Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോകം ഒരു സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുകയാണോ? സാമ്പത്തിക മാന്ദ്യം ഉണ്ടായാൽ, ഇന്ത്യക്ക് അതിൽ നിന്ന് മാറിനിൽക്കാൻ സാധിക്കുമോ? വെള്ളാശേരി ജോസഫ് എഴുതുന്നു

ലോകം ഒരു സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുകയാണോ? സാമ്പത്തിക മാന്ദ്യം ഉണ്ടായാൽ, ഇന്ത്യക്ക് അതിൽ നിന്ന് മാറിനിൽക്കാൻ സാധിക്കുമോ? വെള്ളാശേരി ജോസഫ് എഴുതുന്നു

വെള്ളാശേരി ജോസഫ്

മേരിക്കയിൽ 'ലീമാൻ ബ്രദേഴ്‌സ്' പൊട്ടിയതിനെ തുടർന്നാണ് 2008-ൽ ലോകത്ത് 'ഫിനാൻഷ്യൽ ക്രൈസിസ്' ഉണ്ടായത്. ഇന്ത്യയിൽ 2008-ലെ 'ഫിനാൻഷ്യൽ ക്രൈസിസ്' ഉണ്ടായ സമയത്ത് ഡോക്ടർ മന്മോഹൻ സിങ് ആയിരുന്നു പ്രധാനമന്ത്രി. സാമ്പത്തിക മാന്ദ്യത്തിന്റെ ഒരു ലാഞ്ചന പോലും ഇന്ത്യയിലെ ജനങ്ങളെ അറിയിക്കാതെ സമ്പദ് വ്യവസ്ഥ സംരക്ഷിക്കുവാൻ ഡോക്ടർ മന്മോഹൻ സിംഗിന് അന്ന് സാധിച്ചു. പക്ഷേ ഇന്ന് ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുന്ന അവസ്ഥയിൽ ഈ രാജ്യത്തെ ജനങ്ങളുടെ അവസ്ഥ എന്താണ്?

ലോകം ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് കടക്കുകയാണെന്ന് ഏറെക്കുറെ തീർച്ചയായി കഴിഞ്ഞു. 2022-ന്റെ അവസാനവും, 2023-ലും ആയിരിക്കും ഇതിന്റെ ശരിക്കുള്ള പ്രതിഫലനം ഉണ്ടാവാൻ പോകുന്നത്. അമേരിക്കൻ സ്റ്റോക്ക് മാർക്കറ്റ് ഇപ്പോൾ തന്നെ മാന്ദ്യത്തിൽ ആണെന്നാണ് അമേരിക്കയിൽ നിന്നുള്ള സുഹൃത്തുക്കൾ അറിയിക്കുന്നത്. ഈ മാന്ദ്യം മൂലം പലർക്കും ജോലി നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്.

അമേരിക്കൻ ഡോളറും ആയി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ കറൻസി ദുർബലമായി വരികയാണ്. ഒക്ടോബർ 2021-ലെ അവസ്ഥ വെച്ചു നോക്കുമ്പോൾ, 2022-ലെ ഈ ഒക്ടോബറിൽ നമുക്ക് 100 ബില്യൺ ഡോളർ 'ഫോറിൻ എക്‌സ്‌ചേഞ്ച് റിസേർവ്' അതല്ലെങ്കിൽ കരുതൽ ശേഖരം നഷ്ടപ്പെട്ടു കഴിഞ്ഞു. അതുകൊണ്ട് ആഗോള സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് ഇന്ത്യക്ക് സമീപ ഭാവിയിൽ മാറി നിൽക്കാൻ കഴിയില്ല.

കഴിഞ്ഞ രണ്ടു വർഷങ്ങളിലെ കോവിഡ്-19 ദുരന്തവും, റഷ്യ-ഉക്രൈൻ യുദ്ധവും, കാലാവസ്ഥ വ്യതിയാനങ്ങളും, ലോകത്ത് പലയിടത്തും ഉണ്ടായ പ്രളയവും, വരൾച്ചയും ഒക്കെയാണ് ഈ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. ഒപ്പം ഇത് 'മാനേജ്' ചെയ്യുന്നതിൽ പല രാഷ്ട്ര തലവന്മാർ കാണിച്ച പിടിപ്പുകേടും ഈ മാന്ദ്യത്തിന് ആക്കം കൂട്ടി. വെറുതെ കറൻസി അച്ചടിച്ചു പല രാഷ്ട്രങ്ങളും സ്വന്തം കറൻസിക്ക് വിലയില്ലാതാക്കി തീർത്തു.

ഇപ്പോൾ സിംബാബ്വെയിൽ 280 ശതമാനമാണ് 'ഇൻഫ്‌ളേഷൻ റേറ്റ്'. മറ്റു ചില രാജ്യങ്ങളിലെ 'ഇൻഫ്‌ളേഷൻ റേറ്റ്' ഇപ്രകാരമാണ്:

ലബനൻ - 162%
സിറിയ - 139%
സുഡാൻ - 125%
വെനിസ്വല - 114%

വികസിത രാജ്യങ്ങളും വിലക്കയറ്റങ്ങളിലും, സാമ്പത്തിക പ്രതിസന്ധികളിലും നിന്നുമൊക്കെ മുക്തരല്ലാ. ഇന്നത്തെ അമേരിക്കയിലെ പല നഗരങ്ങളിലും ദരിദ്രരും ഭിക്ഷക്കാരുമായി ജീവിക്കുന്ന അനേകരെ കാണാമെന്ന് പലരും പറയുന്നു. സന്തോഷ് ജോർജ് കുളങ്ങര അമേരിക്കൻ യാത്രാ വിവരണത്തിൽ ന്യുയോർക്കിൽ നിന്നുള്ള കാഴ്ചകൾ വിവരിച്ചുകൊണ്ട് അത് വ്യക്തമാക്കുന്നുമുണ്ട്.

ജി 20 അംഗങ്ങളായ ടർക്കിയിൽ, 'ഇൻഫ്‌ളേഷൻ റേറ്റ്' 83.5 ശതമാനവും, അർജന്റീനയിൽ അത് 78.5 ശതമാനവുമാണ്. അമേരിക്കയിൽ 'ഇൻഫ്‌ളേഷൻ റേറ്റ്' 8.3 ശതമാനവും, ബ്രിട്ടനിൽ അത് 9.9 ശതമാനവും ആയിക്കഴിഞ്ഞു. യൂറോപ്പിലാകെ ഏതാണ്ട് 10 ശതമാനം ആയിക്കഴിഞ്ഞു 'ഇൻഫ്‌ളേഷൻ റേറ്റ്'. യൂറോപ്പിലേക്കും അമേരിക്കയിലേക്കും ഒട്ടേറെ സാധനങ്ങൾ കയറ്റുമതി ചെയ്യുന്ന ഇന്ത്യയെ ഈ 'ഇൻഫ്‌ളേഷൻ റേറ്റ്' ബാധിക്കുക തന്നെ ചെയ്യും. 'കൺസ്യൂമർ ഗുഡ്സിന്' ആവശ്യക്കാർ ഇല്ലെങ്കിൽ അതൊക്കെ ഉണ്ടാക്കുന്ന രാജ്യങ്ങളിലെ ഫാക്ടറികളേയും തൊഴിലാളികളേയും സാമ്പത്തിക മാന്ദ്യം ബാധിക്കും. 'ഡിമാൻഡ് ആൻഡ് സപ്ലൈ' രീതിയിൽ പ്രവർത്തിക്കുന്ന ആഗോള സമ്പദ് വ്യവസ്ഥയിൽ, ഒരിടത്ത് മാത്രമായി ഒരു പ്രശ്‌നവും ഒതുങ്ങി നിൽക്കത്തില്ലാ. പരസ്പരം കെട്ടു പിണഞ്ഞിരിക്കുന്ന ആഗോളവൽക്കരണത്തിന്റെ ഇന്നത്തെ കാലയളവിൽ, ഇന്ത്യയെ ലോകത്തിന്റെ പല ഭാഗത്തുമുള്ള ഈ 'ഇൻഫ്‌ളേഷൻ റേറ്റുകൾ' എങ്ങനെ ബാധിക്കുമെന്നതാണ് നാം ഇനി നോക്കി കാണേണ്ടത്.

ഇന്ത്യയുടെ അയൽ രാജ്യങ്ങളായ ശ്രീലങ്കയിൽ 69.8 ശതമാനവും, പാക്കിസ്ഥാനിൽ 23.2 ശതമാനവുമാണ് 'ഇൻഫ്‌ളേഷൻ റേറ്റ്'. ഇന്ത്യയിലേക്ക് വരുമ്പോൾ 'ഇൻഫ്‌ളേഷൻ റേറ്റ്' 6 ശതമാനത്തിൽ ഒതുക്കി നാം കുറേയൊക്കെ വിലക്കയറ്റം മാനേജ് ചെയ്യുന്നുണ്ട്. പക്ഷെ 'കൺസ്യൂമർ പ്രൈസ് ഇൻഡക്‌സിൽ' പച്ചക്കറികൾ, മണ്ണെണ്ണ, പാചകവാതക വില, കുട്ടികളുടെ ട്യൂഷൻ ഫീസ്, വീട്ടു വാടക - ഇവയ്‌ക്കൊക്കെ സുപ്രധാന സ്ഥാനമുണ്ട്. ഡൽഹിയിൽ പണ്ടൊരു ബിജെപി. സർക്കാർ താഴെ പോയത് തക്കാളിയുടേയും, സവാളയുടേയും വില കൂടിയതുകൊണ്ടായിരുന്നു എന്നാണ് പല രാഷ്ട്രീയ നിരീക്ഷകരും അന്ന് പറഞ്ഞിരുന്നത്.

ഉത്തരേന്ത്യയിൽ അവശ്യം വേണ്ട പച്ചക്കറികളിൽ, തക്കാളിയുടേയും, സവാളയുടേയും കൂടെ ഉരുളക്കിഴങ്ങിനേയും ഉൾപ്പെടുത്താമെന്നാണ് ഇതെഴുതുന്ന ആൾക്ക് തോന്നുന്നത്. തക്കാളിക്ക് 53.5 ശതമാനവും, ഉരുളക്കിഴങ്ങിന് 42.9 ശതമാനവും വില വർധിച്ചു എന്നാണ് സമീപകാല കണക്കുകൾ വ്യക്തമാക്കുന്നത്. തക്കാളിയുടേയും, സവാളയുടേയും, ഉരുളക്കിഴങ്ങിന്റെയും വില ക്രമാതീതമായി കൂടുകയും, ആ വിലക്കയറ്റം ഒരു രാഷ്ട്രീയ വിഷയമായി മുതലാക്കാൻ ശക്തമായ ഒരു പ്രതിപക്ഷവുമുണ്ടായാൽ, ഉത്തരേന്ത്യയിലെ പല സർക്കാരുകളും നിലം പൊത്തുമെന്ന് ചുരുക്കം. (ഈ പോസ്റ്റിൽ ഉദ്ധരിച്ചിരിക്കുന്ന കണക്കുകൾക്ക് ടൈമ്‌സ് ഓഫ് ഇന്ത്യയോട് കടപ്പാട്)

(ലേഖകന്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റെ ജോലിയുമായി ഒരു ബന്ധവുമില്ല)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP