Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആദ്യം ബാറ്റ് ചെയ്ത ടീം നേടിയ അതേ റൺസ് രണ്ടാമത് ബാറ്റ് ചെയ്ത ടീം നേടിയത് ടൂർണ്ണമെന്റ് ഫൈനലിലെ ചരിത്രത്തിൽ ആദ്യം; സൂപ്പർ ഓവറിലും ഇരു ടീമുകളും 15 റൺസ് വീതം നേടി തുല്യത പാലിച്ചതോടെ ആവേശഭരിതരായി ക്രിക്കറ്റ് പ്രേമികൾ; കളിയിൽ ഉടനീളം നേടിയ ബൗണ്ടറികൾ എണ്ണി ടൈ ബ്രേക്കർ തകർത്ത് ഇംഗ്ലണ്ടിന് കിരീടം കൊടുക്കുമ്പോൾ ക്രിക്കറ്റ് ലോകം സഹതപിച്ചത് ന്യൂസിലണ്ടിന് വേണ്ടി; ഫുട്ബോളിൽ മാത്രം കാണാൻ കഴിയുന്ന അപൂർവ്വ സുന്ദര നിമിഷങ്ങൾ ക്രിക്കറ്റിലും സംഭവിക്കുമെന്ന് തെളിയിച്ച് 2019ലെ ഇംഗ്ലീഷ്

ആദ്യം ബാറ്റ് ചെയ്ത ടീം നേടിയ അതേ റൺസ് രണ്ടാമത് ബാറ്റ് ചെയ്ത ടീം നേടിയത് ടൂർണ്ണമെന്റ് ഫൈനലിലെ ചരിത്രത്തിൽ ആദ്യം; സൂപ്പർ ഓവറിലും ഇരു ടീമുകളും 15 റൺസ് വീതം നേടി തുല്യത പാലിച്ചതോടെ ആവേശഭരിതരായി ക്രിക്കറ്റ് പ്രേമികൾ; കളിയിൽ ഉടനീളം നേടിയ ബൗണ്ടറികൾ എണ്ണി ടൈ ബ്രേക്കർ തകർത്ത് ഇംഗ്ലണ്ടിന് കിരീടം കൊടുക്കുമ്പോൾ ക്രിക്കറ്റ് ലോകം സഹതപിച്ചത് ന്യൂസിലണ്ടിന് വേണ്ടി; ഫുട്ബോളിൽ മാത്രം കാണാൻ കഴിയുന്ന അപൂർവ്വ സുന്ദര നിമിഷങ്ങൾ ക്രിക്കറ്റിലും സംഭവിക്കുമെന്ന് തെളിയിച്ച് 2019ലെ ഇംഗ്ലീഷ്

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: കളി തുടങ്ങിയത് ഇംഗ്ലണ്ടിലാണ്. ലോകകപ്പും ആരംഭിച്ചത് ലണ്ടനിൽ. മാന്യന്മാരുടെ കളിയിൽ പക്ഷേ ഇംഗ്ലണ്ടിന് മുത്തിടാൻ കാത്തിരിക്കേണ്ടി വന്നത് 44 കൊല്ലമാണ്. അതും നാടകീയതകളും അവിശ്വസനീയതകളും നിറഞ്ഞ ഫൈനലിന് ഒടുവിൽ. ഈ ലോകകപ്പിലെ ഹോട്ട് ഫേവറൈറ്റിൽ ഒരു ടീം ഇംഗ്ലണ്ടായിരുന്നു. സമീപകാല ഫോമായിരുന്നു ഇതിന് കാരണം. എന്നാൽ ഫൈനലിൽ എതിരാളികൾ കറുത്ത കുരിതകളായ ന്യൂസിലണ്ടായപ്പോൾ പ്രവചനങ്ങൾ അസാധ്യമായി. ന്യൂസിലണ്ടിന് ടോസ് കിട്ടിയതോടെ ഇംഗ്ലീഷ് ആരാധകരുടെ നെഞ്ചിടിപ്പ് കൂടി. 50 ഓവറിൽ 8 വിക്കറ്റിന് 241 റൺസായിരുന്നു ന്യൂസിലണ്ടിന്റെ നേട്ടം. ചെയ്‌സിംഗിൽ മുൻനിര തർന്നതോടെ ആരാധകർ നിരാശരായി. എന്നാൽ ഭാഗ്യം തുണയായെത്തിയപ്പോൾ എല്ലാ അർത്ഥത്തിലും സമനിലയായ മത്സരത്തിൽ നേട്ടം കൊയ്ത് ഇംഗ്ലണ്ടും ജയമാഘോഷിച്ചു. ഇന്നിങ്‌സിൽ നേടിയ ആകെ ബൗണ്ടറികളുടെ എണ്ണത്തിൽ ന്യൂസീലൻഡിനെ മറികടന്ന് ഇംഗ്ലണ്ടിന് കന്നി ലോകകപ്പ്.

ടൈയിൽ അവസാനിച്ച മത്സരം; സ്‌കോർ ന്യൂസീലൻഡ്: 50 ഓവറിൽ 8 വിക്കറ്റിന് 241; ഇംഗ്ലണ്ട്: 50 ഓവറിൽ 241നു പുറത്ത്. സൂപ്പർ ഓവർ: ഇംഗ്ലണ്ട് വിക്കറ്റുപോകാതെ 15; ന്യൂസീലൻഡ് ഒരു വിക്കറ്റിന് 15. അങ്ങനെ സ്‌കോറിങ്ങിൽ എല്ലാ അർത്ഥത്തിലും തുല്യർ. എന്നാൽ ഐസിസി തയ്യാറാക്കിയ നിയവും ചട്ടവും ആതിഥേയർക്ക് അനുകൂലമായിരുന്നു. ഫൈനൽ സൂപ്പർ ഓവറിലേക്കും ടൈയിലുമെല്ലാം എത്തുമെന്ന് ആരും ഒരിക്കലും പ്രതീക്ഷിച്ചതല്ല. ഇതിന് മുമ്പ് ഏകദിന ലോകകപ്പ് ഫൈനലിൽ ഇത്തരം നാടകീയതകൾ ഒരിക്കലും അരങ്ങേറിയിരുന്നില്ല. ട്വന്റ് ട്വന്റിയിൽ സൂപ്പർ ഓവറുകൾ കണ്ട ക്രിക്കറ്റ് പ്രേമികളെ അതിലും ത്രസിപ്പിക്കുന്ന തരത്തിൽ കൊണ്ടു പോകാൻ ഇംഗ്ലണ്ട്-ന്യൂസിലണ്ട് മത്സരത്തിനായി. ഫ്ട്‌ബോളിലെ പെനാൽട്ടിയും ഷൂട്ടൗട്ടും നൽകിയ അതേ അവിശ്വസനീയ നിമിഷങ്ങൾ ക്രിക്കറ്റിലും. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണു സൂപ്പർ ഓവറിലും വിജയിയെ നിശ്ചയിക്കാൻ പറ്റാത്തതിനാൽ, ബൗണ്ടറികളുടെ കണക്കിൽ ലോകജേതാക്കളെ നിശ്ചയിക്കുന്നത്. കഴിഞ്ഞ ലോകകപ്പിലെപ്പോലെ ഇക്കുറിയും ഫൈനലിൽ തോറ്റുമടങ്ങാനായി ന്യൂസീലൻഡിന്റെ വിധി.

സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 15 റൺസാണ് നേടിയത്. ന്യൂസീലൻഡ് ആറ് പന്തിൽ 15 റൺസെടുത്തെങ്കിലും നിശ്ചിത 50 ഓവറിൽ ഏറ്റവും കൂടുതൽ ബൗണ്ടറി നേടി എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ട് വിജയികളായത്. ഇംഗ്ലണ്ട് 22 ഉം ന്യൂസീലൻഡ് 14 ഉം ബൗണ്ടറികളാണ് നേടിയത്. ട്രെൻഡ് ബോൾട്ട് എറിഞ്ഞ സൂപ്പർ ഓവറിൽ നിന്ന് ബെൻ സ്റ്റോക്‌സും ബട്‌ലറും ചേർന്ന് നേടിയത് 15 റൺസാണ്. കിവീസിന് ജയിക്കാൻ വേണ്ടിയിരുന്നത് 16 റൺസ്. ഗുപ്ടലിലും നീഷമും ചേർന്നാണ് കിവീസിനു വേണ്ടി ബാറ്റ് ചെയ്തത്. ജൊഫ്ര ആർച്ചർ എറിഞ്ഞ ആദ്യ പന്ത് വൈഡായതോടെ കിവീസിന്റെ വിജയലക്ഷ്യം 6 പന്തിൽ നിന്ന് 15 റൺസായി. അടുത്ത പന്തിൽ നീഷം രണ്ട് റൺസെടുത്തു. രണ്ടാം പന്തിൽ നീഷം സിക്‌സ് നേടിയതോടെ ന്യൂസീലൻഡിന് പ്രതീക്ഷയായി. അടുത്ത പന്തിൽ വീണ്ടും രണ്ട് റൺസ് നേടിയതോടെ ജയിക്കാൻ വേണ്ടത് അഞ്ച് റൺസായി. അടുത്ത പന്തിൽ വീണ്ടും ഡബിൾ. അഞ്ചാമത്തെ പന്തിൽ സിംഗിൾ. ആറാം പന്ത് നേരിട്ടത് ഗുപ്ടിൽ. ഒരു റണ്ണെടുത്തതോടെ മത്സരം ടൈയായി. അടുത്ത റണ്ണിനായി ഓടിയ ഗുപ്ടലിനെ ജയ്‌സൺ റോയ് സ്റ്റമ്പ് ചെയ്തതോടെ സൂപ്പർ ഓവറും ടൈയായി. അങ്ങനെയാണ് ബൗണ്ടറികളുടെ എണ്ണം വിധി നിർണയിച്ചത്.

തോൽവിയിലും ആരോധക ഹൃദയങ്ങളുടെ മനസ്സിലെ താരമായി ന്യൂസിലണ്ട് മാറിയിട്ടുണ്ട്. 1975ലെ കന്നി ലോകകപ്പ് ഫൈനലിൽ, ഇതേ ലോഡ്‌സ് മൈതാനത്താണ് ഇംഗ്ലണ്ടിന് കപ്പ് വഴുതിപ്പോയത്. ഇവിടെവച്ചുതന്നെ ആദ്യ ലോകകപ്പ് ഉയർത്തി ഇംഗ്ലണ്ട് ലോകക്രിക്കറ്റിൽ ആദ്യമായി രാജാക്കന്മാരായി. 1966ൽ ബോബി മൂറിനു കീഴിൽ ഫുട്‌ബോൾ ലോകകപ്പ് നേടിയതിനുശേഷം വീണ്ടുമൊരിക്കൽക്കൂടി കായികഭൂപടത്തിന്റെ നെറുകയിലെത്തിയി നിൽക്കുകയാണ് ഇംഗ്ലണ്ട്. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഫൈനലായിരുന്നു ഇന്നലെ ലോർഡിസിൽ സംഭവിച്ചത്. ജയപരാജയങ്ങൾ പലവട്ടം മാറി മറിഞ്ഞ മത്സരത്തിൽ ബെൻ സ്റ്റോക്‌സിന്റെ നിഷ്ചയദാർഢ്യമാണ് (98 പന്തിൽ 84 നോട്ടൗട്ട്) ഇംഗ്ലണ്ടിനെ രക്ഷിച്ചെടുത്തത്. അതുകൊണ്ട് തന്നെ ഇംഗ്ലീഷ് സ്‌പോർട്‌സിലെ പുതിയ താരമാണ് സ്റ്റോക്‌സ്. ബട്‌ലറുടെ കരുത്തും ഇംഗ്ലണ്ടിന് തുണയായി. ശ്രീലങ്കയ്ക്ക് എതിരായ മത്സരത്തിൽ അവസാന നിമിഷംവരെ പൊരുതിയിട്ടും ഇംഗ്ലണ്ടിനെ ജയിപ്പിക്കാനാകാതെ പോയതിന്റെ നിരാശ ഇന്നലെ സ്റ്റോക്‌സ് തീർത്തു. ജോസ് ബട്ലറുമൊത്ത് അഞ്ചാം വിക്കറ്റിൽ 110 റൺസ് ചേർത്ത സ്റ്റോക്‌സാണ് ഇംഗ്ലണ്ടിനെ മത്സരത്തിൽ തിരികെയെത്തിച്ചത്.

വാലറ്റത്തെ കൂട്ടുപിടിച്ചു പൊരുതിയ സ്റ്റോക്‌സ് ഇന്നിങ്‌സിന്റെ അവസാന പന്തിൽ ഇംഗ്ലണ്ടിന് അവിസ്മരണീയ സമനില സമ്മാനിച്ചു. ജിമ്മി നീഷം എറിഞ്ഞ 49ാം ഓവറിലെ നാലാം പന്തിൽ സ്റ്റോക്‌സിനെ പുറത്താക്കാനുള്ള സുവർണാവസരം ബോൾട്ട് നഷ്ടമാക്കിയതു മത്സരത്തിലെ വഴിത്തിരിവായി. സിക്‌സ് അടിക്കാനുള്ള ശ്രമത്തിനിടെ സ്റ്റോക്‌സിന്റെ ഷോട്ട് ബോൾട്ട് കൈപ്പിടിയിൽ ഒതുക്കിയെങ്കിലും ബോൾട്ടിന്റെ കാല് ബൗണ്ടറിലൈനിൽ തട്ടി. അങ്ങനെ സിക്‌സ്. അടുത്ത അവസാന ഓവറിൽ ഓവർ ത്രോയായി കിട്ടിയ നാലുറൺസ്. ആദ്യ നാലു വിക്കറ്റുകൾ അതിവേഗം വീണതോടെ ഇംഗ്ലണ്ട് പരാജയം മണത്തിരുന്നു. ഇവിടെ നിന്നാണ് ബട്‌ലറും സ്റ്റോക്‌സും താരോദയമായത്. ഇംഗ്ലണ്ടിനെ വിജയതീരത്തേക്ക് അടുപ്പിക്കാനുള്ള ദൗത്യവുമായിറങ്ങിയ ജയ്‌സൻ റോയ് ജോണി ബെയർ‌സ്റ്റോ കൂട്ടുകെട്ട് ആറാം ഓവറിൽത്തന്നെ കിവീസ് പൊളിച്ചു. റോയിയാണ് (17) ആദ്യം മടങ്ങിയത്. ഇംഗ്ലണ്ട് 86 റൺസ് എടുക്കുന്നതിനിടെ ജോ റൂട്ട് (7), ക്യാപ്റ്റൻ ഒയിൻ മോർഗൻ (9), ജോണി ബെയർ‌സ്റ്റോ (36) എന്നിവരെക്കൂടി പുറത്താക്കി കിവീസ് വിജയം മണത്തതാണ്. എന്നാൽ പിന്നീട് ഒത്തുചേർന്ന ബെൻ സ്റ്റോക്‌സ് ജോസ് ബട്ലർ സഖ്യം ഇംഗ്ലണ്ടിന്റെ രക്ഷാദൗത്യം ഏറ്റെടുത്തു. മെല്ലെത്തുടങ്ങിയ സഖ്യം സെറ്റ് ആയതിനുശേഷം തകർത്തടിച്ചതോടെ കിവീസ് വീണ്ടും സമ്മർദത്തിൽ. ബട്‌ലറുടെ മടക്കത്തിലും സ്‌റ്റോക്‌സ് തളർന്നില്ല. അങ്ങനെ ക്രിക്കറ്റിന്റെ തറവാട്ടിലേക്ക് ഏകദിന ലോകകപ്പും എത്തി.

നാലാം ഫൈനലിൽ ആദ്യ ലോകകപ്പ്

ഇത് തുടർച്ചയായ മൂന്നാം തവണയാണ് ആതിഥേയ രാജ്യം ലോകചാമ്പ്യനാകുന്നത്. തുടർച്ചയായ രണ്ടാം തവണയും റണ്ണപ്പുകളായി തൃപ്തിയടയാനായി ന്യൂസീലൻഡിന്റെ വിധി. കഴിഞ്ഞ തവണ ഓസ്‌ട്രേലിയയോടെ ഏഴ് വിക്കറ്റിന് തോൽക്കാനായിരുന്നു കിവീസിന്റെ വിധി. മൂന്ന് തവണ റണ്ണറപ്പുകളായി നിരാശപ്പെട്ടശേഷമാണ് ഇംഗ്ലണ്ട് ലോകകപ്പ് ഉയർത്തിയത്. 1992ലായിരുന്നു അവരുടെ അവസാന ഫൈനൽ പോരാട്ടം. കഴിഞ്ഞ തവണ പ്രാഥമിക റൗണ്ടിൽ തന്നെ പുറത്താകാനായിരുന്നു അവരുടെ വിധി.

241 റൺസ് താരതമ്യേന ദുർബലമായ സ്‌കോറായിരുന്നു കരുത്തുറ്റ ഇംഗ്ലീഷ് ബാറ്റിങ് നിരയ്ക്ക്. എന്നാൽ ലോഡ്‌സിൽ കിവീസ് ബൗളർമാരുടെ പേസിന് മുന്നിൽ ഇംഗ്ലണ്ട് പരുങ്ങി. ബെൻ സ്റ്റോക്‌സും ജോസ് ബട്‌ലറും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനം ഇല്ലായിരുന്നെങ്കിൽ ദയനീയമായ പരാജയമാകുമായിരുന്നു അവരെ വരവേൽക്കുക. സൂപ്പർ ഓവർ വരെ ബാറ്റ് ചെയ്ത ബെൻ സ്റ്റോക് 98 പന്തിൽ നിന്ന് 84 റൺസെടുത്ത് പുറത്താകാതെ നിന്നു. ബട്‌ലർ 60 പന്തിൽ നിന്ന് 59 റൺസെടുത്ത് ഉറച്ച പിന്തുണ നൽകി. ജോണി ബെയർ‌സ്റ്റോ 55 പന്തിൽ നിന്ന് 36 റൺസെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP