Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

130 മില്യൺ ദിർഹമിന്റെ ആഡംബര ഹോസ്പിറ്റാലിറ്റി പദ്ധതികളുമായി ഷുറൂഖ്

130 മില്യൺ ദിർഹമിന്റെ ആഡംബര ഹോസ്പിറ്റാലിറ്റി പദ്ധതികളുമായി ഷുറൂഖ്

തിഥേയത്വത്തിന്റെയും സഞ്ചാരാനുഭവങ്ങളുടെയും പുതിയ ലോകമൊരുക്കാൻ മൂന്ന് ആഡംബര ആതിഥേയ പദ്ധതികളുമായി ഷാർജ നിക്ഷേപ വികസന വകുപ്പ് (ശുറൂഖ്). 130 മില്യൺ ദിർഹം ചിലവഴിച്ചൊരുക്കുന്ന പദ്ധതികൾ ദുബൈയിൽ നടക്കുന്ന അറബ് ട്രാവൽ മാർട്ടിൽ വച്ചാണ് അനാവരണം ചെയ്തത്.

മെലീഹയിലെ അൽ ഫയ ലോഡ്ജ്, കൽബയിലൊരുങ്ങുന്ന കിങ് ഫിഷർ ലോഡ്ജ്, അൽ ബദായർ മരുഭൂമിയിലൊരുങ്ങുന്ന അൽ ബദായർ ഒയാസിസ് പ്രൊജക്റ്റ് എന്നിങ്ങനെ ചരിത്രവും പ്രകൃതിയുടെ മനോഹര കാഴ്ചകളും സമ്മേളിക്കുന്ന ഇടങ്ങളിലാണ് മൂന്നു പദ്ധതികളും ഒരുങ്ങുന്നത്. ഇതിൽ കൽബയിലെ കിങ് ഫിഷർ ലോഡ്ജ് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ബാക്കി രണ്ടു പദ്ധതികളും ഈ വർഷത്തിന്റെ രണ്ടാം പകുതിയോടെ അതിഥികൾക്കായി തുറന്നു കൊടുക്കും. 'ഷാർജ കളക്ഷൻസ്' എന്ന പേരിൽ അവതരിപ്പിക്കുന്ന പദ്ധതികളുടെ നടത്തിപ്പ് ചുമതല ശസ ഹോട്ടൽസിനു കീഴിലുള്ള 'മിസ്‌കി'നാണ്.

ആഡംബര സൗകര്യങ്ങളും അപൂർവമായ ദൃശ്യാനുഭവങ്ങളും സമ്മേളിക്കുന്ന ആതിഥേയത്വമാണ് കൽബയിലെ കിങ് ഫിഷർ ലോഡ്ജിന്റെ സവിശേഷത. ഇന്ത്യൻ മഹാസമുദ്രത്തെ അഭിമുഖീകരിക്കുന്ന ലോഡ്ജിനു ചുറ്റും കണ്ടൽക്കാടുകൾ കാഴ്ചയൊരുക്കുന്നു. തീർത്തും പ്രകൃതി സൗഹൃദ മാതൃകകൾ അവലംബിച്ചാണ് നിർമ്മാണം.

അത്യാധുനിക സൗകര്യങ്ങളുള്ള 25 ടെന്റുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കുടുംബങ്ങൾക്ക് ഒരുമിച്ചു താമസിക്കാനും സൗകര്യമുണ്ട്. വെൽനെസ് സെന്റർ, യോഗ ഏരിയ, റസ്റ്ററന്റുകൾ എന്നിവയോടൊപ്പം ജലവിനോദങ്ങൾക്കും സൈക്ലിങ്ങിനുമെല്ലാം കൽബയിൽ പ്രേത്യേകം ഇടങ്ങളുണ്ട്. പ്രവർത്തനം ആരംഭിച്ച കൽബ ലോഡ്ജിലേക്ക് ഇന്ത്യക്കാരടക്കം നിരവധി സഞ്ചാരികളാണ് എത്തുന്നത്.

മെലീഹ ആർക്കിയോളജി സെന്ററിന് അടുത്തയാണ് അൽ ഫയ ലോഡ്ജ്. യുഎഇയിലെ തന്നെ ആദ്യത്തെ പെട്രോൾ പമ്പിനു ചുറ്റിലുമായി, പൈതൃക കാഴ്ച സംരക്ഷിച്ചു കൊണ്ടൊരുക്കിയ അൽ ഫയ ലോഡ്ജിന്റെ കാഴ്ച ആരുടെയും മനം കവരും. ലോകത്തിന്റ പല ഭാഗങ്ങളിൽ നിന്നുമുള്ള രുചികളൊരുങ്ങുന്ന റസ്റ്ററന്റ്, സ്പാ എന്നിവയുള്ള ലോഡ്ജിൽ, കരിങ്കല്ലിൽ തീർത്ത രണ്ടു ചെറിയ കെട്ടിടങ്ങളിലായി അഞ്ചു മുറികളാണുള്ളത്. വന്നെത്തുന്നവരുടെ സ്വകാര്യതയ്ക്ക് മുൻഗണന കൊടുത്താണ് അൽ ഫയയിലെ ക്രമീകരണങ്ങൾ.

മരുഭൂ കാഴ്ചകൾക്ക് നടുവിലെ പരമ്പരാഗത എമിറാത്തി അനുഭവങ്ങളൊരുക്കയാണ് അൽ ബദായർ ഒയാസിസ് പ്രോജക്റ്റ്. രാത്രി ക്യാമ്പുകളും എമിറാത്തി രുചികളുമെല്ലാം ഏറ്റവും നൂതനമായ സൗകര്യങ്ങളോടൊപ്പം ഇവിടെയൊരുക്കുന്നുണ്ട്. വേറിട്ട് നിൽക്കുന്ന കെട്ടിടമാതൃകയും സജ്ജീകരണങ്ങളും ബദായറിലെ പ്രകൃതിയുടെ പശ്ചാത്തലവും ചേരുമ്പോൾ യുഎഇയിലെ തന്നെ ഏറ്റവും സവിശേഷ അനുഭവങ്ങളിൽ ഒന്നായി മാറാനിടയുള്ള പദ്ധതിയാണ് ഇവിടത്തേത്.

ഷാർജയുടെ പൈതൃകവും മൂല്യങ്ങളും സംരക്ഷിച്ചു കൊണ്ട് തന്നെ, വരും കാലത്തേക്കുള്ള ഉറച്ച ചുവടുവെപ്പുകളാണ് ഈ പദ്ധതികളിലൂടെ നടത്തുന്നതെന്ന് ശുറൂഖ് സി.ഓ.ഒ അഹ്മദ് അൽ ഖസീർ പറഞ്ഞു. 'ലോകത്തെ മുൻനിര കമ്പനികളുമായി ചേർന്ന് ഷാർജയുടെയും യുഎഇയുടെയും തന്നെ ഭാവിയിലേക്കുള്ള വികസനപ്രവർത്തനങ്ങളാണ് നടക്കുന്നത്. ഏറ്റവും നൂതനമായ ആശയങ്ങളെയും സൗകര്യങ്ങളെയും ഷാർജയുടെ സാംസ്‌കാരിക മൂല്യങ്ങളും പൈതൃക കാഴ്ചകളുമായി ചേർത്തുവെക്കുന്ന ശുറൂഖിന്റെ തുടർച്ചയായുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതികളും. സഞ്ചാരികൾക്കും എമിറാത്തിൽ ജീവിക്കുന്നവർക്കുമെല്ലാം നവ്യാനുഭവമാവും ഇത്' - അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്നു ദിവസങ്ങളിലായി നടക്കുന്ന അറബ് ട്രാവൽ മാർട്ടിന്റെ നാലാം ഹാളിലാണ് ശുറൂഖ് പ്രദർശനമുള്ളത്. ഈയടുത്തു തുറന്ന ഷാർജയിലെ ആഡംബര ഹോട്ടലായ അൽ ബെയ്ത്തിന്റെ മാതൃകയും സഹിഷ്ണുതയുടെ പ്രതീകമായ ഗാഫ് മരവും ശുറൂഖ് പ്രദർശന ഹാളിൽ കാണാം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP