Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വപ്ന സുരേഷിന്റെ ആത്മകഥ സൃഷ്ടിച്ച കോലാഹലങ്ങൾ എന്തെല്ലാം; യഥാർത്ഥത്തിൽ വേണ്ടത് സ്ത്രീപക്ഷ വായന; ഒപ്പം മാറേണ്ട ഒരു സൂക്കേട് കൂടിയുണ്ട്; മലയാളി പുരുഷന്മാരുടെ ഞരമ്പു രോഗം: വെള്ളാശേരി ജോസഫ് എഴുതുന്നു

സ്വപ്ന സുരേഷിന്റെ ആത്മകഥ സൃഷ്ടിച്ച കോലാഹലങ്ങൾ എന്തെല്ലാം; യഥാർത്ഥത്തിൽ വേണ്ടത് സ്ത്രീപക്ഷ വായന; ഒപ്പം മാറേണ്ട ഒരു സൂക്കേട് കൂടിയുണ്ട്; മലയാളി പുരുഷന്മാരുടെ ഞരമ്പു രോഗം: വെള്ളാശേരി ജോസഫ് എഴുതുന്നു

വെള്ളാശേരി ജോസഫ്

സ്വപ്ന സുരേഷ് 'ചതിയുടെ പത്മവ്യൂഹം' എന്ന ആത്മകഥയിൽ പറയുന്നത് താൻ ക്രൂരമായ 'മാരിറ്റൽ റെയ്‌പ്പിനും', 'ഡൊമിസ്റ്റിക്ക് വയലൻസിനും' അനേകം തവണ ആദ്യ വിവാഹത്തിന് ശേഷം വിധേയമായി എന്നാണ്. സ്വപ്ന സുരേഷിന്റെ ആത്മകഥയുടെ പ്രകാശനത്തെ തുടർന്ന് രാഷ്ട്രീയ വിവാദങ്ങൾ ഇഷ്ടം പോലെയുണ്ടായി; സ്വപ്ന സുരേഷ് തുടർന്ന് നൽകിയ ഇന്റർവ്യൂകളും പലരും ഏറ്റുപിടിച്ചു. പക്ഷെ ഇതൊന്നുമല്ല പുള്ളിക്കാരിയുടെ ആത്മകഥയുടെ മുഖ്യ പ്രമേയം. നമ്മുടെ കുടുംബ വ്യവസ്ഥിതിയും, സാമൂഹ്യ വ്യവസ്ഥിതിയും ഒരുക്കുന്ന കെണികളിൽ സ്ത്രീകൾ വീണടിയുന്നതെങ്ങനെയാണെന്നു വ്യക്തമാക്കുകയാണ് സ്വപ്ന സുരേഷ് ആത്മകഥയിലൂടെ ചെയ്യുന്നത്.

അഞ്ച് കിലോ സ്വർണം, 35 ലക്ഷം രൂപ, മുന്തിയ കാർ - ഇവയൊക്കെ സ്ത്രീധനമായി നൽകി, തന്നെ പൊന്നിൽ കുളിപ്പിച്ചാണ് വിവാഹം നടത്തിയതെന്നാണ് സ്വപ്ന സുരേഷ് ആത്മകഥയിൽ പറയുന്നത്. ആത്മകഥയിൽ കൊടുത്തിരിക്കുന്ന വിവാഹ തലേന്നും, വിവാഹ ദിവസവും ഉള്ള ഫോട്ടോകൾ പൊന്നിൽ കുളിച്ചു നിൽക്കുന്ന സ്വപ്ന സുരേഷിനെ നന്നായി കാണിക്കുന്നുമുണ്ട്. ഇങ്ങനെ തിളങ്ങുന്ന പട്ടു സാരിയിൽ, സർവാഭരണ വിഭൂഷിതയായി സ്വപ്നതുല്യമായ ഒരു വിവാഹം നടത്തിയിട്ട് വധുവിന് പ്രയോജനമൊന്നും ഉണ്ടായില്ല. നമ്മുടെ 'ഫെയറി ടെയിൽ വെഡ്ഡിങ്ങുകളുടെ' ബാക്കിപത്രമൊന്നും ആളുകൾ തിരക്കാറില്ലാ. സ്വപ്‌ന തന്റെ രണ്ടു വിവാഹങ്ങളിൽ കൂടി വീണ ചതികുഴികളെ കുറിച്ച് സവിസ്തരം ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്. രണ്ടാം വിവാഹം കഴിച്ചതിനു ശേഷമാണ് ഭർത്താവ് തന്റെ ആദ്യ വിവാഹം ലീഗൽ ആയി വേർപെടുത്തിയിരുന്നില്ല എന്ന് സ്വപ്ന സുരേഷ് അറിയുന്നത്. രണ്ടാം വിവാഹത്തിലെ ഭർത്താവിനും, ഭർതൃ വീട്ടുകാർക്കും സ്വപ്നയുടെ മാതാപിതാക്കളുടെ സമ്പത്തിലായിരുന്നു നോട്ടം മുഴുവനും. സ്വപ്ന UAEയുടെ കോൺസുലേറ്റിൽ കോൺസുലാർ ജെനറലിന്റെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്യുമ്പോൾ കിട്ടിയിരുന്ന ഒരു ലക്ഷത്തിന് മീതെയുള്ള ശമ്പളം അപഹരിക്കുമായിരുന്നു രണ്ടാം ഭർത്താവ്. പുള്ളിക്കാരിയുടെ ബാങ്കിന്റെ ഡെബിറ്റ് കാർഡ് പോലും ഭർത്താവിന്റെ കയ്യിലായിരുന്നു. ഇങ്ങനെ ജോലി ചെയ്തുണ്ടാക്കുന്ന ധനം അപഹരിക്കുന്നത് കൂടാതെ, ഒരു തവണ വഴക്കുണ്ടാക്കിയപ്പോൾ, സ്വപ്നയെ കൊല്ലാൻ വരെ രണ്ടാം ഭർത്താവ് ശ്രമിച്ചതായി ആത്മകഥയിൽ പറയുന്നുണ്ട്. ഈ രണ്ടു വിവാഹങ്ങളും സൃഷ്ടിച്ച ചതികുഴികളിൽ നിന്ന് ഒരു രക്ഷപെടലായിരുന്നു സത്യത്തിൽ സ്വപ്നക്ക് ശിവശങ്കറുമായി ഉണ്ടായ 'കംപാനിയൻഷിപ്പ്'. ഇതിന് മുൻകൈ എടുത്തത് ശിവശങ്കർ തന്നെ ആയിരുന്നു എന്നാണ് സ്വപ്ന സുരേഷ് ആത്മകഥയിൽ പറയുന്നത്. ചിലരൊക്കെ ചൂണ്ടിക്കാട്ടിയതുപോലെ തന്നെ, വായനക്കാരെ വളരെ വേദനിപ്പിക്കുന്ന ഒരു ആത്മകഥയാണിത്.

നമ്മുടെ പാരമ്പര്യ സമൂഹത്തിലുള്ള ഇത്തരത്തിലുള്ള അനീതികളാണ് ഒരു വർഷം മുമ്പ് റിലീസ് ചെയ്ത 'ദി ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമക്കും പ്രമേയമായത്. അതിലെ നായികയായ നിമിഷ ഭർത്താവിനോട് ലൈംഗിക ബന്ധം വേദനാജനകമാണെന്നും, രതിക്ക് മുമ്പ് 'ഫോർപ്‌ളേ'-യുടെ ആവശ്യകതയെ കുറിച്ചും സംസാരിക്കുന്നുണ്ട്. അത്തരത്തിലുള്ള 'രതിപൂർവ ലീലകൾ' അതല്ലെങ്കിൽ ' ഫോർപ്‌ളേ'-യെ കുറിച്ച് ഇന്ത്യയിൽ അധികം ചർച്ച ചെയ്യപ്പെടുന്നില്ല. കാരണം സെക്‌സിനെ കുറിച്ചുള്ള ഏതു സംസാരവും ഇവിടെ വിലക്കപ്പെട്ടതാണ്. അതുകൊണ്ടെന്തെന്തെങ്കിലും ഗുണം ഇന്ത്യൻ സമൂഹത്തിനുണ്ടോ? ഓരോ വർഷവും ആദ്യരാത്രിയിലെ രക്ത സ്രാവത്തെ തുടർന്ന് അനേകം യുവതികൾ ഹോസ്പിറ്റലിൽ അഡ്‌മിറ്റ് ചെയ്യപ്പെടുന്ന നാടാണ് ഇന്ത്യാ മഹാരാജ്യം. പുരുഷന്മാർക്ക് പലപ്പോഴും 'രതിപൂർവ്വ ലീലകൾ' അതല്ലെങ്കിൽ 'ഫോർപ്‌ളേ'-യെ കുറിച്ചുള്ള അറിവില്ലായ്മയാണ് ഇതിന് പ്രാഥമികമായ കാരണമെന്നാണ് പല ഗൈനക്കോളജിസ്റ്റുകളും അഭിപ്രായപ്പെട്ടിട്ടുള്ളത്.

'കെട്ട്യോൾ ആണെന്റെ മാലാഖ' എന്ന സിനിമയിലും ഇതേ വിഷയം തന്നെയാണ് പ്രമേയം. 'കെട്ട്യോൾ ആണെന്റെ മാലാഖ' എന്ന സിനിമയിലുള്ളത് പോലെ ഒരുപാട് സ്റ്റീവാച്ചന്മാർ ഉള്ള സമൂഹമാണ് നമ്മുടേത്. സഹ ജീവികളോട് സ്‌നേഹവും കരുതലും ഒക്കെ ഉള്ളപ്പോൾ പോലും, സ്ത്രീകളെ മനസിലാക്കാനോ, ലൈംഗിക ബന്ധത്തെ കുറിച്ച് മനസിലാക്കാനോ സ്റ്റീവാച്ചന്മാർക്ക് സാധിക്കാറില്ല. ആ സിനിമയുടെ റീലുകൾക്ക് താഴെ വന്നിട്ടുള്ള കമന്റ്റുകൾ നോക്കുക: മലയാളികളുടെ ലൈംഗിക വീജ്ഞാനം പിടികിട്ടും. അവൻ ഭർത്താവല്ലേ; പിന്നെങ്ങനെയാണ് അവർ തമ്മിലുള്ള ലൈംഗിക ബന്ധം ബലാത്സംഗം ആവുന്നത് എന്നാണ് ചിലരുടെ ചോദ്യം. ഭർത്താവിന് ഭാര്യയുടെ അടുത്ത് സെക്‌സ് ചെയ്യാനുള്ള അവകാശം ഇല്ലേ എന്നും ചിലർ ചോദിക്കുന്നു. ഭർത്താവിന് ഭാര്യയുടെ അടുത്തുനിന്ന് സെക്സിന് കൺസെന്റ് വേണ്ടാ എന്നതാണ് പലരുടേയും ചിന്ത. ഭാര്യ എന്താണ് സെക്സിന് ഭർത്താവിന് കൺസെന്റ്റ് കൊടുക്കാതിരിക്കുന്നത് എന്നുള്ള കാര്യത്തിൽ ചിലർ ആശ്ചര്യപ്പെടുന്നൂ. പലർക്കും ഭാര്യയുമായുള്ള സെക്‌സിനും 'കൺസെന്റ്' എന്ന് പറയുന്ന ഒന്നു വേണം എന്നത് അറിയില്ല. സമ്മതം കൂടാതെ സ്വന്തം ഭർത്താവ് സെക്‌സ് ചെയ്താലും തെറ്റാണ്. 'കെട്ട്യോൾ ആണെന്റെ മാലാഖ' എന്ന സിനിമയിൽ ആസിഫ് അലി അവതരിപ്പിക്കുന്ന സ്ലീവാച്ചൻ കള്ളുകുടിച്ചു വന്ന് ഭാര്യയെ ക്രൂരമായി ഉപദ്രവിച്ചു. ഇനി ഉപദ്രവിച്ചില്ലെങ്കിലും എല്ലാ ദിവസവും അല്ലെങ്കിൽ ഓരോ സമയങ്ങളിൽ ഓരോ മൂഡിൽ ഒക്കെ സെക്‌സ് ചെയ്യാൻ എല്ലാവർക്കും പറ്റില്ല. ആണിന് ആയാലും പെണ്ണിന് ആയാലും താൽപര്യം ഉള്ളപ്പോൾ മാത്രമേ സെക്‌സ് സാധ്യമാകൂ. രണ്ടു പേർക്കും താൽപര്യം ഉണ്ടെങ്കിൽ മാത്രമേ സെക്‌സിൽ ഏർപ്പെടാവൂ. സ്ലീവാച്ചൻ ചെയ്തതു പോലെ കള്ളുകുടിച്ചു വന്നു ബാലപ്രയോഗം നടത്തി സെക്‌സിൽ ഏർപ്പെട്ടാൽ അത് ബലാത്സംഗം ആകും. ഒരാളുടെ ഭാര്യ ആണെന്ന് കരുതി ഭർത്താവിന് ജീവിതപങ്കാളി അടിമ അല്ല. അവരും അവരുടേതായ വ്യക്തിത്വം ഉള്ള ആളാണ്. പക്ഷെ ഇതൊന്നും ബഹു ഭൂരിപക്ഷം മലയാളികൾക്കും ഇതൊന്നും അറിയില്ല. ശാരീരിക ബന്ധത്തെ കുറിച്ചും, കുടുംബ ജീവിതത്തെ കുറിച്ചും സ്ലീവാച്ചന് കൗൺസിലിങ് കൊടുക്കണമെന്ന് ഡോക്ടർ നിർദ്ദേശിക്കുന്നതല്ലാതെ ഇതൊന്നും കൊടുക്കുന്നതായി സിനിമയിൽ കാണിക്കുന്നില്ല.

മാധവിക്കുട്ടി ഒരു ഇന്റർവ്യുവിൽ തന്റെ ഭർത്താവാണ് ആദ്യം പുള്ളിക്കാരിയെ ബലാത്സംഗം ചെയ്തതെന്ന് പറഞ്ഞിട്ടുണ്ട്. 'രാവിലെ മൂത്രം പോവില്ല, അപ്പോൾ അമ്മമ്മ വന്ന് കാലിൽ വെള്ളമൊഴിച്ചു തരും' - എന്നും പറഞ്ഞിട്ടുണ്ട്. പാരമ്പര്യ സമൂഹത്തിന്റെ മൂല്യ വ്യവസ്ഥിതിയിൽ ഊറ്റം കൊള്ളുന്നവർക്ക് കമലാ ദാസിന്റെ ഈ വിവരണത്തോട് എന്ത് മറുപടിയാണുള്ളത്? 'എന്റെ ഭർത്താവ് എന്നെ അദ്ദേഹത്തിന്റെ മേലധികാരികളുടെ അടുത്തേക്കയക്കാറുണ്ടായിരുന്നു. ഒരു ഉദ്യോഗകയറ്റം ലഭ്യമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെലക്ഷ്യം' എന്നും കമലാ ദാസ് 'പ്രണയത്തിന്റെ രാജകുമാരി' എന്ന പുസ്തകത്തിൽ വെളിപ്പെടുത്തുന്നുണ്ട് (പ്രണയത്തിന്റെരാജകുമാരി, ഗ്രീൻ ബുക്‌സ്, 2015 എഡിഷൻ, പേജ് 188). ഈ പുസ്തകത്തിന്റെ തന്നെ തുടർന്നുള്ള പേജുകളിൽ മദ്യപിച്ചു വന്ന ഭർത്താവ് തന്നെ അഞ്ചു തവണ ബലാത്സംഗം ചെയ്തതും, ബലാത്സംഗത്തെ തുടർന്ന് തനിക്ക് ഭ്രാന്ത് പിടിച്ചതും കമലാ ദാസ് വിവരിക്കുന്നുണ്ട്. ക്യാനഡയിലെ എഴുത്തുകാരിയും, ഡോക്കുമെന്റ്ററി സിനിമാ നിർമ്മാതവുമായ മെറിലി വെയ്‌സ്‌ബോഡുമായി നടത്തിയ അഭിമുഖത്തിലാണ് കമലാ ദാസ് ഇതൊക്കെ വെളിപ്പെടുത്തിയത്. ഇത്രയൊക്കെയായിട്ടും കമലാ ദാസിന് ഭർത്താവ് മാധവദാസുമൊത്തുള്ള വിവാഹം തുടരുകയല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു എന്നും പുസ്തകം വെളിവാക്കുന്നുണ്ട്. വരേണ്യ വർഗത്തിൽ ജനിക്കുകയും ജീവിക്കുകയും ചെയ്ത കമലാ ദാസിന്റെ ദുർവിധി ഇതാകുമ്പോൾ, ഇന്ത്യയുടെ കുടുംബവ്യവസ്ഥിതിയിൽ സാധാരണക്കാരായ സ്ത്രീയുടെ അവസ്ഥ വിശദീകരിക്കേണ്ട ആവശ്യമില്ലല്ലോ.

സ്ത്രീകളെ പുരുഷന്മാർ മനസ്സിലാക്കണമെങ്കിൽ ആരോഗ്യകരമായ സ്ത്രീ-പുരുഷ ബന്ധങ്ങൾ ചെറുപ്പം തൊട്ടേ ഉണ്ടായിരിക്കണം. പക്ഷെ കേരളത്തിൽ പ്രൈമറി സ്‌കൂൾ തൊട്ടേ പെൺകുട്ടികളേയും ആൺകുട്ടികളേയും 'സെപ്പറേറ്റ്' ആയി ഇരുത്തുന്നൂ; ബസിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ സീറ്റുകൾ - അങ്ങനെ പൊതുസമൂഹത്തിൽ കണ്ടമാനം സദാചാര നിയമങ്ങളാണ്. സദാചാരത്തിന്റെ കാര്യത്തിൽ, ലിബറൽ സമീപനമൊന്നും നിർഭാഗ്യവശാൽ നമ്മുടെ പല സ്ഥാപനങ്ങളും നടത്തുന്നവർ കാണിക്കാറില്ല. ടകെട്ട്യോൾ ആണെന്റെ മാലാഖ'-യിലെ സ്ലീവാച്ചന് അതുകൊണ്ടുതന്നെ സ്ത്രീകളെ മനസിലാക്കാനോ, ലൈംഗിക ബന്ധത്തെ കുറിച്ച് മനസിലാക്കാനോ ഒരവസരവും കിട്ടിയില്ല. ഇത് സ്ലീവാച്ചന്റെ മാത്രം പ്രശ്‌നമല്ല; മലയാളി പൊതു സമൂഹത്തിന്റെ മൊത്തത്തിലുള്ള പ്രശ്‌നമാണ്.

ലൈംഗിക കാര്യങ്ങളിൽ വെസ്റ്റേൺ സമൂഹത്തിലുള്ളവർ അവരുടെ അഭിപ്രായം പറയുവാനും, മറ്റുള്ളവരുടെ താൽപര്യം ചോദിച്ചറിയുവാനും മടി കാട്ടാറില്ല. സ്ത്രീ-പുരുഷന്മാർ ഒരുമിച്ച് ഇരിക്കുന്ന സദസ്സുകളിൽ ലൈംഗിക കാര്യങ്ങൾ ചർച്ച ചെയ്യുന്നത് അവിടെ സാധാരണം മാത്രമാണ്. അതേ സമയം ഇന്ത്യയിലാണെങ്കിൽ സ്ത്രീകളുടെ മുമ്പിൽ വെച്ച് ലൈംഗിക കാര്യങ്ങൾ പരാമർശിച്ചാൽ അത് തികഞ്ഞ അശ്ലീലമായി കരുതും; അങ്ങനെ സംസാരിക്കുന്ന ആളുകളെ തികഞ്ഞ ആഭാസരുമായി മുദ്ര കുത്തും.

ലൈംഗിക കാര്യങ്ങളിൽ ഒരു തുറന്നു പറച്ചിൽ ഇല്ലാത്തതുകൊണ്ട് ഇവിടെ കുറെ ഞരമ്പ് രോഗികൾ സൃഷ്ടിക്കപ്പെടുന്നു എന്നതല്ലാതെ പ്രത്യേകിച്ച് വേറെ പ്രയോജനം ഒന്നുമില്ല. സ്വപ്ന സുരേഷ് ഈയിടെ പറഞ്ഞതുപോലെ വലിയ തോതിലുള്ള 'ഫ്രസ്‌ട്രേഷൻ' ആണ് പലരേയും ഭരിക്കുന്നത്. അതുകൊണ്ട് ഉത്സവങ്ങളിലും, പെരുന്നാളുകളിലും, വലിയ ജനക്കൂട്ടങ്ങൾക്കിടയിലും മലയാളി പുരുഷൻ അവന്റെഞരമ്പ് രോഗം പുറത്തു കാട്ടുന്നു. ആളുകൾ ഒരു പരിധിക്കപ്പുറം തടിച്ചു കൂടുന്ന ഇടങ്ങളിലെല്ലാം ഇത്തരം ലൈംഗിക ചേഷ്ടകൾ കാണാം. ജനക്കൂട്ടത്തിലുള്ള പുരുഷന്മാരുടെ ഒരു വല്ലാത്ത മാനസികാവസ്ഥയാണ് ഇത്. പലരും ഇതിനെക്കുറിച്ചൊന്നും തുറന്നു പറയാറില്ല എന്ന് മാത്രം.

മലയാളി പുരുഷന്മാരുടെ ഈ ഞരമ്പു രോഗം മാറേണ്ടിയിരിക്കുന്നു. ഈ ഞരമ്പ് രോഗത്തിന് ജാതിയുമില്ല; മതവുമില്ല. കേരളത്തിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും ക്രമാതീതമായ തിരക്കുണ്ടാവുന്ന ഏരിയകളിലെല്ലാം സ്ത്രീകൾക്കെതിരെ 'ഞെക്കിനോക്കൽ' ഉണ്ടെന്നുള്ള കാര്യം പരസ്യമായ രഹസ്യമാണ്. അടിച്ചമർത്തപ്പെട്ട പുരുഷകാമം മുതൽ പെരുമാറ്റസംസ്‌ക്കാരത്തിന്റെ അഭാവം വരെ ഈ ലൈംഗിക ബോധത്തിൽ നിഴലിച്ചു കാണാം. യാഥാർഥ്യബോധത്തോടെ ഈ സമൂഹത്തെ നിരീക്ഷിച്ചു ജീവിക്കുന്ന ഒരാൾക്ക് നിഷേധിക്കാനാവാത്ത വസ്തുതകളാണിത്. ലൈംഗിക കടന്നുകയറ്റങ്ങൾ ഇല്ല എന്ന് പറയുന്നത് യാഥാർഥ്യത്തിന് നിരക്കാത്ത കാര്യമാണ്. ആൾക്കൂട്ടത്തിലെ ലൈംഗിക കടന്നുകയറ്റം എന്ന ജനറലൈസേഷനിലിൽ പലരും ഈ ലൈംഗികാക്രമണം ഒതുക്കുകയാണ് പതിവ്. ഇത്തരം ലൈംഗിക ബോധ്യങ്ങൾ മാറണമെങ്കിൽ ഇതിനെ കുറിച്ചൊക്കെയുള്ള ഒരു 'തുറന്നു പറച്ചിൽ' അത്യന്താപേക്ഷിതമാണ്.

പാശ്ചാത്യ ലോകത്ത് ഉമ്മ കൊടുക്കൽ ആഹ്ലാദ പ്രകടനം മാത്രമാണ്; ഇന്ത്യയിലാണ് അതൊരു സദാചാര വിഷയമാകുന്നത്. വഴിയിൽ കാണുന്ന പെൺകുട്ടിയോട് അവിടെ ഉമ്മ വെച്ചോട്ടെ എന്ന് ചോദിച്ചാൽ ഒരു പ്രശ്‌നവും ഇല്ലാ; ആ ചോദ്യം ഇന്ത്യയിൽ ചോദിക്കുകയാണെങ്കിൽ തല്ലു കിട്ടും. രണ്ടാം ലോക മഹായുദ്ധത്തിന് പോകുന്ന പുരുഷന്മാർക്ക് അവരുടെ കാമുകിമാരും ഭാര്യമാരും കപ്പൽ പുറപ്പെടുന്നതിനു മുമ്പ് ഉമ്മ കൊടുക്കുന്ന പ്രസിദ്ധമായ ഫോട്ടോ ഉണ്ട്. അതുപോലെ തന്നെ, രണ്ടാം ലോക മഹാ യുദ്ധത്തിൽ ജയിച്ചു വന്ന പട്ടാളക്കാർ സ്ത്രീകളെ ചുംബിക്കുന്ന പ്രസിദ്ധമായ ഫോട്ടോകളും ഉണ്ട്. വിയറ്റ്നാം യുദ്ധത്തിൽ നിന്ന് മടങ്ങിയ ഫോറസ്റ്റ് ഗമ്പ് വാഷിങ്ടൺ സ്‌ക്വയറിൽ തന്റെ കാമുകിക്ക് പതിനായിരങ്ങളെ സാക്ഷി നിർത്തി ഉമ്മ കൊടുക്കുന്നത് 'ഫോറസ്റ്റ് ഗമ്പ്' എന്ന സിനിമയിലെ ഏറ്റവും പ്രസിദ്ധമായ രംഗങ്ങളിൽ ഒന്നാണ്. മലയാളികളോടും ഇന്ത്യാക്കാരോടും ഇതൊക്കെ പറയാമെന്നേയുള്ളൂ. പരസ്യമായ സ്ഥലങ്ങളിൽ ഒരു രീതിയിലുമുള്ള സ്‌നേഹ പ്രകടനങ്ങൾ 'ടോളറേറ്റ്' ചെയ്യുന്ന സാമൂഹ്യ ബോധ്യമല്ല നമുക്കുള്ളത്. ഏതാനും വർഷങ്ങൾക്ക് മുമ്പുണ്ടായ 'കിസ് ഓഫ് ലവ്' പ്രൊട്ടസ്റ്റിനെതിരെ ഉണ്ടായ അതിക്രമങ്ങൾ എല്ലാവരും കണ്ടതല്ലേ?

(ലേഖകന്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റെ ജോലിയുമായി ഒരു ബന്ധവുമില്ല)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP