Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഷാർജ ഡിസൈൻസ്‌കേപ്' - വാസ്തുവിദ്യയുടെ പുതുസാധ്യതകൾ അന്വേഷിക്കുന്ന വെബിനാർ പരമ്പരയുമായി ഷുറൂഖ്

'ഷാർജ ഡിസൈൻസ്‌കേപ്' - വാസ്തുവിദ്യയുടെ പുതുസാധ്യതകൾ അന്വേഷിക്കുന്ന വെബിനാർ പരമ്പരയുമായി ഷുറൂഖ്

സ്വന്തം ലേഖകൻ

ഷാർജ (യുഎഇ): സുസ്ഥിര വാസ്തുശൈലി-രൂപകൽപനാ ആശയങ്ങൾ ചർച്ചചെയ്യാനും പങ്കുവയ്ക്കാനും വേദിയൊരുക്കി ഷാർജ നിക്ഷേപവികസനവകുപ്പ് (ഷുറൂഖ്). ഷാർജയിലെയും ലോകത്തിന്റെ മറ്റുഭാഗങ്ങളിലെയും നിലവിലെ വാസ്തുവിദ്യാരീതികളെക്കുറിച്ച് ചർച്ച ചെയ്യുന്നതോടൊപ്പം ഭാവി നഗരങ്ങളുടെ രൂപകൽപനയും പരിസ്ഥിതിസൗഹൃദ ആശയങ്ങളുമെല്ലാം 'ഷാർജ ഡിസേൻസ്‌കേപ്' എന്ന ഓൺലൈൻ ചർച്ചാ പരമ്പരയിൽ വിഷയങ്ങളാവും.

കോവിഡ് പശ്ചാത്തലത്തിൽ വെബിനാർ മാതൃകയിലാണ് ഷാർജ ഡിസേൻസ്‌കേപ് ഒരുക്കുന്നത്. ഫോസ്റ്റർ പാർട്‌നേഴ്‌സ് പങ്കാളിയും ലോകപ്രശസ്ത ആർകിടെക്റ്റുമായ ഡറ തൗഹിദി, ഷുറൂഖ് എക്‌സിക്യുട്ടീവ് ചെയർമാൻ മർവാൻ ബിൻ ജാസിം അൽ സർക്കാൽ, 'ബീയ'യിലെ സിവിൽ വാസ്തുവിദ്യാ പദ്ധതികളുടെ മേധാവി നദ തരിയാം തുടങ്ങി പ്രമുഖർ ചർച്ചകളുടെ ഭാഗമാവും. ജൂൺ 25 തൊട്ട് ഓഗസ്റ്റ് 6 വരെയുള്ള എല്ലാ വ്യാഴാഴ്ചകളിലും രാത്രി എട്ടു മണിക്ക് സൂം ആപ്ലിക്കേഷൻ വഴിയാണ് ചർച്ചകൾ.

യുഎഇയിലും മറ്റു രാജ്യങ്ങളിലുമുള്ള ആർകിടെക്റ്റുമാർ, ഡിസൈനർമാർ, വിദ്യാർത്ഥികൾ, ഭാവിയധിഷ്ടിതമായ പൊതുഇടങ്ങൾ രൂപകൽപ്പന ചെയ്യുന്നവർ എന്നിങ്ങനെ വാസ്തുവിദ്യ-രൂപകൽപനാ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും താത്പര്യമുള്ളവർക്കുമെല്ലാം പങ്കെടുക്കാനും നവീനമായ ആശയങ്ങൾ അടുത്തറിയാനും പാകത്തിലാണ് ഈ വേദി ഒരുക്കുന്നത്. കൂടുതൽ സാമൂഹ്യപ്രതിബദ്ധതയും പാരിസ്ഥിതിക അവബോധവുമുള്ള നിർമ്മിതികളും രൂപകൽപനകളും പ്രോത്സാഹിപ്പിക്കുവാനും ചർച്ചാവേദി ലക്ഷ്യമിടുന്നു.

'വാസ്തുവിദ്യാ മേഖലയിലും ആസൂത്രണത്തിലും ലോകത്ത് നിലവിലുള്ള രീതികളെ അടുത്തറിയുന്നതോടൊപ്പം പാരിസ്ഥിതികമായും സാമൂഹ്യപരമായും കലാപരമായും ഈ മേഖല നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണാനും ഉദ്ദേശിച്ചാണ് ഇത്തരമൊരു ചർച്ചാ പരമ്പര ഒരുക്കുന്നത്. കൂടുതൽ അർത്ഥവത്തായ നിർമ്മിതികളുണ്ടാക്കാൻ ആശയങ്ങളുടെ കൈമാറ്റം അനിവാര്യമാണ്' - ഷാർജ ഡിസേൻസ്‌കേപ്- പ്രഖ്യാപിച്ച് ഷുറൂഖ് പദ്ധതികളുടെ മേധാവിയായ ഖൗല അൽ ഹാഷ്മി പറഞ്ഞു. 'നമ്മുടെ ജീവിതനിലവാരമുയർത്തുന്നതിൽ ഏറെ നിർണായക പങ്കുവഹിക്കുന്ന ഒന്നാണ് വാസ്തുവിദ്യ. വരുംകാല നഗരങ്ങളെ കൂടുതൽ മനോഹരവും സുസ്ഥിരവുമാക്കാൻ നവീനമായ ആശയങ്ങൾക്ക് സാധിക്കും. പ്രാദേശികവും രാജ്യാന്തരവുമായ അത്തരം ആശയങ്ങൾ പങ്കുവയ്ക്കാനും സംശയനിവാരണം നടത്താനുമുള്ള വേദിയാണ് ഈ വെബിനാർ പരമ്പര' അവർ കൂട്ടിച്ചേർത്തു.

'വാസ്തുശൈലിയിലെ സുസ്ഥിരത' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ജൂൺ 25ലെ ആദ്യത്തെ ചർച്ച. 'സോഷ്യലി ഇൻക്ലൂസിവ് ഡിസൈൻ', 'നഗര രൂപകൽപനയിലെ ഭാവിസാധ്യതകൾ', 'വിദ്യാഭാസ ആവശ്യങ്ങൾക്കായുള്ള ഇടങ്ങളുടെ ഭാവി', 'പിൻവാങ്ങുന്ന നഗരങ്ങൾ', 'പരമ്പരാഗതവും ആധുനികവുമായ ആശയങ്ങൾക്ക് ഒരുമിച്ചു പോകാനാവുമോ?' എന്നിങ്ങനെയാണ് മറ്റു വിഷയങ്ങൾ. 'വാസ്തുവിദ്യയിൽ വെളിച്ചത്തിനുള്ള സ്ഥാനം' എന്ന ചർച്ചയോടെ ഓഗസ്റ്റ് ആറിന് വെബിനാർ പരമ്പര അവസാനിക്കും.

പ്രളയാനന്തര കേരളത്തിൽ കൂടുതൽ ഉയർന്നുകേട്ടതും കൂടുതൽ ജനകീയമായിക്കൊണ്ടിരിക്കുന്നതുമായ സുസ്ഥിര പരിസ്ഥിതിസൗഹൃദ വാസ്തുവിദ്യയുടെ രാജ്യാന്തരതലത്തിലെ സാധ്യതകളും ആശയങ്ങളും അടുത്തറിയാനുള്ള മികച്ച അവസരമാണ് ഷുറൂഖിന്റെ നേതൃത്വത്തിലുള്ള ഷാർജ ഡിസേൻസ്‌കേപ് വെബിനാർ പരമ്പര ഒരുക്കുന്നത്. പരമ്പരാഗത വാസ്തുശൈലിയെക്കുറിച്ചും പൊതു ഇടങ്ങൾ രൂപകൽപന ചെയ്യുന്നതിലെ ശാസ്ത്രീയതയെക്കുറിച്ചും ഭാവിനഗര സങ്കൽപങ്ങളെക്കുറിച്ചുമെല്ലാമുള്ള ആഗോള ആശയങ്ങളുമായി നേരിട്ടു സംവദിക്കുകയും ചെയ്യാം. സാംസ്‌കാരികവും പാരിസ്ഥിതികവുമായ മൂല്യങ്ങൾ വാസ്തുവിദ്യയിലേക്ക് സന്നിവേശിപ്പിക്കുന്നതിന്റെ സാധ്യതകൾ അന്വേഷിക്കുന്ന ആർകിടെക്റ്റുമാർക്കും റിയൽ എസ്റ്റേറ്റ് സംരംഭകർക്കുമെല്ലാം ഈ മേഖലയിലെ വിദഗ്ധരെ കൂടുതൽ അടുത്തറിയാനും ഡിസേൻസ്‌കേപ് ചർച്ചകൾ ഉപകാരപ്പെടും.

താത്പര്യമുള്ളവർക്കെല്ലാം സൗജന്യമായി ലോകത്തിന്റെ ഏതു കോണിൽ നിന്നും ഈ വെബിനാറിന്റെ ഭാഗമാവാൻ അവസരമുണ്ട്. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് - https://.ly/sharjah-designscape . കൂടുതൽ വിവരങ്ങൾക്ക് ഷാർജ നിക്ഷേപ വികസന അഥോറിറ്റിയുടെ സാമൂഹ്യമാധ്യമ പേജുകൾ സന്ദർശിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP