Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുരാതന കാഴ്ചകളിലേക്ക് നടന്നുകയറാൻ 'ജബൽ ബുഹൈസ് ട്രക്കിങ്'

പുരാതന കാഴ്ചകളിലേക്ക് നടന്നുകയറാൻ 'ജബൽ ബുഹൈസ് ട്രക്കിങ്'

സ്വന്തം ലേഖകൻ

തണുപ്പു കാലമെത്തിയതോടെ വീണ്ടുമുണർന്നിരിക്കുകയാണ് യുഎഇയിലെ സഞ്ചാരലോകം. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടു തന്നെ കാമ്പുകളും റോഡ് ട്രിപ്പുകളുമെല്ലാം മുൻകാലങ്ങളിലെന്ന പോലെ സജീവമായിരിക്കുന്നു. അനുകൂലമായ കാലാവസ്ഥയെത്തിയതോടെ സംഘം ചേർന്നുള്ള സാഹസികയാത്രകളും ട്രെക്കിങ്ങും വീക്കെൻഡുകളുടെ ഭാഗമായിത്തുടങ്ങിയിട്ടുണ്ട്.

ഇത്തരത്തിൽ സാഹസികത ഇഷ്ടപ്പെടുന്ന, മലനിരകൾ കീഴടക്കാനും കുന്നിന്മുകളിലെ കാഴ്ചകൾ കാണാനുമിറങ്ങുന്ന സഞ്ചാരികൾക്ക് പുതിയൊരു യാത്രാനുഭവം ഒരുക്കുകയാണ് ഷാർജയിലെ മെലീഹ ആർക്കിയോളജിക്കൽ സെന്റർ. മെലീഹയിലെ ജബൽ ബുഹൈസ് മലനിരകളിലൂടെ ചരിത്രകാഴ്ചകളും തേടിയുള്ള ട്രക്കിങ്ങാണ് ഇവിടത്തെ പുതിയ വിശേഷം. ശാരീരികക്ഷമത വർധിപ്പിക്കുന്നതോടൊപ്പം മേഖലയിലെ പുരാവസ്തുശേഷിപ്പുകൾ അടുത്തുകാണാനുള്ള അപൂർവ അവസരമാണ് ജബൽ ബുഹൈസ് ട്രെക്കിങ്.

മെലീഹ പ്രദേശത്തു നിന്ന് കണ്ടെടുത്ത നൂറ്റാണ്ടുകൾ പഴക്കമുള്ള ശവകൂടീരങ്ങൾ സന്ദർശിച്ചാണ് ഒരു മണിക്കൂർ ദൈർഘ്യമുള്ള ട്രെക്കിങ്ങ് ആരംഭിക്കുന്നത്. തുടർന്ന് മലനിരകൾക്കിടയിലൂടെ കാഴ്ചകളുമാസ്വദിച്ചുള്ള നടത്തമാരംഭിക്കും. രണ്ടായിരം വർഷം പഴക്കമുള്ള, ഇരുമ്പുയുഗത്തിൽ നിർമ്മിച്ച കോട്ടയിലാണ് ഈ സഞ്ചാരമവസാനിക്കുക. യാത്രയിലുടനീളം കാഴ്ചകളും ചരിത്രവും വിവരിക്കാനും സഹായിക്കാനുമായി ഗൈഡിന്റെ സേവനമുണ്ടാവും. ട്രെക്കിങ്ങിനോടൊപ്പം മെലീഹയിലെ പുരാവസ്തു മ്യൂസിയം സന്ദർശിക്കുകയും ചെയ്യാം.

200 ദിർഹമാണ് മുതിർന്നവർക്കുള്ള നിരക്ക്. കുട്ടികൾക്ക് 100 ദിർഹം. പത്തു വയസിനു മുകളിലുള്ളവർക്ക് ട്രെക്കിങ്ങിന്റെ ഭാഗമാവാം. രണ്ടു പേർ മുതൽ ആറ് പേർ വരെയുള്ള സംഘങ്ങളായി ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കുമായി 050 2103780 , 06 802 1111 എന്ന നമ്പരുകളിൽ ബന്ധപ്പെടാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP