, പരിചയമുള്ളവർ തങ്ങളുടെ സ്‌നേഹബന്ധങ്ങൾ വീണ്ടും ഊട്ടിയുറപ്പിക്കുകയും ചെയ്യുമ്പോൾ മറ്റുചിലർ പുതിയ സൗഹൃദങ്ങളുടെ വലകൾ നെയ്യുകയായിരുന്നു.

തൃശ്ശൂർ ജില്ലാ സൗഹൃദവേദിയുടെ അഞ്ചാമത് ജില്ലാ കുടുംബസംഗമം കവിതാ മേനോൻ ആലപിച്ച പ്രാർത്ഥനയോടെ ആരംഭിച്ചു. തുടർന്ന് മലയാളിയും യുകെയിലെ മലയാളികൾക്ക് സുപരിചിതനും പ്രമുഖ പത്രപ്രവർത്തകനും മികച്ച സാമൂഹ്യ സാംസ്‌കാരിക നായകനും ഗ്രേറ്റർ ലണ്ടനിലെ ലൗട്ടൻ ടൗൺ കൗൺസിലിന്റെ മുൻ മേയറും നിലവിലെ കൗൺസിലറുമായ ഫിലിപ്പ് എബ്രാഹമാണ് ജില്ലാ സംഗമം ഉദ്ഘാടനം ചെയ്തത്.

തന്റെ സ്വന്തം വീട്ടിൽ വന്ന് വീട്ടുകാരോട് സംസാരിക്കുന്ന തരത്തിലുള്ള ഒരു അനുഭവവും, അടുപ്പവും, സ്‌നേഹ ബന്ധങ്ങളുമാണ് ഈ ഹാളിൽ പ്രവേശിച്ചതിനുശേഷം തനിക്ക് അനുഭവപ്പെട്ടതെന്ന് തൃശ്ശൂർ ജില്ലക്കാരുമായി വലിയ ആത്മബന്ധം നിലനിർത്തിപ്പോരുന്ന ഫിലിപ്പ് എബ്രാഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. സംഘടനയുടെ പേരിൽകൂടിതന്നെ മറ്റ് ജില്ലക്കാരായ മലയാളികൾക്കും ഈ കൂട്ടായ്മയിലേയ്ക്ക് സ്വാഗം ചെയ്യുന്ന തരത്തിലുള്ള സൗഹൃദവേദി എന്ന നാമധേയത്തെ ഒത്തിരി പ്രശംസയോടെയാണ് ഫിലിപ്പ് എബ്രാഹം പരാമർശിച്ചത്.

പ്രവാസി ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ ഇതുപോലെ ശക്തമായ ജനപങ്കാളിത്തമുള്ള കുടുംബകൂട്ടായ്മകൾ കഠിനാധ്വാനം കൊണ്ടും, കഷ്ടപ്പാടുകൊണ്ടും നടത്തിക്കൊണ്ടുപോകുന്ന ഇതിന്റെ സംഘാടകർക്ക് അഭിനന്ദനങ്ങൾ കൊടുത്തും, സദസിലുള്ളവരോട് എഴുന്നേറ്റ് നിന്ന് നല്ല ഒരു കൈയടി കൊടുപ്പിച്ചതിനു ശേഷമാണ് മുൻ മേയർ തന്റെ ഉദ്ഘാടനപ്രസംഗം അവസാനിപ്പിച്ചത്.

ബ്രിട്ടനിലെ തൃശ്ശൂർ ജില്ലാ സൗഹൃദവേദിയുടെ പ്രസിഡന്റ് അഡ്വ. ജെയ്‌സൻ ഇരിങ്ങാലക്കുട അധ്യക്ഷത വഹിച്ച യോഗത്തിൽ തൃശ്ശൂർ ജില്ലാ നിവാസിയും ലണ്ടനിലെ കൃഷ് മോർഗൻ സോളിസിറ്റേഴ്‌സിലെ സോളിസിറ്റർ സുരേഷ്, യുകെയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന തൃശ്ശൂർ മെഡിക്കൽ കോളജിന്റെ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ പ്രതിനിധിയായ ഡോ. സുനിൽ കൃഷ്ണൻ, തൃശ്ശൂർ ജില്ലാ സൗഹൃദവേദിയുടെ മുൻ രക്ഷാധികാരിയായ മുരളി മുകുന്ദൻ, ലണ്ടനിലെ സാമുദായിക സംഘടനയുടെ സജീവ സാന്നിധ്യവും തൃശ്ശൂർ ജില്ലാ നിവാസിയുമായ എ. പി. രാധാകൃഷ്ണൻ എന്നിവർ ആശംസാപ്രസംഗം നടത്തുകയും പ്രാദേശിക സംഘാടകനിരയുടെ നായകനായ ജെപി നങ്ങിണി സ്വാഗതവും സംഘടയുടെ വൈസ് പ്രസിഡന്റ് ജീസൻ പോൾ കടവി നന്ദിയും പറഞ്ഞു.

തൃശ്ശൂർ ജില്ലയുടെ സാംസ്‌കാരിക തനിമ നിലനിർത്തിക്കൊണ്ട് തന്നെയുള്ള ഒട്ടേറെ കലാപരിപാടികളാൽ ഹൗഫീൽഡ് കമ്മ്യൂണിറ്റി ഹാൾ തികച്ചും ഒരു പൂരലഹരിയിൽ ആനന്ദിക്കുന്ന തരത്തിൽ ജില്ലാനിവാസികൾ തങ്ങളുടെ കൂട്ടായ്മയ്ക്ക് പുതിയ മാനം പകർന്നു.

തനതായ തൃശ്ശൂർ രുചിയുള്ള ഭക്ഷണത്തിനുശേഷം നൃത്തച്ചുവടുകളുമായി ആഗ്ന മൈക്കിളിന്റെ ഫോൾക്ക് ഡാൻസും, റോസ് വിന്നിയുടെ മോഹിനിയാട്ടവും, ജുവാന കടവിയുടെ സിംഗിൾ ഡാൻസും, ആൺകുട്ടികളുടെ വിഭാഗത്തിൽ ആര്യാനും ജെയിയും അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസും കാഴ്ചക്കാരെ നൃത്തത്തിന്റെ വിസ്മയലോകത്തേയ്ക്കാണ് കൊണ്ടുപോയത്.

പ്രൊഫഷണൽ ഗാനമത്സരങ്ങളെ കവച്ചുവയ്ക്കുന്ന തരത്തിൽ ഗാനത്തിന്റെ സ്വരലയതാളങ്ങളിലേയ്ക്ക് പ്രേക്ഷകരെ കൊണ്ടുപോയ കവിത മേനോൻ, സ്മൃതി സനീഷ്, കെ. ജയലക്ഷ്മി എന്നിവരുടെ ഗാനാലാപനം സദസ്സിന്റെ മുക്തകണ്ഠം പ്രശംസ പിടിച്ചുപറ്റി.

തബലകൊണ്ടും ഹാർമോണിയം കൊണ്ടും ക്ലാസിക്കൽ ഫ്യൂഷൻ ചെയ്ത് ഗൗതമും അർജുനും ഗിറ്റാർ കൊണ്ട് പ്രേക്ഷകരെ കോരിത്തരിപ്പിച്ച് അനഘ അമ്പാടിയും പ്രേക്ഷകരിൽ സംഗീതത്തിന്റെ ഒരു വേലിയേറ്റം തന്നെ സൃഷ്ടിച്ചു. പ്രൊഫഷണൽ ഫ്‌ളൂട്ട് രംഗത്ത് യുകെയിലെ അതികായനായ അനന്തപത്മനാഭന്റെ ഫ്‌ളൂട്ടുവായന പ്രേക്ഷകരെ സംഗീതമഴയുടെ മേച്ചിൽപ്പുറങ്ങളിലേയ്ക്ക് കൊണ്ടുപോയി.

ജില്ലാ സംഗമത്തിലെ സ്വയം പരിചയപ്പെടുത്തൽ ചടങ്ങ് ജില്ലാനിവാസികൾക്ക് ഒരു പുതിയ അനുഭവമായി മാറി. പതിനഞ്ച് കൊല്ലത്തിലധികമായി ഇവിടെ താമസിച്ചിട്ടും നാട്ടിലെ തങ്ങളുടെ പരിചയക്കാരെയും അവരുടെ മക്കളേയും കണ്ടുമുട്ടുന്നതിന് ജില്ലാസംഗമം സാക്ഷ്യംവഹിച്ചുവെന്നുള്ളത് ഏറെ ശ്രദ്ധേയമായി.

പ്രവാസി ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ നമുക്കോരോരുത്തർക്കും നല്ല ഒരു ആരോഗ്യപരമായ ജീവിതം എങ്ങനെ നയിക്കാം എന്നതിനെക്കുറിച്ച് ക്ലാസെടുക്കുകയും സംശയങ്ങൾക്കുള്ള വ്യക്തമായ മറുപടി നൽകുകയും ചെയ്ത് യുകെയിലെ ആരോഗ്യരംഗത്തെ ഡോക്ടർമാരിൽ പ്രമുഖനും തൃശ്ശൂർ ജില്ലാ നിവാസിയുമായ ഡോ. ഗോഡ്‌വിൻ സൈമൺ നയിച്ച ആരോഗ്യവിജ്ഞാന ക്ലാസ് ജില്ലാനിവാസികളെ പുതിയ അറിവിന്റെയും വിജ്ഞാനത്തിന്റെയും മേഖലയിലേയ്ക്ക് കൊണ്ടുപോയി.

യുകെയിലെ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിൽ മികച്ച സേവനങ്ങൾ ചെയ്യുന്ന ജില്ലാ നിവാസികളെ തൃശ്ശൂർ ജില്ലാ സൗഹൃദവേദി അഭിനന്ദിച്ചു. യുകെയിലെ അറിയപ്പെടുന്ന എഴുത്ത്കാരിയും, കവയിത്രിയും, സാംസ്‌കാരിക മണ്ഡലത്തിലെ നിറസാന്നിധ്യവും തൃശ്ശൂർ ജില്ലാനിവാസിയുമായ സിസിലി ജോർജിനെ തൃശ്ശൂർ ജില്ലാസൗഹൃദവേദിയുടെ വനിതാ വിങ് ലീഡറായ ഷൈനി ജീസൻ ബൊക്കെ നൽകി ആദരിച്ചു.

യുകെയിൽ ഏതാനും വർഷങ്ങളായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സാമുദായിക സംഘടനയായ സേവനം യുകെയുടെ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട തൃശ്ശൂർ ജില്ലാ നിവാസിയായ ഡോ. ബിജു പെരിങ്ങത്തറയ്ക്ക്, കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്‌സിൽ ഇംഗ്ലണ്ടിനുവേണ്ടി ബാഡ്മിന്റൺ കളിച്ചിരുന്ന തൃശ്ശൂർ ജില്ലാ നിവാസിയായ രാജീവ് ഔസേഫിന്റെ പിതാവ് ജോ ഔസേഫ് ബൊക്കെ നൽകി അഭിനന്ദിച്ചു. ഇരുവരും തങ്ങൾക്കു നൽകിയ അഭിനന്ദനങ്ങൾക്ക് ജില്ലാ നിവാസികളോടും സംഘടനയോടും മറുപടി പ്രസംഗത്തിൽ നന്ദി പറഞ്ഞു.

റാഫിൽ ടിക്കറ്റ് വിജയിക്കൾക്കുള്ള സമ്മാനങ്ങൾ ഉദ്ഘാടകനായ ഫിലിപ്പ് എബ്രാഹം നൽകി. തൃശ്ശൂർ ജില്ലാ സ്വദേശിയും ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനും ബ്രിട്ടനിലെ സാമൂഹ്യ സാംസ്‌കാരിക മണ്ഡലത്തിലെ നിറസാന്നിധ്യവുമായ ടി. ഹരിദാസിന്റെ നിർലോഭമായ പിന്തുണയ്ക്ക് ഭാരവാഹികൾ നന്ദി പറഞ്ഞു.

പരിപാടികൾ സമയബന്ധിതമായി തീർക്കുന്നതിന് അക്ഷീണം പ്രയത്‌നിച്ച ജെപി നങ്ങിണി, ഷൈനി ജീസൻ, മോഹൻദാസ് കുന്നൻചേരി, മിൻസി ജോജി, ഷീല രാമു, ബ്രിന്റോ ആന്റണി എന്നിവരുടെ നേതൃത്വം പ്രത്യേകം പ്രശംസ പിടിച്ചുപറ്റി. പ്രാദേശിക സംഘാടകനിരയുടെ നായകനായ ജെപി നങ്ങിണിയുടെ അവതാരകശൈലിയും പ്രാദേശികമായി ശക്തമായി നേതൃത്വം നൽകിയതിനെയും ജില്ലാ നിവാസികൾ ഐക്യകണ്‌ഠ്യേന പ്രശംസിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP