Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡിനെ പ്രതിരോധിക്കാൻ ലോക്ക്ഡൗൺ നീളുന്നതോടെ വോട്ടർ പട്ടിക പുതുക്കുന്ന ജോലി തടസ്സപ്പെട്ടു; അതിർത്തി പുനർനിർണയ നടപടികൾ തുടങ്ങാൻ സാധിക്കാതെ അവസ്ഥയും; നടപടികൾ സജ്ജമാക്കി തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ വേണ്ടി വരിക ഏഴുമാസം വരെയെന്ന് തദ്ദേശസ്ഥാപന സെക്രട്ടറിമാരും; കോവിഡിനെ തോൽപ്പിക്കാൻ പരിശ്രമിക്കുമ്പോൾ തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവെക്കാൻ സാധ്യത

കോവിഡിനെ പ്രതിരോധിക്കാൻ ലോക്ക്ഡൗൺ നീളുന്നതോടെ വോട്ടർ പട്ടിക പുതുക്കുന്ന ജോലി തടസ്സപ്പെട്ടു; അതിർത്തി പുനർനിർണയ നടപടികൾ തുടങ്ങാൻ സാധിക്കാതെ അവസ്ഥയും; നടപടികൾ സജ്ജമാക്കി തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ വേണ്ടി വരിക ഏഴുമാസം വരെയെന്ന് തദ്ദേശസ്ഥാപന സെക്രട്ടറിമാരും; കോവിഡിനെ തോൽപ്പിക്കാൻ പരിശ്രമിക്കുമ്പോൾ തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവെക്കാൻ സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ രാജ്യം മുഴുവൻ ലോക്ക്ഡൗണിലാണ്. എന്ന് ലോക്ക്ഡൗൺ നീക്കുമെന്ന കാര്യത്തിൽ വ്യക്തമായ തീരുമാനം ഉണ്ടായിട്ടില്ല. ഇതോടെ സംസ്ഥാനത്ത് തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പും ഉപതിരഞ്ഞെടുപ്പും നീളാനാണ് സാധ്യത. വോട്ടർപട്ടിക പുതുക്കുന്നതും വാർഡ് വിഭജനവും അടക്കം നീണ്ടുപോകുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പു നീണ്ടുപോകാൻ സാധ്യത തെളിയുന്നത്. ലോക്ക് ഡൗൺ എത്രത്തോളും മുന്നോട്ടു പോകും എന്നതിനെ ആശ്രയിച്ചാകും തദ്ദേശ തെരഞ്ഞെടുപ്പുമായി മുന്നോട്ടു പോകുന്ന കാര്യത്തിലെയും തീരുമാനം.

നിലവിൽ തദ്ദേശസ്ഥാപനങ്ങിലേക്ക് ഒക്ടോബറിലോ നവംബർ ആദ്യവാരമോ നടക്കേണ്ടതാണ് തിരഞ്ഞെടുപ്പ്. ഇത് നീട്ടിവെച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. വോട്ടർപട്ടിക പുതുക്കുന്ന ജോലി തടസ്സപ്പെടുകയും വാർഡ് അതിർത്തി പുനർനിർണയ നടപടികൾ തുടങ്ങാനാകാത്തതുമാണ് പ്രതിസന്ധി. സംസ്ഥാനത്ത് പൊതുഗതാഗതം സാധാരണനിലയിലാകാൻ ഒന്നര മാസത്തോളമെടുക്കുമെന്നാണ് സർക്കാർ കരുതുന്നത്. ഇതിനിടെ വാർഡ് അതിർത്തികൾ പുനഃക്രമീകരിക്കുന്നതിനുള്ള ഡീലിമിറ്റേഷൻ കമ്മിഷന്റെ ജോലി നടക്കില്ല. തിരഞ്ഞെടുപ്പ് നീട്ടുന്നതിനെപ്പറ്റി സർക്കാർ ഇതുവരെ ആലോചിച്ചിട്ടില്ല. ഇപ്പോഴത്തെ സാഹചര്യം തിരഞ്ഞെടുപ്പിന് അനുകൂലമല്ലെന്ന സൂചനയാണ് ഉദ്യോഗസ്ഥർ അനൗദ്യോഗികമായി നൽകുന്നത്.

അതിർത്തി പുനർനിർണയം നടത്താതെ തിരഞ്ഞെടുപ്പ് നടത്താൻ ഇനിയുള്ള സമയം മതിയാകും. എന്നാൽ ഓർഡിനൻസിറക്കി നിയമമായതിനാൽ പുനർനിർണയം ഉപേക്ഷിക്കാനാകില്ല. പുനർനിർണയ നടപടികൾക്ക് ഏപ്രിൽ ആദ്യം നിശ്ചയിച്ചിരുന്ന ജില്ലാതല ശില്പശാലകളും മുടങ്ങി. ഇനി ഇതെല്ലാം നടത്തി പുനഃക്രമീകരണം പൂർത്തിയാക്കാൻ അഞ്ചുമാസം വേണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ കണക്കാക്കുന്നത്. ഏഴുമാസംവരെ വേണ്ടിവരുമെന്നാണ് തദ്ദേശസ്ഥാപന സെക്രട്ടറിമാർ പറയുന്നത്. വിഭജനത്തെപ്പറ്റിയുള്ള പരാതികളിൽ ഹിയറിങ് നടത്തി പരിഹരിക്കാനും കോടതികളിൽ വന്നേക്കാവുന്ന കേസുകൾ തീർപ്പാക്കാനും കൂടുതൽ സമയമെടുക്കും. ഇതെല്ലാം തിരഞ്ഞെടുപ്പിനെ ബാധിക്കും.

ഏപ്രിൽ 30 കഴിഞ്ഞാൽ സ്ഥിതി സാധാരണ നിലയുണ്ടാകുമെന്നും നിശ്ചിത സമയത്തുതന്നെ തിരഞ്ഞടുപ്പ് നടത്താനാകുമെന്നുമാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്‌കരൻ പറയുന്നത്. ഡീലിമിറ്റേഷൻ നടപടികൾക്കുള്ള സമയം ചുരുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോഴത്തെ നിലയിൽ തെരഞ്ഞെടുപ്പു നീട്ടിവെക്കേണ്ട സാഹചര്യം ഉണ്ടായാൽ അഡ്‌മിനിസ്‌ട്രേറ്റീവ് ഭരണത്തിലേക്ക് തദ്ദേശ ഭരണം നീളും.

ഡീലിമിറ്റേഷൻ നടപടികളുടെ ചുമതല തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കാണ്. ഇവർ ഇപ്പോൾ കോവിഡ് തിരക്കുകളിലാണ്. ഇതിനിടെ പുനർനിർണയ ജോലികൾ നടക്കില്ല. നവംബർ 12-ന് പുതിയ ഭരണസമിതി അധികാരത്തിൽ വന്നില്ലെങ്കിൽ അഡ്‌മിനിസ്ട്രേറ്റർ ഭരണം വരും. നിലവിലെ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് നീട്ടാൻ സാങ്കേതിക തടസ്സം ഉണ്ടാവില്ല. വോട്ടർപട്ടിക പുതുക്കൽ അന്തിമഘട്ടത്തിലാണെങ്കിലും പ്രസിദ്ധീകരണം നീളുകയാണ്. ലോക്ഡൗൺ കാലാവധി തീരുന്ന മുറയ്ക്ക് പ്രസിദ്ധീകരിക്കാമെന്നാണ് കമ്മിഷന്റെ കണക്കുകൂട്ടൽ.

കുറഞ്ഞത് ഒരുലക്ഷം അനർഹർ പട്ടികയിൽ കടന്നുകൂടിയിട്ടുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥർ കണക്കാക്കുന്നത്. ഇവരെ ഒഴിവാക്കുന്നത് അന്തിമഘട്ടത്തിലായിരിക്കും. തിരഞ്ഞെടുപ്പിന് 2019-ലെ ലോക്സഭാ തിരഞ്ഞടുപ്പിനുപയോഗിച്ച വോട്ടർപട്ടിക വേണോ 2014-ലെ തദ്ദേശതിരഞ്ഞെടുപ്പിലെ പട്ടിക മതിയോ എന്ന തർക്കത്തിൽ സുപ്രീംകോടതി വിധി വരാനുണ്ട്. 2014-ലെ പട്ടികമതിയെന്നാണ് കമ്മിഷൻ നിലപാട്. അതിർത്തി പുനർനിർണയിക്കുന്നതിനെതിരേയുള്ള പരാതികൾ സുപ്രീംകോടതിയിലുമുണ്ട്. സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലായതോടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ വാങ്ങാൻ കമ്മിഷൻ ആവശ്യപ്പെട്ട 36 കോടിയിൽ നാലുകോടിരൂപയേ അനുവദിച്ചിട്ടുള്ളൂ.

നേരത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഈ വർഷം നടക്കുന്ന തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള അവസരം വിനിയോഗിച്ചത് 21 ലക്ഷത്തിൽപരം ആളുകളായിരുന്നു. ഇത്തവണ പൂർണമായും ഓൺലൈൻ മുഖേനയാണു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അപേക്ഷകൾ സ്വീകരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP