Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭാവനയുടെ പുതുലോകം തീർത്ത് ഷാർജ രാജ്യാന്തര കഥാമേള; പത്ത് രാജ്യങ്ങളിൽ നിന്നായി പതിനഞ്ചു കഥപറച്ചിലുകാരെത്തിയ മേളയ്ക്ക് നാളെ സമാപനം

ഭാവനയുടെ പുതുലോകം തീർത്ത് ഷാർജ രാജ്യാന്തര കഥാമേള;  പത്ത് രാജ്യങ്ങളിൽ നിന്നായി പതിനഞ്ചു കഥപറച്ചിലുകാരെത്തിയ മേളയ്ക്ക് നാളെ സമാപനം

കുട്ടികൾക്കും സാഹിത്യപ്രേമികൾക്കും കഥാനുഭവങ്ങളുടെ പുതുലോകം തീർത്ത് ശ്രദ്ധയാകർഷിക്കുകയാണ് 'ടെയിൽസ് ഓൺ ദി ഐലൻഡ്' എന്ന ഷാർജ രാജ്യാന്തര കഥാമേള. ലോകപ്രശസ്തരായ കഥ പറച്ചിലുകാരുടെ വേറിട്ട അവതരണത്തിലൂടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇതിഹാസകഥകളും പുരാണകഥകളും കുട്ടികളടക്കമുള്ളവർക്കു നവ്യാനുഭവമായി മാറുന്നു. ശലഭക്കാഴ്ചകൾക്കും അപൂർവയിനം സസ്യസമ്പത്തിനാലും പ്രശസ്തമായ ഷാർജ അൽ നൂർ ദ്വീപാണ് കഥാമേളയുടെ വേദി. മേള ഈ ശനിയാഴ്ച സമാപിക്കും.

പത്ത് രാജ്യങ്ങളിൽ നിന്നായി പതിനഞ്ചു കഥപറച്ചിലുകാരാണ് കഴിഞ്ഞ ഒരു മാസത്തോളമായി അരങ്ങേറുന്ന കഥാമേളയുടെ വേദിയിലെത്തിയത്. അമേരിക്ക, ഇറ്റലി, ജർമ്മനി, ലെബനൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ ഐതിഹ്യവും പുരാണകഥകളും വിവിധ ദിനങ്ങളിൽ അവതരിപ്പിക്കപ്പെട്ടു. ഏകദേശം മൂവായിരത്തോളം സന്ദർശകർ കേൾവിക്കാരായെത്തി. യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് സ്‌കൂൾ വിദ്യാർത്ഥികളാണ് പുസ്തകങ്ങളും സ്‌ക്രീനുകളും മൈക്കുമൊന്നുമില്ലാത്ത കഥയനുഭവങ്ങൾ കേൾക്കാനെത്തിയത്. കഥകളോടൊപ്പം സർഗ്ഗവാസനകളെ പ്രോത്സാഹിപ്പികയും കൂടുതൽ മികവുറ്റതാക്കാൻ സഹായിക്കുന്ന വിവിധ പരിശീലന സെഷനുകളും കുട്ടികൾക്കായി ഒരുക്കിയിരുന്നു.

ഓരോ വർഷം കഴിയുമ്പോഴും മേള കൂടുതൽ ജനകീയമാവുന്നതായി അൽ നൂർ ദ്വീപ് ജനറൽ മാനേജർ മഹ്മൂദ് റാഷിദ് അൽ സുവൈദി പറഞ്ഞു. 'പ്രകൃതിയുമായി ചേർന്ന് നിൽക്കുന്ന ദ്വീപ് കാഴ്ചകളുടെ പശ്ചാത്തലത്തിൽ കഥപറച്ചിൽ മേള ആസ്വാദകർക്ക് വേറിട്ട അനുഭവമായി മാറുന്നുണ്ട്. പല നാടുകളിൽ നിന്നുള്ള അവതാരകർ, പല ദേശങ്ങളുടെ കഥകൾ...സാംസ്‌കാരിക മൂല്യങ്ങളുടെ കൈമാറ്റമാണ് ഇത്തരം മേളകൾ. അതോടൊപ്പം സംഗീതരാവുകളും കുട്ടികൾക്കായുള്ള പരിശീലന സെഷനുകളും കൂടിയാവുമ്പോൾ മേളയുടെ മാറ്റ് കൂടുന്നു. അൽ നൂർ ദ്വീപിന്റെ സവിശേഷ കാഴ്ചകളോടൊപ്പം ഇങ്ങനെയൊരു വിരുന്നു കൂടി അതിഥികൾക്ക് പകരനായതിൽ സന്തോഷമുണ്ട്' - അദ്ദേഹം കൂട്ടിച്ചേർത്തു.

സമാപനത്തോട് അനുബന്ധിച്ച് വെള്ളി, ശനി ദിവസങ്ങളിൽ അതിഥികൾക്കായി പ്രത്യേകപരിപാടികൾ അരങ്ങേറും. കാല്പനികകഥകൾ - ഇതിഹാസം-പുരാണം എന്ന തീമിൽ ഒരുക്കുന്ന അവസാന ദിവസപരിപാടിയിൽ ലെബനൻ, യുകെ, അമേരിക്ക, ഇറ്റലി, ജർമ്മനി എന്നിവിടങ്ങളിൽ നിന്നെല്ലാമെത്തിയ എല്ലാ കഥപറച്ചിലുകാരെയും ഒരുമിച്ചു കാണാനും കേൾക്കാനും അവസരമുണ്ടാകും. നാടോടിക്കഥകളും സാരോപദേശ കഥകളും പുരാണങ്ങളും ചുരുക്കിയവതരിപ്പിക്കുന്നതാണ് പ്രത്യേക പരിപാടി. സന്ദർശകർക്ക് കൂടി ഭാഗഭാക്കാവാൻ സാധിക്കുന്ന വിധത്തിലുള്ള പ്രേത്യേക വാദ്യമേളയും സമാപനാഘോഷത്തിന്റെ ഭാഗമാണ്.

ഷാർജ രാജ്യാന്തര കഥാമേള - ടെയിൽസ് ഓൺ ദി ഐലന്റിന്റെ മൂന്നാം പതിപ്പാണിത്. കഴിഞ്ഞ മൂന്നു പതിപ്പുകളിലായി ഏകദേശം പതിനയ്യായിരത്തോളം കഥപ്രേമികൾ മേളയുടെ ഭാഗമായിട്ടുണ്ട് എന്ന് സംഘാടകർ പറയുന്നു. കൂടുതൽ വിവരങ്ങളറിയാനും പങ്കെടുക്കാനുമായി 06 506 7000 എന്ന നമ്പറിലോ [email protected] ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP