Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ രോഹിത് ശർമ; രണ്ടാം മത്സരത്തിൽ ശിഖർ ധവാൻ; നിയന്ത്രിത ഓവർ മത്സരങ്ങളിൽ വിധി നിർണയിക്കാൻ ശേഷിയുള്ള് ബുംറയും ഭുവനേശ്വറും; ഓവലിൽ ചാമ്പ്യന്മാരും വീണു; ടീം ഇന്ത്യയുടെ കരുത്തിന് മുന്നിൽ ഇനിയാര്? കംഗാരുക്കളെ നിലംപരിശാക്കിയ ഇന്ത്യ ഫേവറൈറ്റുകളിൽ മുന്നിലേക്ക്; ലോകകപ്പിൽ രണ്ടാം ജയം നേടി വിരാട് കോലിയും സംഘവും

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ രോഹിത് ശർമ; രണ്ടാം മത്സരത്തിൽ ശിഖർ ധവാൻ; നിയന്ത്രിത ഓവർ മത്സരങ്ങളിൽ വിധി നിർണയിക്കാൻ ശേഷിയുള്ള് ബുംറയും ഭുവനേശ്വറും; ഓവലിൽ ചാമ്പ്യന്മാരും വീണു; ടീം ഇന്ത്യയുടെ കരുത്തിന് മുന്നിൽ ഇനിയാര്? കംഗാരുക്കളെ നിലംപരിശാക്കിയ ഇന്ത്യ ഫേവറൈറ്റുകളിൽ മുന്നിലേക്ക്; ലോകകപ്പിൽ രണ്ടാം ജയം നേടി വിരാട് കോലിയും സംഘവും

മറുനാടൻ ഡെസ്‌ക്‌

ഓവൽ: ആദ്യമത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ രോഹിത് ശർമ. രണ്ടാം മത്സരത്തിൽ ശിഖർ ധവാൻ. ഇന്ത്യൻ ഓപ്പണർമാർ തുടരെ രണ്ട് മത്സരത്തിലും സെഞ്ച്വറി നേടിയത് എതിരാളികൾക്കുള്ള വലിയ മുന്നറിയിപ്പാണ്. ഒപ്പം ക്യാപ്റ്റൻ വിരാട് കോലി ഫോമിലേക്ക് കുതിച്ചുയരുകയും ചെയ്തതോടെ ടീം ഇന്ത്യ ലോകകപ്പിൽ കിരീടപ്രതീക്ഷകളിൽ ഏറെ മുന്നിലേക്ക് കയറി. നിലവിലെ ചാമ്പ്യന്മാരെ 36 റൺസിന് പരാജയപ്പെടുത്തിയ ഇന്ത്യയുടെ പ്രകടനത്തിൽ ചാമ്പ്യന്മാർക്കുചേർന്ന ചേരുവകളെല്ലാമുണ്ടായിരുന്നു. ആദ്യ മൂന്ന് ബാറ്റ്‌സ്മാന്മാരുടെ ഫോമിനൊപ്പം, ലോകക്രിക്കറ്റിൽത്തന്നെ നിയന്ത്രിത ഓവർ മത്സരങ്ങളിൽ വിധിനിർണയിക്കാൻ ശേഷിയുള്ളവരായി ജസ്പ്രീത് ബുംറ, ഭുവനേശ്വർകുമാർ എന്നീ പേസ് ബൗളർമാരും മാറുന്ന കാഴ്ചയും ഈ മത്സരം സമ്മാനിച്ചു.

ആദ്യമത്സരത്തിലെ സെഞ്ചുറിക്കാരൻ രോഹിത് ശർമയും ഫോം കണ്ടെത്താനാകാതെ വിഷമിച്ച ശിഖർ ധവാനും ചേർന്ന ഓപ്പണിങ് കൂട്ടുകെട്ടായിരുന്നു ഓസീസിനെതിരേ ഇന്ത്യയുടെ തുറുപ്പുശീട്ട്. തുടക്കത്തിൽ ഓസീസ് ബൗളർമാർക്കായിരുന്നു മേധാവിത്വം. താളം കണ്ടെത്താൻ ഇരുവരും വിഷമിച്ചപ്പോൾ ഇന്ത്യൻ സ്‌കോർ മൗനം പാലിച്ചു. എന്നാൽ, ആ മൗനം വരാനിരുന്ന പേമാരിയുടെ തുടക്കം മാത്രമായിരുന്നു. പിന്നീട് റൺമഴയായിയുരുന്നു. ആദ്യവിക്കറ്റ് കൂട്ടുകെട്ടിൽ രോഹിതും ധവാനും ചേർത്തത് 127 റൺസാണ്. 70 പന്തിൽനിന്ന് മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറുമുൾപ്പെടെ 57 റൺസെടുത്ത് രോഹിത് പുറത്തായി.

പിന്നീട് കോലി കൂട്ടായെത്തിയപ്പോഴേക്കും ധവാൻ അപകടകാരിയായി മാറിക്കഴിഞ്ഞിരുന്നു. അപ്പോഴേക്കും ഇടംകൈയൻ പേസർമാർക്കെതിരേയുള്ള തന്റെ ദൗർബല്യമൊക്കെ അദ്ദേഹം മറികടന്നുകഴിഞ്ഞിരുന്നു. ബൗണ്ടറികൾ പ്രവഹിച്ചപ്പോൾ റൺമലകയറ്റം തുടങ്ങി. 109 പന്തിൽ 16 ബൗണ്ടറിയാണ് ധവാൻ നേടിയത്. 117 റൺസെടുത്ത് അദ്ദേഹം പുറത്താകുമ്പോഴേക്കും ഇന്ത്യ മികച്ച സ്‌കോറിലേക്കാണെന്ന് ഉറപ്പായിരുന്നു. വലിയ ടൂർണമെന്റുകളുടെ താരമെന്ന തന്റെ പെരുമ ഒരിക്കൽക്കൂടി അരക്കിട്ടുറപ്പിച്ചാണ് ധവാൻ മടങ്ങിയത്.

പിന്നീട് കോലിയുടെയും ഹർദിക് പാണ്ഡ്യയുടെയും ഊഴമായിരുന്നു. ഈ കൂട്ടുകെട്ട് നിർണായകമായി. ഇപ്പോഴത്തെ ഇന്ത്യൻ ടീമിലെ ഏറ്റവും വലിയ യൂട്ടിലിറ്റി പ്ലേയറായി താൻ മറിക്കഴിഞ്ഞുവെന്ന് ഹർദിക് തെളിയിച്ചു. കെ.എൽ. രാഹുലിനും മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോനിക്കും മുന്നിലായി തന്നെ സ്ഥാനക്കയറ്റം നൽകി അയച്ച ടീം മാനേജ്‌മെന്റിനോട് ഹർദിക് ബാറ്റുകൊണ്ട് നന്ദി പറഞ്ഞു. 27 പന്തിൽ നാല് രെുബൗണ്ടറി, മൂന്ന് സിക്‌സ്. ആകെ 48 റൺസ്. കളിയുടെ സ്വഭാവത്തെത്തന്നെ മാറ്റിമറിക്കാൻ കഴിയുന്ന ഇത്തരം താരങ്ങളാണ് ഏതൊരു ടീമിനും മുതൽക്കൂട്ട്. അങ്ങനെയൊരു താരത്തെ കണ്ടെത്തിയെന്നതാണ് ഈ മത്സരത്തിൽ ഇന്ത്യയുടെ വലിയ നേട്ടം.

ഇത് ഓൾറൗണ്ട് ജയം

ആദ്യ നാല് ബാറ്റ്‌സ്മാന്മാരുടെയും മികവ് ഇന്ത്യക്ക് ലോകകപ്പിലാകെ പ്രതീക്ഷ പകരുന്നതാണ്. ലോകക്രിക്കറ്റിൽ ഏകദിന റാങ്കിങ്ങിൽ ഒന്നാമനാണ് വിരാട് കോലി. രോഹിത് രണ്ടാമനും ആ പെരുമയാണ് ഇന്ത്യൻ ബാറ്റിങ് നിര ഇന്നലെ കാത്തുസൂക്ഷിച്ചത്. 77 പന്തിൽ നാല് ബൗണ്ടറിയും രണ്ട് സിക്‌സറുമടക്കം 82 റൺസാണ് വിരാട് കോലി നേടിയത്. ഇതോടെ, ഏതൊരു ബൗളിങ് നിരയ്ക്കും ഭീഷണിയയുയർത്തുന്ന ബിഗ് ത്രീയ്‌ക്കൊപ്പം ഹർദിക്കിക്കിനെപ്പോലൊരു യൂട്ടിലിറ്റി താരം കൂടി ചേർന്നതോടെ ഇന്ത്യൻ ബാറ്റിങ് ലോകകപ്പിലെതന്നെ ഏറ്റവും മികച്ച സംഘമായി പരിണമിക്കുകയും ചെയ്തു.

ബൗളിങ്ങിലും ഇതേ മികവാണ് ഇന്ത്യക്ക് അവകാശപ്പെടാനുള്ളത്. കുൽദീപ് യാദവിനെയും യുസ്‌വേന്ദ്ര ചാഹലിനെയും പോലുള്ള സ്പിന്നർമാർ ഇന്ത്യയുടെ വിജയശില്പികളാകുന്ന കാഴ്ച നാമെത്രയോ കണ്ടുകഴിഞ്ഞു. എന്നാൽ, പേസ് ബൗളർമാരായ ജസ്പ്രീത് ബുംറയെയും ഭുവനേശ്വർ കുമാറിനെയും അത്തരമൊരു പെരുമയിലേക്ക് ഉയരുന്നത് അപൂർവ കാഴ്ചയാണ്. അതിനും ഓവൽ വേദിയായി. ഒരുഘട്ടത്തിൽ വിജയിത്തിലേക്കെന്ന് തോന്നിപ്പിച്ച ഓസ്‌ട്രേലിയ പരാജയത്തിലേക്ക് കൂപ്പുകുത്തിയത് ഭുവനേശ്വറിന്റെ ഒരോവറാണ്. ഒന്നിടവിട്ട പന്തുകളിൽ സ്റ്റീവൻ സ്മിത്തിനെയും സ്റ്റോയ്‌നിസിനെയും പുറത്താക്കിയ ഭുവിയുടെ മികവാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി അവർ വിജയശില്പികളാവുകയും ചെയ്തു.

ബാറ്റിങ്ങിലും ബൗളിങ്ങിലും ഈ മത്സരം ഇന്ത്യക്ക് ഏറെ പ്രതീക്ഷകൾ പകർന്നുനൽകി. ഈ മത്സരത്തിൽനിന്നുള്ള ഊർജമാകണം ഇനി ഇന്ത്യ മുന്നോട്ടുള്ള മത്സരങ്ങളിലും കൂടെക്കരുതേണ്ടത്. റൗണ്ട് റോബിൽ ലീഗ് അടിസ്ഥാനത്തിലുള്ള ടൂർണമെന്റായതിനാൽ എല്ലാ ടീമുകളുമായും ഇന്ത്യക്ക് കളിക്കേണ്ടതുണ്ട്. ഇംഗ്ലണ്ടിനെയും ന്യൂസീലൻഡിനെയും പോലുള്ള വലിയ ടീമുകളെ നേരിടുമ്പോഴും ഇതേ ആത്മവിശ്വാസം ഇന്ത്യയെ കരുതലോടെ കാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷയെന്നുറപ്പാണ്.

നേട്ടങ്ങളുടെ റിക്കോർഡുകൾ

ലോകകപ്പിൽ ആദ്യമായാണ് ഒരു ഇന്ത്യൻ ഓപ്പണിങ് സഖ്യം ഓസീസിനെതിരെ സെഞ്ചുറി കൂട്ടുകെട്ട് നേടുന്നത്. ഏകദിന മത്സരങ്ങളിൽ ഓസീസിനെതിരെ ഏറ്റവും അധികം റൺസ് നേടുന്ന ഓപ്പണിങ് സഖ്യം എന്ന റെക്കോർഡും രോഹിത് ശർമയും ശിഖർ ധവാനും ചേർന്നു സ്വന്തമാക്കി. വിൻഡീസിന്റെ ഗോർഡൻ ഗ്രീനിഡ്ജ് ഡെസ്മണ്ട് ഹെയ്ൻസ് സഖ്യത്തെയാണു (1152 റൺസ്) മറികടന്നത്.

ഏകദിനത്തിലെ ഓപ്പണിങ് വിക്കറ്റിലെ സെഞ്ചുറി കൂട്ടുകെട്ടുകളുടെ എണ്ണത്തിൽ ഓസീസിന്റെ മാത്യു ഹെയ്ഡൻ ആദം ഗിൽക്രിസ്റ്റ് സഖ്യത്തിനൊപ്പം (16) രണ്ടാം സ്ഥാനത്താണു രോഹിത് ധവാൻ സഖ്യം. 21 സെഞ്ചുറി കൂട്ടുകെട്ടുകൾ പേരിലാക്കിയ സച്ചിൻ തെൻഡുൽക്കർ സൗരവ് ഗാംഗുലി സഖ്യമാണ് ഒന്നാമത്.

ഇതിനിടെ ഓസ്ട്രേലിയക്കെതിരേ ഏകദിനത്തിൽ 2000 റൺസ് പൂർത്തിയാക്കുന്ന നാലാമത്തെ താരമെന്ന റെക്കോഡ് രോഹിത് ശർമ്മ സ്വന്തമാക്കി. സച്ചിൻ, ഡെസ്മണ്ട് ഹെയ്ൻസ്, വിവിയൻ റിച്ചാർഡ് എന്നിവരാണ് രോഹിതിന് മുമ്പ് ഈ നേട്ടത്തിലെത്തിയവർ. ടോസ് നേടിയ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP