Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക്‌സഭയിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മുലായം രംഗത്ത്; കോൺഗ്രസ്-ബിജെപി വിരുദ്ധ പാർട്ടികളിൽ ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിൽ ആദ്യം നറുക്ക് വീഴുക തനിക്കെന്ന് കരുതി മമതാ ബാനർജി; ഏതെങ്കിലും തരത്തിൽ ബിഎസ്‌പി സീറ്റുകൾ നിർണ്ണായകമാകുമെങ്കിൽ പ്രധാനമന്ത്രി പദം ചോദിക്കാൻ ഒരുങ്ങി മായാവതി; തൂക്ക് പാർലമെന്റ് പ്രവചിച്ചതോടെ മോദി വിരുദ്ധ സഖ്യത്തിലുള്ള പലരും പ്രധാനമന്ത്രി പദം സ്വപ്‌നം കണ്ട് ചാട്ടം തുടങ്ങി

ലോക്‌സഭയിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മുലായം രംഗത്ത്; കോൺഗ്രസ്-ബിജെപി വിരുദ്ധ പാർട്ടികളിൽ ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിൽ ആദ്യം നറുക്ക് വീഴുക തനിക്കെന്ന് കരുതി മമതാ ബാനർജി; ഏതെങ്കിലും തരത്തിൽ ബിഎസ്‌പി സീറ്റുകൾ നിർണ്ണായകമാകുമെങ്കിൽ പ്രധാനമന്ത്രി പദം ചോദിക്കാൻ ഒരുങ്ങി മായാവതി; തൂക്ക് പാർലമെന്റ് പ്രവചിച്ചതോടെ മോദി വിരുദ്ധ സഖ്യത്തിലുള്ള പലരും പ്രധാനമന്ത്രി പദം സ്വപ്‌നം കണ്ട് ചാട്ടം തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

ലക്‌നൗ: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൂക്ക് പാർലമെന്റുണ്ടാകുമെന്നാണ് പ്രവചനം. അതായത് ആർക്കും പ്രധാനമന്ത്രിയാകാമെന്ന അവസ്ഥ. ഇത് തിരിച്ചറിഞ്ഞ് പ്രാദേശിക നേതാക്കളെല്ലാം പ്രധാനമന്ത്രി കുപ്പായം തയ്ക്കാൻ തുടങ്ങുകയാണ്. കോൺഗ്രസിതര പ്രധാനമന്ത്രിയുടെ സാധ്യതകളാണ് പ്രവചനങ്ങളിലുള്ളത്. ബിജെപിക്ക് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറാൻ കഴിയുമെങ്കിലും ഭരണമുറപ്പിക്കാനുള്ള എംപിമാരെ കിട്ടില്ലെന്നാണ് വിലയിരുത്തലുകൾ. ഇത് മനസ്സിലാക്കിയാണ് ഏവരും കരുക്കൾ നീക്കുന്നത്.

ഈ സാഹചര്യത്തിൽ ഉത്തർപ്രദേശിലെ മെയിൻപുരി മണ്ഡലത്തിൽനിന്നു സമാജ്വാദി പാർട്ടി (എസ്‌പി) സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവ് മത്സരിക്കുമെന്നു പാർട്ടി നേതാവ് രാം ഗോപാൽ അറിയിച്ചു. യുപിയിലെ എസ്‌പി-ബിഎസ്‌പി സഖ്യത്തെക്കുറിച്ചു തനിക്ക് അറിയില്ലെന്നും പാർട്ടി അധ്യക്ഷന്മാരാണു സഖ്യതീരുമാനം പ്രഖ്യാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു. യുപിയിലെ 80 ലോക്‌സഭാ സീറ്റുകളിൽ 71 സീറ്റുകളും നിലവിൽ ബിജെപിക്കാണ്. എസ്‌പിക്ക് 5 എംപിമാരും. ബിഎസ്‌പിക്ക് ഇല്ല. എന്നാൽ യുപിയിൽ എസ്‌പിയും ബിഎസ്‌പിയും ഒരുമിക്കുന്നതോടെ 60 ഓളം സീറ്റുകളിൽ അവർ ജയിക്കുമെന്നാണ് പ്രവചനം. ഈ സാഹചര്യത്തിൽ യുപിയിൽ നിന്നൊരു പ്രധാനമന്ത്രിക്ക് സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിലാണ് മുലായം മത്സരിക്കാനെത്തുന്നത്.

ചെറു പാർട്ടികളിൽ ഏറ്റവും കൂടുതൽ സീറ്റ് കിട്ടാൻ സാധ്യത തൃണമൂൽ കോൺഗ്രസിനാണ്. ബംഗാളിൽ ശക്തമായ പ്രതിപക്ഷം ഇല്ലാത്തതാണ് ഇതിന് കാരണം. സിപിഎം തകർന്നടിഞ്ഞു കഴിഞ്ഞു. കോൺഗ്രസിന്റെ കാര്യവും പരിതാപകരവും. അവിടെ ബിജെപിക്ക് വലിയ വളർച്ചയുണ്ടായിട്ടുമില്ല. 43 സീറ്റാണ് ബംഗാളിലുള്ളത്. ഇതിൽ 34ലും കൈവശം വച്ചിരിക്കുന്നത് മമതയുടെ തൃണമൂലാണ്. കോൺഗ്രസിന് നാലും ബിജെപിക്ക് മൂന്നും സിപിഎമ്മിന് രണ്ടും. അടുത്ത തെരഞ്ഞെടുപ്പിൽ 34 എന്നുള്ളത് 40ആക്കാനാണ് മമതയുടെ ശ്രമം. ഇതിലൂടെ പ്രധാനമന്ത്രിക്ക് തൊട്ടടുത്ത് എത്താമെന്നാണ് മമതയുടെ കണക്ക് കൂട്ടൽ. ഏറ്റവും അധികം സീറ്റു നേടുന്ന പ്രാദേശിക പാർട്ടി നേതാവ് പ്രധാനമന്ത്രിയാകുമെന്ന വിലയിരുത്തലാണ് ഇതിന് കാരണം.

യുപിയിലെ മുന്നണി ബന്ധമാണ് മമതയ്ക്ക് തുണയാകുന്നത്. യുപിയിൽ 80 സീറ്റാണുള്ളത്. ഇതിൽ ബിഎസ്‌പിയും എസ് പിയും ഒരുമിച്ച് മത്സരിക്കുന്നതിനാൽ ഈ രണ്ട് കക്ഷികൾക്കും 40 സീറ്റ് കടക്കാനാകില്ല. തമിഴ്‌നാട്ടിൽ ജയലളിതയുടെ മരണത്തോടെ എഐഎഡിഎംകെ ദുർബലമായി. കഴിഞ്ഞ തവണ എഐഎഡിഎംകെയ്ക്ക് 37 സീറ്റുകൾ ലഭിച്ചിരുന്നു. ജയലളിതയുടെ പാർട്ടിയായിരുന്നു പ്രാദേശിക കക്ഷികളിൽ മുന്നിൽ. ഇത്തവണ എഐഎഡിഎംകെയോ ഡിഎംകെയോ 30 സീറ്റിന് മുകളിൽ നേടാൻ സാധ്യതയില്ല. കമൽഹാസനും രജിനികാന്തും രാഷ്ട്രീയ പാർട്ടിയുമായി എത്തിയതാണ് ഇതിന് കാരണം. അങ്ങനെ മമത പലവിധ കണക്കുകൂട്ടലിലാണ്. മറ്റൊരു സംസ്ഥാനത്തേയും പ്രാദേശിക പാർട്ടികൾക്കും മമതയെ മറികടക്കാനാകില്ലെന്ന് തന്നെയാണ് പൊതു വിലയിരുത്തൽ.

എന്നാൽ യുപിയിലെ ബിഎസ് പിയും എസ് പിയും കടുത്ത വെല്ലുവിളിയാണ്. ഇവർ വൻ മുന്നേറ്റം യുപിയിൽ നടത്തിയാൽ മോദി സർക്കാരിന് വലിയ തിരിച്ചടിയായി അത് മാറും. ഈ സാഹചര്യത്തിൽ മായാവതിയും പ്രധാനമന്ത്രി പദത്തിനായി സജീവമായി നിലകൊള്ളും. ഇത് മനസ്സിലാക്കിയാണ് മുലായവും എത്തുന്നത്. എസ് പിയും ബിഎസ്‌പിയും സമവായത്തിലെത്തി പൊതു പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ അവതിപ്പിച്ചാൽ അവർക്ക് വേണ്ടി ബാക്കിയുള്ള എല്ലാവർക്കും വഴി മാറേണ്ടി വരും. പ്രധാനമന്ത്രി പദമോഹവുമായാണ് പ്രതിപക്ഷത്തെ ഐക്യപ്പെടുത്താൻ അന്ധ്രയിൽ നിന്ന് ചന്ദ്രബാബു നായിഡു ഡൽഹിക്കെത്തിയത്. എന്നാൽ തെലുങ്കാനയിൽ ഏറ്റ തിരിച്ചടിയോടെ ചന്ദ്രബാബു നായിഡുവിന്റെ പ്രധാനമന്ത്രി പദമോഹങ്ങൾക്ക് മങ്ങലേറ്റു.

തെലുങ്കാനയിൽ 15 ലോക്‌സഭാ സീറ്റുകൾ മാത്രമേ ഉള്ളൂ. അതിനാൽ തെലുങ്കാനയിൽ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ പാർട്ടി കുതിച്ചു കയറിയാലും പ്രധാനമന്ത്രി പദത്തിന് അവകാശ വാദം ഉന്നയിക്കാൻ പറ്റില്ല. ഒഡീഷയിൽ 20 സീറ്റാണുള്ളത്. ഇതിൽ 18 ഉം നവീൻ പട്‌നായിക്കിന്റെ ബിജു ജനതാദള്ളിന് അവകാശപ്പെട്ടതാണ്. 20ൽ 20 നേടിയാലും പ്രദേശിക കക്ഷിയെന്ന നിലയിൽ മമതയുടെ നേട്ടത്തിനൊപ്പമെത്താൻ സാധ്യത കുറവാണ്. അതുകൊണ്ട് കൂടിയാണ് അടുത്ത പ്രധാനമന്ത്രിയായി പലരും മമതയെ കാണുന്നത്. ബംഗാളിൽ ബിജെപി കുതിച്ചു കയറിയാൽ മാത്രമാകും മമതയുടെ സാധ്യത ഇടിയുക. ഇതിന് സാധ്യത വളരെ കുറവുമാണ്.

പൊതു തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ ബിജെപിക്കെതിരെ വിശാലസഖ്യത്തെ അണിനിരത്താനുള്ള ശ്രമങ്ങൾ സജീവമാക്കി പ്രതിപക്ഷ പാർട്ടികൾ സജീവ ചർച്ചയിലാണ്. ഇതുമായി ബന്ധപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ നാഷണൾ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള സന്ദർശിച്ചിരുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മമതയെ പരിഗണിക്കുമെന്ന സൂചന നൽകിയായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം ഒമർ അബ്ദുള്ളയുടെ പ്രതികരണം. ബംഗാളിൽ മമത ചെയ്യുന്ന കാര്യങ്ങൾ രാജ്യത്തിന് വേണ്ടി ചെയ്യാനാവും. അതിനാൽ മമതയെ ദേശീയ തലസ്ഥാനത്തേക്ക് എത്തിക്കാൻ വേണ്ടി പ്രവർത്തിക്കുമെന്നായിരുന്നു പ്രതികരണം. ഇത്തരത്തിൽ ചെറിയ പാർട്ടികളുടെ പിന്തുണയും മമതയ്‌ക്കൊപ്പമാണ്, ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മമത ബാനർജി ഡൽഹിയിലേക്ക് മാറുമെന്ന് പറഞ്ഞ ഒമർ മമത പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുമോ എന്ന് ഇപ്പോൾ പറയാനാവില്ലെന്നും പറഞ്ഞിരുന്നു.

നിലവിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ കോൺഗ്രസിന് 100ൽ താഴെ സീറ്റുകളേ ലഭിക്കൂവെന്നാണ് പറയുന്നത്. ഈ നിലയിൽ കാര്യങ്ങൾ തുടർന്നാലാകും പ്രാദേശിക പാർട്ടികളിലേക്ക് പ്രധാനമന്ത്രി പദമെത്തുക. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 150ൽ അധികം സീറ്റ് കിട്ടിയാൽ എല്ലാവർക്കും രാഹുൽ ഗാന്ധിയെ തന്നെ പ്രധാനമന്ത്രിയാക്കേണ്ടിയും വരും. ഇത് തിരിച്ചറിഞ്ഞാണ് മമതയുൾപ്പെടെയുള്ളവർ പ്രാദേശിക തലത്തിൽ കോൺഗ്രസുമായി സഖ്യത്തിന് തയ്യാറാക്കത്തതും. ബിജെപിയുടേയും കോൺഗ്രസിന്റേയും സീറ്റ് പരമാവധി കുറിച്ച് തൂക്ക് പാർലമെന്റിലേക്ക് കാര്യങ്ങളെത്തിക്കുകയാണ് അവരുടെ ലക്ഷ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP