Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ന് കളി തുടങ്ങിയാൽ ന്യൂസിലാൻഡ് അവസാന 3.5 ഓവർ കൂടി ബാറ്റു ചെയ്യും; അവശേഷിക്കുന്ന ഓവറുകൾ ബുംറയും ഭുവനേശ്വറും എറിയുന്നതിനാൽ കീവീസിന് കൂറ്റൻസ്‌കോർ പ്രതീക്ഷയില്ല; ചേസിനിറങ്ങുമ്പോൾ ഇന്ത്യയ്ക്ക് മുന്നിൽ വെല്ലുവിളിയായി ഡെക്ക് വർക്ക് ലൂയിസ് നിയമങ്ങളും; മഴ കളിച്ച് മത്സരം പൂർണമായും ഉപേക്ഷിച്ചാൽ ഒന്നാം സ്ഥാനക്കാർ എന്ന നിലയിൽ ഇന്ത്യയ്ക്ക് ഫൈനൽ ബെർത്ത് ഉറപ്പ്; ഇംഗ്ലീഷ് ലോകകപ്പിലെ ആദ്യ സെമി ഫൈനലിന്റെ റിസർവ് ദിനത്തിൽ എന്തു സംഭവിക്കുമെന്ന ആകാംക്ഷയോടെ ക്രിക്കറ്റ് ആരാധകർ

ഇന്ന് കളി തുടങ്ങിയാൽ ന്യൂസിലാൻഡ് അവസാന 3.5 ഓവർ കൂടി ബാറ്റു ചെയ്യും; അവശേഷിക്കുന്ന ഓവറുകൾ ബുംറയും ഭുവനേശ്വറും എറിയുന്നതിനാൽ കീവീസിന് കൂറ്റൻസ്‌കോർ പ്രതീക്ഷയില്ല; ചേസിനിറങ്ങുമ്പോൾ ഇന്ത്യയ്ക്ക് മുന്നിൽ വെല്ലുവിളിയായി ഡെക്ക് വർക്ക് ലൂയിസ് നിയമങ്ങളും; മഴ കളിച്ച് മത്സരം പൂർണമായും ഉപേക്ഷിച്ചാൽ ഒന്നാം സ്ഥാനക്കാർ എന്ന നിലയിൽ ഇന്ത്യയ്ക്ക് ഫൈനൽ ബെർത്ത് ഉറപ്പ്; ഇംഗ്ലീഷ് ലോകകപ്പിലെ ആദ്യ സെമി ഫൈനലിന്റെ റിസർവ് ദിനത്തിൽ എന്തു സംഭവിക്കുമെന്ന ആകാംക്ഷയോടെ ക്രിക്കറ്റ് ആരാധകർ

മറുനാടൻ ഡെസ്‌ക്‌

മാഞ്ചെസ്റ്റർ: ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ സെമി ഫൈനലിന്റെ റിസർവ് ദിനമായി ഇന്ന് എന്തുസംഭവിക്കും? ക്രിക്കറ്റ് ആരാധകർ അതീവ ആകാംക്ഷയോടെ കാത്തിരിക്കയാണ്. ഇന്നലെ ഇന്ത്യൻ വിജയം പ്രതീക്ഷിച്ചെത്തിയ ആരാധകരെ നിരാശരാക്കിയാണ് മഴ കളിച്ചത്. ഇന്നും മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്നു മഴ പെയ്താൽ എന്തായിരിക്കും സംഭവിക്കുക? ഇന്ന് ഒരു പന്തുപോലും എറിയാൻ സാധിക്കാതെ മത്സരം ഉപേക്ഷിച്ചാൽ പോയന്റ് നിലയിൽ മുന്നിലുള്ള ഇന്ത്യക്കാണ് ഫൈനൽ പ്രവേശനം ലഭിക്കുക.

റിസർവ് ദിനമായി ഇന്ന് വൈകുന്നേരം മൂന്നു മണി മുതലാണ് മത്സരം നടക്കുക. ചൊവ്വാഴ്‌ച്ച നടന്ന മത്സരത്തിന്റെ തുടർച്ചയാണ് റിസർവ് ദിനത്തിൽ നടക്കുക. മത്സരം ആദ്യം മുതൽ നടത്തില്ല. നിലവിലെ അവസ്ഥയിൽ ന്യൂസീലൻഡ് 46.1 ഓവർ ബാറ്റു ചെയ്തു കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇന്ന് കളി ആരംഭിച്ചാൽ ആദ്യം ന്യൂസിലാൻഡ് അവശേഷിക്കുന്ന 3.5 ഓവർ പൂർത്തിയാക്കും. 46.1 ഓവറിൽ , 5 വിക്കറ്റിന് 211 റൺസ് എന്ന നിലയിലാണ് ന്യൂസിലാൻഡ്. അവശേഷിക്കുന്ന ഓവറുകൾ എറിയുക ബുംറയും ഭുവനേശ്വർ കുമാറും ആയതിനാൽ വലിയ സ്‌കോർ എന്ന പ്രതീക്ഷ ന്യൂസിലാൻഡിനില്ല. അതേസമയം മറുപടി ബാറ്റിംഗിന് ഇന്ത്യ ഇറങ്ങിയാൽ ഡെക്ക് വർക്ക് ലൂയിസ് നിയമങ്ങളും നിർണായകമാകും. ഇടയ്ക്ക് മഴപെയ്ത് വീണ്ടും സ്‌കോർ പുനർനിർണയിക്കുന്ന സാഹചര്യം ഉണ്ടായേക്കാം. അങ്ങനെ വരുമ്പോൾ വിക്കറ്റുകൾ പോകാതിരിക്കുക എന്നതാണ് ഇന്ത്യയെ സംബന്ധിച്ച് നിർണായകമാകുക.

ഓവറുകൾ വെട്ടിച്ചുരുക്കി, ഇന്നലത്തന്നെ മത്സരം തീർക്കാനുള്ള ശ്രമം തോരാ മഴയിൽ ഒലിച്ചു പോയിരുന്നു. വെട്ടിച്ചുരിക്കയാണെങ്കിൽ 20 ഓവറെങ്കിലും ഇന്ത്യക്ക് ബാറ്റു ചെയ്യാനുള്ള സാഹചര്യം ഉറപ്പായാൽ മാത്രമേ കളി വീണ്ടും തുടങ്ങാനാകുമായിരുന്നുള്ളൂ. റിസർവ് ദിനത്തിലും മഴ പെയ്താൽ കാര്യങ്ങൾ ഇന്ത്യക്ക് അനുകൂലമാകും. ഗ്രൂപ്പ് ഘട്ടത്തിലെ പോയിന്റ് നില നോക്കിയാകും ഫൈനലിലെത്തുന്ന ടീമിനെ തീരുമാനിക്കുക. അങ്ങനെയെങ്കിൽ സ്വാഭാവികമായും ഇന്ത്യ ഫൈനലിലെത്തും.

ഇന്നലെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത് കീവീസ് 46.1 ഓവറിൽ അഞ്ചു വിക്കറ്റിന് 211 റൺസിലെത്തിയപ്പോഴാണ് മഴ രസം കൊല്ലിയായത്. ന്യൂസിലൻഡ് ഇന്നിങ്‌സിൽ ഇനി 23 പന്തുകൾ ബാക്കിയുണ്ട്. അത് ഇന്ന് പൂർത്തിയാക്കും. 47ആം ഓവറിലെ ആദ്യ പന്ത് എറിഞ്ഞ ഭുവനേശ്വർ കുമാറാണ് പന്തെടുക്കുക. കളി തടസ്സപ്പെടുമ്പോൾ 67 റൺസുമായി റോസ് ടെയ്‌ലറും, മൂന്ന് റൺസുമായി ടോം ലാഥമായിരുന്നു ക്രീസിൽ ഇരുവരും ഇന്ന് ബാറ്റിങ് തുടരും. ബാക്കിയുള്ള നാല് ഓവറുകൾ ബുംറയും ഭുവനേശ്വർ കുമാറും ചേർന്ന് പൂർത്തിയാക്കും.

അർധ സെഞ്ച്വറി നേടിയ നായകൻ കെയ്ൻ വില്യംസൺ, റോസ് ടെയ്ലർ എന്നിവരുടെ മികവിലാണ് ന്യൂസിലാൻഡ് ഭേദപ്പെട്ട സ്‌കോറിൽ എത്തി നിൽക്കുന്നത്. തുടക്കം മുതൽ ഇന്ത്യൻ ബൗളർമാർ കിവികളെ വരിഞ്ഞ് മുറുക്കി. ആദ്യ ഓവറുകളിൽ ബുംറ ഭുവനേശ്വർ സഖ്യത്തെ ക്ഷമയോടെ നേരിട്ട ന്യൂസിലാൻഡിന് റൺ വേഗത കൂട്ടാനായില്ല. ഇടയ്ക്ക് മെച്ചപ്പെട്ട സ്‌കോറിലേക്ക് പോകുന്നു എന്ന് തോന്നിച്ചെങ്കിലും വീണ്ടും തകർച്ചയെ നേരിടുകയായിരുന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡിന് മോശം തുടക്കമായിരുന്നു. ജസ്പ്രീത് ബുംറ ഭുവനേശ്വർ കുമാർ എന്നിവരുടെ ഓവറുകളിൽ റൺ കണ്ടെത്താൻ ആദ്യം മുതൽ കിവീസ് ബാറ്റസ്മാന്മാർ ബുദ്ധിമുട്ടി. ഓപ്പണർ മാർട്ടിൻ ഗപ്റ്റിൽ പോയതിന് ശേഷം രണ്ടാം വിക്കറ്റിൽ ഹെന്റി നിക്കോൾസ് 28(51) കെയിൻ വില്യംസൺ 67(95) എന്നിവർ ചേർന്ന് രണ്ടാം വിക്കറ്റിൽ 68 റൺസ് ചേർത്തെങ്കിലും നിരവധി ഓവറുകൾ വേണ്ടി വന്നു. ജഡേജയുടെ പന്തിൽ നിക്കോൾസ് പുറത്തായതിന് പിന്നാലെ എത്തിയ റോസ് ടെയ്ലറെ കൂട്ടുപിടിച്ച് വില്യംസൺ സ്‌കോർ ഉയർത്തി. 36ാം ഓവറിലെ രണ്ടാം പന്തിൽ ചഹാലിന് വിക്കര്റ് സമ്മാനിച്ച് വില്യംസൺ മടങ്ങുമ്പോൾ കിവീസ് സ്‌കോർ 134ന് 3. പിന്നീട് വന്ന ജെയിംസ് നീഷം 12(18) കോളിൻ ഡി ഗ്രാൻഡ് ഹോം 16(10) എന്നിവർ പെട്ടെന്ന് മടങ്ങി.ഏഴാമനായിട്ടാണ് വിക്കറ്റ് കീപ്പർ ടോം ലഥാം ക്രീസിലെത്തിയത്.

ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ സെമി ഫൈനലിന് ഇറങ്ങിയത്. കുൽദീപ് യാദവിന് പകരം കഴിഞ്ഞ മത്സരത്തിൽ വിശ്രമിച്ച ചഹൽ തിരികെ എത്തി. ന്യൂസിലാൻഡ് ടീമും ഒരു മാറ്റത്തോടെയാണ് ഇറങ്ങിയത്. ടിം സൗത്തിക്ക് പകരം ലോക്കി ഫെർഗൂസൺ ടീമിൽ ഇടം പിടിച്ചു. മഴ കാരണം കളി നിർത്തുമ്പോൾ ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, രവീന്ദ്ര ജഡേജ, ഹാർദ്ദിക് പാണ്ഡ്യ, ചഹൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തിയിട്ടുണ്ട്.

പ്രാഥമിക റൗണ്ടിൽ, കളിച്ച എട്ടിൽ ഏഴു മത്സരങ്ങളും ജയിച്ച് പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. എന്നാൽ, പ്രാഥമിക ഘട്ടത്തിന്റെ അവസാനഘട്ടം വരെ ഒന്നാമതായിരുന്ന ന്യൂസീലൻഡ് ഒടുവിൽ തുടർച്ചയായി മൂന്നു മത്സരങ്ങൾ തോറ്റ് ഭാഗ്യത്തിന്റെ സഹായത്തോടെയാണ് അവസാന നാലിലെത്തിയത്. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടി ലോകേഷ് രാഹുലും ഫോമിലെത്തിയത് ഇന്ത്യക്ക് ആത്മവിശ്വാസം കൂട്ടുന്ന കാര്യമാണ്. നേരത്തെ മാഞ്ചസ്റ്ററിൽ രണ്ട് മത്സരങ്ങൾ ഈ ലോകകപ്പിൽ ഇന്ത്യ കളിച്ചിരുന്നു പാക്കിസ്ഥാനും വെസ്റ്റിൻഡീസിനുമെതിരെ. രണ്ടിലും ഇന്ത്യ വിജയിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP