Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആദ്യം എറിഞ്ഞൊതുക്കി, പിന്നെ അടിച്ചും; പാക്കിസ്ഥാനെ ശ്വാസം വിടാൻ സമയം നൽകാതെ പഞ്ഞിക്കിട്ട് വിൻഡീസ് ജയിച്ചത് 13ാം ഓവറിൽ; ക്രിസ് ഗെയിലിന് അർധ സെഞ്ച്വറി; പരിഹസിച്ച് ഇതിഹാസങ്ങളും

ആദ്യം എറിഞ്ഞൊതുക്കി, പിന്നെ അടിച്ചും; പാക്കിസ്ഥാനെ ശ്വാസം വിടാൻ സമയം നൽകാതെ പഞ്ഞിക്കിട്ട് വിൻഡീസ് ജയിച്ചത് 13ാം ഓവറിൽ; ക്രിസ് ഗെയിലിന് അർധ സെഞ്ച്വറി; പരിഹസിച്ച് ഇതിഹാസങ്ങളും

സ്പോർട്സ് ഡെസ്‌ക്

നോട്ടിങ്ഹാം: ആദ്യം എറിഞ്ഞൊതുക്കി പിന്നെ അടിച്ചും.ട്രെന്റ് ബ്രിഡ്ജിൽ വീശിയടിച്ച കരീബിയൻ കാറ്റിൽ തകർന്നടിഞ്ഞ് പാക്കിസ്ഥാൻ ലോകകപ്പിൽ പാക്കിസ്ഥാനെതിരെ വെസ്റ്റ് ഇൻഡീസിന് ഏഴ് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം. നോട്ടിങ്ഹാമിൽ പാക്കിസ്ഥാന്റെ 105 റൺസ് പിന്തുടർന്ന കരീബിയൻ സംഘം 13.4 ഓവറിൽ ജയത്തിലെത്തി. ക്രിസ് ഗെയ്ലിന്റെ അർധ സെഞ്ചുറിയാണ്(34 പന്തിൽ 50) വിൻഡീസിന് ജയം സമ്മാനിച്ചത്.

നിക്കോളാസ് പൂരൻ 34 റൺസ് നേടി. തകർപ്പൻ പ്രകടനത്തോടെ നാല് വിക്കറ്റുകൾ വീഴ്‌ത്തിയ ഒഷെയ്ൻ തോമസാണ് കളിയിലെ കേമൻ. പാക്കിസ്ഥാനായി ആറ് ഓവറിൽ 26 റൺസ് വഴങ്ങി മുഹമ്മദ് ആമിർ മൂന്ന് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗിൽ വിൻഡീസിന് തക്ക മറുപടിയാണ് പാക്കിസ്ഥാൻ സ്റ്റാർ പേസർ മുഹമ്മദ് ആമിർ നടത്തിയത്. 11 റൺസെടുത്ത ഷായ് ഹോപിനെയും അക്കൗണ്ട് തുറക്കും മുൻപ് ബ്രാവോയെയും ആമിർ പുറത്താക്കി. ഇതോടെ വെസ്റ്റ് ഇൻഡീസ് 6.2 ഓവറിൽ 46-2. എന്നാൽ വെടിക്കെട്ട് ഓപ്പണർ ക്രിസ് ഗെയ്ൽ ഒരറ്റത്ത് തകർക്കുന്നുണ്ടായിരുന്നു. ഇതോടെ വിൻഡീസ് ആത്മവിശ്വാസം വീണ്ടെടുത്തു. ഗെയ്ലിന് നിക്കോളസ് പുരാൻ ഉറച്ച പിന്തുണ നൽകി.

ഗെയ്ൽ 33 പന്തിൽ ഏകദിന അർദ്ധ സെഞ്ചുറിയിലെത്തി. എന്നാൽ തൊട്ടടുത്ത പന്തിൽ ആമിർ വെടിക്കെട്ട് ഓപ്പണറെ ഷദാബ് ഖാന്റെ കൈകളിലെത്തിച്ചു. ആമിറിനെ ഉയർത്തിയടിക്കാനുള്ള ഗെയ്ലിന്റെ ശ്രമം പരാജയപ്പെടുകയായിരുന്നു. എന്നാൽ പുരാൻ 19 പന്തിൽ 34 റൺസും ഹെറ്റ്ർമെയർ ഏഴ് റൺസുമെടുത്ത് അധികം വിക്കറ്റുകൾ നഷ്ടപ്പെടാതെ വിൻഡീസിനെ ജയത്തിലെത്തിച്ചു. വഹാബ് റിയാസിനെ 13.4 ഓവറിൽ സിക്സർ പറത്തി പുരാൻ കളി അവസാനിപ്പിക്കുകയായിരുന്നു.

ലോകകപ്പിൽ വിൻഡീസിന് എതിരെ 105ൽ പുറത്തായ പാക്കിസ്ഥാൻ ടീമിന് ട്രോളും മുൻ താരങ്ങളുടെ ശകാരവും. സഞ്ജയ് മഞ്ജരേക്കർ ആകാശ് ചോപ്ര, ബ്രാഡ് ഹോഗ്, മൈക്കൽ വോൺ തുടങ്ങിയ മുൻ താരങ്ങൾ പാക്കിസ്ഥാന്റെ കൂട്ടത്തകർച്ചയെ വിമർശിച്ച് രംഗത്തെത്തി. എന്നാൽ അൽപം കടന്ന വിമർശനമാണ് ഇംഗ്ലീഷ് മുൻ നായകൻ മൈക്കൽ വോൺ നടത്തിയത്. ഇതാണ് സ്ഥിരം പാക്കിസ്ഥാൻ, അവർ ലോകകപ്പ് നേടുമെന്ന് സംശയമില്ലെന്നും കളിയാക്കി വോൺ ട്വീറ്റ് ചെയ്തു. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെതിരെ അവരുടെ പേസ് ഇതിഹാസം ഷൊയൈബ് അക്തറും രംഗത്തെത്തി. 'വാക്കുകളില്ല' എന്നായിരുന്നു അക്തറിന്റെ ട്വീറ്റ്.

നോട്ടിങ്ഹാമിൽ വിൻഡീസ് പേസ് ആക്രമണത്തിന് മുന്നിൽ തകർന്ന പാക്കിസ്ഥാൻ 21.4 ഓവറിൽ 105 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. നാല് വിക്കറ്റുമായി ഓഷേൻ തോമസും മൂന്ന് വിക്കറ്റുമായി ഹോൾഡറുമാണ് പാക്കിസ്ഥാനെ എറിഞ്ഞിട്ടത്. റസൽ രണ്ട് വിക്കറ്റ് വീഴ്‌ത്തി. 22 റൺസ് വീതമെടുത്ത ഫഖർ സമനും ബാബർ അസമുമാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറർമാർ. ഫഖറിനൊപ്പം ഓപ്പണറായ ഇമാം ഉൾ ഹഖ് രണ്ട് റൺസിൽ മടങ്ങി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP