Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വടക്കേ ഇന്ത്യയിൽ കർഷക സമര നായകൻ വിജു കൃഷ്ണനെ കാസർഗോഡ് സ്ഥാനാർത്ഥിയാക്കാൻ ആലോചിച്ച് സിപിഎം നേതൃത്വം; പി കരുണാകരൻ മത്സരിക്കില്ലെന്ന് ഉറപ്പായതോടെ പകരം പരിഗണിക്കുന്ന സ്ഥാനാർത്ഥികളിൽ മുമ്പിൽ വിജു കൃഷ്ണനെന്ന് റിപ്പോർട്ടുകൾ; കേരളത്തിന് പുറത്ത് കർഷകരെ സംഘടിപ്പിച്ച് സിപിഎമ്മിന് ദേശീയ ഇമേജ് സൃഷ്ടിച്ച ചോരതിളക്കമുള്ള നേതാവിന് വേണ്ടി ഗ്രൂപ്പ് ഭേദമില്ലാതെ പാർട്ടി പ്രവർത്തകർ; ഔദ്യോഗികമായി ഒന്നും പറയാതെ സിപിഎമ്മും

വടക്കേ ഇന്ത്യയിൽ കർഷക സമര നായകൻ വിജു കൃഷ്ണനെ കാസർഗോഡ് സ്ഥാനാർത്ഥിയാക്കാൻ ആലോചിച്ച് സിപിഎം നേതൃത്വം; പി കരുണാകരൻ മത്സരിക്കില്ലെന്ന് ഉറപ്പായതോടെ പകരം പരിഗണിക്കുന്ന സ്ഥാനാർത്ഥികളിൽ മുമ്പിൽ വിജു കൃഷ്ണനെന്ന് റിപ്പോർട്ടുകൾ; കേരളത്തിന് പുറത്ത് കർഷകരെ സംഘടിപ്പിച്ച് സിപിഎമ്മിന് ദേശീയ ഇമേജ് സൃഷ്ടിച്ച ചോരതിളക്കമുള്ള നേതാവിന് വേണ്ടി ഗ്രൂപ്പ് ഭേദമില്ലാതെ പാർട്ടി പ്രവർത്തകർ; ഔദ്യോഗികമായി ഒന്നും പറയാതെ സിപിഎമ്മും

മറുനാടൻ മലയാളി ബ്യൂറോ

കാസർഗോഡ് : കർഷകസമര നായകൻ വിജു കൃഷ്ണനെ കാസർകോട് ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി സിപിഎം. പരിഗണിക്കുന്നതായി റിപ്പോർട്ട്. ദേശീയ തലത്തിൽ കർഷകരെ സംഘടിപ്പിച്ച് സിപിഎമ്മിന് പുതിയ ഉണർവ് നൽകിയത് വിജു കൃഷ്ണനാണ്. ഇതാണ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത് പ്രധാന കാരണം. കേരളത്തിലെ കർഷകരെ സിപിഎമ്മുമായി അടുപ്പിക്കാനും ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശത്തോടെ കേരള ഘടകവും അനുകൂല തീരുമാനം എടുത്തതായാണ് സൂചന. കാസർഗോട്ടെ മത-ജാതി സമവാക്യങ്ങൾ അനുകൂലമാക്കാനും വിജുവിലൂടെ കഴിയുമെന്നാണ് സിപിഎം വിലയിരുത്തൽ

മഹാരാഷ്ട്രയിലെ കർഷകർ ജീവന്മരണ പോരാട്ടത്തിലായിരുന്നു. വരൾച്ച കൊണ്ടുണ്ടായ വിളനാശത്തിലും മറ്റ് കാരണങ്ങളാലും ആത്മഹത്യയിൽ അഭയം കർഷകർ. അധികാരത്തിലേറിയ ബിജെപി സർക്കാർ കർഷകർക്കായി കടാശ്വാസ പാക്കേജ് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ അതിന്റെ ഗുണം കർഷകർക്ക് ലഭിച്ചിട്ടില്ല. ഇതോടെ അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ കർഷക മാർച്ച് സംഘടിപ്പിച്ചു. നാസിക്കിൽ നിന്നും തുടങ്ങി മുംബൈയിലേക്കുള്ള മാർച്ചിൽ ലക്ഷണക്കണക്കിന് പേർ പങ്കാളികളായി. മോദി സർക്കാരിനെതിരായ പോരാട്ട പ്രഖ്യാപനമായിരുന്നു ഇത്. ഈ പ്രക്ഷോഭത്തിലെ അമരക്കാരനായിരുന്നു കരിവള്ളൂർ സ്വദേശി വിജു കൃഷ്ണൻ. ഇങ്ങനെ ചോരത്തെളിപ്പിലൂടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ദേശീയ തലത്തിൽ പെരുമയുണ്ടാക്കി നൽകിയ വിജു കൃഷ്ണന് അർഹതയുടെ അംഗീകാരം നൽകാനാണ് സിപിഎം കേരളാ ഘടകത്തിന്റെ നീക്കം. വിജുവിനെ കാസർഗോഡ് നിന്ന് ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാൻ നേതൃത്വം തത്വത്തിൽ തീരുമാനിച്ചതായാണ് റിപ്പോർട്ട്.

മുൻകാല കമ്യൂണിസ്റ്റ് കർഷകസമരങ്ങളുടെ കേന്ദ്രമായിരുന്ന കരിവെള്ളൂരിനടുത്തെ ഓണക്കുന്ന് സ്വദേശിയാണ് അദ്ദേഹം. കാസർകോട് ലോക്സഭാ മണ്ഡലത്തിൽപ്പെടുന്ന പയ്യന്നൂർ നിയമസഭാ മണ്ഡലത്തിലെ പ്രദേശം. കർഷകപ്രശ്‌നങ്ങളിൽ കേന്ദ്രീകരിക്കാനുള്ള സിപിഎം. നീക്കത്തിന്റെ ഭാഗംകൂടിയായിരുന്നു ഇത്. അടുത്തിടെ രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം. പ്രതിനിധികളായി രണ്ടു കർഷകർ ജയിച്ചു. രണ്ടിടത്ത് രണ്ടാമതെത്തി. പല മണ്ഡലങ്ങളിലും പതിനായിരത്തിലേറെ വോട്ടുനേടി. ഇതെല്ലാം കർഷകമുന്നേറ്റങ്ങളുടെ ഫലമാണെന്ന് സിപിഎം. കാണുന്നു. ഇതിന്റെ തുടർച്ചയായാണ് വിജുവിന്റെ സ്ഥാനാർത്ഥിത്വം പരിഗണിക്കുന്നത്. ഇടതുമുന്നണിക്ക് താരതമ്യേന മുൻതൂക്കമുള്ള മണ്ഡലമാണ് കാസർകോട്. ഏഴു നിയമസഭാ മണ്ഡലങ്ങളിൽ കല്യാശ്ശേരി, പയ്യന്നൂർ, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ മുന്നണിക്ക് വ്യക്തമായ മേൽക്കൈയുണ്ട്. ഉദുമയിൽ എൽ.ഡി.എഫും യു.ഡി.എഫും തുല്യശക്തിയാണ്. മഞ്ചേശ്വരത്ത് മുന്നണികളും ബിജെപി.യും തുല്യംനിൽക്കുന്നു.

കാസർകോട് നിയമസഭാ മണ്ഡലത്തിൽ മാത്രമാണ് യു.ഡി.എഫിന് വ്യക്തമായ ആധിപത്യമുള്ളത്. കഴിഞ്ഞതവണ സിപിഎമ്മിലെ പി. കരുണാകരൻ 6921 വോട്ടിന് കഷ്ടിച്ച് കടന്നുകൂടുകയായിരുന്നു. ഇത്തവണ കരുണാകരൻ മത്സരത്തിനില്ലെന്ന നിലപാടിലാണ്. ഈ സാഹചര്യത്തിൽ വിജുവിന് സാധ്യത ഏറെയാണ്. കേന്ദ്രകമ്മിറ്റിയംഗം എം വി ഗോവിന്ദൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.പി. സതീഷ് ചന്ദ്രൻ, സി.എച്ച്. കുഞ്ഞമ്പു, ജില്ലാ സെക്രട്ടേറിയറ്റംഗം വി.പി.പി. മുസ്തഫ തുടങ്ങിയ പേരുകളും പറഞ്ഞുകേൾക്കുന്നു. ഇതിൽ ഏറ്റവും മുൻഗണന വിജു കൃഷ്ണന് തന്നെയാണ്. പിണറായി വിജയനും വിജുവിനെ പിന്തുണയ്ക്കുന്നുണ്ട്. കേരള രാഷ്ട്രീയത്തിൽ വിജുവിനെ സജീവമാക്കുന്നതിന്റെ ഭാഗം കൂടിയാകും ഇത്.

മാന്യമായി കോട്ടും സ്യൂട്ടുമിട്ട് സുഖമായി ജീവിക്കാവുന്ന ജോലി വലിച്ചെറിഞ്ഞ് കർഷക സമരങ്ങളുടെ അമരക്കാരനായി മാറിയ വ്യക്തിയാണ് വിജു കൃഷ്ണൻ. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും അഖിലേന്ത്യാ കിസാൻ സഭയുടെ ദേശീയ നേതാവും. എസ്എഫ്‌ഐയുടെ സ്റ്റുഡന്റ്‌സ് യൂണിയൻ പ്രസിഡന്റായിരുന്ന വിജുകൃഷ്ണൻ ജെഎൻയുവിൽ വിദ്യാർത്ഥി സമരങ്ങൾക്ക് നേതൃത്വം കൊടുത്താണ് നേതൃസ്ഥാനത്തേക്ക് കടന്നുവരുന്നത്. നവഉദാരീകരണ നയങ്ങൾ എങ്ങനെ കേരളത്തിലെയും ആന്ധ്രയിലെയും കർഷകരെ ബാധിച്ചു എന്ന വിഷയത്തിലായിരുന്നു വിജുകൃഷ്ണന്റെ പിഎച്ച്ഡി ഗവേഷണം. ബംഗളൂരു സെന്റ് ജോസഫ്‌സ് കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം തലവനായിരുന്ന വിജൂകൃഷ്ണൻ ജോലി രാജിവച്ചാണ് മുഴുവൻ സമയ പാർട്ടിപ്രവർത്തന രംഗത്തേക്ക് കടന്നുവരുന്നത്. 2009 മുതൽ കർഷകസംഘ നേതൃസ്ഥാനത്തുള്ള വിജുകൃഷ്ണൻ ഏറെ ചരിത്ര പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച കരിവെള്ളൂരിലാണ് ജനിച്ചത്. ദേശീയ തലത്തിൽ സിപിഎം സംഘടിപ്പിക്കുന്ന കർഷക പ്രക്ഷോഭങ്ങൾക്ക് പിന്നിലെ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചത് വിജുവായിരുന്നു.

കമ്മ്യൂണിസ്റ്റ് കുടുംബം തന്നെയാണ് വിജുവിന്റേത്. ഇകെ നായനാർ ഉൾപ്പെടെ നിരവധി കമ്മ്യൂണിസ്റ്റ് നേതാക്കൾ വിജു കൃഷ്ണന്റെ വീട്ടിൽ ഒളിവിൽ താമസിച്ചിരുന്നു. കുടുംബത്തിലെ പലരും കമ്മ്യൂണിസ്റ്റ് അനുഭാവികളോ പ്രവർത്തകരോ ആയിരുന്നു. ജന്മിമാരുടെ അടിച്ചമർത്തലുകളെയും അതിനെതിരെയുള്ള പോരാട്ടങ്ങളെയും കുറിച്ചുള്ള കഥകൾ ചെറുപ്പത്തിൽ വല്ലാതെ സ്വാധീനിച്ചിരുന്നു. 1996 മുതൽ സജീവ രാഷ്ടീയത്തിലുണ്ട്. വിദ്യാർത്ഥി പ്രസ്ഥാനത്തിലും സജീവമായിരുന്നു. ഡൽഹിയിലെ പഠന കാലയളവിലാണ് എസ്എഫ്‌ഐയിൽ ചേരുന്നത്. ജെഎൻയുവിൽ യൂണിയൻ പ്രസിഡന്റായിരുന്നു. അതിനു ശേഷം പിഎച്ച്ഡി ചെയ്തത് കേരളത്തിലെയും ആന്ധ്രാപ്രദേശിലെയും കർഷകരെ നവഉദാരീകരണ നയങ്ങൾ എങ്ങനെ ബാധിച്ചുവെന്നതിലായിരുന്നു. പിന്നീട് ബംഗളൂരുവിൽ ഒരു കോളേജിൽ ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റായി പ്രവർത്തിച്ചു.

വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് പ്ലാനിങ് ബോർഡിന്റെ അഗ്രികൾച്ചർ കമ്മിറ്റിയിൽ അംഗമായിരുന്നു. ആ സമയത്താണ് ജെഎൻയുവിൽ അസിസ്റ്റന്റ് പ്രൊഫസർ പോസ്റ്റിലേക്ക് ഇന്റർവ്യൂ കോൾ വന്നത്. എന്നാൽ പിന്നീടാണ് ജോലി വേണ്ടെന്ന് തീരുമാനിച്ച് പൂർണ സമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടന്നത്. 2009 മുതൽ കർഷക സംഘത്തിൽ സജീവമാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങൾ സന്ദർശിച്ച് അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനും സമരം ചെയ്യാനും സദാ സന്നദ്ധനായ സമരപോരാളിയാണ് വിജുകൃഷണൻ. 2018 ഫെബ്രുവരിയിൽ രാജസ്ഥാനിൽ നടന്ന കർഷക സമരത്തിൽ സജീവമായി പങ്കെടുത്ത വിജുകൃഷ്ണൻ ഉനയിൽ 2016 ഓഗസ്റ്റ് 15ന് നടന്ന ചരിത്ര സമരത്തിലും ജിഗ്‌നേഷ് മേവാനിക്കൊപ്പം സമരക്കാരെ അഭിസംബോധന ചെയ്തും സംസാരിച്ചിരുന്നു. 2016 നവംബറിൽ തമിഴ്‌നാട് വിരുദനഗറിൽ ആരംഭിച്ച കിസാൻ സഭയുടെ കിസാൻ സംഘർഷ് ജാഥയുടെ അമരത്തും വിജുകൃഷ്ണൻ ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP