Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കാലം മറന്ന കർക്കിടകപ്പെരുമ! കരിമ്പടം പുതച്ച മഴമേഘങ്ങൾക്കൊപ്പം ആടിവേടന്മാരും ദശപുഷ്പം ചൂടലും പത്തിലക്കറികളും വിസ്മൃതിയിൽ മറയുമ്പോൾ യഥാർത്ഥത്തിൽ നഷ്ടമായത് നമ്മുടെ സംസ്‌കൃതിയും പൈതൃകവും കൂടിയായിരുന്നു

കാലം മറന്ന കർക്കിടകപ്പെരുമ! കരിമ്പടം പുതച്ച മഴമേഘങ്ങൾക്കൊപ്പം ആടിവേടന്മാരും ദശപുഷ്പം ചൂടലും പത്തിലക്കറികളും വിസ്മൃതിയിൽ മറയുമ്പോൾ യഥാർത്ഥത്തിൽ നഷ്ടമായത് നമ്മുടെ സംസ്‌കൃതിയും പൈതൃകവും കൂടിയായിരുന്നു

അഞ്ജു പാർവ്വതി പ്രഭീഷ്

ഴയും മഴക്കാറും ഇരുട്ടിലേക്ക് പ്രകൃതിയെ വലിച്ചെറിയുന്ന കള്ളക്കർക്കിടകത്തിന് പഴമക്കാരുടെ മനസ്സിൽ എന്നും ഒരേ ചിത്രമാണ്. അവർക്ക് പല ഭാവങ്ങളുള്ള ഒരു സുന്ദരി പെണ്ണാണ് കർക്കിടകം . പെയ്‌തൊഴിയാൻ കൊതിക്കുന്ന മാന്മിഴികളുമായി നിൽക്കുന്ന ഇവൾ ചിലപ്പോൾ വല്ലാതെ ആർദ്രയാകും. ചില നേരങ്ങളിൽ കലിതുള്ളി ഒരു ഭ്രാന്തിയെ പോലെ അട്ടഹസിക്കും .മറ്റു ചിലപ്പോഴോ ,ഒരു യോഗിനിയെ പോലെ ശാന്തയായി മന്ദസ്മിതം പൊഴിക്കും ..കടക്കണ്ണിൽ സ്വപ്നങ്ങൾ ഒളിപ്പിച്ച ഇവൾക്ക് പ്രണയഭാവവും അന്യമല്ല തന്നെ .കള്ളകർക്കിടകം ചതിച്ചാലോയെന്ന കാരണവരുടെ ആത്മഗതം കാലത്തിനൊപ്പം ഒലിച്ചുപോയി.കൃഷി എന്നേ മറന്നുപോയ മലയാളിക്കു കർക്കിടകമാസത്തിലെ പല ആചാരങ്ങളും പാട്ടകൃഷിയെപോലെ അന്യവുമായി.

കർക്കിടകം എന്നുമൊരു ബിംബമാണ്. ഇല്ലായ്മയുടെയും വറുതിയുടെയും കരഞ്ഞുപെയ്യലിന്റെയും ഒരു ബിംബം.പെരുമഴയിൽ നനഞ്ഞ് കുളിച്ച് ഭൂമി ഒരു തരം വിശ്രമാവസ്ഥയിലാവുന്നതു കൊണ്ടാകാം ഒരുപക്ഷെ അങ്ങനെ പറയുന്നത്, അല്ലെങ്കിൽ പറഞ്ഞിരുന്നത്. അതുമല്ലെങ്കിൽ അതൊരുപക്ഷെ, ഒരു കൃഷിക്കാരന്റെ സുവർണ്ണ കാലമാവുന്ന ചിങ്ങമാസത്തിന്റെ വരവിനു മുൻപേയുള്ള പ്രകൃതിയുടെ ഒരു പെയ്തുതോരലും ആയിരുന്നിരിക്കണം.

കർക്കിടക മാസത്തിന്റെ പ്രഥമ ദിനത്തിൽ തന്നെ ഉമ്മറത്തൊരുക്കിയ നിലവിളക്കിന് മുമ്ബിൽ പ്രായഭേദമന്യേ കേരളീയർ രാമായണം വായന തുടങ്ങും. കള്ളകർക്കിടകത്തിന്റെ കറുത്ത സന്ധ്യകൾ ആ നനുത്ത ശീലുകൾ കേട്ടുകൊണ്ടായിരിക്കും കണ്ണുകൾ ചിമ്മുന്നത്. കർക്കിടകവും രാമായണവും തമ്മിലുള്ള അഭേദ്യമായ ബന്ധം അവിടെ ആരംഭിക്കുകയാണ്. ഋതുക്കൾക്ക് ചില പ്രത്യേക സപ്ന്ദനങ്ങൾ പ്രകൃതിയിലുണ്ടാക്കാൻ കഴിയുന്നുവെന്ന് വിശ്വാസത്തിലാകാം, കർക്കിടകമാസത്തിൽ വീടുകളിൽ രാമായണകഥ പാരായണം ചെയ്യേണ്ടതിന്റെ ആവശ്യകത പഴമക്കാർ പണ്ടേ കല്പിച്ചത്.കർക്കിടമാസത്തിൽ രാമായണ കഥ മുഴുവൻ വായിച്ചുതീർക്കുന്നത് പുണ്യമാണെന്ന് മലയാളികൾ വിശ്വസിക്കുന്നു. കൂടാതെ കാത്തിരിപ്പിന്റെ മാസം കൂടിയാണ് കർക്കിടകം.

രാമൻ എക്കാലത്തെയും മാനുഷിക ധർമ്മത്തിന്റെ പ്രതീകമാണ്. സത്യത്തിലും അടിയുറച്ച ധർമ്മത്തിലും അധിഷ്ഠിതമായ ജീവിതമാണ് മാനുഷിക വികാരങ്ങളെല്ലാം പ്രദർശിപ്പിക്കുന്ന മനുഷ്യനായ രാമൻ ആവിഷ്‌കരിക്കുന്നത്. അദ്ധ്യാത്മികവും സാംസ്‌കാരികവും കലാപരവുമായ എക്കാലത്തെയും സ്രോതസ്സാണ് രാമായണം.മലയാളികൾക്ക് രാമഭക്തിയുടെ സുധാമൃതമൊഴുകുന്ന എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണമാണ് പരിചിതം..കർക്കിടകം ഒന്നു മുതൽ രാമായണം വായന തുടങ്ങി മാസം അവസാനിക്ക്കുമ്പോഴേയ്ക്കും തീർക്കണമെന്നാണ് വിധി .തറയിലിരുന്നുകൊണ്ടോ ഗ്രന്ഥം താഴെ വച്ചുകൊണ്ടോ രാമായണം പാരായണം ചെയ്യാൻ പാടില്ല. ഒന്നുകിൽ ആവണ പലകയിലോ അല്ലെങ്കിൽ മാൻതോലിലോ അതുമല്ലെങ്കിൽ അശുദ്ധിയില്ലാത്ത പീഠത്തിലോ (അത് നിലവിളക്കിനെക്കാളും പൊക്കത്തിലാകരുത്) വടക്കോട്ട് തിരിഞ്ഞിരുന്നുകൊണ്ടുവേണം രാമായണം പാരായണം ചെയ്യാൻ . ഏറ്റവും പ്രധാനമായ രാമായണ ഭാഗം സുന്ദരകാണ്ഡമാണ്. ശ്രീരാമഭക്തനും ദൂതനുമായ ഹനുമാൻ ലങ്കയിലെത്തി സീതയെ കാണുന്നതും രാമനാമാങ്കിതമായ അംഗുലീയം സീതയ്ക്ക് നൽകുന്നതും പകരം രാമന് നൽകാൻ സീത ചൂഢാരത്‌നം നൽകുന്നതും തുടർന്നുള്ള ലങ്കാദഹനവും മറ്റുമാണ് സുന്ദരകാണ്ഡത്തിലെ പ്രതിപാദ്യം. സങ്കടമോചനം, വിഘ്‌ന നിവാരണം, ഐശ്വര്യം തുടങ്ങിയവയൊക്കെ പ്രദാനം ചെയ്യാൻ കഴിവുള്ളതാണ് സുന്ദരകാണ്ഡപാരായണം.

കർക്കിടകമാസത്തിൽ കോലത്തുനാട്ടിലെങ്ങും ഗൃഹസന്ദർശനം നടത്തുമായിരുന്ന ആടിവേടൻ തെയ്യം ഒരു ജനതയുടെ വിശ്വാസദീപ്തിയുടെ പ്രതീകമായിരുന്നു.കർക്കിടകം ഏഴു മുതൽ മലയന്റെ വേടനും 16 മുതൽ വണ്ണാന്റെ ആടിവേറ്റനും ഗൃഹ സന്ദർശനം നടത്തുന്നു. ഓരോ ദേശത്തെയും ജന്മാരി കുടുംബത്തിനാണു വേടൻ കെട്ടാൻ അനുവാദം.ഒരാൾ വേടന്റെ പുരാവൃത്തം പാടുമ്പോൾ വേടൻ മുറ്റത്തു നിന്ന് മന്ദം മന്ദം മുന്നോട്ടും പിന്നോട്ടും നൃത്തം ചെയ്യും.വീട്ടമ്മ പടിഞ്ഞാറ്റയിൽ വിളക്ക് കത്തിച്ച് വച്ചു കഴിഞ്ഞാൽ പാട്ട് തുടങ്ങുകയായി.രണ്ടു വേടന്മാരുടെയും പുരാവൃത്തം പാശുപതാസ്ത്ര കഥയാണ്. ചേട്ടയെ അകറ്റുന്നത് ഈ തെയ്യങ്ങളാണ്. വീടും പരിസരവും ചാണകം തെളിച്ച് ആടിവേടന്മാർ വരുന്നതിനു മുൻപേ ശുദ്ധീകരിച്ചിരിക്കും. പാട്ട് പാടിപ്പൊലിക്കുമ്പോൾ മലയന്റെ വേടനാണെങ്കിൽ കിണ്ണത്തിൽ കരിക്കട്ട കലക്കിയ കറുത്ത ഗുരുസി തെക്കോട്ടും വണ്ണാന്റെ വേടനാണെങ്കിൽ മഞ്ഞളും നൂറും കലക്കിയ ചുവന്ന ഗുരുസി വടക്കോട്ടും ഉഴിഞ്ഞ് മറിക്കണം. ഗുരുസി കലക്കി ഉഴിഞ്ഞു മറിക്കുന്നതോടെ വീടും പരിസരവും പരിശുദ്ധമായി എന്നാണ് സങ്കല്പം.

കർക്കിടകമാസത്തെ ആദ്യത്തെ ചൊവ്വാഴ്ച പത്തിലവയ്ക്കൽ എന്നൊരു ആചാരം നമ്മുടെ നാട്ടിലുണ്ട്. അതിൽ ചീരയുമുണ്ട്. താളി, തകര, കുമ്ബളം, മത്തൻ, വെള്ളരി, ആനക്കൊടിത്തൂവ, ചേനയില, ചേമ്ബില, നെയ്യുണ്ണി എന്നിവയാണ് ബാക്കി ഒൻപത് ഇലകൾ ..ചൊവ്വ,വെള്ളി മുതലായ കൊടിയാഴ്ച ദിവസങ്ങളിൽ സ്ഥിരമായിട്ട് പത്തിലകൾ കൊണ്ടുള്ള ഉപ്പേരിയും കൂട്ടാനും ഉണ്ടാക്കണം . വർഷത്തിൽ 104 കൊടിയാഴ്ച ദിവസങ്ങൾ വരുന്നു . ആവശ്യമായ പോഷകാംശങ്ങൾ കിട്ടുവാൻ ഈ ഭക്ഷണ രീതി നല്ലതുപോലെ ഉപകരിക്കും . വിറ്റാമിൻ കുറവുകൾ കൊണ്ടുള്ള രോഗങ്ങൾ ഇല്ലാതാവുകയും ചെയ്യും.

മറ്റൊരു ആചാരമാണ് കനകപ്പൊടിസേവാ . തവിടുകൊണ്ട് ചുട്ടെടുക്കുന്ന അപ്പം കഴിക്കുന്നതാകുന്നു കനകപ്പൊടി സേവാ . മുപ്പെട്ടു വെള്ളിയാഴ്ച ഇത് സേവിക്കണം .അപ്പോൾ ഒരു വർഷത്തിനു ആവശ്യമായി വരുന്ന വിറ്റാമിൻ ബി ശരീരത്തിന് ലഭിക്കും . കാലത്ത് പ്രഭാത ഭക്ഷണം കഴിക്കുന്നതിനു മുമ്ബ് കഴിക്കണം . ഉരുക്കിയ ശർക്കരയിൽ ഉണക്കത്തവിട് ചേർത്തു കുഴക്കണം . ശേഷം കനമുള്ളതാക്കി പരത്തി കനലിൽ ചുട്ടെടുക്കുക .ഒരു ചെറിയ കഷണം കഴിച്ചാൽ മതി..

കർക്കിടകമാസത്തിൽ സ്ത്രീകൾ ദശപുഷ്പം ചൂടി കർക്കിടകക്കുളി എന്നൊരു ചടങ്ങും ചെയ്യുക പതിവായിരുന്നു. സ്ത്രീകൾ മുക്കൂട്ടു തൈലം ശരീരത്തു തേച്ചുതിരുമ്മി അതിനു മീതെ കുറച്ചു പച്ചമഞ്ഞളും തേച്ചു പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം ചൂടുവെള്ളത്തിൽ കുളിക്കും.മുക്കുറ്റിചാറു കൊണ്ടു ചാന്തുതൊടുകയും ചെയ്തിരുന്നു..

പിതൃക്കളുടെ അയനമായ ദക്ഷിണായനവും തുടങ്ങുന്നത് കർക്കിടക മാസത്തിലാണ്. കൂടാതെ പൂർവ്വികരെയും മൺമറഞ്ഞ പിതൃക്കളെയും ഓർമ്മിക്കാനായി കർക്കിടകവാവും വരുന്നതിനാൽ ഭക്തിയുടെയും പിതൃക്കൾക്ക് ബലി നൽകി സ്വന്തം കടമ ചെയ്തതിന്റെയും ചാരിതാർത്ഥ്യവും അനുഭവിക്കുന്നു. പിതൃകർമ്മത്തിന് ഒരു ലക്ഷ്യമുണ്ട്. അത് മനസ്സിലാക്കിയാണ് ആചാര്യന്മാർ നമ്മെ ഉപദേശിക്കുന്നത്. നമുക്ക് ജന്മം തന്ന നമ്മുടെ ശരീരത്തിന്റെ യഥാർത്ഥ ഉടമസ്ഥരായ നമ്മുടെ മാതാപിതാക്കളെയും അവരുടെ മാതാപിതാക്കളെയും അങ്ങനെ പുറകോട്ടുള്ള തലമുറകളേയും സ്മരിക്കുക. അവരോട് ഈ മനുഷ്യ രൂപത്തിൽ ജന്മം തന്നതിന് നന്ദി പറയുക. ആ നന്ദി പ്രകടനം പ്രായോഗിക ആചാര്യങ്ങളിലൂടെ വളരുന്ന അടുത്ത തലമുറയ്ക്ക് കാണിച്ചുകൊടുത്ത് 'മാതാപിതാക്കൾ അവരുടെ അച്ഛനമ്മമാരോട് എത്രത്തോളം സനേഹബഹുമാനാദി ബന്ധങ്ങൾ ഉള്ളവരായിരുന്നു' എന്നറിയിക്കുക. ഇവിടെ നാം നൽകുന്നത് പിതൃക്കൾ സ്വീകരിക്കുന്നതിലല്ല, അവർ സ്വീകരിച്ച് അനുഗ്രഹിക്കണമേയെന്നു പ്രാർത്ഥിക്കുന്നതിലാണ് പിതൃകർമ്മം. അവരുടെ മക്കൾ ധർമ്മം, സത്യം, നീതി, ന്യായം ഈ വഴിയിലൂടെ ചരിക്കുന്നൂയെന്നു അവരെ അറിയിക്കുന്നത് കൂടി ഇതിന്റെ സന്ദേശമാണ്. നമ്മുടെ മാതാപിതാക്കൾക്ക് കൊടുത്തതേ നമ്മുടെ മക്കളിൽ നിന്നും പ്രതീക്ഷിക്കാനാകൂ. ജീവിച്ചിരിക്കുമ്‌ബോഴും മരിച്ചതിനുശേഷവും. ഇതാണ് പിതൃകർമ്മസന്ദേശം.

കർക്കിടകമാസം മറ്റ് 11 മാസങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. അടുത്ത പതിനൊന്ന് മാസങ്ങളിൽ എങ്ങനെ ജീവിക്കണം എന്നതിന്റെ തയ്യാറെടുപ്പുകൾക്കായുള്ള മാസമാണ് കർക്കിടകം. മനസും ശരീരവും ശുദ്ധമാക്കി ഈശ്വരന്റെ കടാക്ഷം ഏറ്റുവാങ്ങാൻ തയ്യാറെടുക്കേണ്ട മാസം.അതിജീവനത്തിനായി ശരീരത്തെ പാകപ്പെടുത്തേണ്ടത് കർക്കിടകത്തിലാണ്. കോരിച്ചൊരിയുന്ന മഴയിൽ ശരീരത്തിന് പൂർണ വിശ്രമം. ഒപ്പം പ്രകൃതി ചികിത്സയും. കർക്കിടക ചികിത്സ, സുഖ ചികിത്സ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ആയുർവേദ ചികിത്സാരീതി ഇന്ന് കൂടുതൽ പ്രശസ്തവും വ്യാപകവുമാണ്. മത്സ്യ - മാംസാദികൾ വർജ്ജിച്ച്, പഥ്യം നോക്കി ശരീരത്തെ ശുദ്ധം വരുത്തുന്നു. ഉഴിച്ചിലും പിഴിച്ചിലും ധാരയുമൊക്കെ ഇതിന്റെ ഭാഗം.

ഇന്നിപ്പോൾ കർക്കിടകത്തിന്റെ കരഞ്ഞുപെയ്യലും വറുതികളുമൊന്നുമില്ല നമുക്ക്. അതുകൊണ്ടുതന്നെ അങ്ങനെയൊരു മുൻകരുതലും ആവശ്യമില്ല. എങ്കിലും നമുക്ക് ഇല്ലാതെപോയതും നമ്മുടെ പൂർവികർക്ക് ഉണ്ടായിരുന്നതുമായ ആരോഗ്യപരമായ ഉണർവിന്റെയും പ്രകൃത്യാനുസൃതമായ ജീവിതത്തിന്റെയും അടിസ്ഥാനത്തെക്കുറിച്ച് അറിയാൻ നമ്മൾ വൈകിപ്പോയിരിക്കുന്നു. കർക്കിടകവും അതിന്റെ അർത്ഥവും ആഴവും ചിങ്ങക്കൊയ്ത്തിനുമുമ്പുള്ള ആ ചെറിയ വറുതിയുടെ ആവശ്യകതയും അത് നൽകുന്ന സന്ദേശവും വയലിനും കൊയ്ത്തിനുമൊപ്പം നമുക്ക് നഷ്ടമായപ്പോൾ യഥാർത്ഥത്തിൽ നഷ്ടമായത് നമ്മുടെ സംസ്‌കൃതിയും പൈതൃകവും കൂടിയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP