Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആദ്യം മുതൽ പൊരുതിയ ബംഗ്ലാദേശിന്റെ വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ വീഴ്‌ത്തി ഇന്ത്യ; ആറ് വിക്കറ്റ് വീണിട്ടും പൊരുതിയ അയൽക്കാരെ രണ്ട് ബോളുകളിൽ തീർത്ത് യോർക്കർ കിങ് ജസ്പ്രീത് ബുംറ; വിനയായത് മുൻനിരയിൽ ഷക്കീബിന് ആരും പിന്തുണ നൽകാത്തത്; എഡ്ജ്ബാസ്റ്റണിൽ ഇന്ത്യൻ ജയം 28 റൺസിന്; ഓസ്‌ട്രേലിയക്ക് പിന്നാലെ കോലിപ്പടയും സെമിയിൽ; ബംഗ്ലാദേശ് ലോകകപ്പിൽ നിന്ന് പുറത്ത്; സെഞ്ച്വറി വീരൻ ഹിറ്റ്മാൻ കളിയിലെ കേമൻ

ആദ്യം മുതൽ പൊരുതിയ ബംഗ്ലാദേശിന്റെ വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ വീഴ്‌ത്തി ഇന്ത്യ; ആറ് വിക്കറ്റ് വീണിട്ടും പൊരുതിയ അയൽക്കാരെ രണ്ട് ബോളുകളിൽ തീർത്ത് യോർക്കർ കിങ് ജസ്പ്രീത് ബുംറ; വിനയായത് മുൻനിരയിൽ ഷക്കീബിന് ആരും പിന്തുണ നൽകാത്തത്; എഡ്ജ്ബാസ്റ്റണിൽ ഇന്ത്യൻ ജയം 28 റൺസിന്; ഓസ്‌ട്രേലിയക്ക് പിന്നാലെ കോലിപ്പടയും സെമിയിൽ; ബംഗ്ലാദേശ് ലോകകപ്പിൽ നിന്ന് പുറത്ത്; സെഞ്ച്വറി വീരൻ ഹിറ്റ്മാൻ കളിയിലെ കേമൻ

വേൾഡ്കപ്പ് ഡെസ്‌ക്

എഡ്ജ്ബാസ്റ്റൺ: ലോകകപ്പിലെ തങ്ങളുടെ എട്ടാമത്തെ മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ ലോകകപ്പ് സെമിഫൈനലിൽ പ്രവേശിച്ചു. ബ്രിമ്മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടന്ന മത്സരത്തിൽ 28 റൺസിനായിരുന്നു ഇന്ത്യ വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 315 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 48 ഓവറിൽ എല്ലാവരും പുറത്താകുമ്പോൾ 286 റൺസ് നേടാനെ കഴിഞ്ഞുള്ളു. അർധസെഞ്ച്വറി നേടിയ ഷക്കീബ് അൽ ഹസൻ മികച്ച ഫോം തുടർന്നെങ്കിലും വലിയ ലക്ഷ്യം പിന്തുടരുമ്പോൾ മുൻ നായകന് പിന്തുണ നൽകാൻ ആരുമില്ലാതെ വന്നതാണ് ബംഗ്ലാദേശിന് തിരിച്ചടിയായത്. നേരത്തെ ഈ ലോകകപ്പിലെ തകർപ്പൻ ഫോം തുടർന്ന് ടൂർണമെന്റിലെ നാലാം സെഞ്ച്വറി തികച്ച രോഹിത് ശർമ്മയാണ് കളിയിലെ കേമൻ.

ആറിന് 179 എന്ന ഘട്ടത്തിൽ തോൽവിയെ അഭിമുഖീരിച്ച ബംഗ്ലാദേശിനെ സാബിർ റഹ്മാൻ മുഹമ്മദ് സെയ്ഫുദ്ദീൻ എന്നിവർ നടത്തിയ ചെറുത്ത് നിൽപ്പും പ്രത്യാക്രമണവുമാണ് മത്സരത്തിലേക്ക് തിരിച്ചുകൊണ്ട് വന്നതെങ്കിലും മുൻനിരയിൽ ഷക്കീബ് അല്ലാതെ ആരും പൊരുതാത്തത് വിനയായി. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ നാല് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ഹാർദ്ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. മുഹമ്മദ് ഷമി, യുസ് വേന്ദ്ര ചഹൽ ഭുവനേശ്വർ കുമാർ എന്നിവർ ഒാരോ വിക്കറ്റ് വീതവും വീഴ്‌ത്തി. ഇന്നത്തെ തോൽവിയോടെ ബംഗ്ലാദേശ് ലോകകപ്പിൽ നിന്ന് പുറത്തായി.

വിജയലക്ഷ്യമായ 315 റൺസ് പിന്തുടർന്ന ബംഗ്ലാദേശിന് ഓപ്പണർ തമിം ഇഖ്ബാലിന്റെ 22(31) വിക്കറ്റാണ് ആദ്യം നഷ്ടമായത്. മുഹമ്മദ് ഷമിയുടെ പന്തിൽ തമിം ബൗൾഡാവുകയായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയത് മുൻ നായകൻ ഷക്കീബ് അൽ ഹസനായിരുന്നു. 16ാം ഓവറിൽ സൗമ്യ സർക്കാർ 33(38) ഹാർദ്ദിക്കിന്റെ പന്തിൽ കോലി പിടിച്ച് പുറത്തായി. സ്‌കോർ 74ന് രണ്ട്. ഷക്കീബുമൊത്ത് 35 റൺസ് കൂട്ടുകെട്ട് ഉണ്ടാക്കിയ ശേഷമാണ് സൗമ്യ മടങ്ങിയത്. നാലാമനായി വിക്കറ്റ് കീപ്പർ മുഷ്ഫിഖ്വർ റഹിം ആണ് ഷക്കീബിന് കൂട്ടായി എത്തിയത്. ഈ ലോകകപ്പിൽ ഏറ്റവും നല്ല രീതിയിൽ ബാറ്റ് ചെയ്ത രണ്ട് മുൻ നായകന്മാരിലായിരുന്നു ബംഗ്ലാ പ്രതീക്ഷകൾ മുഴുവൻ. ഇന്ത്യൻ ബൗളർമാരെ വളരെ അനായാസം നേരിട്ടാണ് ഇരുവരും മുന്നോട്ട് പോയതും.

ചഹൽ എറിഞ്ഞ 23ാം ഓവറിലെ അവസാന പന്തിൽ ഷോട്ട് സ്‌ക്വയർലെഗിൽ മുഹമ്മദ് ഷമിക്ക് ക്യാച്ച് നൽകി റഹിം 24(23) പുറത്താകുമ്പോൾ സ്‌കോർ 121ന് മൂന്ന്. മികച്ച ഫോമിൽ കളിക്കുന്ന ലിറ്റൺ ദാസായിരുന്നു പിന്നീട് ഷക്കീബിന് കൂട്ടായി എത്തിയത്. ഇതിനിടിൽ ഷക്കീബ് തന്റെ അർധസെഞ്ച്വറിയും പൂർത്തിയാക്കി 58 പന്തുകളിൽ 5 ബൗണ്ടറികളുടെ സഹായത്തോടെയാണ് കരിയറിലെ തന്റെ 46ാമത്തെ അർധ സെഞ്ച്വറി തികച്ചത്. പതിയെ അക്രമിച്ച് കളിക്കാൻ തുടങ്ങിയ ലിറ്റൺ ദാസ് ഹാർദ്ദികിനെ സിക്‌സിന് പറത്തിയ അതേ ഓവറിൽ തന്നെ പുറത്തായി കാർത്തികിന് ക്യാച്ച് സമ്മാനിച്ച് താരം മടങ്ങുമ്പോൾ 22(24) റൺസ് ആയിരുന്നു നേടിയത്. ബംഗ്ലാദേശ് സ്‌കോർ 162ന് നാല്.വിജയലക്ഷ്യത്തിലേക്ക് അപ്പോഴും 153 റൺസ് ദൂരമുണ്ടായിരുന്നു ബംഗ്ലാദേശിന്.

ആറാമനായി ക്രീസിലെത്തിയത് മൊസെദേക്ക് ഹൊസൈനായിരുന്നു.മറുവശത്ത് ടൂർണമെന്റിലെ തന്റെ മികച്ച് ബാറ്റിങ് ഫോം തുടർന്ന ഷക്കീബ് ഇടയ്ക്ക് ബൗണ്ടറികളുടെ അകമ്പടിയോടെ അനായാസം മുന്നോട്ട് പോയി. മറുവശത്ത് പക്ഷേ ഷക്കീബിന് ഉറച്ച പിന്തുണ ലഭിച്ചില്ല. ആറാമനായി എത്തിയ മൊസെദേക് ഹൊസൈൻ 3(7) ബുംറയുടെ ഓഫ് കട്ടറിൽ പ്ലെയ്ഡ് ഓൺ ആവുകയായിരുന്നു. ബംഗ്ലാ സ്‌കോർ 32.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 173. പിന്നീട് സാബിർ റഹ്മാനാണ് ക്രീസിലെത്തിയത്. ഇതിനിടയിൽ റൺനിരക്ക് ഉയർത്താൻ ശ്രമിച്ച ഷക്കീബ് അൽ ഹസൻ 66(74) ഹാർദ്ദിക്കിന്റെ പന്തിൽ കാർത്തിക് പിടിച്ച് പുറത്തായതോടെ ബംഗ്ലാദേശ് പ്രതീക്ഷകൾ അവസാനിച്ച മട്ടായിരുന്നു. സ്‌കോർ 33.5 ഓവറിൽ 179ന് ആറ്. മുഹമ്മദ് സെയ്ഫുദ്ദീൻ ആയിരുന്നു എട്ടാമനായി ക്രീസിലെത്തിയത്.

എട്ടാം വിക്കറ്റിൽ സെയ്ഫുദ്ദീൻ സാബിർ സഖ്യം ഇന്ത്യക്ക് ഭീഷണി ഉയർത്തുകയും ചെയ്തു. അതിവേഗം സ്‌കോർ ചെയ്താണ് ഇരുവരും മുന്നേറിയത്. ഏഴാം വിക്കറ്റിൽ ഇരുവരും അപ്രതീക്ഷിതമായി മുന്നേറിയപ്പോൾ അവസാന പത്തോവറിൽ നാല് വിക്കറ്റുകൾ കയ്യിലിരിക്കെ ബംഗ്ലാദേശിന് വിജയത്തിലേക്കുള്ള ദൂരം 90 റൺസായിരുന്നു. കൂട്ടുകെട്ട് തുടർന്നപ്പോൾ ജയിക്കാൻ അവസാന ഏഴ് ഓവറുകളിൽ വേണ്ടിയിരുന്നത് 70 റൺസ് കയ്യിൽ നാല് വിക്കറ്റുകളും ബാക്കി. എന്നാൽ 44ാം ഓവറിൽ ലോക ഒന്നാം നമ്പർ ബൗളർ ജസ്പ്രീത് ബുംറയെ തിരികെ പന്തേൽപ്പിച്ച ക്യാപ്റ്റൻ കോലിയുടെ വിശ്വാസം കാത്ത് ആദ്യ പന്തിൽ തന്നെ സാബിർ റഹ്മാനെ 36(36) ക്ലീൻ ബൗൾഡാക്കി. നായകൻ മഷ്‌റഫെ ബിൻ മൊർത്താസ ആയിരുന്നു ഒൻപതാമനായി ക്രീസിലെത്തിയത്. ബംഗ്ലാദേശ് സ്‌കോർ 243ന് ഏഴ്. ബുംറയുടെ ഓവറിൽ വന്നത് വെറും ആറ് റൺസ്. ജയം ആറോവറിൽ മൂന്ന് വിക്കറ്റ് ശേഷിക്കെ 64 റൺസ്. ഭുവനേശ്വർ എറിഞ്ഞ 45ാം ഓവറിലെ ആദ്യ പന്ത് ലോങ് ഓണിലെ ഫീൽഡർ ലോകോഷ് രാഹുലിനെ കാഴ്‌ച്ചകാരനാക്കി ബൗണ്ടറിക്ക് പുറത്ത് ആറ് റൺസ്. തൊട്ടടുത്ത പന്തിൽ വിക്കറ്റ് കീപ്പർ ധോണിക്ക് ക്യാച്ച് സമ്മാനിച്ച് നായകൻ മഷ്‌റഫെ 8(5) മടങ്ങിയപ്പോൾ ബംഗ്ലാദേശ് സ്‌കോർ 44.2 ഓവറിൽ 257ന് എട്ട്.

എട്ട് വിക്കറ്റ് വീണെങ്കിലും കീഴടങ്ങാൻ മറുവശത്ത് മുഹമ്മദ് സെയ്ഫുദ്ദീൻ തയ്യാറായിരുന്നില്ല. അവസാന മൂ്‌ന്നോവറിൽ ലക്ഷ്യം 36 റൺസ്. കൈവശമുണ്ടായിരുന്നത് രണ്ട് വിക്കറ്റുകളും. 48ാം ഓവർ എറിയാനെത്തിയത് ജസ്പ്രീത് ബുംറ. ആദ്യ രണ്ട് പന്തുകളിൽ രണ്ട് റൺ മാത്രം. മൂന്നാം പന്ത് ലോങ് ഓണിൽ ബൗണ്ടറി നേടി സെയ്ഫുദ്ദീൻ അർധശതകം തികച്ചു 37 പന്തുകളിൽ 9 ഫോറുകളുടെ അകമ്പടിയോടെയായിരുന്നു നേട്ടം.ഓവറിലെ അഞ്ചാം പന്തിൽ ജസ്പ്രീത് ബുംറയുടെ വെടിച്ചില്ലൻ യോർക്കർ പത്താം നമ്പർ ബാറ്റ്‌സ്മാൻ റൂബൽ ഹുസൈന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. കുറ്റി തെറിച്ച് റൂബൽ 9(11) പുറത്താകുമ്പോൾ ബംഗ്ലാ സ്‌കോർ 47.5 ഓവറിൽ 286ന് 9. ഒരു വിക്കറ്റ് മാത്രം അവശേഷിക്കെ ജയത്തിന് 13 പന്തിൽ 29 റൺസ്. ബുംറയുടെ മറ്റൊരു യോർക്കറിൽ 11ാമനായ മുസ്താഫിസുർ റഹ്മാൻ മടങ്ങുമ്പോൾ ബംഗ്ലാദേശിന് 28 റൺസ് തോൽവി. ഇന്ത്യ സെമിയിലും ബംഗ്ലാദശ് നാട്ടിലേക്കും.

നേരത്തെ ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ ഉപനായകൻ രോഹിത് ശർമ്മയുടെ തകർപ്പൻ സെഞ്ച്വറി 104(92) ലോകേഷ് രാഹുലിന്റെ 77(92) അർധസെഞ്ച്വറി എന്നിവരുടെ മികവിൽ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 314 റൺസാണ് ഇന്ത്യ നേടിയത്. ഓപ്പണർമാർ മികച്ച തുടക്കം നൽകിയെങ്കിലും ഋഷഭ് പന്ത് ഒഴികെ എല്ലാ ബാറ്റ്‌സ്മാന്മാരും നിറം മങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി.

ഓപ്പണർമാർ പുറത്താകുമ്പോൾ 32 ഓവറിൽ 195 റൺസ് എന്ന നിലയിൽ നിന്ന ഇന്ത്യക്ക് അവസാന 18 ഓവറുകളിൽ നേടാനായത് വെറും 119 റൺസ് മാത്രമാണ്. ഓപ്പണർമാർ തകർത്തടിച്ച മത്സരത്തിൽ മധ്യനിരയെ ബംഗ്ലാദേശ് ബൗളർമാർ വരിഞ്ഞ് മുറുക്കുകയായിരുന്നു എന്ന് പറയുന്നതാണ് ശരി. മുസ്താഫിസുർ റഹ്മാൻ ആണ് ഇന്ത്യൻ മധ്യനിരയെ പിടിച്ച് കെട്ടിയത്. ഇന്നത്തെ മത്സരത്തിൽ സെഞ്ച്വറി നേടിയതോടെ ഒരു ലോകകപ്പിലെ ഏറ്റവും കുടുതൽ സെഞ്ച്വറി നേടുന്ന താരം എന്ന കുമാർ സംഗക്കാരയുടെ റെക്കോഡിന് ഒപ്പം എത്താനും ഇന്ത്യൻ ഉപനായകനായി. ഇതിന് പിന്നാലെ ഈ ലോകകപ്പിലെ ഏറ്റവും അധികം റൺസ് നേടുന്ന താരങ്ങളുടെ പട്ടികയിൽ ഡേവിഡ് വാർണറെ രോഹിത് മറികടക്കുകയും ചെയ്തു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഓപ്പണർമാരായ കെഎൽ രാഹുൽ, രോഹിത് ശർമ്മ സഖ്യം നൽകിയത് മികച്ച തുടക്കമാണ്. ഇൗ ലോകകപ്പിലെ ഏറ്റവും മികച്ച ഒന്നാം വിക്കറ്റ് കൂട്ടുകെട്ടായ 180 റൺസാണ് സഖ്യം തീർത്തത്. 30ാം ഓവറിൽ രോഹിത് ശർമ്മയാണ് ആദ്യം പുറത്തായത്. സൗമ്യ സർക്കാരിന്റെ പന്തിൽ ലിറ്റൺ ദാസ് പിടിച്ച് മടങ്ങുമ്പോൾ രോഹിത് ഈ ലോകകപ്പിലെ ഏറ്റവും അധികം റൺസ് സ്‌കോർ ചെയ്ത താരം എന്ന റെക്കോഡും നേടി. കെഎൽ രാഹുലിന്റേതായിരുന്നു അടുത്ത ഊഴം. വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി മടങ്ങി. തുടർച്ചയായി അഞ്ച് അർധശതകം നേടിയ നായകൻ കോലിക്ക് ഇന്ന് പിഴച്ചു. 26(27) ആയിരുന്നു ഇന്ത്യൻ നായകന്റെ സ്‌കോർ.

ഏകദിനത്തിലെ 26-ാം സെഞ്ചുറി നേടിയ രോഹിത് ശർമയാണ് ഇന്ത്യൻ ഇന്നിങ്സിന് ചുക്കാൻ പിടിച്ചത്. തുടക്കംമുതൽ തന്നെ ബംഗ്ലാ ബൗളർമാരെ അടിച്ചു പറത്തിയ രോഹിത് 92 പന്തിൽ നിന്ന് അഞ്ചു സിക്സും ഏഴു ബൗണ്ടറിയും ഉൾപ്പെടെ 104 റൺസെടുത്താണ് മടങ്ങിയത്. എന്നാൽ ഇരുവരും സമ്മാനിച്ച മികച്ച തുടക്കം മുതലാക്കാൻ ഇത്തവണയും ഇന്ത്യൻ മധ്യനിരയ്ക്കായില്ല. 350 കടക്കേണ്ടിയിരുന്ന ഇന്ത്യൻ സ്‌കോറാണ് 314-ൽ ഒതുങ്ങിയത്.

നാലാമനായി ക്രീസിലെത്തിയ ഋഷഭ് പന്ത് 48(41) റൺസ് നേടി. എന്നാൽ ഹാർദ്ദിക് പണ്ഡ്യ 0(2) വന്നപോലെ മടങ്ങിയത് ഇന്ത്യക്ക് വിനയായി. കേദാർ ജാഥവിന് പകരമെത്തിയ ദിനേശ് കാർത്തിക്ക് 8(9) കാര്യമായി ഒന്നും തന്നെ ചെയ്തില്ല. അവസാന ഓവറിൽ ധോണി 35(33) പുറത്തായി. ഭുവനേശ്വർ കുമാർ 2(3) മുഹമ്മദ് ഷമി 1(2) എന്നിങ്ങനെയാണ് ബാക്കി ബാറ്റ്‌സ്മാന്മാരുടെ സ്‌കോർ. ബംഗ്ലാദേശിന് വേണ്ടി മുസ്താഫിസുർ റഹ്മാൻ അഞ്ച് വിക്കറ്റ് വീഴ്‌ത്തി. ഷക്കീബ് അൽ ഹസൻ സൗമ്യ സർക്കാർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP