Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആര്യാടനും മുല്ലപ്പള്ളിയും നേർക്കുനേർ മത്സരിച്ച തിരഞ്ഞെടുപ്പും ഇവിടെ ഉണ്ടായിട്ടുണ്ട്; മുന്നണിയും പാർട്ടിയും ഗ്രൂപ്പും മാറുമ്പോൾ ശത്രുവിന്റെ ശത്രു മിത്രമായെന്നും, മിത്രത്തിന്റെ മിത്രം ശത്രുവായെന്നും വരാം; നിയമസഭയിൽ നിന്ന് ലോക്സഭയിലേക്ക് എത്തിയവരും നിരവധി; ഏറ്റുമാനൂർ, കോട്ടയം, വാമനപുരം എന്നിവിടങ്ങളിൽ മരണം വില്ലനായെത്തിയപ്പോഴാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്; ജോർജ് പുളിക്കന്റെ ലേഖന പരമ്പര 'ഉപതെരഞ്ഞെടുപ്പുകളുടെ കഥ' അവസാനിക്കുന്നു

ആര്യാടനും മുല്ലപ്പള്ളിയും നേർക്കുനേർ മത്സരിച്ച തിരഞ്ഞെടുപ്പും ഇവിടെ ഉണ്ടായിട്ടുണ്ട്; മുന്നണിയും പാർട്ടിയും ഗ്രൂപ്പും മാറുമ്പോൾ ശത്രുവിന്റെ ശത്രു മിത്രമായെന്നും, മിത്രത്തിന്റെ മിത്രം ശത്രുവായെന്നും വരാം; നിയമസഭയിൽ നിന്ന് ലോക്സഭയിലേക്ക് എത്തിയവരും നിരവധി; ഏറ്റുമാനൂർ, കോട്ടയം, വാമനപുരം എന്നിവിടങ്ങളിൽ മരണം വില്ലനായെത്തിയപ്പോഴാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്; ജോർജ് പുളിക്കന്റെ ലേഖന പരമ്പര 'ഉപതെരഞ്ഞെടുപ്പുകളുടെ കഥ' അവസാനിക്കുന്നു

ജോർജ് പുളിക്കൻ

അഞ്ച് ഉപതിരഞ്ഞെടുപ്പുകൾ.. കേരളം ആവേശത്തിലാണ്. ഇതിനിടെ ഉപതിരഞ്ഞെടുപ്പിന്റെ കൗതുകകരമായ ചരിത്രം കേരളത്തിനുണ്ട്. ഇത് രസകരമായി അവതരിപ്പിക്കുകയാണ് മാധ്യമ പ്രവർത്തകനായ ജോർജ് പുളിക്കൻ. പുളിക്കന്റെ ലേഖന പരമ്പരയുടെ അവസാന ഭാഗം

ആര്യാടനും മുല്ലപ്പള്ളിയും നേർക്കുനേർ

മുന്നണിയും പാർട്ടിയും ഗ്രൂപ്പും മാറുമ്പോൾ മിത്രങ്ങളും ശത്രുക്കളും മാറിമറിയുന്നത് രാഷ്ട്രീയക്കളരിയിലെ സ്ഥിരം അഭ്യാസങ്ങളിലൊന്നാണ്. ചിലപ്പോൾ ശത്രുവിന്റെ ശത്രു മിത്രമായെന്നും മിത്രത്തിന്റെ മിത്രം ശത്രുവായെന്നും വരാം. നിലമ്പൂരിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിലൊന്ന് ഇങ്ങനെ കോൺഗ്രസിലെ ഗ്രുപ്പുരാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായിരുന്നു.

1980-ൽ ആന്റണിയുടെ നേതൃത്വത്തിലുള്ള അരശ് കോൺഗ്രസ് സിപിഎം നയിക്കുന്ന ഇടതുമുന്നണിയുടെ ഭാഗമായിരുന്നു. ഇകെ നായനാർ മുഖ്യമന്ത്രിയായ മന്ത്രിസഭയിൽ അരശ് കോൺഗ്രസുകാരിൽ നിന്ന് വക്കം പുരുഷോത്തമൻ, ആര്യാടൻ മുഹമ്മദ്, എസി ഷൺമുഖദാസ് എന്നിവർ മന്ത്രിമാരായി. ഈ നാലുപേരിൽ ആര്യാടൻ മാത്രം എംഎൽഎയായിരുന്നില്ല. ആര്യാടനെ നിലമ്പൂരിൽ മത്സരിപ്പിക്കാൻ ആന്റണിയും ഭരണമുന്നണിയും തീരുമാനിച്ചു. തുടർന്ന് അവിടുത്തെ എംഎൽഎയായിരുന്ന സി.ഹരിദാസിനെ രാജിവെപ്പിച്ച് ഉപതിരഞ്ഞെടുപ്പിൽ ആര്യാടനെ സ്ഥാനാർത്ഥിയാക്കി. കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള ഇന്ദിരാ കോൺഗ്രസുകാർ എതിരാളിക്കൊരു പോരാളിയായി മുല്ലപ്പള്ളി രാമചന്ദ്രനെയും രംഗത്തിറക്കി. മത്സരം തീപാറിയെങ്കിലും മന്ത്രിസ്ഥാനത്തിന്റെ ബലത്തിൽ ആര്യാടൻ 17,841 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മന്ത്രിക്കസേര ഉറപ്പിച്ചു.

നിലമ്പൂർ മണ്ഡലം ഇതിനു മുമ്പ് മറ്റൊരു ഉപതിരഞ്ഞെടുപ്പിനു കൂടി സാക്ഷ്യം വഹിച്ചിരുന്നു. സിപിഎം എംഎൽഎയായിരുന്ന കെ കുഞ്ഞാലിയുടെ കൊലപാതകമാണ് ഉപതിരഞ്ഞെടുപ്പിന് കാരണമായത്. 1967-ലെ തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ കോൺഗ്രസിലെ ആര്യാടൻ മുഹമ്മദിനെ 9789 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ച് നിയമസഭയിലെത്തിയ കുഞ്ഞാലി എതിരാളികളുടെ തോക്കിനിരയാകുകയായിരുന്നു.കുഞ്ഞാലി ഇത്രവലിയ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിന് നിലനിർത്താനായില്ല. 1970 ഏപ്രിൽ 20-ന് കോൺഗ്രസിലെ എംപി ഗംഗാധരനും സിപിഎമ്മിലെ വിപി അബൂബക്കറും മാറ്റുരച്ചപ്പോൾ 5,574 വോട്ടുകൾക്ക് ഗംഗാധരൻ വിജയിച്ചു.

അവർ ലോക്‌സഭയിലേക്ക്... ഇവർ നിയമസഭയിലേക്ക്

1962-ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ താനൂരിൽ നിന്നുള്ള നിയമസഭാംഗമായ സി.എച്ച് മുഹമ്മദ് കോയ കോഴിക്കോടു നിന്ന് മത്സരിച്ചു ജയിച്ചു. ഇതേത്തുടർന്ന് താനൂരിൽ ഉപതിരഞ്ഞെടുപ്പു വേണ്ടി വന്നു. മുസ്ലിംലീഗിലെ ഡോ. സി.മുഹമ്മദ് കുട്ടിയും കോൺഗ്രസിലെ പി.കെ.മൊയ്തീൻ കുട്ടിയും മത്സരിച്ചപ്പോൾ 12,936 വോട്ടിന് മുഹമ്മദ്കുട്ടി വിജയിച്ചു. ആറ്റിങ്ങൽ എംഎ‍ൽഎയായിരുന്ന വക്കം പുരുഷോത്തമൻ 1984 -ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലെത്തി. തുടർന്ന് ആറ്റിങ്ങലിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് എസിലെ പി.വിജയദാസും കോൺഗ്രസ് ഐയിലെ സരസ്വതി കുഞ്ഞുകൃഷ്ണനും ഏറ്റുമുട്ടിയപ്പോൾ വിജയദാസ് 5433 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

ഹരിപ്പാട് എംഎ‍ൽഎയായിരുന്ന രമേശ് ചെന്നിത്തല 1984-ൽ കോട്ടയം ലോക്‌സഭ തിരഞ്ഞെടുപ്പിൽ വിജയിച്ചതിനെത്തുടർന്നാണ്് ഹരിപ്പാട് നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ആർ.എസ്‌പി സ്ഥാനാർത്ഥി എ.വി.താമരാക്ഷനും കോൺഗ്രസ് ഐയിലെ എം.മുരളിയും തമ്മിലായിരുന്നു മത്സരം. 1176 വോട്ടിന്റെ ഭൂരിപക്ഷത്തിൽ താമരാക്ഷൻ വിജയിച്ചു. താനൂർ എംഎ‍ൽഎയായിരുന്ന മുസ്ലിം ലീഗിലെ ഇ.അഹമ്മദ് 1991-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മഞ്ചേരിയിൽ നിന്ന് മത്സരിച്ചു ജയിച്ചതിനെത്തുടർന്നാണ് താനൂരിൽ ഉപതിരഞ്ഞെടുപ്പു നടന്നത്. 1992 ജൂൺ ഒമ്പതിന് നടന്ന തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിലെ കുട്ടി അഹമ്മദ് കുട്ടിയും സിപിഎമ്മിലെ എം.മുഹമ്മദ് മാസ്റ്ററും മത്സരിച്ചപ്പോൾ കുട്ടി മാസ്റ്ററിനേക്കാൾ 28,188 വോട്ട് കൂടുതൽ നേടി വിജയിച്ചു.

എറണാകുളത്തെ കോൺഗ്രസ് എംഎ‍ൽഎയായിരുന്ന ജോർജ് ഈഡൻ 1998-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചതാണ് എറണാകുളത്ത് ഉപതിരഞ്ഞെടുപ്പിന് കാരണമായത്. 1998 ജൂൺ രണ്ടിന് നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഎം സ്വതന്ത്രൻ ഡോ.സെബാസ്റ്റ്യൻ പോളും കോൺഗ്രസ് ഐയിലെ ലിനോ ജേക്കബും തമ്മിലായിരുന്നു മത്സരം. എറണാകുളത്തെ മുൻ എംഎ‍ൽഎയും മന്ത്രിയുമായിരുന്ന എ.എൽ. ജേക്കബ്ബിന്റെ മകൻ ലിനോയെ സെബാസ്റ്റ്യൻ പോൾ 3940 വോട്ടുകൾക്ക് അട്ടിമറിച്ചു.

കണ്ണൂർ എംഎ‍ൽഎ ആയിരുന്ന കെ.സുധാകരൻ 2009-ൽ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നാണ് കണ്ണൂരിൽ ഉപതിരഞ്ഞെടുപ്പു വേണ്ടി വന്നത്. 2009 നവംബർ ഏഴിന് നടന്ന ഉപതിരഞ്ഞെടുപ്പിൽ മൂന്നു തവണ കണ്ണൂരിലെ സിപിഎം എംപിയായിരുന്ന എ.പി.അബ്ദുള്ളക്കുട്ടിയായിരുന്നു കോൺഗ്രസ് ഐയുടെ സ്ഥാനാർത്ഥി. സിപിഎമ്മിലെ എം വിജയരാജനായിരുന്നു എതിരാളി. അബ്ദുള്ളക്കുട്ടി 12,043 വോട്ടുകൾക്ക് വിജയിച്ചു. എറണാകുളം എംഎ‍ൽഎയായിരുന്ന കോൺഗ്രസ് ഐയിലെ കെ.വി.തോമസ് 2009-ൽ ലോക്‌സഭയിലേക്ക് മത്സരിച്ചു ജയിച്ചതാണ് എറണാകുളത്ത് വീണ്ടും ഉപതിരഞ്ഞെടുപ്പിന് കാരണമായത്. കോൺഗ്രസ് ഐയിലെ ഡൊമിനിക് പ്രസന്റേഷനും സിപിഎം സ്വതന്ത്രൻ പി.എൻ.സീനുലാലും ഏറ്റുമുട്ടിയപ്പോൾ ഡൊമിനിക്ക് 8620 വോട്ടുകൾക്ക് മുന്നിലെത്തി.

ആലപ്പുഴ എംഎ‍ൽഎയായിരുന്ന കെ.സി.വേണുഗോപാൽ 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചതോടെയാണ് ആലപ്പുഴ ഉപതിരഞ്ഞെടുപ്പു വേദിയായത്. കോൺഗ്രസിലെ എ.എ. ഷുക്കൂറും സിപിഐയിലെ ജി.കൃഷ്ണപ്രസാദും ഏറ്റുമുട്ടിയപ്പോൾ 4745 വോട്ടുകൾക്ക് ഷുക്കൂറിനായിരുന്നു ജയം. വേങ്ങര എംഎ‍ൽഎയായിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടി 2018-ൽ മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചതോടെയാണ് വേങ്ങര ഉപതിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ചത്. മുസ്ലിം ലീഗിലെ കെ.എൻ.എ.ഖാദറും സിപിഎമ്മിലെ പി.പി.ബഷീറും ഏറ്റുമുട്ടിയപ്പോൾ 20,956 വോട്ടുകൾക്ക് ഖാദർ നിയമസഭയിലെത്തി.

ഇടിമിന്നലായി സ്ഥാനാർത്ഥികളുടെ മരണം

കേരളത്തിൽ സ്ഥാനാർത്ഥികളുടെ മരണംകാരണം മൂന്നിടത്ത് ഉപതിരഞ്ഞെടുപ്പു വേണ്ടി വന്നിട്ടുണ്ട്. ഏറ്റുമാനൂർ, കോട്ടയം, വാമനപുരം എന്നീ മണ്ഡലങ്ങളാണ് ഉപതിരഞ്ഞെടുപ്പിന് വേദിയായത്. 1987-ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പാണ് കോട്ടയത്തും തിരുവനന്തപുരം ജില്ലയിലെ വാമനപുരത്തും ഓരോ സ്ഥാനാർത്ഥികളുടെ ആകസ്മിക മരണം സംഭവിച്ചത്. കോട്ടയത്ത് പ്രധാന മത്സരം സിപിഎമ്മിലെ ടി.കെ.രാമകൃഷ്ണനും കോൺഗ്രസ് ഐയിലെ തിരുവഞ്ചൂർ രാധാകൃഷ്ണനും തമ്മിലായിരുന്നു. തിരഞ്ഞെടുപ്പിന് ഏഴു ദിവസം മുമ്പ് സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന എറിക്ക് മുറിക്ക് മരിച്ചു. അതിനാൽ തിരഞ്ഞെടുപ്പ് 45 ദിവസത്തേക്ക് മാറ്റിവെച്ചു.

അതിനിടിയിൽ ഇ.കെ.നായനാർ മുഖ്യമന്ത്രിയായ ഇടതുമുന്നണി മന്ത്രിസഭയിൽ ടി.കെ.രാമകൃഷ്ണനും മന്ത്രിയായി. 1987 ജൂൺ രണ്ടിനു നടന്ന ഉപതിരഞ്ഞെടുപ്പിൽ മന്ത്രിയായ ടി.കെ.രാമകൃഷ്ണനെയാണ് കോൺഗ്രസ് ഐ സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ നേരിട്ടത്. തിരുവഞ്ചൂരിനെ 9526 വോട്ടുകൾക്ക് പരാജയപ്പെടുത്തി രാമകൃഷ്ണൻ മന്ത്രിസ്ഥാനം ഉറപ്പിച്ചു. സി.എംപി.സ്ഥാനാർത്ഥിയായിരുന്ന എം.കെ.സനകന്റെ മരണമാണ് വാമനപുരത്തെ ഉപതിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാനും അതുവഴി ഉപതിരഞ്ഞെടുപ്പിനും കാരണമായത്. കോലിയക്കോട് കൃഷ്ണൻനായരും എൻ.പീതാംബരക്കുരുപ്പും തമ്മിലായിരുന്നു മത്സരം. കൃഷ്ണൻനായർ 10,116 വോട്ടുകൾക്ക് കുറുപ്പിനെ പരാജയപ്പെടുത്തി.

1991-ലെ തിരഞ്ഞെടുപ്പുകാലത്തുണ്ടായ മരണമാണ് ഏറ്റുമാനൂർ ഉപതിരഞ്ഞെടുപ്പിന് കാരണമായത്. നിയമസഭാ തിരഞ്ഞെടുപ്പും ലോക്‌സഭാ തിരഞ്ഞെടുപ്പും ഒരുമിച്ചു നടന്ന 1991-ൽ കോട്ടയത്തെലോക്‌സഭാ സ്ഥാനാർത്ഥിയായിരുന്ന രമേശ് ചെന്നിത്തലക്കൊപ്പം വാഹനപ്രചാരണത്തിൽ പങ്കെടുക്കുന്നതിനിടയിൽ കോട്ടയം മെഡിക്കൽ കോളേജിനടുത്തുള്ള വാരിമുട്ടത്തുവെച്ച് ഇടിമിന്നലേറ്റാണ് ബാബു ചാഴിക്കാടൻ മരിച്ചത്. അതോടെ ഏറ്റുമാനൂരിലെ തിരഞ്ഞെടുപ്പു മാറ്റിവെയ്ക്കുകയായിരുന്നു.1991 നവംബർ 17-ന് ഏറ്റുമാനൂരിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബാബുവിന്റെ ജ്യേഷ്ഠൻ തോമസ് ചാഴിക്കാടനും സിപിഎമ്മിലെ വൈക്കം വിശ്വനും തമ്മിലായിരുന്നു മത്സരം. തോമസ് ചാഴിക്കാടൻ 886 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP