Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മരണപ്പെട്ടവരുടെ ആശ്രിതരെ സഹായിക്കണം, തിരിച്ചെത്തുന്നവരുടെ ക്വാറന്റൈൻ സൗജന്യമാക്കണം

സ്വന്തം ലേഖകൻ

ദുബായ്: കോവിഡു മൂലം വിദേശത്തു മരണപ്പെടുന്നവരുടെ ആശ്രിതർക്ക് സർക്കാർ തലത്തിൽ സഹായം ലഭ്യമാക്കാൻ പ്രവാസി വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി നടപടികൾ കൈക്കൊള്ളണമെന്ന് മലബാർ പ്രവാസി സൗഹൃദ വേദി നേതാക്കളായ അഷ്റഫ് താമരശ്ശേരി, അൻവർ നഹ, മോഹൻ എസ് വെങ്കിട്ട്, ബഷീർ തിക്കോടി, ഫൈസൽ മലബാർ, ജെയിംസ് മാത്യു, രാജൻ കൊളാവിപാലം, ജമീൽ ലത്തീഫ്, അഡ്വ.മുഹമ്മദ് സാജിദ്, ഡോ. ബാബു റഫീഖ്, ശരീഫ് കാരശ്ശേരി, മലയിൽ മുഹമ്മദ് അലി എന്നിവർ സംയുക്തമായി ആവശ്യപ്പെട്ടു.

പ്രവാസലോകത്തു പിടഞ്ഞു മരിച്ച നൂറിൽകണക്കിനു പേരിൽ ഭൂരിഭാഗവും ഊർജസ്വലരായ യുവാക്കളാണ് എന്നതാണ് സത്യം. ജോലി നഷ്ടപ്പെട്ടും, സന്ദർശക വിസ കഴിഞ്ഞും നാട്ടിലേക്കു തിരിച്ചു പോകാനായി എംബസിയിലും, നോർകയിലും രജിസ്റ്റർചെയ്തു കാത്തിരിക്കുകയായിരുന്ന ഹതഭാഗ്യർ പോലും ഈ ഗണത്തിൽ പെടുന്നു. കുടുംബം പോറ്റാനായി ലോക്ക് ഡൗൺ കാലത്തു പോലും ജീവിത വൃത്തിയിൽ മുഴുകിയിരുന്നവരും അപ്രതീക്ഷിതമായി കോവിഡിന് അടിമപ്പെട്ടു ആകസ്മികമായി മരണത്തിനു കീഴടങ്ങിയിട്ടുണ്ട്! ഇവർ ഓരോരുത്തരും ഓരോ കുടുംബത്തിന്റെയും പ്രതീക്ഷയും സ്വപ്നവുമായിരുന്നു. ആശയറ്റ ആ കുടുംബങ്ങൾ സന്ദർശിച്ചു സാന്ത്വനമേകാൻ ജനപ്രതിനിധികളും,ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തയാറാകണം.ആ കുടുംബങ്ങളുടെ കണ്ണീരുകാണാൻ, ആശ്വാസമേകാൻ അധികൃതർ തയാറാവണം.

പ്രതിസന്ധിയിലായ പ്രവാസികളെ നാട്ടിലേക്കെത്തിക്കാൻ ഒടുവിൽ വഴിയൊരുങ്ങിയെങ്കിലും, തുലോം പരിമിതമായ ആൾക്കാർക്കു മാത്രമേ ഇപ്പോഴും നടനായാണ് സാധിച്ചിട്ടുള്ളൂ. കൊണ്ട് പോയവരിൽ തന്നെ അനർഹർ കടന്നു കൂടിയിട്ടുണ്ട് എന്ന പരാതിയും വ്യാപകമായിട്ടുണ്ട്. ഇക്കാര്യത്തിലും ബദ്ധ ശ്രദ്ധയുണ്ടാവണം. ജോലിയും ജീവിത സാഹചര്യവുമില്ലാതെ ബുദ്ധിമുട്ടി കഴിയുന്ന മുഴുവൻ പേരെയും നാട്ടിലെത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്നും സത്വര നടപടികൾ വേണം.

നിബന്ധനകളോടെ, സാമൂഹ്യ സുരക്ഷയുടെ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തന്നെ, റീപാട്രിയേഷൻ തുടരാം. രോഗികളല്ലാത്തവരെ, ആധികാരികമായ ആ സാക്ഷ്യ പത്രത്തോട് കൂടി, നാട്ടിലെത്തിക്കാനും, രോഗ ലക്ഷണമുള്ളവരെയും, രോഗ ബാധിതരെയും, അതനുസരിച്ചും, വേണ്ട മുൻകരുതലുകളോടെ കൊണ്ട് പോകാനുമുള്ള വിമാന സൗകര്യം ഏർപ്പെടുത്തണം. ഇതിനായി രോഗികൾക്കും, അല്ലാത്തവർക്കുമായി സമയം ക്രമീകരിച്ചു വെവ്വേറെ വിമാനങ്ങൾ ഏർപെടുത്താവുന്നതുമാണ്. വിമാനത്താവളങ്ങളിലും, യാത്ര ചെയ്‌തെത്തുന്നവർക്കായി പരിശോധനയും, രോഗികളെയും, മറ്റുള്ളവരെയും വേർതിരിച്ചു വെവ്വേറെ സൗകര്യങ്ങളും ഒരുക്കി ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയുമാവാം. എല്ലാം നഷ്ടപ്പെട്ടു നിസ്സഹായരായി എത്തുന്ന ഇത്തരക്കാരുടെ ക്വാറന്റൻ ചെലവ് സർക്കാർ തന്നെ വഹിക്കണം.

അംബാസിഡർമാരും, കോണ്‌സുലർമാരും, അതാതു രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്തി, നാട്ടിലേക്ക് യാത്രക്കായി കാത്തിരിക്കുന്ന രോഗികളുടെയും, അല്ലാത്തവരുടെയും, തൊഴിൽ നഷ്ടപ്പെട്ടവരുടെയും, സന്ദർശക വിസയിലെത്തിയവരുടേയുമൊക്കെ സമഗ്രമായ റിപ്പോർട്ടുകൾ തയാറാക്കി, കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കു സമർപ്പിച്ചു, അവർക്ക് എല്ലാ അര്ഥത്തിലുമുള്ള സർക്കാർ സഹായം ലഭ്യമാക്കാൻ സാഹചര്യമൊരുക്കണം. മരണപ്പെട്ട ഹതഭാഗ്യരുടെ വിവരങ്ങളും സമര്പ്പിക്കണം.അത്തരം കുടുംബങ്ങളിലും സഹായമെത്തണം.

കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കോവിഡ് സാമ്പത്തിക പാക്കേജിൽ നിന്നും, ഇക്കാലമത്രയും നാടിന്റെ നട്ടെല്ലായി വർത്തിച്ച പ്രവാസികളുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങൾക്കു തുക വകയിരുത്തണം. ഐ സി ഡബ്‌ള്യൂ സി ഫണ്ടും, പ്രധാന മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ ഫണ്ടുകളും ഇതിനായി വിനിയോഗിക്കണം. പ്രവാസി വ്യവസായികളിൽ നിന്നും സഹായവും തേടാം.

മുഴുവൻ പ്രവാസികളും യാത്രക്കൊരുങ്ങിയിട്ടില്ല. തീർത്തും പ്രതിസന്ധിയിലായ, ജീവിതം വഴിമുട്ടിയ ചുരുക്കം ആൾക്കാരുടെ കാര്യത്തിലാണ് ആശങ്ക. ഇവിടെ ജോലി ഭീഷണിയില്ലാത്തവരും, കച്ചവടക്കാരും, വ്യവസായികളും, ബന്ധുക്കളുമെല്ലാം സുരക്ഷിതരായി കഴിയുകയാണ്. അവർക്കെല്ലാം, പ്രത്യേകിച്ച് രോഗലക്ഷണമുള്ളവർക്കും, സ്ഥിരീകരിച്ചവർക്കുമെല്ലാം ലോകോത്തര നിലവാരത്തിലുള്ള അഭിനന്ദനീയമായ സജ്ജീകരണങ്ങളാണ് ബന്ധപ്പെട്ട മന്ത്രാലയങ്ങൾ ഒരുക്കിയിട്ടുള്ളത്. അതുകൊണ്ടു തന്നെ പ്രതിസന്ധിയില്ലാത്ത ആരും തന്നെ ഇപ്പോൾ മടങ്ങാൻ തയ്യാറുമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP