Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സമദൂര നിലപാട് മുറുകെ പിടിച്ച് നവീൻ പട്‌നായികും ചന്ദ്രശേഖർ റാവുവും മുമ്പോട്ട്; സ്വന്തം മണ്ണ് ഉറപ്പിച്ച് എങ്ങോട്ട് ചാടാനും റെഡിയായി മായാവതിയും മമതയും; ഫലം വരും വരെ കാത്തിരിക്കാൻ വൈ എസ് ആർ കോൺഗ്രസും ഡിഎംകെയും; കോൺഗ്രസിനെ തള്ളി സ്വന്തം സഖ്യം ഉണ്ടാക്കി ബിഎസ് പിയും എസ് പിയും; അസ്വസ്ഥത മാറാതെ കർണ്ണാടകയിലെ സഖ്യകക്ഷി ഭരണം; രാഹുൽ ഗാന്ധി ഏറെ വിയർത്തെങ്കിലും മഹാ സഖ്യത്തിലേക്കുള്ള യാത്രയിൽ ഒരു ചുവടു പോലും മുന്നേറാനായില്ല

സമദൂര നിലപാട് മുറുകെ പിടിച്ച് നവീൻ പട്‌നായികും ചന്ദ്രശേഖർ റാവുവും മുമ്പോട്ട്; സ്വന്തം മണ്ണ് ഉറപ്പിച്ച് എങ്ങോട്ട് ചാടാനും റെഡിയായി മായാവതിയും മമതയും; ഫലം വരും വരെ കാത്തിരിക്കാൻ വൈ എസ് ആർ കോൺഗ്രസും ഡിഎംകെയും; കോൺഗ്രസിനെ തള്ളി സ്വന്തം സഖ്യം ഉണ്ടാക്കി ബിഎസ് പിയും എസ് പിയും; അസ്വസ്ഥത മാറാതെ കർണ്ണാടകയിലെ സഖ്യകക്ഷി ഭരണം; രാഹുൽ ഗാന്ധി ഏറെ വിയർത്തെങ്കിലും മഹാ സഖ്യത്തിലേക്കുള്ള യാത്രയിൽ ഒരു ചുവടു പോലും മുന്നേറാനായില്ല

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബിജെപിക്കെതിരെ വിശാല സഖ്യമെന്ന കോൺഗ്രസിന്റെ ആഗ്രഹം ഇനിയും പൂവണിയുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മൂന്ന് മാസം മാത്രം ശേഷിക്കേയും നിർണ്ണായക നീക്കങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടില്ല. നിലവിൽ ബിജെപിയെ എതിർക്കുന്ന കക്ഷികളെല്ലാം പലവഴിക്ക് നിലയുറപ്പിക്കുകയാണ്. ലോക്‌സഭയിലെ ഫലം എത്തിയ ശേഷം മുന്നണി ബന്ധങ്ങളിലേക്ക് പോകാനാണ് ഏവർക്കും താൽപ്പര്യം. ഇതോടെ മഹാസഖ്യമുണ്ടാക്കി അതിന്റെ നേതാവായി മാറാനുള്ള കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ശ്രമങ്ങളും ലക്ഷ്യത്തിലെത്താതെ പോവുകയാണ്. പലരേയും കോൺഗ്രസിലേക്ക് അടുപ്പിക്കാൻ പോലും കഴിയുന്നില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകില്ലെന്ന് ഒഡീഷ മുഖ്യമന്ത്രിയും ബിജെഡി നേതാവുമായ നവീൻ പട്‌നായിക് വ്യക്തമാക്കിയിട്ടുണ്ട്. ഒഡീഷയിൽ കോൺഗ്രസാണ് മുഖ്യശത്രു. ഇതു കൊണ്ടാണ് കരുതലോടെ നവീൻ പട്‌നായിക് നീങ്ങുന്നത്. തെലുങ്കാനയിൽ ചന്ദ്രശേഖരറാവുവും രണ്ട് മുന്നണികളിൽ നിന്നും അകലം പാലിക്കുന്നു. സമദൂരത്തിൽ ഉറച്ച് നിന്ന് ലോക്‌സഭയിൽ കരത്ത് തെളിയിക്കാനാണ് നീക്കം. മായാവതിയും മമതാ ബാനർജിയും പോലും കോൺഗ്രസുമായി അടുക്കുന്നില്ല. ബംഗാളിൽ പരമാവധി സീറ്റ് ജയിച്ച് ലോക്‌സഭാ വിജയത്തിന് മാറ്റ് കൂട്ടാനാണ് മമതയുടെ നീക്കം. മായവതിയും യുപിയിൽ അത്ഭുതങ്ങള്ഡ കാട്ടാനാകുമെന്ന വിശ്വാസത്തിലാണ്.

യുപിയിൽ 80 സീറ്റുകൾ നിർണ്ണായകമാണ്. ഇതിൽ കോൺഗ്രസിനെ മാറ്റി നിർത്തി എസ് പിയും ബിഎസ് പിയും സഖ്യമായി മത്സരിക്കാനാണ് സാധ്യത. ഇത് ബിജെപിക്ക് കടുത്ത വെല്ലുവിളിയാകും. അപ്പോഴും കോൺഗ്രസിന് ഇതിന്റെ ഫലം കിട്ടില്ല. അതിനിടെ യുപിയിലെ പ്രതിപക്ഷ സഖ്യത്തിൽ 6 സീറ്റുകൾ വേണമെന്ന ആവശ്യവുമായി ആർഎൽഡി എത്തിക്കഴിഞ്ഞു. ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികളെ അണിനിരത്തിയുള്ള മഹാസഖ്യത്തിനു രൂപം നൽകാൻ ലക്ഷ്യമിടുന്ന കോൺഗ്രസിന്റെ നിർണായക യോഗം ഇന്ന് ഡൽഹിയിൽ തേരും.

ഒഡീഷയിൽ ബിജെപി, കോൺഗ്രസ് എന്നിവയിൽ നിന്ന് സമദൂരം പാലിക്കുമെന്നു വ്യക്തമാക്കിയ പട്‌നായിക്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പ്രതിപക്ഷ നിരയിൽ താനുണ്ടാവില്ലെന്ന് അടിവരയിട്ടു പറഞ്ഞു. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവുമായി കഴിഞ്ഞ മാസം പട്‌നായിക് ചർച്ച നടത്തിയതിന്റെ പശ്ചാത്തലത്തിൽ ബിജെപി കോൺഗ്രസ് വിരുദ്ധ മൂന്നാം മുന്നണി സജീവമാകുമെന്നാണു സൂചന. തമിഴ്‌നാട്ടിലെ അണ്ണാഡിഎംകെയും ആന്ധ്രയിലെ വൈ എസ് ആർ കോൺഗ്രസും നിലവിൽ കോൺഗ്രസ് മുന്നണിയുടെ ഭാഗമാകില്ല. ലോക്‌സഭയിൽ പരമാവധി സീറ്റ് ജയിച്ച ശേഷം വിലപേശലാകും ശ്രമം. തൂക്ക് ഭരണത്തിന് സാധ്യത വന്നാൽ ഇവരെല്ലാം ബിജെപിക്കൊപ്പമോ കോൺഗ്രസിനൊപ്പമോ നിലയുറപ്പിക്കാൻ സാധ്യതയുള്ളവരാണ്.

യുപിയിൽ എസ്‌പി, ബിഎസ്‌പി എന്നിവയുടെ നേതൃത്വത്തിലുള്ള സഖ്യത്തിൽ 6 സീറ്റുകൾ നൽകണമെന്ന് ആർഎൽഡി ആവശ്യപ്പെട്ടു. ഭാഗ്പത്, മഥുര, മുസഫർനഗർ, ഹാത്രസ്, അമ്‌റോഹ, കയ്‌റാന സീറ്റുകളാണ് അജിത് സിങ്ങിന്റെ പാർട്ടി ലക്ഷ്യമിടുന്നത്. എസ്‌പി നേതാവ് അഖിലേഷ് യാദവുമായി ആർഎൽഡി ഉപാധ്യക്ഷൻ ജയന്ത് ചൗധരി കൂടിക്കാഴ്ച നടത്തി. മായാവതിയുമായി (ബിഎസ്‌പി) കൂടിയാലോചിച്ച ശേഷം ഈ മാസം 15നു സീറ്റ് വിഭജനത്തിൽ ധാരണയുണ്ടാക്കുമെന്നു പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. കർണ്ണാടകയിലും കുമാരസ്വാമിയും കോൺഗ്രസും വഴിപിരിയലിലാണ്. ഇതും കോൺഗ്രസിന് തലവേദനയാണ്.

80 സീറ്റുള്ള യുപിയിൽ കോൺഗ്രസിനു രണ്ടെണ്ണം (അമേഠി, റായ്ബറേലി) മാത്രം നൽകാമെന്ന് എസ്‌പിയും ബിഎസ്‌പിയും കടുത്ത നിലപാടെടുത്ത സാഹചര്യത്തിൽ, കോൺഗ്രസ് വലിയ പ്രതിസന്ധിയിലാണ്. അമേഠി രാഹുലിന്റേയും റായ് ബറേലി സോണിയയുടേയും സിറ്റിങ് സീറ്റാണ്. ദേശീയ രാഷ്ട്രീയത്തിൽ നിർണായകമായ യുപിയിൽ തങ്ങളെ ഒഴിവാക്കി സീറ്റുകൾ പങ്കിട്ടെടുക്കാനുള്ള എസ്‌പി, ബിഎസ്‌പി, ആൽഎൽഡി നീക്കത്തെ ജാഗ്രതയോടെയാണ് കോൺഗ്രസ് കാണുന്നതും.

ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ രൂപപ്പെടുന്ന മഹാസഖ്യം അവിശുദ്ധ കൂട്ടുക്കെട്ടാണെന്ന് നരേന്ദ്ര മോദി ആരോപിച്ചിരുന്നു. വ്യക്തിതാൽപര്യങ്ങൾ മുൻനിറുത്തി മുന്നോട്ടുനീങ്ങുന്ന ഒരുകൂട്ടം പാർട്ടികളുടെ അവിശുദ്ധ കൂട്ടുക്കെട്ടാണ് ബിജെപിക്കെതിരെ രൂപം കൊള്ളുന്ന മഹാസഖ്യമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട്. കോൺഗ്രസിന്റെ ആശയങ്ങളോടുള്ള എതിർപ്പുകൊണ്ടുമാത്രം രൂപംകൊണ്ടു പാർട്ടികളാണ് മഹാസഖ്യത്തിന്റെ ഭാഗമായ ടി.ഡി.പിയും ചില സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളും. സഖ്യം ജനങ്ങൾക്ക് വേണ്ടിയല്ല, മറിച്ച് അധികാരത്തിനും സ്വന്തം താൽപര്യങ്ങൾക്കും േവണ്ടി മാത്രമാണെന്നും മോദി കുറ്റപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP