Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'സംസ്ഥാനത്തിനകത്ത് നിന്ന് മാത്രം പിരിച്ചെടുക്കാനുള്ളത് 47887 കോടി രൂപ; നികുതി പിരിച്ചെടുക്കേണ്ടത് ആരുടെ ഉത്തരവാദിത്വമാണ്? ജനങ്ങളുടെ തലയിൽ നികുതിഭാരം അടിച്ചേൽപ്പിക്കുന്നു'; അഡ്വ. വി.ടി.പ്രദീപ് കുമാർ എഴുതുന്നു

'സംസ്ഥാനത്തിനകത്ത് നിന്ന് മാത്രം പിരിച്ചെടുക്കാനുള്ളത് 47887  കോടി രൂപ; നികുതി പിരിച്ചെടുക്കേണ്ടത് ആരുടെ ഉത്തരവാദിത്വമാണ്?  ജനങ്ങളുടെ തലയിൽ നികുതിഭാരം അടിച്ചേൽപ്പിക്കുന്നു'; അഡ്വ. വി.ടി.പ്രദീപ് കുമാർ എഴുതുന്നു

അഡ്വ. വി.ടി.പ്രദീപ് കുമാർ

2023 -24 ലെ ബഡ്ജറ്റിനെ കുറിച്ച് ഒന്നും എഴുതാത്തതിന്റെ കാരണം അന്വേഷിച്ച് ഒരുപാട് പേർ വിളിച്ചുകൊണ്ടിരിക്കുകയാണ്. എഴുതാതിരുന്നതിന്റെ കാരണം മറ്റൊന്നുമല്ല, മറ്റ് ചില സംസ്ഥാനങ്ങളുടെ ബഡ്ജറ്റ് കൂടി വരാൻ വേണ്ടി കാത്തിരിക്കുകയാണ്. നിരന്തരമായി കേരളം കടക്കെണിയിലാണെന്ന് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ കേരളം മാത്രമാണോ ഇങ്ങനെ കടത്തിലാവുന്നതെന്നും എങ്കിൽ എന്തുകൊണ്ടാണ് കടക്കെണിയിലാവുന്നതെന്നു കൂടി പറയാനുള്ള ബാധ്യതയുണ്ട്.

ഇത് പറയണമെങ്കിൽ മറ്റ് സംസ്ഥാന സർക്കാറുകളുടെ വരവ് - ചെലവ് കണക്കുകളുമായുള്ള ഒരു താരതമ്യ പഠനം അനിവാര്യമാണ്. ഇത്തവണ കടത്തിന്റെ കണക്കുകളല്ല, ജീവനക്കാരുടെ അനാസ്ഥയാണ് എന്നെ ഭയപ്പെടുത്തുന്നത്. 2023 - 24 ലെ ബജറ്റിൽ ധനമന്ത്രി പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്. ' 2020 - 21 ൽ ശമ്പളവും പെൻഷനും നൽകാനായി വേണ്ടി വന്നത് 46754 കോടി രൂപയായിരുന്നുവെങ്കിൽ 2021-22 ലെത്തിയപ്പോൾ അത് 71393 കോടി രൂപയായി ഉയർന്നു.

'ഇന്ത്യയിൽ ഏറ്റവും ഉയർന്ന ശമ്പളം കൈപ്പറ്റുന്നത് കേരളത്തിലെ സർക്കാർ ജീവനക്കാരാണ്. ജനങ്ങളെ പിഴിഞ്ഞെടുത്തുണ്ടാക്കുന്ന നികുതി പണം ശമ്പളമായി കൈപ്പറ്റുന്ന ഉദ്യോഗസ്ഥരുടെ ജോലി എന്താണ് ? വാങ്ങുന്ന ശമ്പളത്തോട് ഇവർക്ക് എന്തെങ്കിലും കൂറുണ്ടോ ? ഇവർക്ക് സംസ്ഥാനത്തിനോടൊ ഇവിടുത്തെ ജനത്തിനോടൊ എന്തെങ്കിലും ഉത്തരവാദിത്വം ഉണ്ടോ?

സംസ്ഥാനത്ത് പിരിച്ചെടുക്കാൻ കുടിശ്ശികയായിരിക്കുന്നത് 19920 കോടി രൂപയുടെ നികുതികളാണ്. ഇതിന് പുറമെ സർക്കാറിന് വിവിധ സ്ഥാപനങ്ങളിൽ നിന്ന് പിരിഞ്ഞ് കിട്ടാനുള്ളത് 27967 കോടി രൂപയുടെ ഗ്യാരണ്ടി കമ്മീഷനും ഉണ്ട്. അതായത് സംസ്ഥാനത്തിനകത്ത് നിന്ന് മാത്രം പിരിച്ചെടുക്കാനുള്ളത് 47887 കോടി രൂപയാണ്. ഇത് പിരിച്ചെടുക്കേണ്ടത് ആരുടെ ഉത്തരവാദിത്വമാണ്? നികുതി വകുപ്പിൽ മാത്രം ലക്ഷങ്ങൾ ശമ്പളം വാങ്ങിക്കുന്ന നൂറുകണക്കിന് ജീവനക്കാർ ഇല്ലേ?

കേന്ദ്രം ജി.എസ്സ്.ടി. നഷ്ടപരിഹാരം തരുന്നില്ലായെന്ന് പറഞ്ഞുകൊണ്ട് ജനങ്ങളുടെ മുന്നിൽ വന്ന് കരയുന്ന ധനകാര്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ വകുപ്പിലെ ജീവനക്കാരുടെയും അനാസ്ഥ കാരണം ഐ.ജി.എസ്സ്.ടി. ഇനത്തിൽ സംസ്ഥാനത്തിന് നഷ്ടമായത് 25000 കോടി രൂപയാണ്. സംയോജിത ചരക്ക് സേവന നികുതിയുടെ റിട്ടേണുകൾ ഘടനാപരമായി പരിഷ്‌ക്കരിക്കാത്തത് കാരണം കഴിഞ്ഞ അഞ്ച് വർഷം കൊണ്ടാണ് ഇത്രയും തുക നമുക്ക് നഷ്ടമായത്. ഇത് ആരാണ് ചെയ്യേണ്ടത്? നികുതി നൽകുന്ന ജനങ്ങളാണോ ?

ധനകാര്യ വകുപ്പിന്റെ ഈ പരാജയം ജനങ്ങളിൽ നിന്ന് മറച്ചുവെക്കാനായി എക്‌സ്‌പെൻഡിച്ചർ റിവ്യൂ കമ്മിറ്റിയുടെ റിപ്പോർട്ട് ധനമന്ത്രി നിയമസഭയിൽ വെക്കാതെ ഒഴിവാക്കുകയാണ് ഉണ്ടായത്. ഇതിന് പുറമെയാണ് കോളേജ് അദ്ധ്യാപകരുടെ യുജിസി. ശമ്പള കുടിശ്ശികയ്ക്കായി അപേക്ഷ സമർപ്പിക്കാത്തത് കാരണം 750 കോടി നഷ്ടമായത്.

കേന്ദ്ര സർക്കാർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സമയബന്ധിതമായി നൽകേണ്ട അപേക്ഷ നൽകാതെയാണ് ഈ തുക നഷ്ടപ്പെടുത്തിയത്. അതായത് കേന്ദ്രത്തിൽ നിന്ന് വാങ്ങിച്ചെടുക്കേണ്ട 25750 കോടി രൂപയും സംസ്ഥാനത്തിനകത്ത് നിന്ന് പിരിച്ചെടുക്കേണ്ട 47887 കോടി രൂപയുമുൾപ്പെടെ 73637 കോടി രൂപയാണ് ധനകാര്യ മന്ത്രിയുടെയും അദ്ദേഹത്തിന്റെ വകുപ്പിന്റെയും അനാസ്ഥ കൊണ്ട് മാത്രം സംസ്ഥാനത്തിന് നഷ്ടമായത്.

ഉദ്യോഗസ്ഥർ ഈ തുക പിരിച്ചെടുത്തിരുന്നുവെങ്കിൽ ഈ വർഷം ശമ്പളവും പെൻഷനും നൽകാൻ പണം കണ്ടെത്തേണ്ട ആവശ്യം ഉണ്ടാവില്ല. റവന്യൂ വരുമാനം മറ്റ് വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കാമായിരുന്നു. പണിയെടുത്തില്ലെങ്കിലും ആവശ്യപ്പെടുന്ന ശമ്പളം കൃത്യമായും നൽകുന്ന സമ്പ്രദായത്തിലേക്ക് മാറിയതാണ് കേരളത്തിലെ കടബാധ്യതയുടെ അടിസ്ഥാന കാരണം. തന്റെയും തന്റെ ഉദ്യോഗസ്ഥരുടെയും അനാസ്ഥ കാരണം സംഭവിച്ച നഷ്ടം മറച്ചുവെച്ചു കൊണ്ടാണ് സർക്കാർ ജനങ്ങളുടെ തലയിൽ നികുതിയായും സെസ്സായും വൻബാധ്യത കെട്ടിവെക്കുന്നത്.

ധനകാര്യമന്ത്രി നിയമസഭയിൽ വെച്ച കണക്കുകൾ പ്രകാരം ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ 2016 ൽ ഒരു മലയാളി നികുതി - നികുതിയേതര ഇനത്തിൽ സർക്കാർ ഖജനാവിലേക്ക് ഒരു വർഷം നൽകിയത് 16369 രൂപയായിരുന്നുവെങ്കിൽ 2022 ൽ ഓരോ മലയാളിയും ഖജനാവിലേക്ക് നൽകേണ്ടി വന്നത് 32660 രൂപയാണ്. അത്രയും ഭീമമായ നികുതി വർദ്ധനവാണ് ഏഴ് വർഷം കൊണ്ട് സംസ്ഥാനത്ത് ഉണ്ടായത്.

2023 ലെ ബജറ്റിൽ പ്രഖ്യാപിച്ച പെട്രോൾ - ഡീസൽ സെസ്സും , വർദ്ധിപ്പിച്ച വെള്ളക്കരവും ഭൂനികുതിയും , കെട്ടിട നികുതിയും വൈദ്യുതി ചാർജ്ജും നിലവിൽ വരുന്നതിന് മുമ്പെയുള്ള കണക്കാണിതെന്ന് കൂടി ഓർക്കുക. പോക്കറ്റ് കാലിയാണെങ്കിലും നികുതി നൽകുന്നതിലും മലയാളി ഒന്നാം സ്ഥാനത്ത് എത്തിയെന്ന് നമുക്ക് മാലോകരുടെ മുന്നിൽ വിളിച്ച് പറയാം.

കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങൾക്കും കേന്ദ്ര സർക്കാറിന്റെ ഫാസിസ്റ്റ് നയങ്ങളോട് എതിർപ്പുള്ളവരാണ്. ഈ എതിർപ്പിനെ മുതലെടുത്തുകൊണ്ട് കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രമാണെന്ന് പറഞ്ഞ് ജനത്തെ വിശ്വസിക്കുകയും സംസ്ഥാന സർക്കാറിന്റെ തെറ്റുകളെ കുറിച്ചുള്ള ചർച്ചകൾ അപ്രസക്തമാക്കുകയും ചെയ്യുന്ന തന്ത്രമാണ് കേരള സർക്കാർ പ്രയോഗിക്കുന്നത്.

നാം പിരിച്ച് നൽകിയ 25000 കോടി നഷ്ടപ്പെടുത്തി കൊണ്ടാണ് കേന്ദ്രം ജി.എസ്സ്.ടി. നഷ്ടപരിഹാരം തരുന്നില്ലായെന്ന് വിളിച്ച് പറയുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയാണ് സർക്കാറിന്റെ ലക്ഷ്യമെങ്കിൽ തരം താഴ്ന്ന ഇത്തരം രാഷ്ട്രീയ കളിയല്ല നമുക്ക് വേണ്ടത്. കിട്ടാനുള്ള പണം വാങ്ങിച്ചെടുക്കാനും പിരിച്ചെടുക്കാനുമുള്ള ആർജ്ജവം കാണിക്കാതെയാണ് ജനങ്ങളുടെ തലയിൽ നികുതിഭാരം അടിച്ചേൽപ്പിക്കുന്നത്.

ഇതാണ് പരിഹരിക്കപ്പെടേണ്ടത്. ഇതിന് നിങ്ങൾ എന്ത് കാപ്‌സ്യൂൾ ഇറക്കിയാലും 73637 കോടി രൂപയുടെ നഷ്ടത്തെ കുറിച്ച് പറയാതിരിക്കാൻ കഴിയില്ല. കാരണം ഈ നഷ്ടത്തിന്റെ ഉത്തരവാദികൾക്കാണ് ശമ്പളവും പെൻഷനുമായി കഴിഞ്ഞ വർഷം 71393 കോടി രൂപ നമ്മൾ നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP