Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബുംറയുടെ കണിശതയും ചാഹലിന്റെ വൈവിധ്യവും കുൽദീപിന്റെ കൃത്യതയും നിർണ്ണായകമായി; അടിച്ചു തകർക്കാതെ നങ്കൂരമിട്ട് ഇന്നിങ്‌സിന് കരുത്തേകി രോഹിത് ശർമ്മയുടെ പക്വതയ്യാർന്ന സെഞ്ച്വറി; ലിസ്റ്റ് എ ക്രിക്കറ്റിലെ മികച്ച കീപ്പറിനൊപ്പം മിസ്റ്റർ ക്ലീനും ജയം ഉറപ്പാക്കും വരെ ക്രീസിൽ ഉറച്ചു നിന്നു; കോലി പരാജയമായപ്പോഴും ചാമ്പ്യന്മാർക്ക് തുണയായത് ജയം മാത്രം ലക്ഷ്യമിട്ടുള്ള മധ്യനിരയുടെ കരുതൽ; സതാംപ്ടണിൽ കണ്ടത് ആത്മവിശ്വാസമില്ലാത്ത ദക്ഷിണാഫ്രിക്കയെ; തുടക്കം ഗംഭീരമാക്കി ടീം ഇന്ത്യ

ബുംറയുടെ കണിശതയും ചാഹലിന്റെ വൈവിധ്യവും കുൽദീപിന്റെ കൃത്യതയും നിർണ്ണായകമായി; അടിച്ചു തകർക്കാതെ നങ്കൂരമിട്ട് ഇന്നിങ്‌സിന് കരുത്തേകി രോഹിത് ശർമ്മയുടെ പക്വതയ്യാർന്ന സെഞ്ച്വറി; ലിസ്റ്റ് എ ക്രിക്കറ്റിലെ മികച്ച കീപ്പറിനൊപ്പം മിസ്റ്റർ ക്ലീനും ജയം ഉറപ്പാക്കും വരെ ക്രീസിൽ ഉറച്ചു നിന്നു; കോലി പരാജയമായപ്പോഴും ചാമ്പ്യന്മാർക്ക് തുണയായത് ജയം മാത്രം ലക്ഷ്യമിട്ടുള്ള മധ്യനിരയുടെ കരുതൽ; സതാംപ്ടണിൽ കണ്ടത് ആത്മവിശ്വാസമില്ലാത്ത ദക്ഷിണാഫ്രിക്കയെ; തുടക്കം ഗംഭീരമാക്കി ടീം ഇന്ത്യ

മറുനാടൻ മലയാളി ബ്യൂറോ

സതാംപ്ടൺ: ലോകചാമ്പ്യന്മാരാണ് ഇന്ത്യ. അതിനൊത്ത ബാറ്റിങ് പ്രകടനം ഇന്ത്യ പുറത്തെടുത്തോ എന്നത് സംശയം. അപ്പോഴും ഇംഗ്ലണ്ടിലെ സീമിങ് പിച്ചുകളിൽ ഇന്ത്യൻ ബൗളർമാരുടെ കരുത്ത് തെളിഞ്ഞു. ഇതിനൊപ്പം യൂസ്വേന്ദ്ര ചാഹലിന്റെ ലെഗ് സ്പിന്നും ലോകകപ്പിൽ താരമാകാനുള്ള സാധ്യതയാണ് തെളിയുന്നത്. വിജയത്തോടെ ലോകകപ്പിന് തുടക്കമിട്ടിരിക്കുകയാണ് ഇന്ത്യൻ ടീം. കരുത്തരായ ദക്ഷിണാഫ്രിക്കയെ ആറു വിക്കറ്റിനാണ് ടീം ഇന്ത്യ പരാജയപ്പെടുത്തിയത്. 228 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 47.3 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഒരു പരിധി വരെ ബൗളിങ്ങിനെ തുണയ്ക്കുന്ന പിച്ചിൽ പിടിച്ചു നിന്നാണ് ഇന്ത്യൻ ബാറ്റിങ് വിജയം കൈപ്പിടിയിൽ ഒതുക്കിയത്. ജയം മാത്രമായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. അതിലേക്കായിരുന്നു കരുതലോടെയുള്ള ബാറ്റ് വീശൽ.

വിക്കറ്റിനു പിന്നിൽ എം.എസ് ധോനിക്ക് മറ്റൊരു റെക്കോഡും കിട്ടി. ലിസ്റ്റ് എ ക്രിക്കറ്റിൽ സ്റ്റംമ്പിങ്ങിലൂടെ ഏറ്റവും കൂടുതൽ പേരെ പുറത്താക്കിയ താരമെന്ന മുൻ പാക് താരം മോയിൻ ഖാന്റെ റെക്കോഡിനൊപ്പമാണ് ധോനിയിപ്പോൾ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിന്റെ 40-ാം ഓവറിൽ ഫെഹ് ലുക്വായോയെ പുറത്താക്കിയതോടെ ലിസ്റ്റ് എ ക്രിക്കറ്റിൽ ധോനിയുടെ സ്റ്റംമ്പിങ്ങുകളുടെ എണ്ണം 139 ആയി. മത്സരത്തിൽ രോഹിത്തിനൊപ്പം നാലാം വിക്കറ്റിൽ 74 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കാനും ധോനിക്കായി. ഇതായിരുന്നു ഇന്ത്യൻ വിജയത്തിന്റെ അടിത്തറ. മത്സര പരിചയമെല്ലാം ബാറ്റിലേക്ക് ആവാഹിച്ചായിരുന്നു കളി ധോനി ബാറ്റിങ് ക്രീസിൽ നിയന്ത്രിച്ചത്. രോഹിത്തിനെ കാടുകയറാൻ വിടാതെയും കരുതലുകളെടുത്തു. വിജയത്തിന് തൊട്ടരികിൽ പുറത്തായെങ്കിലും ജയം ഉറപ്പിച്ച ശേഷമായിരുന്നു മിസ്റ്റർ കൂളിന്റെ മടക്കം.

ബാറ്റിങ്ങിൽ പഴയ പ്രതാപത്തിന്റെ നിഴൽ മാത്രമായിരുന്നു ഇപ്പോഴത്തെ ദക്ഷിണാഫ്രിക്ക. ഇംഗ്ലണ്ടിനോട് തോൽവിയോടെ തുടക്കം. ബംഗ്ലാദേശിനോടും തോൽവി. അതുകൊണ്ട് തന്നെ ഇന്ത്യയ്‌ക്കെതിരെ വിജയം അനിവാര്യമായിരുന്നു പേസ് ബൗളിങ്ങിലെ കരുത്തരെന്ന് അറിയപ്പെട്ടുന്ന ദക്ഷിണാഫ്രിക്കയ്ക്ക്. ഫീൽഡിംഗിലും ബാറ്റിംഗിലും ബൗളിംഗിലും കായികക്ഷമതയുടെ മികവിൽ ഏതിരാളികൾക്ക് എന്നും വെല്ലുവിളിയായിരുന്നു ദക്ഷിണാഫ്രിക്കയിപ്പോൾ പഴയ പ്രതാപത്തിന്റെ നിഴലിലാണ്. അതുകൊണ്ട് തന്നെ ഇന്ത്യയ്ക്ക് ഒരു ഘട്ടത്തിലും വെല്ലുവിളിയാകാൻ ഡുപ്ലസിയുടെ ടീമിനായില്ല. എല്ലാ മേഖലയിലും ഇന്ത്യ ജയിച്ചു നിന്നു. ജസ്പ്രീത് ബൂറയുടെയും യൂസ്വേന്ദ്ര ചാഹലിന്റെയും കണിശതയ്യാർന്ന ബൗളിങ്ങിന് മുന്നിൽ ടീം തകർന്നു. ആത്മവിശ്വാസമില്ലാത്ത ടീമാണ് ബൗളിങ്ങിനും എത്തിയത്. അവരെ കരുതലോടെ മെരുക്കി രോഹിത് ശർമ്മ ഇന്ത്യയുടെ താരവുമായി.

23-ാം ഏകദിന സെഞ്ചുറി നേടിയ രോഹിത് ശർമയാണ് ഇന്ത്യൻ വിജയത്തിന് ചുക്കാൻ പിടിച്ചത്. 128 പന്തിൽ 10 ബൗണ്ടറിയും രണ്ടു സിക്സും സഹിതമാണ് രോഹിത് സെഞ്ചുറി പൂർത്തിയാക്കിയത്. 135 പന്തുകൾ നേരിട്ട രോഹിത് 13 ബൗണ്ടറിയും രണ്ടു സിക്സുമടക്കം 122 റൺസോടെ പുറത്താകാതെ നിന്നു. ഫോമായാൽ വമ്പൻ സ്‌കോറുകൾ മാത്രം നേടുന്ന രോഹിത് നന്നായി ഇന്നിങ്‌സ് പ്ലാൻ ചെയ്തു. കൂറ്റനടികൾക്കപ്പുറം ക്രീസിൽ നിലയുറപ്പിക്കേണ്ട ആവശ്യകത രോഹിത് തിരിച്ചറിഞ്ഞു. കുത്തിതിരിയുന്ന പന്തുകളെ ക്ഷമയോടെ നേരിടാനും അതിവേഗ സ്‌കോറിങ്ങിന് ശ്രമിക്കുന്ന രോഹിത് സതാംപ്ടണിൽ ശ്രമിച്ചു. അങ്ങനെ ഈ സെഞ്ചുറിയോടെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ രോഹിത് മൂന്നാമതെത്തി. മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെയാണ് (22) രോഹിത് മറികടന്നത്. സച്ചിൻ (49), കോലി (41) എന്നിവർ മാത്രമാണ് സെഞ്ചുറിക്കണക്കിൽ അദ്ദേഹത്തിന് മുന്നിലുള്ളത്.

ലോക ക്രിക്കറ്റിലെ കരുത്തരെന്ന വിശേഷണം ദക്ഷിണാഫ്രിക്കയ്ക്കുമുണ്ട്. ഇന്ത്യയിൽ നിന്ന് വിഭിന്നമായ പിച്ചുകളാണ് ഇംഗ്ലണ്ടിലേത്. നിലവിലെ കാലാവസ്ഥയും സീം ബൗളിങ്ങിന് അനുകൂലം. ഡെയൽ സ്റ്റെയിനിന്റെ അഭാവം ദക്ഷിണാഫ്രിക്കൻ ബൗളിങ്ങിനെ ബാധിച്ചിട്ടുണ്ട്. വേഗതയിൽ പന്തെറിഞ്ഞ് ഇന്ത്യയെ പിടിച്ചു കെട്ടാനായിരുന്നു അവരുടെ ശ്രമം. എന്നാൽ കരുതലോടെ വിജയം നേടിയാണ് ഇന്ത്യ ലോകകപ്പിന് വിജയ തുടക്കം നൽകുന്നത്. ഓപ്പണിങ്ങിലെ പരാജയത്തെ മധ്യനിരയിലെ പരിചയസമ്പന്നതയിലൂടെ തകർത്തു. നാലാം നമ്പരിൽ കൂടുതൽ കരുതൽ കെ എൽ രാഹുൽ എടുക്കേണ്ടതുണ്ടെന്ന പാഠവും ഈ വിജയം നൽകുന്നു. എങ്കിൽ മാത്രമേ കിരീടം നിലനിർത്താൻ കോലി പടയ്ക്ക് കഴിയൂ. ഏതായാലും ദക്ഷിണാഫ്രിക്കയുടെ ബൗളിംഗിനെ പിടിച്ചു കെട്ടിയത് വരും മത്സരത്തിൽ ഇന്ത്യയുടെ ആത്മവിശ്വാസം ഉയർത്തു. ഇതിനൊപ്പം മുഹമ്മദ് ഷാമി പുറത്തിരുന്നിട്ടും ബൗളിങ്ങിൽ കരുത്ത് കാട്ടനായതും ഇന്ത്യയുടെ വിജയതൃഷ്ണയുടെ തെളിവാണ്.

ദക്ഷിണാഫ്രിക്ക ഉയർത്തിയ 228 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. സ്‌കോർ 13-ൽ നിൽക്കെ ശിഖർ ധവാനെ റബാദ മടക്കി (8). പിന്നാലെ 34 പന്തുകൾ നേരിട്ട് ക്യാപ്റ്റൻ വിരാട് കോലിയും (18) പുറത്തായി. മൂന്നാം വിക്കറ്റിൽ ഒന്നിച്ച രോഹിത് - കെ.എൽ രാഹുൽ സഖ്യം 85 റൺസ് കൂട്ടിച്ചേർത്തു. സ്‌കോർ 139-ൽ എത്തിച്ച ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 26 റൺസെടുത്ത രാഹുലിനെ റബാദ മടക്കി. അനാവശ്യ ഷോട്ടിന് ശ്രമിച്ചായിരുന്നു രാഹുലിന്റെ പുറത്താകൽ. ഇംഗണ്ടിലെ പിച്ചുകളിൽ എത്രത്തോളം കരുതൽ എടുക്കണമെന്ന പാഠമാണ് രാഹുലിന്റെ പുറത്താകൽ പഠിപ്പിക്കുന്നത്. പിന്നീട് ക്രീസിൽ ധോനിക്കൊപ്പം രോഹിത്ത് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ജയിക്കാൻ 15 റൺസ് വേണമെന്നിരിക്കെ ക്രിസ് മോറിസിന് വിക്കറ്റ് നൽകി ധോനി (34) മടങ്ങി. നാലാം വിക്കറ്റിൽ രോഹിത് - ധോനി സഖ്യം 74 റൺസ് കൂട്ടിച്ചേർത്തു. ഹാർദിക് പാണ്ഡ്യ 15 റൺസുമായി പുറത്താകാതെ നിന്നു. കുട്ടി ഇന്നിങ്‌സിൽ വിസ്മയകരമായ ഷോട്ടുകളും പിറന്നു. അങ്ങനെ പാണ്ഡ്യയും തിളങ്ങി.

നേരത്തെ ഇന്ത്യൻ ബൗളിങ്ങിന് മുന്നിൽ തുടക്കം മുതൽ ഒടുക്കം വരെ പതറിയ ദക്ഷിണാഫ്രിക്കയ്ക്ക് 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 227 റൺസ് മാത്രമാണ് നേടാനായത്. ജസ്പ്രീത് ബൂറയുടെയും യൂസ്വേന്ദ്ര ചാഹലിന്റെയും കണിശതയ്യാർന്ന ബൗളിങ്ങിന് മുന്നിൽ ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാന്മാർക്ക് പിടിച്ചുനിൽക്കാനായില്ല. എട്ടാം വിക്കറ്റിൽ ക്രിസ് മോറിസും കഗീസോ റബാദയും കൂട്ടിച്ചേർത്ത 66 റൺസാണ് ദക്ഷിണാഫ്രിക്കയെ 200 കടത്തിയത്. 34 പന്തിൽ നിന്ന് 42 റൺസെടുത്ത ക്രിസ് മോറിസാണ് അവരുടെ ടോപ് സ്‌കോറർ. ക്യാപ്റ്റൻ ഡൂപ്ലെസി 54 പന്തിൽ നിന്ന് 38 ഉം ഡേവിഡ് മില്ലർ 40 പന്തിൽ നിന്ന് 31 ഉം ഫെഹ്ലുക്വായോ 61 പന്തിൽ നിന്ന് 34 ഉം വാൻ ഡെർ ഡുസ്സെൻ 37 പന്തിൽ നിന്ന് 22 ഉം റൺസെടുത്തു.

പത്തോവറിൽ 51 റൺസിന് നാലു വിക്കറ്റ് പിഴുത ചാഹലാണ് വിക്കറ്റ് വേട്ടയിൽ മുന്നിട്ടുനിന്നത്. പത്തോവറിൽ 35 റൺസിന് രണ്ട് വിക്കറ്റ് പിഴുത ബൂംറയാണ് ദക്ഷിണാഫ്രിക്കയുടെ തകർച്ചയ്ക്ക് തുടക്കമിട്ടത്. രണ്ട് ഓപ്പണർമാരെയും അഞ്ചാം ഓവറിനുള്ളിൽ മടക്കിയത് ബൂംറയാണ്. ഭുവനേശ്വർ കുമാർ രണ്ടും കുൽദീപ് യാദവ് ഒരു വിക്കറ്റും വീഴ്‌ത്തി. അങ്ങനെ പേസ് ബൗളർമാരും സ്പിന്മികവും ഇന്ത്യയ്ക്ക് കരുത്താകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP