Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

യുഎഇ ബഹുസ്വരത നേടിയത് സഹിഷ്ണുതയിലൂടെ: മന്ത്രി ശൈഖ് നഹ്യാൻ

യുഎഇ ബഹുസ്വരത നേടിയത് സഹിഷ്ണുതയിലൂടെ: മന്ത്രി ശൈഖ് നഹ്യാൻ

സ്വന്തം ലേഖകൻ

ദുബൈ:യുഎഇ അതിന്റെ പ്രശംസനീയമായ ബഹുസ്വരത നേടിയെടുത്തത് സഹിഷ്ണുതയിലൂടെയാണെന്നും, ആ സഹിഷ്ണുത ഇസ്ലാമിന്റെ അടിസ്ഥാന വികാരവും ഭാവവുമാണെന്നും യുഎഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽനഹ്യാൻ അഭിപ്രായപ്പെട്ടു. യുഎഇയുടെ 48-മത് ദേശീയ ദിനാഘോഷ ഭാഗമായും കെഎംസിസിയുടെ 45-മത് വാർഷികത്തോടനുബന്ധിച്ചും ദുബൈ കെഎംസിസി അൽനാസർ ലിഷർ ലാന്റിൽ സംഘടിപ്പിച്ച സഹിഷ്ണുതാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ,ലുലു ഗ്രൂപ് ഇന്റർനാഷണൽ ചെയർമാൻ പത്മശ്രീ എം.എ യൂസുഫലി എന്നിവർ മുഖ്യാതിഥികളായിരുന്നു.മുസ്ലിം ലീഗ് ദേശീയ ജന.സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി, ട്രഷറർ പി.വി അബ്ദുൽ വഹാബ് എംപി, ദുബൈ കമ്യൂണിറ്റി ഡെവലപ്മെന്റ് അഥോറിറ്റി ഡയറക്ടർ ജനറൽ അഹ്മദ് അബ്ദുൽ കരീം ജുൽഫാർ,ദുബൈ എമിഗ്രേഷൻ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽമർറി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ,ഇന്ത്യൻ കോൺസുൽ പ്രേം ചന്ദ്, ഡോ.എം.കെ മുനീർ എംഎൽഎ, എം.സി ഖമറുദ്ദീൻ എംഎൽഎ,മലപ്പുറം ജില്ലാ മുസ്ലിം ലീഗ് ജന:സെക്രട്ടറി അഡ്വ:യു.എ.ലത്തീഫ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

ഈ രാജ്യം ഇന്ന് സ്വയം തന്നെ ഒരാഗോള സമൂഹമാണെന്നും ഈ നാടിനെ ബഹുസ്വരതയുടെ ഇടമാക്കി ഉയർത്താൻ നമുക്ക് ഒത്തൊരുമിച്ചു പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയ കാര്യം തന്നെയാണെന്നും ശൈഖ് നഹ്യാൻ പറഞ്ഞു.സഹിഷ്ണുത കൊണ്ടാണ് അത് സാധ്യമായത്.ഇസ്ലാമിക സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും മൂല്യങ്ങളിൽ ഉറച്ചു നിന്നാണ് ഈ രാജ്യം മുന്നോട്ടു പോകുന്നത്.ഇസ്ലാം പൂർണമായും സഹിഷ്ണുതയും സഹവർത്തിത്വവും പ്രഘോഷിക്കുന്നു.തീവ്രവാദം അടക്കമുള്ള സകല തിന്മകളെയും ഇസ്ലാം വിപാടനം ചെയ്യുന്നു.ലോകത്തിനാകമാനം നാശകാരിയായ തീവ്രവാദം തുടച്ചു നീക്കാനും സമാധാനം നിലനിർത്താനും നാം യത്നിക്കുന്നു.സഹിഷ്ണുതയുടെ മഹനീയ മൂല്യങ്ങളെ നാം ഇനിയിമുനിയും അനുധാവനം ചെയ്യണമെന്ന് ഈ വേളയിൽ എല്ലാവരോടുമായി ആഹ്വാനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.വംശത്തിന്റെയും മതത്തിന്റെയും പരിഗണനകളില്ലാതെ സമാധാനത്തിനും സമൂഹത്തിന്റെ നല്ല ജീവിതത്തിനും ഊന്നൽ നൽകി നമുക്ക് ഒന്നിച്ചു മുന്നേറാൻ സാധിക്കണമെന്നും അദ്ദേഹം നിരീക്ഷിച്ചു. യുഎഇയും ഇന്ത്യയും സുഹൃദ് രാജ്യങ്ങളാണ്.ഈ രണ്ടു രാജ്യങ്ങളും തമ്മിൽ സുദീർഘ കാലത്തെ ബന്ധമാണുള്ളത്.ഇവ തമ്മിലുള്ള ബന്ധം നിരന്തരം നിലനിർത്തൽ നമ്മുടെ പ്രതിജ്ബദ്ധമായ കർത്തവ്യമാണ്.നിങ്ങൾ, കേരളത്തിൽ നിന്നുള്ള സമൂഹം മാനുഷിക വിഭവ ശേഷിയിലും സാങ്കേതിക വികസനത്തിലും മികവ് നേടിയവരാണ്.ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ബൗദ്ധിക ജീവിത നിലവാരത്തിലും കേരളം ലോകത്തിന്റെ ശൃംഗത്തിലാണ് ഇന്നുള്ളത്.നാം ഒന്നായി ചേർന്നു കൊണ്ട് ലോകത്തിലെ തന്നെ ജീവസ്സുറ്റ ഈ രാജ്യത്തിന്റെ ദേശീയ ദിനമാഘോഷിക്കുകയാണ്. ''എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ, ഇത്തരമൊരു ശ്രദ്ധേയ സഹിഷ്ണുതാ സമ്മേളനം സംഘടിപ്പിച്ച ദുബൈ കേരള മുസ്ലിം കൾചറൽ സെന്ററിനെ ഞാൻ മുക്തകണ്ഠം പ്രശംസിക്കുന്നു.നിങ്ങളുടെ പ്രവർത്തനങ്ങൾ ഏറ്റവും മഹത്തായതെന്ന് ഞാൻ മനസ്സിലാക്കുന്നു'' -ശൈഖ് നഹ്യാൻ പറഞ്ഞു.

ശൈഖ് സായിദ് ബിൻ സുൽത്താൻ അൽനഹ്യാന്റെ നേതൃത്വത്തിൽ 48 വർഷം മുൻപ് യുഎഇയെ രാഷ്ട്രമായി സ്ഥാപിക്കുമ്പോൾ സഹിഷ്ണുത, സമാധാനം, സമൃദ്ധി എന്നീ മൂല്യ ഗുണങ്ങൾക്കും ഒപ്പം വിത്തു പാകിയിരുന്നു.പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽനഹ്യാൻ ഈ രാജ്യത്തെ സഹിഷ്ണുതയുടെയും സമൃദ്ധിയുടെയും സമാധാനത്തിന്റെയും ആഗോള ഹൃദയമാക്കി പരിവർത്തിപ്പിച്ചു. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാൻ,അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാൻ എന്നിവർ ശൈഖ് സായിദിന്റെ ദർശനം ആധാരമാക്കി രാജ്യത്തിന്റെ ഭാവി വികസനം സമുജ്വലമായി നേടിയെടുക്കാൻ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നു. അതിന്റെ ഫലമായി, ഐക്യ അറബ് എമിറേറ്റുകൾ സംസ്‌കാരത്തിന്റെയും മാനുഷിക വികസനത്തിന്റെയും ത്രസിക്കുന്ന കേന്ദ്ര ബിന്ദുവായി ഇന്ന് മാറിയിരിക്കുന്നു.ബിസിനസ്, പരിസ്ഥിതി, സാങ്കേതികത, ഇന്നൊവേഷൻ,ക്രിയേറ്റിവിറ്റി തുടങ്ങിയവയുടെ ആഗോള ലീഡറാണ് ഇന്ന് യുഎഇ.ലോകത്തിന്റെ വികസന പരിപ്രേക്ഷ്യം ഇന്ന് യുഎഇയിൽ കാണാനാകുന്നുണ്ട്.

നമ്മളെല്ലാവരും ചേർന്ന് ഈ രാജ്യത്തെ വികസിപ്പിച്ചതിൽ വലിയ പങ്കാണ് വഹിച്ചത്.നിങ്ങൾ,ഇന്ത്യക്കാർ,വിശേഷിച്ചും മലയാളികൾ ഞങ്ങളുടെ അതിഥികളായി ഇവിടെ എത്തി ഈ നാടിനെ പുഷ്ടിപ്പെടുത്തിയതിൽ ഞങ്ങളേറെ കൃതാർത്ഥരാണ്.അതിൽ,ഇമാറാത്തി സമൂഹം അളവറ്റ നിലയിൽ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. നിങ്ങൾ കേരളക്കാ ഇമാറാത്തികളുടെ മികച്ച സുഹൃത്തുക്കളാണ്.ഇന്ത്യക്കാരും ഇമാറാത്തികളും തമ്മിലുള്ള ബന്ധം ഏറെ ഊഷ്മളമായതാണ്.ഈ ബന്ധം ഇനിയും സുദീർഘമായി തുടരട്ടെയെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. നിങ്ങൾക്കേവർക്കും എല്ലാ ആശംസകളും നേരുന്നു-ശൈഖ് നഹ്യാൻ തന്റെ ഉദ്ഘാടന പ്രസംഗം ഉപസംഹരിച്ചു.

സമ്മേളനത്തിൽ ദുബൈ കെഎംസിസി ജന.സെക്രട്ടറി മുസ്തഫ വേങ്ങര സ്വാഗതം പറഞ്ഞു.സംസ്ഥാന കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ അധ്യക്ഷനായിരുന്നു.മലപ്പുറം ജില്ലാ ലീഗ് ജന.സെക്രട്ടറി അഡ്വ.യു.എ ലത്തീഫ് സംസാരിച്ചു. മന്ത്രി ശൈഖ് നഹ്യാനെ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ടോളറൻസ് അവാർഡ് നൽകി ആദരിച്ചു.സഹിഷ്ണുതാ സന്ദേശമടങ്ങിയ ചിത്രീകരണത്തോടെയായിരുന്നു ആഘോഷ പരിപാടികൾക്ക് തുടക്കമായത്.വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിച്ചു.ദുബൈ കെഎംസിസി ഓർഗ.സെക്രട്ടറി ഹംസ തൊട്ടി നന്ദി പറഞ്ഞു.കണ്ണൂർ ഷരീഫിന്റെ നേതൃത്വത്തിൽ 'ഇശൽ രാവ്' അരങ്ങേറി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP