Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സി.ബി.എസ്. ഇ. സ്‌കൂളുകൾക്ക് പുതിയ അറബി പുസ്തകവുമായി മലയാളി രംഗത്ത്; അമാനുള്ള വടക്കാങ്ങരയുടെ പുസ്തകത്തിന് മികച്ച പ്രതികരണം

സി.ബി.എസ്. ഇ. സ്‌കൂളുകൾക്ക് പുതിയ അറബി പുസ്തകവുമായി മലയാളി രംഗത്ത്; അമാനുള്ള വടക്കാങ്ങരയുടെ പുസ്തകത്തിന് മികച്ച പ്രതികരണം

ദുബൈ. ന്യൂഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന സെൻട്രൽ ബോർഡ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷന്റെ കീഴിൽ ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിൽ രണ്ടാം ഭാഷയായും മൂന്നാം ഭാഷയായും അറബി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സഹായകമായ പുസ്തക പരമ്പരയുമായി മലയാളി രംഗത്ത്. രണ്ട് പതിറ്റാണ്ടോളം ഇന്ത്യയിലും ഗൾഫിലുമുള്ള പ്രമുഖ സി.ബി. എസ്. ഇ. സ്‌കൂളുകളിൽ അറബി പഠിപ്പിച്ച അനുഭവത്തിന്റെ അടിസ്ഥാനത്തിൽ അമാനുല്ല വടക്കാങ്ങരയാണ് പുതിയ അറബി പരമ്പരയുമായി രംഗത്ത് വന്നിരിക്കുന്നത്.

സി.ബി.എസ്.ഇ ക്കോ എൻ.സി.ആർ.ടിക്കോ ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിൽ അറബി പഠിപ്പിക്കുവാൻ നിശ്ചിതമായ ടെക്സ്റ്റ് ബുക്കുകളില്ലാത്തത് അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരു പോലെ തലവേദനയായിരുന്നു. പല സ്‌ക്കൂളുകളും വിദേശി പ്രസാധകരുടെ പുസ്തകങ്ങളെയാണ് ആശ്രയിച്ചിരുന്നത്. ഇത് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഏറെ പ്രയാസം സൃഷ്ടിച്ചു. മറ്റു പല സ്‌ക്കൂളുകളും കേരള അറബിക് റീഡറോ , കേരളത്തിലെ മദ്രസകൾക്ക് വേണ്ടി തയ്യാറാക്കിയ അറബി പുസ്തകങ്ങളോ ആണ് അവലംബിച്ചിരുന്നത്. ഇത് മലയാളികളല്ലാത്ത വിദ്യാർത്ഥികൾക്ക് പ്രയാസം സൃഷ്ടിച്ചുകൊണ്ടിരുന്നു.

ഈ പശ്ചാത്തലത്തിലാണ് ഇന്ത്യക്കകത്തും പുറത്തും സി.ബി.എസ്.ഇ. സ്‌ക്കൂളുകളിൽ ഒന്നു മുതൽ എട്ടുവരെ കൽസുകളിൽ അറബി രണ്ടാം ഭാഷയായും മൂന്നാം ഭാഷയായും പഠിക്കുന്ന വിദ്യാർത്ഥികളെ ഉദ്ദേശിച്ച് അറബിക് ഫോർ ഇംഗ്ലീഷ് സ്‌കൂൾസ് എന്ന ആശയമുദിച്ചതെന്ന് അമാനുല്ല വടക്കാങ്ങര പറഞ്ഞു. ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ പ്രസാധകരായ കൃതി പ്രകാശൻ പ്രസിദ്ധീകരിച്ച പരമ്പരക്ക് വമ്പിച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് പുസ്തകം യു.എ.ഇ. യിലെ സ്‌കൂളുകളിൽ പരിചയപ്പെടുത്തുന്നതിനായി ദുബൈയിലെത്തിയ അമാനുല്ല പറഞ്ഞു. ഖത്തറിലും സൗദി അറേബ്യയിലും കുവൈത്തിലും പല ഇന്ത്യൻ സ്‌കൂളുകളും ഇതിനകം തന്നെ പുസ്തകം അംഗീകരിച്ചു കഴിഞ്ഞു. ഒമാനിലും യു.എ.ഇയിലും ബഹറൈനിലും താമസിയാതെ പുസ്തകം ലഭ്യമാക്കും.



ഭാഷാ പഠനത്തിന്റെ നൂതന രീതികൾ അവലംബിക്കുന്ന അറബിക് ഫോർ ഇംഗ്ലീഷ് സ്‌കൂൾസ് പരമ്പര സാഹിത്യ ഭാഷയും സംസാര ഭാഷയും സമന്വയിപ്പിക്കുന്ന രീതിയാണ് പിന്തുടരുന്നത്. ഇത് ഗൾഫ് നാടുകളിലെ വിദ്യാർത്ഥികൾക്ക് ഭാഷാ പഠനം കൗതുകകരവും കാര്യക്ഷമവുമാക്കാൻ സഹായകമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അറബി ഭാഷ പ്രോാൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും ഉദ്ദേശിച്ച് നിരവധി പുസ്തകങ്ങൾ തയ്യാറാക്തിയ അമാനുല്ല വടക്കാങ്ങരയുടെ സ്‌പോക്കൺ അറബിക് പുസ്തകങ്ങൾ ഏറെ ശ്രദ്ധേയമാണ്. അറബി ഭാഷയുമായി ബന്ധപ്പെട്ട് മുപ്പത്താറോളം ഗ്രന്ഥങ്ങളുടെ കർത്താവായ അമാനുല്ല വടക്കാങ്ങരയാണ് സ്‌പോക്കൺ അറബികിനെ വ്യവസ്ഥാപിതമായ ഒരു പഠന ശാഖയായി വികസിപ്പിച്ചത്. ഗൾഫിൽ തൊഴിൽ തേടിയെത്തുന്ന പലരും അറബി സംസാരം പഠിക്കുവാൻ ആശ്രയിക്കുന്നത് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളാണ്. അറബി സംസാരിക്കുവാൻ ഒരു ഫോർമുല, സ്‌പോക്കൺ അറബിക് ഗുരുനാഥൻ, സ്‌പോക്കൺ അറബിക്, സ്‌പോക്കൺ അറബിക് മാസ്റ്റർ, സ്‌പോക്കൺ അറബിക് ട്യൂട്ടർ, സ്‌പോക്കൺ അറബിക് മെയിഡ് ഈസി, സ്‌പോക്കൺ അറബിക് ഫോർ എവരിഡേ എന്നിവയാണ് പ്രധാന കൃതികൾ. കേരളത്തിലെ വിവിധ സർവകലാശാലകളിൽ അറബി പഠിക്കുന്ന വിദ്യാർത്ഥികളെ ഉദ്ദേശിച്ച് അമാനുല്ല തയ്യാറാക്കിയ അറബി സാഹിത്യ ചരിത്രം കഴിഞ്ഞ 27 വർഷങ്ങളായി ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ആശ്രയമാണ്. ഖത്തറിലെ ഐഡിയൽ ഇന്ത്യൻ സ്‌ക്കൂളിൽ അറബിക് ആൻഡ് ഇസ്‌ലാമിക് സ്റ്റഡീസ് വകുപ്പ് മേധാവിയായിരുന്ന അമാനുല്ല മാദ്ധ്യമ പ്രവർത്തകനും പരിശീലകനും വിദ്യാഭ്യാസ വിചക്ഷണനുമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP