Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വാൻസിയിലെ ഓണാഘോഷങ്ങൾക്ക് ഉജ്വല സമാപനം: മനം നിറഞ്ഞ് സ്വാൻസി മലയാളികൾ

സ്വാൻസിയിലെ ഓണാഘോഷങ്ങൾക്ക് ഉജ്വല സമാപനം:  മനം നിറഞ്ഞ് സ്വാൻസി മലയാളികൾ

സ്വാൻസി: എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാൻ സാധിക്കും വിധത്തിലുള്ള നിറപ്പകിട്ടാർന്ന കലാപരിപാടികളും മറ്റ് പ്രോഗ്രാമുകളുമായി സ്വാൻസി മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടികൾക്ക് ഉജ്ജ്വല സമാപനം. സ്വാൻസിയിലെ പോണ്ടിലിവ് വില്ലേജ് ഹാളിൽ ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന കലാപരിപാടികളും വടംവലി മത്സരവും വിഭവ സമൃദ്ധമായ സദ്യയും ഉൾപ്പെടെ ഉത്സവ പ്രതീതി നിറഞ്ഞ അന്തരീക്ഷത്തിൽ ആയിരുന്നു ഓണാഘോഷ ചടങ്ങുകൾ നടന്നത്.

മാവേലി മന്നനെ സ്വീകരിച്ചാനയിച്ച് കൊണ്ട് നടന്ന പൊതുസമ്മേളനത്തോടെ ആയിരുന്നു ഓണാഘോഷ ചടങ്ങുകൾ ആരംഭിച്ചത്. സ്വാൻസി മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോജി ജോസ് അദ്ധ്യക്ഷം വഹിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻ നാഷണൽ ജനറൽ സെക്രട്ടറി ബിൻസു ജോൺ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു.
വിശിഷ്ടാതിഥികളായി പങ്കെടുത്ത യുക്മ നാഷണൽ കമ്മറ്റിയംഗം അഭിലാഷ് തോമസ്, മുൻ റീജിയണൽ പ്രസിഡന്റ് പീറ്റർ താണോലിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. അസോസിയേഷൻ സെക്രട്ടറി ബിജു വിതയത്തിൽ സ്വാഗതവും വൈസ് പ്രസിഡന്റ് സന്തോഷ് മാത്യു നന്ദിയും പറഞ്ഞു.

അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിര, പാട്ടുകൾ, മനോഹരമായ നൃത്തങ്ങൾ, അടിപൊളി സിനിമാറ്റിക് ഡാൻസുകൾ, പ്രസംഗം, കഥ പറച്ചിൽ, കോമഡി സ്‌കിറ്റുകൾ തുടങ്ങി ദിവസം മുഴുവൻ ഇടവിടാതെ അരങ്ങേറിയ കലാരൂപങ്ങൾ കാണികളുടെ കണ്ണിനും മനസ്സിനും കുളിർമ്മ പകരുന്നവയായിരുന്നു. ബാലരമയിൽ വായിച്ചറിഞ്ഞ മായാവി കഥയിലെ കഥാപാത്രങ്ങൾ പുനരാവിഷ്‌കരിക്കപ്പെട്ട 'ഒരു മുത്തശ്ശിക്കഥ'യും, അസോസിയേഷനിലെ പുരുഷകേസരികൾ പെൺവേഷത്തിൽ അരങ്ങു തകർത്ത 'അച്ചാമ്മയുടെ പൊല്ലാപ്പും' തുടങ്ങി ശ്രദ്ധേയമായ പല പ്രോഗ്രാമുകളും ചേർന്ന് ഈ ഓണം അവിസ്മരണീയമായ അനുഭവമായി മാറി.

അസോസിയേഷൻ നൃത്തവിദ്യാലയത്തിൽ ശിക്ഷണം നേടിയ കലാകാരികൾ അവതരിപ്പിച്ച ക്ലാസിക്കൽ, സെമി ക്ലാസ്സിക്കൽ നൃത്തങ്ങൾ മികച്ച കയ്യടി നേടി. സിനിമാറ്റിക് ഡാൻസുകളും, മനോഹര ഗാനങ്ങളും ഹർഷാരവം ഏറ്റു വാങ്ങി. ബിന്ദു ബൈജു, ലിസി റെജി, ജീന സെബാസ്റ്റ്യൻ തുടങ്ങിയവർ ആയിരുന്നു കുട്ടികളുടെ കലാപരിപാടികൾ പരിശീലിപ്പിക്കുന്നതിൽ മുൻകൈ എടുത്തത്. കലാപരിപാടികളെ തുടർന്ന് അസോസിയേഷൻ അംഗങ്ങൾ തന്നെ തയ്യാറാക്കിയ വിഭവ സമൃദ്ധമായ സദ്യ ആയിരുന്നു. ഓണവിഭവങ്ങൾ എല്ലാം ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ സദ്യയുടെ രുചി അടുത്ത ഓണം കഴിഞ്ഞാലും നാവിൽ നിന്ന് പോകില്ലെന്ന് ആളുകൾ പരസ്പരം പറയുന്നുണ്ടായിരുന്നു. സദ്യക്ക് ശേഷം പുരുഷ വനിതാ വിഭാഗങ്ങളിലായി ആവേശോജ്വലമായ വടം വലി മത്സരം നടന്നു. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന വടംവലി മത്സരം മുഴുവൻ ആളുകളിലും ആവേശം പകർന്നു.

തുടർന്നു നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ വച്ച് ഓണാഘോഷദിനത്തിൽ മികച്ച കലാപ്രകടനം കാഴ്ച വച്ച എല്ലാവർക്കും ട്രോഫികൾ സമ്മാനിച്ചു. അസോസിയേഷൻ സ്പോർട്സ് ഡേയിൽ വിവിധ മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയവർക്കുള്ള മെഡലുകളും ഇതേ വേദിയിൽ വച്ച് തന്നെ നൽകി ആദരിച്ചു. അസോസിയേഷൻ ഭാരവാഹികളായ ജോജി ജോസ്, ബിജു വിതയത്തിൽ, ജേക്കബ് ജോൺ, സന്തോഷ് മാത്യു, അനി രാജ്, ഷാജി ജോസഫ്, ടോമി ജോർജ്ജ്, ബിനോജി ആന്റണി, സിജി സിബി, സെബാസ്റ്റ്യൻ ജോസഫ്, നിധി ബിൻസു, ബിജു മാത്യു, തങ്കച്ചൻ ജേക്കബ്, റെജി ജോസ്, ബിജു ദേവസ്സി, സിബി ജോൺ, ജിജി ജോർജ്ജ്, ബിജു ജോസ്, എം. ജെ. ആൻഡ്രൂസ് തുടങ്ങിയവർ ആയിരുന്നു എക്കാലവും ഓർമ്മയിൽ സൂക്ഷിക്കാനുതകുന്ന ഈ ഓണാഘോഷങ്ങൾക്ക് ചുക്കാൻ പിടിച്ചത്.
ഓണാഘോഷ പരിപാടികളുടെ ചിത്രങ്ങൾ കാണാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://www.facebook.com/media/set/?set=a.813812888641257.1073741829.100000376599828&type=1&l=366a5b6762

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP