Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അടിമ ഗോപിയെന്നും പിൻവാതിലിൽ കൂടി രാജ്യസഭയിൽ പ്രവേശിച്ചവനെന്നും ഹിന്ദുത്വവാദിയെന്നും സുരേഷ് ഗോപിയെ വിമർശിക്കുന്നവരോട് ഒരൊറ്റ ചോദ്യം മാത്രം: നിങ്ങൾ ഉയർത്തിക്കാട്ടുന്ന മറ്റേതൊരു രാഷ്ട്രീയനേതാവിനാണ് സുരേഷ് ഗോപിയോളം മാനവികത അവകാശപ്പെടാൻ ഉള്ളത്.? സുരേഷ് ഗോപിയെന്ന മനുഷ്യസ്‌നേഹിയെ രാഷ്ട്രീയം നോക്കി അവഹേളിക്കുന്നത് നിങ്ങളിൽ തന്നെയുള്ള രാഷ്ട്രീയ അരാജകത്വത്തിന്റെ നേർക്കാഴ്ചയാണ്

അടിമ ഗോപിയെന്നും പിൻവാതിലിൽ കൂടി രാജ്യസഭയിൽ പ്രവേശിച്ചവനെന്നും ഹിന്ദുത്വവാദിയെന്നും സുരേഷ് ഗോപിയെ വിമർശിക്കുന്നവരോട് ഒരൊറ്റ ചോദ്യം മാത്രം: നിങ്ങൾ ഉയർത്തിക്കാട്ടുന്ന മറ്റേതൊരു രാഷ്ട്രീയനേതാവിനാണ് സുരേഷ് ഗോപിയോളം മാനവികത അവകാശപ്പെടാൻ ഉള്ളത്.? സുരേഷ് ഗോപിയെന്ന മനുഷ്യസ്‌നേഹിയെ രാഷ്ട്രീയം നോക്കി അവഹേളിക്കുന്നത് നിങ്ങളിൽ തന്നെയുള്ള രാഷ്ട്രീയ അരാജകത്വത്തിന്റെ നേർക്കാഴ്ചയാണ്

അഞ്ജു പാർവ്വതി

സുരേഷ് ഗോപി...രാഷ്ട്രീയ നിലപാടുകളുടെ പേരിൽ, അതും മോദിയെന്ന രാഷ്ട്രീയനേതാവിനെ പിന്തുണയ്ക്കുന്നതുകൊണ്ടും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപ്പാർട്ടിയിൽ ഉൾപ്പെട്ടതുകൊണ്ടും മാത്രം ഇത്രയേറെ വിമർശിക്കപ്പെട്ട, അപമാനിക്കപ്പെട്ട മറ്റൊരു സിനിമാതാരം മലയാളക്കരയിൽ ഉണ്ടായിട്ടില്ല തന്നെ. ഇന്ന് തൃശൂരിൽ അദ്ദേഹം ജനവിധി തേടുന്നുവെന്ന വാർത്തയറിഞ്ഞപ്പോൾ തെല്ലസൂയയോടെ തന്നെ പറയട്ടെ-ഇത് തൃശൂരിന്റെ ഭാഗ്യജാതകം കുത്തിക്കുറിക്കാനുള്ള നിയോഗം!കാരണം അദ്ദേഹത്തെപ്പോലൊരാൾ ലോക്‌സഭയിലേയ്ക്ക് ജനവിധി തേടുന്നത് അത് എവിടെയായാലും അവിടുത്തുകാരുടെ ഭാഗ്യം തന്നെയാണ്.തൃശൂരുകാരേ,ഒരു കാര്യം നിങ്ങൾക്ക് ഉറപ്പിക്കാം.വോട്ട് കീശയിലാക്കി ഡൽഹിയിലേയ്ക്ക് പറന്നശേഷം പിന്നെ മഷിയിട്ടുനോക്കിയാൽപ്പോലും മണ്ഡലത്തിൽ കാണാനാവാത്ത തരത്തിൽ അപ്രത്യക്ഷരാകുന്ന ചിലരെപ്പോലെ അദ്ദേഹം ആവില്ല എന്ന കാര്യത്തിൽ!

അടിമ ഗോപിയെന്നും പിൻവാതിലിൽ കൂടി രാജ്യസഭയിൽ പ്രവേശിച്ചവനെന്നും ഹിന്ദുത്വവാദിയെന്നും ഇദ്ദേഹത്തെ വിമർശിക്കുന്നവരോട് ഒരൊറ്റ ചോദ്യം മാത്രം-നിങ്ങൾ ഉയർത്തിക്കാട്ടുന്ന മറ്റേതൊരു രാഷ്ട്രീയനേതാവിനാണ് സുരേഷ്‌ഗോപിയോളം മാനവികത അവകാശപ്പെടാൻ ഉള്ളത്.?മറ്റേതൊരു രാഷ്ട്രീയക്കാരനേക്കാളും ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാനുള്ള യോഗ്യത അദ്ദേഹത്തിനുണ്ട്.അത് അദ്ദേഹം എന്നേ തെളിയിച്ചു കഴിഞ്ഞതുമാണ്.സുരേഷ്‌ഗോപിയുടെ മകൻ ഗോകുൽ സുരേഷിനെ കുറച്ചുകാലം പഠിപ്പിക്കാൻ കഴിഞ്ഞ അദ്ധ്യാപികയെന്ന നിലയിലും ഒരു തിരുവനന്തപുരത്തുകാരിയെന്ന നിലയിലും ആ വ്യക്തിത്വത്തിന്റെ മഹത്വത്താൽ ജീവിതം മുന്നോട്ടുനയിച്ച ചിലരെയെങ്കിലും അടുത്തറിയാൻ കഴിഞ്ഞവൾ എന്ന നിലയിലും എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും സുരേഷ്‌ഗോപിയെന്ന വെള്ളിത്തിരയിലെ പുരുഷത്വത്തിന്റെ ഹൃദയത്തിനു ഒരൊറ്റ നിറമേയുള്ളൂ-അത് മനുഷ്യസ്‌നേഹത്തിന്റെയും ദീനാനുകമ്പയുടെയും നന്മയുടെയും പത്തരമാറ്റുള്ള സ്വർണ്ണനിറം.

കൊല്ലത്താണ് ജനിച്ചുവളർന്നതെങ്കിലും കഴിഞ്ഞ മുപ്പതിലേറെ വർഷമായി തിരുവനന്തപുരത്തിന്റെ മകനാണ് സുരേഷ് ഗോപി.ലാലേട്ടനും അമ്പിളിചേട്ടനുമൊപ്പം തിരുവനന്തപുരത്തുകാർ ഹൃദയത്തിലേറ്റി സ്‌നേഹിക്കുന്ന താരമാണ് അദ്ദേഹം.ഇവിടുത്തുകാർക്ക് അദ്ദേഹം ഒരിക്കലും ഒരു താരമായിരുന്നില്ല. സാമൂഹ്യപ്രതിബദ്ധത ജീവിതവ്രതമാക്കിയ ഒരു സാധാരണമനുഷ്യനാണ് ഇവിടുള്ളവർക്ക് സുരേഷ് ഗോപി.താരപ്രഭയിൽ കത്തിജ്വലിക്കുന്ന സമയത്ത് പോലും പാളയത്തെ ഹനുമാൻസ്വാമി ക്ഷേത്രത്തിൽ വ്യാഴാഴ്ച വൈകുന്നേരങ്ങളിൽ സാധാരണക്കാരനായൊരു ഏതൊരു ഭക്തനെയും പ്പോലെ വി.ഐ.പി പരിഗണനയേതുമില്ലാതെ തൊഴുതുനില്ക്കുന്ന സുരേഷ്‌ഗോപി!ആറ്റുകാൽ പൊങ്കാലവേളയിൽ മുടങ്ങാതെ വർഷാവർഷം ഭക്തജനങ്ങൾക്ക് അന്നദാനം നൽകുന്ന സുരേഷ് ഗോപി!ഈ വർഗ്ഗീയവാദി മനുഷ്യൻ തന്നെയാണ് വെട്ടുകാട് മാദ്രേ ദേ ദേവൂസ് ദേവാലയത്തിലെ പത്തുദിവസം നീളുന്ന ഉത്സവവേളയിൽ വർഷംതോറും അന്നദാനവും നടത്തുന്നത്!ബീമാപ്പള്ളി ഉറൂസിൽ നിറഞ്ഞുനില്ക്കുന്നത്!പറ്റുമ്പോഴൊക്കെ തിരുവനന്തപുരത്തെ വഞ്ചിപുവർഫണ്ടെന്ന അനാഥാലയത്തിൽ ഓടിയെത്തി അവിടുത്തെ കുട്ടികൾക്കൊപ്പം കുശലം പറയുന്നതും അന്നമൂട്ടുന്നതും!

ഇനി നിങ്ങൾ പരിഹസിക്കുന്ന അടിമഗോപിയുടെ ചില മാനുഷികചെയ്തികളിലേക്ക് കടക്കാം..മലയാളസിനിമയ്ക്ക് മറക്കാൻ കഴിയില്ല വെള്ളാരം കണ്ണുള്ള ആ സുന്ദരൻ മോഹൻ തോമസിനെ.. രണ്ടായിരത്തി രണ്ടിൽ ,രതീഷ് എന്ന അതുല്യതാരം വെറും നാല്പത്തിയഞ്ചാം വയസ്സിൽ ഈ ലോകം വിട്ടു പോകുമ്പോൾ അനാഥരായത് പറക്കമുറ്റാത്ത നാല് കുഞ്ഞുങ്ങളും രോഗിയായ ഒരു ഭാര്യയുമായിരുന്നു.അന്നും ഉണ്ടായിരുന്നു താരസിംഹാസനത്തിൽ വാണരുളിയ താരരാജക്കന്മാരും ചലച്ചിത്രപ്രവർത്തകരും.പക്ഷേ അന്ന് ആ അമ്മയ്ക്കും മക്കൾക്കും തുണയാകാൻ രണ്ടു പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അത് മറ്റാരുമല്ല നിങ്ങൾ അടിമഗോപിയെന്നു പരിഹസിച്ചു വിളിക്കുന്ന ഈ നന്മ മരവും ഒപ്പം നിർമ്മാതാവും നടി മേനകയുടെ ഭർത്താവും കീർത്തിയുടെ അച്ഛനുമായ ശ്രീ സുരേഷ്‌കുമാറും മാത്രം.

ആ നാല് മക്കളെയും സ്വന്തം ചെലവിൽ പഠിപ്പിച്ചു സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കിയത് അദേഹത്തിന്റെ വലിയ മനസ്സ്.രതീഷിന്റെ മക്കളെ ഇന്ന് മലയാളസിനിമയ്ക്ക് അറിയാം.മധുരനാരങ്ങയിലൂടെ നമ്മുടെ മനസ്സ് കീഴടക്കിയ പാർവതിയും പത്മരാജനും പത്മയും പ്രണവും ഇന്ന് ദൈവത്തിനൊപ്പം മനസ്സ് കൊണ്ട് പ്രണമിക്കുന്നത് ഇവരെയാണ്. തീർന്നില്ല..രതീഷിന്റെ ഭാര്യ ഡയാനചേച്ചിക്ക് ബ്രെയിൻ ട്യൂമർ ബാധിച്ചപ്പോൾ കൂടെ നിന്ന് പരിചരിച്ചതും ഇവർ മാത്രം.ഒരിക്കൽ ശ്രീ ചിത്രയിൽ ഡയാനചേച്ചിയെ കാണാൻ ഒരു സുഹൃത്തിനൊപ്പം ഞാൻ പോയപ്പോൾ കണ്ടു ഒരനിയത്തിയെ പോലെ കൂടെ നിന്ന് പരിചരിക്കുന്ന രാധികാസുരേഷിനെ..ഇന്ന് ഇതിനു സാക്ഷ്യം പറയാൻ ഡയാനചേച്ചിയില്ല.പക്ഷേ ആ സ്‌നേഹത്തിന്റെ കരുതലിൽ വളർന്ന ആ നാല് മക്കൾ ഒരിക്കലും തള്ളിപ്പറയില്ല..തീർച്ച..

അതുപോലെതന്നെ സീത കൃഷ്ണമൂർത്തി ഐഎഎസിന് സുരേഷ്‌ഗോപിയെന്ന വലിയേട്ടൻ പകർന്നു നൽകിയത് കരുത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ജ്വലിക്കുന്ന കെടാവിളക്കാണ്..വേദനയുടെയും ധൈര്യത്തിന്റെയും ഉയിർത്തെഴുന്നെൽപ്പിന്റെയും അഭിമാനത്തിന്റെയും പ്രചോദനം നൽകുന്ന കഥയാണ് സംഗീത നാടക അക്കാദമി ചെയർമാൻ സൂര്യ കൃഷ്ണമൂർത്തിയുടെ മകളായ സീത കൃഷ്ണമൂർത്തി ഐഎ എസിന്റെത്.മനോനില തെറ്റിയ അക്രമിയുടെ കത്രികത്തുമ്പിൽ പകച്ചുനിൽക്കാതെ സിവിൽ സർവീസ് പരീക്ഷ നേരിട്ട സീതയ്ക്ക് ജീവിതം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. മുഖത്ത് പ്ലാസ്‌റിക് സർജറി വരെ നടത്തേണ്ടിവന്നെങ്കിലും ആ പോരാട്ടവീര്യം സിവിൽ സർവീസ് പരീക്ഷയിലും സീത പുറത്തെടുത്തു.

ചെന്നൈയിൽ അമ്മ രാജിയുടെ വീട്ടിൽ നിന്നു പഠിക്കുന്നതിനിടെയിലായിരുന്നു ആ അക്രമം. കവിളിന് മുറിവേറ്റ് സംസാരിക്കാനാകാതെ കിടന്നപ്പോൾ സീതയ്ക്ക് ഏറെ ഊർജ്ജം നൽകിയ ഒരു ഫോൺ കോൾ കേരളത്തിൽ നിന്നെത്തി. മലയാളികളുടെ പ്രിയപ്പെട്ട താരം സുരേഷ്‌ഗോപിയുടേതായിരുന്നു ആ ശബ്ദം. പെൺകരുത്തിന് അഭിനന്ദനങ്ങൾ നൽകുന്നതിനോടൊപ്പം ഒരുപാട് പെൺകുട്ടികൾ സീതയോട് നന്ദിയുള്ളവരായിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.ആ വാക്കുകൾ സീതയ്ക്ക് പകർന്നു നൽകിയത് ആത്മവിശ്വാസത്തിന്റെ പുതിയൊരു ഊർജ്ജം.

ഇനി അക്ഷരയുടെയും അനന്തുവിന്റെയും അനുഭവത്തിലേക്ക് വരാം.കേരളക്കരയ്ക്ക് മറക്കാനാവാത്ത രണ്ടു പേരാണ് അക്ഷരയും അനന്തുവും.എച്ച് ഐ വി ബാധിതരായി പോയതിന്റെ പേരിൽ അയിത്തം കല്പിക്കപ്പെട്ട രണ്ടു കുരുന്നുകൾ.നമ്മൾ അവരെക്കുറിച്ചറിയുന്നത് രണ്ടായിരത്തി നാലിലാണ്. നാമടങ്ങുന്ന സമൂഹം അവരെ ഒറ്റപ്പെടുത്തി, അക്ഷരകോവിലിനുള്ളിൽ നിന്ന് പോലും പുറത്താക്കിയപ്പോൾ, എച്ച് ഐ വി ബാധിതർ എന്ന പേരിൽ പ്രബുദ്ധ കേരളം സാമൂഹിക അയിത്തം കല്പിച്ചപ്പോൾ അവർക്ക് മുന്നിൽ ദൈവദൂതനായി ചെല്ലാൻ അന്ന് ഒരു രാഷ്ട്രീയപ്രവർത്തകരും സാംസ്‌കാരികനായകരും ഉണ്ടായില്ല.അന്ന് കൊട്ടിയൂരിലെ സ്‌കൂളിലെത്തി അനന്തുവിനെയും അക്ഷരയെയും ചേർത്തുപിടിച്ചു അണച്ചുനിറുത്തി നാട്ടുകാർക്ക് മുന്നിൽ എയിഡ്‌സ് പകരുന്നൊരു രോഗമല്ലെന്ന് ബോധവൽക്കരണം നടത്താൻ ഈ പിൻവാതിലിൽ കൂടി കടന്ന മോദിഭക്തൻ മാത്രമേ ഉണ്ടായുള്ളൂ..

ആ ഒരൊറ്റ വരവിലൂടെ അദ്ദേഹം ഒഴുക്കിക്കളഞ്ഞതുകൊട്ടിയൂർ ഗ്രാമത്തിലെ ജനങ്ങളുടെ മനസ്സിൽ അറിയാതെ കടന്നുകൂടിയ ഭീതിയെ ആയിരുന്നു.ഇന്ന് അനന്തുവും അക്ഷരയും അറിവിന്റെ പാതകൾ ഏറെ താണ്ടിക്കഴിഞ്ഞിരിക്കുന്നു.അതുകൊണ്ട് തന്നെ ആരൊക്കെ തള്ളിപ്പറഞ്ഞാലും അദ്ദേഹം അവർക്ക് ദൈവദൂതൻ തന്നെയാണ്.. ദൈവങ്ങളുടെ സ്വന്തം നാടായ കാസർഗോഡ് എൻഡോസൾഫാൻ എന്ന പിശാചിന്റെ പിടിയിൽ അമർന്നിട്ടു വർഷങ്ങൾ ഏറെയായി..എൻഡോസൾഫാൻ തളിക്കുന്ന സ്ഥലങ്ങളിൽ നിന്നും കുട്ടികളെ മാതാപിതാക്കൾ മാറ്റണമായിരുന്നുവെന്നു കണ്ടെത്തിയ ജഡ്ജിയുടെ പ്രസ്താവന മറക്കാറായിട്ടില്ല.

അവിടെയും എത്തി ഈ അടിമഗോപി .എത്തുക മാത്രമല്ല എൻഡോസൾഫാൻ ഇരകളായ പത്തുകുട്ടികൾക്ക് വീട് വച്ച് കൊടുക്കുമെന്ന് ഉറപ്പും നൽകി.മൂന്ന് വീടുകൾ നിർമ്മിച്ച് താക്കോൽ ദാനവും നിർവഹിച്ചു..എന്നും ഉറപ്പും വാഗ്ദാനങ്ങളും പ്രകടന പത്രികകളിൽ മാത്രം ഒതുങ്ങുന്ന രാഷ്ട്രീയക്കാർക്കിടയിൽ സുരേഷ്‌ഗോപിയെന്ന മനുഷ്യസ്‌നേഹി വ്യത്യസ്തനാകുന്നത് ഇങ്ങനെയൊക്കെയാണ്..

ഇനി ഹിന്ദുത്വവാദിയായ സുരേഷ് ഗോപിയുടെ മറ്റൊരു മുഖം കൂടി കാണേണ്ടേ നമുക്ക്..സൈബർ ലോകം മറന്നിട്ടില്ലാത്ത പേരുകളാണ്ഷാഹിദ ഉമ്മയും റേഡിയോ ജോക്കിയായ വൈശാഖിനെയും..പ്രവാസലോകത്തിലെ ദുരിതക്കടലിൽ ആണ്ടുപോയ അറുപത്തിരണ്ടുകാരിയായ ഷാഹിദ ഉമ്മയുടെ ദുരിതത്തെ ക്കുറിച്ച് നമ്മൾ അറിഞ്ഞത് ദുബായിലെ ഗോൾഡ് 101.3 എഫ് എം സ്റ്റേഷനിലെ റേഡിയോ ജോക്കിയായ വൈശാഖിന്റെ വൈറൽ ആയ ഫേസ്‌ബുക്ക് പോസ്റ്റ് വഴിയാണ്..

ഒൻപതിനായിരത്തോളം പേർ ലൈക്കുകയും അതിലേറെ പേർ ഷെയർ ചെയ്യുകയും ചെയ്ത ആ പോസ്റ്റ് സോഷ്യൽ മീഡിയയിലെ സ്ഥിരം അനുതാപപ്രകടനങ്ങലോടെ അവസാനിച്ചുവെന്ന് കരുതിയ സൈബർ ലോകത്തിനു പുതിയൊരു ഉണർവ് നൽകിയത് സുരേഷ്‌ഗോപിയെന്ന ഹിന്ദുത്വവാദിയെന്നു നമ്മൾ മുദ്രകുത്തിയ ആ മനുഷ്യസ്‌നേഹിയുടെ കടന്നുവരവോടെയാണ്.ഈദിന്റെ പുണ്യമാസത്തിൽ ദൈവദൂതനായി ഷാഹിദയുമ്മയ്ക്ക് മുന്നിൽ തെളിവാർന്ന ചിരിയോടെ വന്നതും ഈ നന്മയുടെ വഴിവിളക്ക് മാത്രമായിരുന്നു.ഈദ് സമ്മാനമായി രണ്ടു ലക്ഷം രൂപയും നാട്ടിലെത്താനുള്ള ചിലവും എന്നും ഉമ്മയുടെ സ്വപ്നമായിരുന്ന രണ്ടു സെന്റ് ഭൂമിയും യാഥാർഥ്യമാക്കിയ ഈ മകൻ തീർച്ചയായും ഈദ് നൽകിയ ഏറ്റവും വിലപ്പെട്ട സമ്മാനം തന്നെയല്ലേ...

അഭിമന്യുവെന്ന യുവസഖാവിന്റെ അരുംകൊലയിൽ കേരളമൊന്നടങ്കം കേഴുമ്പോൾ,അവിടെപോലും തരം താണ രാഷ്ട്രീയക്കളിയുമായി ഒരു കൂട്ടർ രംഗപ്രവേശം ചെയ്തതത് അനാശാസ്യമായ രാഷ്ട്രീയ തിരക്കഥയ്ക്കനുസരിച്ചാണെന്ന് പറയാതെ വയ്യ. അല്ലെങ്കിൽ സഖാവ് അഭിമന്യുവിന്റെ വീട് സന്ദർശിച്ച സുരേഷ്‌ഗോപി എംപിയെ, അവിടെ നിന്നും നാലു കിലോമീറ്ററുകൾക്കിപ്പുറം വച്ചെടുത്ത സെൽഫിയുടെ പേരിൽ ഇത്രയേറെ അപഹാസ്യനാക്കുവാനും അധിക്ഷേപിക്കാനും വെമ്പൽ കാട്ടില്ലായിരുന്നു..

സഹപ്രവർത്തക ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും അവൾക്കൊപ്പം നില്ക്കാതെ കുറ്റാരോപിതനായ വേട്ടക്കാരനൊപ്പം നില്ക്കുകയും ഉളുപ്പില്ലാതെ പിന്താങ്ങുകയും ചെയ്ത ജനപ്രതിനിധികളായ താരങ്ങൾ ഭരിക്കുന്ന ഈ നാട്ടിൽ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഒരു യുവസഖാവിനെ കാമ്പസിനുള്ളിൽ വച്ച് മൃഗീയമായി കൊലപ്പെടുത്തിയിട്ട് പോലും ആ സംഘടനയുടെ പേര് ഉറക്കെ പറയാൻ മടിച്ച ഇടതുപക്ഷനേതാക്കളുടെയും ബുദ്ധിജീവികളുടെയും നാട്ടിൽ സഹജീവി സ്‌നേഹത്തിനും മനുഷ്യത്വത്തിനും മാത്രം വിലകല്പിക്കുന്ന ഒരു വ്യക്തിക്ക് എന്ത് വില കിട്ടാനാണ്!കാസർകോട്ട് രണ്ട് കോൺഗ്രസ്സ് യുവാക്കൾ നിഷ്‌ക്കരുണം കൊല്ലപ്പെട്ടപ്പോൾ ,ആ അരുംകൊലയിൽ നെഞ്ചുപിടഞ്ഞു കേണ കൃപേഷിന്റെയും ശരത്ലാലിന്റെയും മാതാപിതാക്കളെ രാഷ്ട്രീയം മാറ്റിവച്ച് ഒരു മകനെപ്പോലെ നെഞ്ചോടണച്ച ,സമാശ്വസിപ്പിച്ച ഒരു മനുഷ്യനിലെ നന്മ രാഷ്ട്രീയതിമിരം ബാധിച്ചവർക്ക് കാണാൻ കഴിയില്ല!

ഒരാളിലെ രാഷ്ട്രീയം കാണാതെ എന്തുകൊണ്ട് ഒരു വ്യക്തിയുടെ നല്ല ഗുണങ്ങളിൽ നമ്മൾ മലയാളികൾ ഫോക്കസ് ചെയ്യുന്നില്ല.സാമൂഹ്യപ്രതിബദ്ധതയുള്ള ആളാവണം നല്ലൊരു ജനസേവകൻ.കുടുംബത്തിന്റെ മാഹാത്മ്യം കൊണ്ടോ വെള്ളിത്തിരയിലെ താരപ്രഭ കൊണ്ടോ ക്രിക്കറ്റിന്റെ മാസ്മരികത കൊണ്ടോ തെരെഞ്ഞെടുക്കെപ്പെടേണ്ട ഒരാളല്ല ജനപ്രതിനിധി. മാനുഷിക മൂല്യങ്ങളും സേവനതല്പരത കൊണ്ടും ജനങ്ങളുടെ മനസ്സിൽ കയറിപ്പറ്റാൻ കഴിയുന്നവനാകണം ജനസേവകൻ..സർദാർ കെ എം പണിക്കർക്കും മഹാകവി ജി ശങ്കരക്കുറുപ്പിനും ഡോ രാമചന്ദ്രനും ഡോ കസ്തൂരിരംഗനും കാർട്ടൂണിസ്റ്റ് അബു എബ്രഹാമും എം.എസ് സ്വാമിനാഥനും ശേഷം രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു എം പി യായതാണ് ശ്രീ.സുരേഷ് ഗോപി.

അവാർഡ് കരസ്ഥമാക്കിയ,നൂറ്റമ്പതോളം സിനിമകളിൽ വേഷമിട്ട ,മുപ്പതുവർഷത്തോളമായി സിനിമാവേദിയിൽ നിറഞ്ഞുനിന്നിരുന്ന ഈ താരം രാജ്യസഭയിലെ നാമനിർദ്ദേശം ചെയ്യപ്പെടുന്ന പന്ത്രണ്ടു സീറ്റുകളിൽ ഒന്നിൽ കലയെ പ്രതിനിധീകരിച്ചു അംഗമായതിൽ അസഹിഷ്ണുതയുള്ളവർ രാഷ്ടീയ അർബുദം ബാധിച്ചവരായിരുന്നു.സുരേഷ്‌ ഗോപിയെന്ന മനുഷ്യസ്‌നേഹിയെ രാഷ്ട്രീയം നോക്കി അവഹേളിക്കുന്നത് നിങ്ങളിൽ തന്നെയുള്ള രാഷ്ട്രീയ അരാജകത്വത്തിന്റെ നേർക്കാഴ്ചയും! ഇന്നിപ്പോൾ ജനവിധി തേടുന്ന ഒരു സ്ഥാനാർത്ഥിയായി തൃശൂർക്കാർക്ക് മുന്നിൽ അദ്ദേഹം എത്തുമ്പോൾ വടക്കുംനാഥന്റെ മണ്ണ് ആ നന്മമരത്തിനു വേണ്ട വളക്കൂറ് വോട്ടുകളാക്കി നല്കട്ടേയെന്ന നിറഞ്ഞ പ്രാർത്ഥന മാത്രം!അങ്ങനെയെങ്കിൽ ആ നന്മമരം സുരക്ഷിതത്വത്തിന്റെ തണലൊരുക്കി ,ജനസേവനത്തിന്റെ ശീതളിമയേകി ഓരോ തൃശൂരുകാർക്കും സ്വന്തമായി കൂടെയുണ്ടാവും!

നിഷാദ്: താങ്കൾ ആ വ്യക്തിത്വത്തെ കുറിച്ച് സ്വന്തം മേഖലയിലെ അതികായന്മാരോട് അന്വേഷിക്കൂ!

നിഷാദ് എന്ന സംവിധായകനെ കുറിച്ച് മലയാളികൾ കേൾക്കുന്നത് തന്നെ 2009ൽ പുറത്തിറങ്ങിയ വൈരം എന്ന ചിത്രത്തിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ടാണ്.ഫൈറ്റ് ഫോർ ജസ്റ്റിസ് എന്ന ടാഗ് ലൈനുമായി വന്ന ചിത്രം സുരേഷ് ഗോപി-പശുപതി -ജയസൂര്യ എന്നിവരുടെ അഭിനയമികവ് കൊണ്ടും പ്രമേയം കൊണ്ടും മാത്രം ശ്രദ്ധ നേടി.എന്നാൽ സുരേഷ് ഗോപിയെന്ന ദേശീയ അവാർഡുനേടിയ താരത്തെ പതിറ്റാണ്ടുകൾ മുമ്പേ മലയാളികൾ നെഞ്ചിലേറ്റിയപ്പോൾ നിഷാദെന്ന പേര് മലയാളചലച്ചിത്രരേഖകളിലൊന്നും ഉണ്ടായിരുന്നില്ല!

നിഷാദ് സംവിധാനം ചെയ്ത കിണർ എന്ന ചലച്ചിത്രത്തിനു 2017 ൽ അവാർഡ് ലഭിച്ചിരുന്നു!എന്നാൽ ആ പുരസ്‌കാരം ലഭിക്കുന്നതിനുമുമ്പേ തന്നെ സോഷ്യൽമീഡിയയിൽ കൂടി സജീവമായി സംഘിവിരുദ്ധപോസ്റ്റുകൾ ഇടുക വഴി ഒരു പ്രത്യേകവിഭാഗത്തിന്റെ കയ്യടി നേടി ഇടതുപക്ഷകൂലിയെഴുത്തുകാരിൽ മുമ്പനായി.അതിനു ശേഷം ഇടതുപക്ഷഭരണത്തിൽ തന്നെ സംസ്ഥാന അവാർഡും ലഭിച്ചു.കിണർ എന്ന സിനിമ ഞാൻ കണ്ടിട്ടില്ലാത്തിടത്തോളംഅതിന്റെ കലാമേന്മയെ ചോദ്യം ചെയ്യാൻ എനിക്കധികാരമില്ല.അതുകൊണ്ട് തന്നെ ആ അവാർഡ് കൂലിയെഴുത്തിനുള്ള പ്രതിഫലമാണെന്ന്കരുതാനും ഇഷ്ടമല്ല.അത് വെറുമൊരു പ്രേക്ഷകയായ എന്റെ സാമാന്യമര്യാദ.

ഒരേ മേഖലയിലെ തന്നെ വ്യത്യസ്ത വിഭാഗത്തിൽപ്പെട്ടവരാണ് ശ്രീ.സുരേഷ്‌ഗോപിയും ശ്രീ.നിഷാദും ഒരേ മേഖലയിൽ പ്രവർത്തിച്ചിട്ടും രാഷ്ട്രീയം വന്നപ്പോൾ സാമൂഹ്യമാധ്യമം വഴി തരംതാണ രീതിയിൽ കരിവാരിത്തേയ്ക്കാനും വ്യക്തിഹത്യച്ചെയ്യാനും നിഷാദ് മുതിർന്നത് അദ്ദേഹത്തിനുള്ളിലെ തികഞ്ഞ രാഷ്ട്രീയപാപ്പരത്തം മൂലമാണ്. മിസ്റ്റർ നിഷാദ്,സുരേഷ് ഗോപിയെന്ന വ്യക്തിയെക്കുറിച്ച് താങ്കൾക്ക് ഒന്നുമറിയില്ല.ആ മനുഷ്യന്റെ ഉള്ളിലെ മാനവികതയെ മനസ്സിലാക്കണമെങ്കിൽ താങ്കൾ ആ വ്യക്തിത്വത്തെ കുറിച്ച് സ്വന്തം മേഖലയിലെ അതികായന്മാരോട് അന്വേഷിക്കൂ!താരരാജാക്കന്മാർ കണ്ടില്ലെന്നു നടിച്ച സിനിമയിലെ പലരെയും ജീവിതത്തിലേയ്ക്ക് കൈപ്പിടിച്ചു നടത്തിയ ആ മനുഷ്യനെ അംഗീകരിച്ചില്ലെങ്കിൽ കൂടി നിന്ദിക്കരുത്.

പിന്നെ താങ്കൾ വർഗ്ഗീയവാദിയെന്നു സുരേഷ് ഗോപിയെപ്പോലൊരാളെ ഉറക്കെ വിളിച്ചാക്ഷേപിക്കുമ്പോൾ സ്വയമൊരു ആത്മപരിശോധന നടത്തൂ!അവിടെ കാണാം നുരഞ്ഞുപൊന്തുന്ന വർഗ്ഗീയവിഷത്തെ ചെങ്കൊടിചുവപ്പ് കൊണ്ട് മറയ്ക്കാൻ ശ്രമിക്കുന്ന നിഷാന്തെന്ന 24 കാരറ്റ് വർഗ്ഗീയവാദിയെ!ആ വർഗ്ഗീയവാദത്തിന്റെ ബഹിർസ്ഫുരണങ്ങളാണ് മോഹൻലാലെന്ന നടന വിസ്മയത്തെ അടച്ചാക്ഷേപിക്കുമ്പോഴും കണ്ടത്.. മലയാളികൾ അഭിമാനത്തോടെ നെഞ്ചിലേറ്റി നടക്കുന്ന വിസ്മയങ്ങൾ ആണ് മമ്മൂക്കയും ലാലേട്ടനും.. എന്നാൽ അവരുടെ കാര്യത്തിൽ പോലും വർഗ്ഗീയമായി ചിന്തിച്ചു ഈ രണ്ടു പേരെയും തുലനം ചെയ്തു ലാലേട്ടനെ താഴ്‌ത്തികെട്ടി മുഖപുസ്തകത്തിൽ താങ്കളിട്ട പോസ്റ്റ് സാക്ഷ്യപ്പെടുത്തുന്നുണ്ട് താങ്കളിലെ വർഗ്ഗീയ വൈകൃതത്തെ..

ഇക്കയും ഏട്ടനും മലയാള മനസ്സിനെ കീഴടക്കി മുന്നേറുന്നത് മതമെന്ന തുറുപ്പു ചീട്ടു കൊണ്ടല്ല എന്ന സാമാന്യ ബുദ്ധി പോലും താങ്കളിലെ കലാകാരനില്ല എന്നത് സഹതാപത്തോടെ മാത്രമേ കണ്ടു നിൽക്കാൻ സാധിക്കുന്നുള്ളൂ.. !1999ൽ ഡ്രീംസ് എന്ന സുരേഷ്‌ഗോപി ചിത്രം നിർമ്മിക്കുമ്പോൾ താങ്കൾക്ക് അദ്ദേഹം അവസരവാദിയായിരുന്നില്ല!പിന്നീട് നിർമ്മാതാവിൽ നിന്നും സംവിധായകനാകുമ്പോൾ താങ്കളുടെ രണ്ടാമത്തെ ചിത്രമായ ആയുധത്തിൽ നായകനാകുമ്പോൾ അദ്ദേഹം താങ്കൾക്ക് ഇരട്ടത്താപ്പുകാരനായിരുന്നില്ല.പിന്നീട് വൈരമെന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴും അദ്ദേഹം താങ്കൾക്ക് വർഗ്ഗീയവാദിയുമായിരുന്നില്ല!പിന്നെ എപ്പോൾ മുതല്ക്കാണ് അദ്ദേഹം താങ്കൾക്ക് അനഭിമതനായത്?അദ്ദേഹം ബിജെപിയുമായി സഹകരിച്ചുതുടങ്ങിയപ്പോൾ മുതൽക്ക് അല്ലേ?

ഒരാൾ തനിക്കിഷ്ടമുള്ള രാഷ്ട്രീയപ്രസ്ഥാനത്തെ സ്വീകരിച്ചതുക്കൊണ്ട് മാത്രം മറ്റൊരാൾക്ക് അയാൾ സ്വീകാര്യനാവാത്തതിലെ പൊരുൾ എന്താണ്? ഇവിടെ സുരേഷ്‌ ഗോപിയുടെ രാഷ്ട്രീയത്തിനു മാത്രം അയിത്തം കല്പിക്കുന്ന താങ്കൾ എന്തുകൊണ്ട് ഇന്നസെന്റിനെയും മുകേഷിനെയും ഗണേശിനെയും കാണുന്നില്ല?.വി എസിനെ വിമർശിച്ച ഗണേശ്‌കുമാർ മറുകണ്ടം ചാടിയപ്പോൾ എന്തേ താങ്കളിലെ വിമർശകന്റെ നാവടഞ്ഞുപോയി? ഒരുകാലത്ത് ലീഡറുടെ അനുഭാവിയായിരുന്നു സുരേഷ്‌ഗോപിയെന്നത് ഏവർക്കും അറിയാവുന്ന കാര്യം തന്നെ..അതുകൊണ്ട് എന്നും ഒരു പാർട്ടിയിൽ തന്നെ വിശ്വസിച്ചു പോകണം എന്നുണ്ടോ ?

അദ്ദേഹം ബിജെപിയിൽ ചേർന്നതിനു ലീഡറുടെ മക്കളായ മുരളിധരനും പത്മജയ്ക്കും ഇല്ലാത്ത പരിഭവവും വ്യസനവും താങ്കൾക്കെന്തിന്?ഇന്നും കെ.മുരളീധരന്റെ അടുത്ത സുഹൃത്ത് കൂടിയാണ് സുരേഷ്‌ഗോപിയെന്ന് താങ്കൾക്കറിയാത്തത് ആരുടെ കുറ്റം? ഇന്നസെന്റിനും മുകേഷിനും ഗണേശ് കുമാറിനും ഇല്ലാത്ത അയിത്തവും വിമർശനവും സുരേഷ്‌ഗോപിക്ക് നേരെ മാത്രം ഉയർത്തുന്നതിനെയാണ് വിരുദ്ധതയെന്ന് വിളിക്കേണ്ടത്!ചുമ്മാതെയുള്ള വിരുദ്ധതയല്ല,നല്ല 916 മാറ്റുള്ള സംഘിവിരുദ്ധത!ഈ വിരുദ്ധതയ്ക്ക് മുന്തിയ മാർക്കറ്റ് ഉള്ള ഇടതുപക്ഷപ്രസ്ഥാനത്തിൽ നിന്നും ഇനിയും പൊന്നും പട്ടും വളയും താങ്കൾക്ക് അനസ്യൂതം ലഭിക്കുമായിരിക്കും!പക്ഷേ അന്ന് കുറ്റബോധത്തോടെ വിലപിക്കുന്നുണ്ടാവും താങ്കളിലെ ആ നല്ല കലാകാരൻ!

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP